എന്റെ ഡോക്ടറൂട്ടി 03
Ente Docterootty Part 3 |
Author : Arjun Dev | Previou Part

ഞാനെന്റെ മിന്നൂസിനേയും നെഞ്ചിലേയ്ക്കമർത്തി ബാൽക്കണിയിലെ ചൂരൽ കസേരയിലേയ്ക്ക് ഇരിപ്പുറപ്പിച്ചു…
അപ്പോഴേയ്ക്കും അവളെന്റെമടിയിൽ, ഇരുകാലുകളും ഒരു വശത്തേയ്ക്കിട്ട് ചെരിഞ്ഞെന്റെ നെഞ്ചിലേയ്ക്കു മുഖം പൂഴ്ത്തിക്കിടന്നു…
മീനാക്ഷിയുടെ ചുടുനിശ്വാസമെന്റെ നെഞ്ചിന്മേൽ ഇക്കിളിയിടുമ്പോഴും, ഭൂതകാലസ്മൃതികളെ ചേർത്തുവെയ്ക്കാനെന്റെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു..
പറഞ്ഞുതുടങ്ങുമ്പോൾ ഞാനെന്ന കുഞ്ഞിസിദ്ധു ഒൻപതാംക്ലാസ്സിൽ പഠിയ്ക്കുന്ന സമയംമുതൽ തുടങ്ങണം…
അതൊരു ഓണാഘോഷ ദിവസമായിരുന്നു, അന്നുതന്നെയായിരുന്നൂ ഞാനെന്റെ ആദ്യാനുരാഗം വെളിപ്പെടുത്താൻ കണ്ടെത്തിയതും…
രാവിലേതന്നെ എന്നെക്കൂട്ടാനായി വീട്ടിലേയ്ക്കു കെട്ടിയെടുത്ത എന്റെ ഉറ്റചങ്ങാതിയും ചെറിയമ്മയുടെ മൂത്തമോനുമായ ശ്രീനാഥെന്ന ശ്രീക്കുട്ടനൊപ്പം ഞാൻ സ്കൂളിലേയ്ക്കു പോകാനിറങ്ങി… വെളുപ്പിനെ ഉറക്കംകളഞ്ഞു ശേഖരിച്ചുവെച്ചിരുന്ന പൂക്കൂടയുമുണ്ടായിരുന്നൂ കയ്യിൽ…
അത്തപ്പൂക്കളമത്സരത്തിനു പോകുമ്പോൾ അതൊക്കെ അന്നൊരു ചടങ്ങാണല്ലോ…
ക്ലാസ്സിൽ അത്തപ്പൂക്കളമിടുന്നവരുടെ കൂട്ടത്തിൽ ശ്രീക്കുട്ടനുമുള്ളതിനാൽ അവനന്ന് മുണ്ടും ഷേർട്ടുമൊക്കെയിട്ടാണ് വന്നത്…
എന്നെ മുണ്ടുടുപ്പിച്ചുവിട്ടാൽ ഉറപ്പായും മാമാട്ടിക്കുട്ടിയ്ക്കു ഡ്യൂപ്പിടുമെന്നതിനാൽ കരഞ്ഞുപറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല…
അതുകൊണ്ടുതന്നെ, സ്കൂളിലേയ്ക്കു നടക്കുന്നതിനിടയിൽ പലയാവർത്തി ലാലേട്ടൻസ്റ്റൈലിൽ അവൻ മുണ്ടുമടക്കി കുത്തുന്നതുനോക്കി കൊതിവിടാനായിരുന്നു എനിയ്ക്കുയോഗം…
എന്നിരുന്നാലും പാന്റ്സിന്റെപോക്കറ്റിൽ അമ്മകാണാതെ തിരുകിയുന്ന എന്റെ ആദ്യപ്രണയലേഘനം അവിടെത്തന്നെയുണ്ടോന്ന് ഞാനിടയ്ക്കിടേ ഉറപ്പുവരുത്തി…
അതുവരെ ശ്രീക്കുട്ടനോടു വർത്താനവുംപറഞ്ഞു നടന്നിരുന്ന ഞാൻ സ്കൂളിന്റെ ഗെയ്റ്റിനുമുന്നിലെത്തീതും ഒന്നുചവിട്ടി…
“”…എന്ത്രാ ഇവടെ നിയ്ക്കുന്നേ..?? വാ..!!”””_ അവൻ തിരിഞ്ഞുനോക്കി പറഞ്ഞതിന്,
“”…നീ പൊക്കോ.! ഞാൻ രാഹുലിന്റൊപ്പം വരാം..!!”””_ അവനെ ഒഴിവാക്കാനായി ഞാൻ മറുപടികൊടുത്തു…
“”…അതെന്ത്രാ യിപ്പ രാഹുലിനോടൊരു കൂട്ട്..??”””
“”…കൂട്ടൊന്നൂല്ല… നീ പൂക്കളമിടാമ്പോയാപ്പിന്നെ ഞാനൊറ്റയ്ക്കാവൂലേ..?? അതോണ്ടാ..!!”””_ ഞാനാ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയതിനാലാവണം പിന്നെയൊന്നുംമിണ്ടാതെ എന്റെകൈയിലിരുന്ന പൂക്കൂടയുംവാങ്ങിയവൻ ക്ലാസ്സിലേയ്ക്കുനടന്നത്…
അവൻ ക്ലാസ്സിലേയ്ക്കുപോയി പിന്നെയുമേതാണ്ട് അരമണിയ്ക്കൂറോളം ഞാനവിടെത്തന്നെ നിന്നിട്ടുണ്ടാവും, അപ്പോഴാണ് റോഡ്ക്രോസ്സു ചെയ്തുകൊണ്ട് അവളു വരുന്നതുകാണുന്നത്;
…മീനുവേച്ചി.!
ത്രീഫോർത്ത് കൈയോടുകൂടിയ ചുവന്ന ചുരിദാർടോപ്പും ചന്ദനനിറത്തിലുള്ള ബോട്ടവുമായിരുന്നു അവളുടെവേഷം…
ബോട്ടത്തിനു മാച്ചായിട്ടുള്ള ചന്ദനനിറത്തിലെഷോള് ആർച്ചുമോഡലിൽ ഞൊറിവെടുത്ത് രണ്ടുഷോൾഡറിലുമായി പിൻചെയ്ത്, ഇടതുതോളിലായി ബാഗുമിട്ട് അതേ കൈയിൽത്തന്നെ വെയിലുതട്ടാതെയൊരു വയലറ്റ്കുടയുംപിടിച്ച് വലതുകൈയിലൊരു പ്ലാസ്റ്റിക്കവറുമായി ആടിയാടിവരുന്നതും നോക്കി ഞാൻപിന്നിലെ മതിലിലേയ്ക്കുചാരി…
അപ്പോഴും നനവൊഴിയാത്ത മുടിയിഴകളെ രണ്ടു തോളിലൂടെയും മുന്നിലേയ്ക്കു പിന്നിയിട്ട് എന്റടുത്തെത്തിയ മീനാക്ഷിയെ ഞാനൊന്നുറ്റു നോക്കി…
സാധാരണ കാണുന്നതിൽനിന്നും വ്യത്യാസമായി കറുത്ത കുഞ്ഞുപൊട്ടിനു മീതെയായി അന്നൊരു ചന്ദനക്കുറികൂടി തൊട്ടിരുന്നു…
അവളടുത്തെത്തിയതും അത്രയുംനേരമുണ്ടായിരുന്ന ധൈര്യംമുഴുവൻ വിയർപ്പിനൊപ്പം ചോർന്നുപോയീന്നു തോന്നുന്നു…
വിചാരിച്ചപോലെ ഒന്നുമങ്ങോട്ടു മിണ്ടാനുംപറ്റുന്നില്ല, ശരീരംമൊത്തത്തിലൊരു കിടുകിടുപ്പും…
അന്നേരംവല്ലതും തട്ടിപ്പോയാൽ അതിലുംവലിയ നാണക്കേടുണ്ടോ..??!!
“”…എന്താ സിത്തൂ..?? എന്തിനായിവടെ നിയ്ക്കണേ..??”””_ മീനാക്ഷിയുടെ വാത്സല്യംകൂട്ടിയുള്ള ചോദ്യത്തിന് ആദ്യമൊന്നും മിണ്ടാനായില്ലേലും, മുട്ടുകാലുകൂട്ടിയിടിച്ച് ബോധംവീണ ഞാൻ;
