ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ- 1 Like

ഒരു മൂലയിൽ ഒടിഞ്ഞു തൂങ്ങിയ കസേരയും നിരത്തി വച്ചിരിക്കുന്ന ചെടികളും കഴിഞ്ഞാൽ പിന്നെ ഒരാൾക്കു നിൽക്കാനുള്ള സ്ഥലം കഷ്ടിയാണ് ബാൽക്കണിയിൽ. അതിനു നെടുകെ വലിച്ചു കെട്ടിയ അയയിൽ നിന്നും ഉണങ്ങിയ തുണികൾ എടുക്കാനിറങ്ങിയപ്പോളാണ് താഴെ ശ്രേയയുടെയും മാ യുടെയും ശബ്ദം കേട്ടത്. ആകെ എനിക്ക് പരിചയം എന്ന് പറയാൻ ഇവിടെ അവർ മാത്രെ ഉള്ളു. ബാക്കിയുള്ളവരോടൊക്കെ കാണുമ്പോൾ ഒരു ചിരി എന്നതിന്നപ്പുറത്തേക്ക് ബന്ധം വളർത്തുവാൻ വിശ്വേട്ടൻ സമ്മതിച്ചിട്ടില്ല. കല്യാണത്തിന് മുൻപ് വിശ്വേട്ടൻ ഒറ്റയ്ക്കു താമസിച്ചിരുന്നപ്പോൾ അവർ ചെയ്ത സഹായങ്ങളോടുള്ള കടപ്പാടാവാം ഇങ്ങനെയൊരു വിട്ട് വീഴ്ചക്കെങ്കിലും ഏട്ടൻ സമ്മതിച്ചത്. അത് കൊണ്ട് എനിക്കിവിടെ നല്ലൊരു സുഹൃത്തിനെ കിട്ടി. അവൾ എന്നേക്കാൾ രണ്ടോമൂന്നോ വയസിനു ഇളയതാണ്. എന്നാലും എന്നെക്കാളും ലോകം കണ്ടിട്ടുണ്ട്. ആള് ഒരു കാന്താരിയാണ്. നാവിനു എല്ലില്ലാത്ത പെണ്ണ്. പക്ഷേ അവളുടെ കൂടെ എത്ര വേണമെങ്കിലും സംസാരിച്ചിരിക്കാൻ എനിക്കിഷ്ടമാണ്. ഈ നീണ്ട ഇളം മഞ്ഞ ക്വാർട്ടേഴ്സിന്റെ നിരകൾക്കപ്പുറവും ഒരു ലോകം ഉണ്ടെന്നു അവൾ കൂടെയുള്ളപ്പോൾ എനിക്ക് തോന്നി പോവും.

“ദീദി… എന്താലോചിച്ചു നിൽകുവാ.. “

താഴെ നിന്നും അവൾ വിളിച്ചു കൂവി..

“ഒന്നുല്ല.. നീ എന്തെടുക്കുവാ അതിനകത്തു . “

ശ്രേയയുടെ ക്വാർട്ടേഴ്സിന്റെ മുൻപിലായി തന്നെ ഒരു ചെറിയ പച്ചക്കറി തോട്ടം അവളുടേതായിട്ടുണ്ട്. അതിൽ നിറയെ മൂലിയും, മല്ലിയും, പാലക്കുമൊക്കെയാണ്. നമ്മുടെ പച്ച ചീര ആണ് ഇവർക്കു പാലക്ക്. ഈ കഴിഞ്ഞ ലീവിന് പോയി വന്നപ്പോൾ നമ്മുടെ നാടൻ ചീര വിത്ത് ഒരു പാക്കറ്റ് അവൾക് കൊണ്ട് കൊടുത്തത് കൂടി അവളുടെ തോട്ടത്തിൽ ഇപ്പോൾ തല പൊക്കി നിൽക്കുന്നുണ്ട്.

“നല്ല ചൂടല്ലേ ദീദി.. എല്ലാം വാടി പോയി.. ഇങ്ങനാണേൽ എന്റെ തോട്ടം ഈ വേനല് കൊണ്ട് പോവും.. “
വെള്ളം ചീരത്തയ്യിൽ തളിച്ച് കൊണ്ട് അവൾ വേവലാതി പെട്ടു. അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടിട്ടാണെന്നു തോന്നണു മാ ചിരി തല മറച്ച സാരി തുമ്പുകൊണ്ട് മറച്ചു പിടിച്ചു.

“അല്ല ദീദി നാളെ എന്താ പ്ലാൻ..? “

അവള് സംസാരിച്ചു തുടങ്ങിയാൽ ഇങ്ങനാണ്. നമുക്ക് സംസാരിക്കാനുള്ള ഗ്യാപ് പോലും തരാതെ സംസാരിച്ചു കൊണ്ടേയിരിക്കും.

“എന്ത്‌ പ്ലാൻ.. !!”

“നാളെ ഹോളി അല്ലേ.. വല്ലപ്പോളും കലണ്ടർ എങ്കിലും നോക്കിക്കൂടെ.. “

ഹോളി !ഞാനിതുവരെ ആഘോഷിക്കാത്ത ഒന്ന്. ഹിന്ദി സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഹോളിയെക്കുറിച്ചു കൂടുതൽ ധാരണകൾ ഒന്നും എനിക്കില്ലായിരുന്നു.

“അവരുടെ നാട്ടിൽ അതൊന്നും ഇല്ല.. ഹേ ന ബേട്ടി? “

മാ എനിക്ക് സപ്പോർട്ടുമായി വന്നു.

അതിനു ഉത്തരമായി ഇല്ലെന്നു ഞാൻ തലയാട്ടി.

“അപ്പോൾ ദീദിയുടെ ആദ്യ ഹോളി എന്റെ കൂടെ.. ഈ വെള്ളം ഒഴിച്ച് കഴിയട്ടെ. ഞാനങ്ങോട്ടു വരാം.. “

അവളുടെ ഉത്സാഹം കണ്ടാൽ അറിയാം അവൾക്കു കാര്യമായി എന്തോ പറയാനുണ്ടെന്ന്

പുറത്തെ കാളിങ് ബെൽ കേട്ടപ്പോളെ മനസിലായി അവളെത്തിയെന്നു. കതകു തുറന്നപ്പോൾ തന്നെ അവളുടെ കള്ള ചിരിയുണ്ടായിരുന്നു.

“നിനക്കാ കയ്യൊന്നു തുടച്ചിട്ട് വന്നൂടെ. “

“ഓഹ്.. ഇപ്പോൾ പ്രശ്നം തീർന്നില്ലേ.. “

അവളുടെ കുർത്തിയിൽ കൈ തുടച്ചു എന്നെയും തള്ളി മാറ്റി അവൾ അകത്തു കടന്നു.

“ചേട്ടൻ പോയില്ലേ ഇന്ന്.. !”

ഉറക്കത്തിനിടയിലുള്ള വിശ്വേട്ടന്റെ പതിഞ്ഞ കൂർക്കം വലി കേട്ടപ്പോൾ അവളുടെ ചാടിതുള്ളലിന് ഒരു മയം വന്നു.

“ഇന്ന് ഓഫ്‌ ആയിരുന്നു.. നാളെ പോയാൽ മതീന്ന് പറഞ്ഞു. “

“നാളെയോ..? നാളെ ഹോളി അല്ലേ !”
“മ്മ് അറിയില്ല..നീ വാ നമുക്ക് അടുക്കളയിലോട്ടു പോവാം. “

കൂടെയുള്ളത് ശ്രേയ ആയത് കൊണ്ട് അവളെന്തൊക്കെയാ സംസാരിക്കാൻ പോണതെന്നു എനിയ്ക്കൊരു ധാരണ ഉണ്ടായിരുന്നു . ഹാളിലെ സംസാരം എങ്ങാനും വിശ്വേട്ടന്റെ ചെവിയിൽ എത്തിയാൽ പിന്നെ ആകെയുള്ള ഈ കൂട്ടും തീരും.

അടുക്കളയിൽ ചെന്ന പാടെ സ്ലാബിൽ ചാടി കയറി അവൾ ഇരുപ്പ് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *