പൂതപ്പാറയിലെ പൂതനകൾ 10

പൂതപ്പാറയിലെ പൂതനകൾ

Poothapparayile Poothanakal | Author : Jumailath


സ്പൾബറെ പരിചയപ്പെടുത്തിയ പ്രിയപ്പെട്ട ഹോംസിന് നന്ദിയോടെ, സ്പൾബറോട് ക്ഷമാപണത്തോടെ…………

 

“അല്ല, ആരിത് സൗമ്യ ടീച്ചറോ? എന്തൊക്കെയാ ടീച്ചറെ വീട്ടിലെ വിശേഷങ്ങൾ”?

 

ഒരാഴ്ച ലീവെടുത്തു തിരുവനന്തപുരത്തെ വീട്ടിൽ പോയതായിരുന്നു സൗമ്യ. ഇന്നലെയാണ് തിരിച്ചെത്തിയത്.

 

“എന്ത് പറയാനാ കോമളവല്ലി ടീച്ചറെ. ഒക്കെ പതിവ് പോലെ തന്നെ. അമ്മക്ക് വലിയ മാറ്റൊന്നും ഇല്ല. മരുന്നും മന്ത്രോം ഒക്കെ മുറപോലെ നടക്കുന്നുണ്ട്”

 

അവർ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമായി ഒന്നും രണ്ടും പറഞ്ഞിരിക്കുന്നതിനിടെയാണ് പ്യൂൺ കൃഷ്ണൻ അങ്ങോട്ട്‌ കയറി വന്നത്.

കോമളവല്ലി ടീച്ചർ റിട്ടയർ ആവാനായതു കൊണ്ട് ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ കൃഷ്ണനെ ഏർപ്പാടാക്കിയിരുന്നു. അതുമായ ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഓടി നടക്കുന്നതിനിടെയാണ് അയാൾ സ്റ്റാഫ്‌ റൂമിൽ മിസ്സ്‌ സൗമ്യയെ കണ്ടത്.

 

“ആഹാ. തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ ടീച്ചറെ. ഞാൻ ടീച്ചറിനെ തിരഞ്ഞ് നടക്കുകയായിരുന്നു”

 

“ എന്നെയോ”?

 

“പ്രിൻസിപ്പൽ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്”

 

“ എന്നാ ഞാൻ അവരെ ഒന്ന് കണ്ടിട്ട് വരാം ടീച്ചറെ”

 

സൗമ്യ ഓഫീസിലേക്ക് നടന്നു. സൗമ്യയെ കണ്ട പ്രിൻസിപ്പൽ വിജയലക്ഷ്മി ഒരു എൻവലപ് എടുത്തു നീട്ടി..

 

“അമ്മയുടെ അസുഖം ഒക്കെ മാറിയോ”?

 

“ചെറിയ മാറ്റം ഉണ്ട്”

 

“പിന്നെ കാര്യം എന്തൊക്കെയായാലും ഇതിപ്പോ കുറേ ലീവായില്ലേ ടീച്ചറേ. ഇടക്ക് ഇവിടുത്തെ കാര്യങ്ങളും ഒന്ന് അന്വേഷിക്കേണ്ടേ”?

 

“എന്താ ഇത്”?

 

“ട്രാൻസ്ഫർ ഓർഡറാണ്. നാല് ദിവസമായി ഇത് ഇവിടെ വന്ന് കിടക്കാൻ തുടങ്ങീട്ട്. ഇടുക്കിയിലെ ഒരു ഓണം കേറാ മൂലയിലോട്ടാണ്. സർവീസിൽ കേറീട്ട് മൂന്ന് വർഷം ആയിട്ടല്ലേയുള്ളൂ.. ആദ്യത്തെ വർഷങ്ങളിൽ ഇത് പോലെ ദൂരത്തോട്ട് ഒരു സ്ഥലം മാറ്റം പതിവാ. പിന്നെ അവിടുന്ന് നാട്ടിലോട്ടു മാറാം”

 

“സാരല്ല ടീച്ചറെ. വീട്ടിൽ അനിയനൊക്കെ ഉണ്ടല്ലോ. അമ്മ ഒറ്റക്കൊന്നും അല്ലല്ലോ”

 

“ട്രാൻസ്ഫർ പൂതപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലോട്ടാണ്. രണ്ട് ദിവസത്തിനുള്ളിലെങ്കിലും ജോയിൻ ചെയ്യാൻ നോക്കിക്കോളൂ”

 

മാതൃ സഹജമായ സ്നേഹ വാത്സല്യങ്ങളോടെ വിജയലക്ഷ്മി സൗമ്യയെ യാത്രയാക്കി.

 

മൂന്ന് നാല് ബസ് മാറിക്കേറി സൗമ്യ ഒരു ബുധനാഴ്ച രാവിലെ പൂതപ്പാറയിലെത്തി. ഷോപ്പുകൾ, ഓഫീസുകൾ തുടങ്ങി ഒരു ടൗണിൽ ഉണ്ടാവേണ്ട സ്ഥാപനങ്ങളാൽ അനുഗൃഹീതവും അലങ്കൃതവുമല്ലാത്ത ഒരു കാട്ടുമുക്കിലേക്കാണ് പട്ടണത്തിന്റെ പത്രാസുമായി സൗമ്യ ടീച്ചർ സ്ഥലം മാറി എത്തിയത്. അവിടെ വന്നിറങ്ങിയപ്പോ തന്നെ മറ്റേതോ ലോകത്ത് എത്തിപ്പെട്ടത് പോലെയാണ് സൗമ്യക്ക് തോന്നിയത്.

 

അവൾ ബസ്സിറങ്ങി ചുറ്റും നോക്കി. വേറൊന്നും കൊണ്ടല്ല. സ്കൂളിലേക്കുള്ള വഴി ചോദിക്കാനാണ്. അങ്ങാടി എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ആ മുക്കവലയിൽ ഒരു പഴയ ചായക്കട മാത്രമാണ് ആകെയുള്ള ഒരു പ്രധാന സ്ഥാപനമായി ഉണ്ടായിരുന്നത്. സ്കൂളിലേക്കുള്ള വഴി ചോദിക്കാൻ സൗമ്യ അങ്ങോട്ട് തന്നെ വെച്ച് പിടിച്ചു.

 

“മോള് എവിടുന്നാ”?

 

 

 

 

 

 

ചായ കുടിച്ചുകൊണ്ടിരുന്ന നാട്ടിൻ പുറത്തുകാരനായ ഒരു വൃദ്ധനാണ് ടീച്ചറെ കണ്ട മാത്രയിൽ ഈ ചോദ്യം ചോദിച്ചത്.

 

“ഞാൻ പൂതപ്പാറ സ്കൂളിൽ പഠിപ്പിക്കാൻ വന്നതാ. ടീച്ചറാണ്”

 

ആ മറുപടിയോട് കൂടി അവിടെയുള്ളവരുടെ പെരുമാറ്റം ഒരിത്തിരി ബഹുമാനത്തോടെയായി.

 

“സ്കൂളിലേക്കുള്ള വഴി…”

 

“മോളെ, അവിടെ ഇരുന്ന് ആ ചായ കുടിക്കുന്നത് അനിൽ മാഷാണ്. സ്കൂളിലേക്കാണെങ്കിൽ മാഷുടെ കൂടെ പോയാ മതി”

 

അനിൽ മാഷ് ചായ കുടി കഴിഞ്ഞ് പൈസ കൊടുക്കാൻ വന്നു.

 

“പുതിയ ടീച്ചറാല്ലേ. ഞാനും സ്കൂളിലോട്ടാ”

 

അനിൽ മാഷ് സൗമ്യ ടീച്ചറെയും കൂട്ടി നടന്നു.

 

“കുറെ ദൂരമുണ്ടോ”?

 

“ഏയ്‌..ഒരു അര മുക്കാൽ കിലോമീറ്റർ ഉണ്ടാവും. കുറച്ചു ഉള്ളിലാ. നടക്കാനുള്ള ദൂരമേ ഉള്ളൂ”

 

“ടീച്ചർ എവിടുന്നാ”?

 

“തിരുവനന്തപുരത്തൂന്നാ . ഇത്രയും നാൾ ഫോർട്ട്കൊച്ചിയിലെ ഒരു സ്കൂളിലായിരുന്നു”

 

“കൊച്ചിയിലൊക്കെ ജീവിച്ച ടീച്ചർക്ക് ഈ പട്ടിക്കാട് ചിലപ്പോ പറ്റിക്കോളണമെന്നില്ല”

 

അവർ പലതും സംസാരിച്ചു സ്കൂളിലെത്തി. സ്കൂൾ കണ്ട മിസ്സ്‌ സൗമ്യ ഞെട്ടിപ്പോയി.

 

ഘോരവനത്തിന് നടുവിൽ പഴയ കുറെ കെട്ടിടങ്ങൾ. ഒരു വേള ആമസോൺ വനാന്തരങ്ങളിൽ പോലും ഇല്ലാത്ത ഇന്നേവരെ ഒരു മനുഷ്യ കുഞ്ഞു പോലും കണ്ടിട്ടില്ലാത്ത വല്ല ജന്തുക്കളും അതിനുള്ളിൽ നിന്ന് ചാടി വന്നാലും അദ്‌ഭുത പെടാനൊന്നും ഇല്ല എന്ന് ടീച്ചർക്ക് തോന്നി.

 

“ പേടിക്കാനൊന്നും ഇല്ല ടീച്ചറെ. പഴയ ഒരു പ്രമാണി മൂർക്കോത്ത് ദേവസ്യ പൊതു നന്മയെ മാത്രം ലാക്കാക്കി ഭൂപരിഷ്കരണ കാലത്ത് സർക്കാരിന് വിട്ടു കൊടുത്ത കാടാണ് ഈ സ്കൂൾ”

 

ആ ഘോര വിപിനത്തിൽ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന ഏതൊരാൾക്കും ദണ്ഡകാരണ്യം പോലും വെറും കുറ്റിക്കാടായേ തോന്നൂ. മാഷിനെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല.

 

വാർദ്ധക്യത്താൽ പെണ്ണിൽനിന്ന് കണ്ണ് തെറ്റി റിട്ടയർമെന്റിന് ശേഷം സന്യാസിയാവാൻ വല്ല തഞ്ചവുമുണ്ടോ എന്നുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിൻസിപ്പൽ ശ്രീ കുഞ്ഞി ഒണക്കനെ കണ്ട് അവിടെയിരുന്ന കീറിപ്പറിഞ്ഞ ഒരു രെജിസ്റ്ററിൽ ഒപ്പിട്ട് സൗമ്യ ടീച്ചർ അന്ന് തന്നെ പുതിയ സ്കൂളിൽ ജോയിൻ ചെയ്തു.

 

ഓഫീസിലെ ചടങ്ങുകൾക്ക് ശേഷം സ്റ്റാഫ്‌ റൂമിലെ ഘടാ ഘടിയൻമാരെ ഓരോരുത്തരെയും പരിചയപ്പെട്ടു. കൂട്ടത്തിൽ പുതിയതായി വന്ന കണ്ടാൽ തന്നെ അവലക്ഷണം പിടിച്ച ആറ് ടീച്ചേഴ്സും ഉണ്ടായിരുന്നു.

 

“അല്ല ടീച്ചറെ, ടീച്ചറ് ഏതാ സബ്ജെക്ട്”?

 

കോമേഴ്സിലെ നന്ദൻ മാഷാണ്.

 

“ബോട്ടണിയാണ് മാഷേ”

 

“അല്ല, അനിൽ മാഷ് ഇതൊന്നും ചോദിച്ചില്ലേ? നിങ്ങൾ ഒരുമിച്ചല്ലായിരുന്നോ വന്നേ”

 

അനിൽ മാഷിൻ്റെ അടുത്തിരുന്ന മാത്‍സ്കാരി ത്രേസ്യാമ്മ ടീച്ചർ അനിൽ മാഷിനെ ഒന്ന് തോണ്ടി. സ്ത്രീകളോട് അധികം അങ്ങനെ സംസാരിക്കാത്ത പ്രകൃതമുള്ള മാഷിനെ മനഃപൂർവം ടീച്ചറൊന്നു കുത്തി.

 

“ അത് പറഞ്ഞപ്പോഴാ. മാഷ് എന്താ പഠിപ്പിക്കുന്നേന്ന് ഞാനും ചോദിച്ചില്ലല്ലോ”

 

“മാഷ് മലയാളം വാദ്യരാ. അറിയപ്പെടുന്ന ഒരു യുവ കവിയും എഴുത്തുകാരനുമൊക്കെയാ”

ഒരിത്തിരി ഇളക്കമുള്ള കെമിസ്ട്രിക്കാരി ആതിരയാണ് അതിനു മറുപടി പറഞ്ഞത്. അത് കേട്ട് എന്തോ ഒരിഷ്ടക്കേട് മാഷിന്റെ മുഖത്ത് തെളിഞ്ഞത് സൗമ്യ ശ്രദ്ധിക്കാതിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *