വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത

വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത
അവിടെയും ഇവിടെയും

“ങ്‌ ഹാ നിങ്ങളെത്തിയോ? യാത്രയും താമസവും ഒക്കെ സുഖമായിരുന്നോ?”

“ഉം”

ബാഗ് അകത്തേക്ക് എടുത്തു വെച്ച് കൊണ്ടു അരുൺ മൂളി.

“നിങ്ങൾ കുളിച്ചിട്ട് വരൂ… ഞാൻ ചായ ഇടാം.” അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ സാവിത്രി പറഞ്ഞു.

അരുണും തനുജയും വിവാഹത്തിന്റെ പിറ്റേന്നാണ് മൂന്നാറിനു പുറപ്പെട്ടത്. രണ്ടുപേർക്കും ലീവ് കുറവായിരുന്നു. അതുകൊണ്ടു വിരുന്നിനൊന്നും പോകാതെ മധുവിധുവിന് തന്നെ മുൻഗണന കൊടുത്തു.

അരുണും തനുജയും കുളിച്ചെത്തിയപ്പോഴേക്കും ചായ മേശപ്പുറത്തു റെഡിയായിരുന്നു. ചായ ഊതിക്കുടിച്ചുകൊണ്ട് അവർ യാത്രവിശേഷങ്ങൾ അച്ഛനോടും അമ്മയോടും വിവരിച്ചു.

“ഫോട്ടോസ് എടുത്തത് ടീവിയിലോട്ട് കണക്ട് ചെയ്ത് കാണിക്ക്” സാവിത്രി അരുണിനോടായി പറഞ്ഞു.

“ഒത്തിരി ഫോട്ടോസുണ്ടമ്മേ. നാളെ വിശദമായി കാണാം”.

അരുൺ തനുജയെ നോക്കി കണ്ണിറുക്കി. അവൾക്ക് ആ കണ്ണിറുക്കലിന്റെ അർത്ഥം മനസ്സിലായി. ശരിയാണ് ഫോട്ടോസ് സോർട് ചെയ്തിട്ടെ അച്ഛനേം അമ്മേം കാണിക്കാൻ പറ്റൂ.

“നാളെ രണ്ടുപേരും ജോലിക്ക് പോകുന്നുണ്ടോ”

“പോണം അമ്മേ, സത്യം പറഞ്ഞാൽ ജോലിക്ക് പോകാൻ മടിയായി.”

തനുജയാണ് മറുപടി നൽകിയത്
അരുണിന്റെ അച്ഛൻ രാധാകൃഷ്ണൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ സാവിത്രി ഒരു പ്രൈവറ്റ് ഫെമിൽ അക്കൗണ്ടന്റ്. ഒരു പ്രശസ്ത ആശുപത്രിയിലെ ഫിസിയൊ തെറാപ്പിസ്റ്റാണ് അരുൺ. തനുജ ആശുപത്രിക്കടുത്തുള്ള ഒരു സ്പെഷ്യൽ നീഡ്‌സ് കുട്ടികളുടെ സ്കൂളിലെ ടീച്ചറും.

മുഷിഞ്ഞ വസ്ത്രങ്ങൾ പെട്ടിയിൽനിന്നെടുത്തു അലക്കാനായി മാറ്റി വെക്കുമ്പോഴാണ് അത്താഴം കഴിക്കാനുള്ള സാവിത്രിയുടെ വിളി കേട്ടത്.

അരുണുമായി ഊണ് മുറിയിൽ ചെന്ന തനുജ കണ്ടത് ആഹാരം കഴിക്കാനുള്ള പാത്രങ്ങൾ തുണികൊണ്ട് തുടക്കുന്ന അച്ഛനെയാണ്. തനുജ അരുണിന്റെ മുഖത്തേക്ക് പാളിനോക്കി. അവിടെ ഒരു ഭാവ വ്യത്യാസവുമില്ല.

” അച്ഛൻ ഇങ്ങ്തരൂ… ഞാൻ തുടയ്ക്കാം”

“വേണ്ട തനു, കുട്ടി പോയി കാസറോൾ എടുത്തുകൊണ്ടു വാ”

അപ്പോഴേക്കും അരുൺ കാസറോൾ ഒരു കയ്യിലും മറ്റേകയ്യിൽ കറിയുമായി എത്തിയിരുന്നു.

പിറകെ അമ്മ ഒരു പ്ലേറ്റിൽ കുറെ പച്ചക്കറി അരിഞ്ഞതുമായി എത്തി.

അരുൺ എല്ലാവരുടെയും പ്ലാറ്റിലേക്ക് ചപ്പാത്തി വെയ്ക്കുന്നത് അവൾ സാകൂതം നോക്കി നിന്നു. അവൾക്ക് ഇത് ആദ്യ അനുഭവമായിരുന്നു. ഭക്ഷണം കഴിക്കാൻ നേരം കൈകഴുകി വരുന്ന പപ്പയെയും അങ്ങളെയും എല്ലാവരുടെയും പ്ലേറ്റിലേക്ക് ചപ്പാത്തിയും കറിയും വിളമ്പിയിട്ട് മാത്രം കഴിക്കാനിരിക്കുന്ന തന്റെ അമ്മയേയുമാണ് അവൾ ഇതുവരെ കണ്ടിട്ടുള്ളത്.

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഓരോരുത്തരും അവരവരുടെ പാത്രത്തിലെ എച്ചിൽ വേസ്റ്റ് ബിന്നിലിട്ടിട്ട് കഴുകി വെക്കുന്നത് കണ്ടപ്പോൾ അവളുടെ മുന്നിൽ തെളിഞ്ഞത് മേശപ്പുറത്തെ മുള്ളുകളും മുരിങ്ങക്കചണ്ടിയും തുടച്ചു വൃത്തിയാക്കുന്ന അമ്മയുടെ മുഖമാണ്.

ബാക്കി പാത്രങ്ങൾ അമ്മ കഴുകിയപ്പോൾ അച്ഛൻ ഡൈനിംഗ് ടേബിൾ പുൽതൈലം കൊണ്ടു തുടച്ചു വൃത്തിയാക്കി. അരുൺ പാതകവും സ്റ്റോവും തുടച്ചിട്ട് ആ തുണി കഴുകി ഇടുന്നു. എന്ത് ചെയ്യണം എന്നറിയാതെ നിന്ന തനുജയെ നോക്കി സാവിത്രി പറഞ്ഞു.

” തനു, ദേ ആ ചൂലെടുത്തു ഊണുമുറി ഒന്ന് തൂത്തോളൂ”

ജോലി എല്ലാം പെട്ടെന്ന് തീർന്നു. തനുജ സമയം നോക്കി, എട്ടര. എല്ലാവരും ഓരോ ജോലി ചെയ്തപ്പോൾ പണിയെല്ലാം പെട്ടെന്ന് തീർന്നു. അമ്മ ടി വി ഓൺചെയ്ത് ഏതോ വാർത്താ ചാനൽ കാണാനിരുന്നു. അച്ഛൻ മൊബൈലിൽ എന്തോ വായിക്കുന്നു.
കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ തനുജ തന്റെ അമ്മയെ വീണ്ടും ഓർത്തു. അമ്മ ഇരുന്നു ടീവി കാണുന്നത് ഇതുവരെ കണ്ടിട്ടില്ല. ഒരു സിനിമപോലും മുഴുവൻ കാണാറില്ല . ചിലപ്പോൾ കയ്യിൽ പിച്ചാത്തിയോ തവിയോ ഒക്കെ പിടിച്ചു അടുക്കളയിൽ നിന്ന് ടീവി യിലേക്ക് എത്തി നോക്കുന്നത് കാണാം. അമ്മ ഉണരുന്നതും ഉറങ്ങാൻ പോകുന്നതും ഞങ്ങൾ മക്കൾ ആരും കണ്ടിട്ടില്ല.

കിടക്കാൻ നേരം അരുൺ പറഞ്ഞു

“തനു ഞാൻ അലാം ആറുമണിക്ക് സെറ്റ് ചെയ്തിട്ടുണ്ട്. നല്ല യാത്രക്ഷീണമുണ്ട്. നിന്റെ മൊബൈലിലും അലാം സെറ്റ് ചെയ്യണേ. ഞാൻ അഥവാ ഉറങ്ങിപ്പോയാൽ വിളിച്ചേക്കണേ”

“എന്തിനാ ആറുമണിക്ക് എഴുന്നേൽക്കുന്നെ? ഇവിടുന്ന് ഒൻപതരക്ക് ഇറങ്ങിയാൽ പോരെ?”

“താൻ നോക്കിക്കോ നാളത്തെ ഇവിടുത്തെ കാര്യങ്ങൾ” നെറ്റിയിൽ ഒരു ഉമ്മകൊടുത്തുകൊണ്ട് അരുൺ പറഞ്ഞു.

രാവിലെ തനുജ ഉണർന്നപ്പോൾ അരുകിൽ അരുൺ ഇല്ലായിരുന്നു. അവൾ സമയം നോക്കി, ആറര ആയിരിക്കുന്നു. അലാം ചതിച്ചല്ലോ. പെട്ടെന്ന് തന്നെ ടോയ്ലെറ്റിൽ കയറിയതിനു ശേഷം അടുക്കളയിൽ ചെന്ന അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അരുൺ ചായ ഇടുന്നു, അച്ഛൻ പുട്ടിനു നനക്കുന്നു, അമ്മ സവാള അരിയുന്നു.

“ഹലോ ഉണർന്നോ? വാ ചായകുടിക്കാം” ചായക്കപ്പ് നീട്ടി ചിരിച്ചുകൊണ്ട് അരുൺ.

” എന്താ എന്നെ വിളിക്കാഞ്ഞേ?” പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.

“യാത്രാക്ഷീണം ഇല്ലേ, അതാ താൻ ഉറങ്ങിക്കോട്ടെ എന്ന് കരുതിയത്.”

അപ്പോഴേക്ക് അച്ഛനും അമ്മയും ചെയ്തു കൊണ്ടിരുന്ന പണിതീർത്തു ചായക്കപ്പ് കയ്യിലെടുത്തു. ഊണുമുറിയിൽ കസേരയിലിരുന്ന് ചായകുടിക്കുമ്പോൾ അവർ തമ്മിൽ വിശേഷങ്ങൾ കൈമാറുന്നതും ചില രാഷ്ട്രീയക്കാരെ വിമർശിക്കുന്നതുമെല്ലാം തനുജ കേട്ടിരുന്നു. തന്റെ അമ്മ ഇരുന്നു ചായ കുടിക്കുന്നത് അവൾ കണ്ടിട്ടില്ല.. അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് ഇടയ്ക്കിടെ കുടിക്കും.. അല്ലെങ്കിൽ തണുത്തു കഴിയുമ്പോൾ ഒറ്റവലിക്ക് കുടിക്കും. ചായകുടി കഴിഞ്ഞപ്പോൾ അരുൺ എല്ലാവരുടെയും ചായക്കപ്പുകൾ കഴുകാനായി എടുത്ത് അടുക്കളയിലേക്ക് നടന്നു. അച്ഛൻ ടോയ്‌ലെറ്റിലേക്ക് നടക്കുമ്പോൾ തനുജയോട് ചോദിച്ചു.
“ഉച്ചക്ക് ക്യാന്റീനിൽ നിന്നാണോ തനു ഊണ് അതോ ചോറ് കൊണ്ടുപോകുന്നോ? ഞാനും സാവിത്രിയും ചോറ് കൊണ്ടുപോകും”

“എനിക്ക് അവിടെ ഭക്ഷണം ഫ്രീ ആണ്. അതുകൊണ്ടു കൊണ്ടുപോകേണ്ട”

ഉച്ചക്ക് ഊണിനുള്ള പൊതിയും പെട്ടെന്ന് തന്നെ എല്ലാവരും ചേർന്ന് തയ്യാറാക്കി. സാവിത്രി സാവധാനം ഉടുത്തോരുങ്ങി സുന്ദരിയായി അച്ഛനുമായി ജോലിക്കിറങ്ങുന്നത് തനുജ സകൂതത്തോടെ നോക്കി നിന്നു.

അന്ന് സ്കൂളിലേക്കുള്ള യാത്രയിൽ തനുജയുടെ ചിന്തകളിൽ തന്റെ അമ്മ ആയിരുന്നു, അടുത്തിരുന്നു ഡ്രൈവ് ചെയ്യുന്ന അരുണിനെപ്പോലും അവൾ മറന്നു.

ഒരിക്കൽപ്പോലും അദ്ധ്യാപികയായ അമ്മ നന്നായി ഒരുങ്ങി സ്കൂളിൽ പോകുന്നത് കണ്ടിട്ടില്ല. പപ്പയും ആങ്ങളയും വീട്ടിൽ നിന്നിറങ്ങുന്നത് വരെ അമ്മ അടുക്കളയിലായിരിക്കും. അവരുടെ മുറികളിലേക്ക് ഷട്ടിൽസർവീസ് പലതവണ നടത്തും. ഓരോ കാര്യത്തിനും മുറിയിൽ നിന്ന് ‘അമ്മേ’… “ദീപേ” എന്നുള്ള വിളികൾ തന്നെ കാരണം. അടുക്കളജോലി എല്ലാം തീർത്തു ഒരു കാക്ക കുളിയും കുളിച്ച് സാരി വാരിവലിച്ചുടുത്തു അമ്മ ബസ്സിനായി ഓടുന്നത് വീട്ടിലെ സ്ഥിരം കാഴ്ച ആയിരുന്നു. ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്നത് വരെ താനും അമ്മയെ സഹായിക്കാൻ കൂടാറില്ലായിരുന്നു എന്ന സത്യം തനുജ കുറ്റബോധത്തോടെ ഓർത്തു.

Leave a Reply

Your email address will not be published. Required fields are marked *