ഫാമിലി കൗൺസിലർ – 1 10New 

ഫാമിലി കൗൺസിലർ – 1

[ Brazeelia ]


മഹിമ അപ്പാർട്ട്മെൻ്റിലെത്തുന്നതിന് മുമ്പേ റൂം മേറ്റ് സാന്ദ്രയുടെ വിളി വന്നു. ”ഡീ.. കുഞ്ഞിക്കാളീ ഞാനിന്നൊരു സിനിമക്ക് കേറുവാണ് കേട്ടോ. വരാനിത്തിരി ലേറ്റാവും..”

സെക്കന്റ് ഷോക്കാണ് കയറുന്നതെങ്കിൽ ഇനി എപ്പോ വരാനാണ്. ലേറ്റാവും എന്ന് പറയുന്ന ദിവസങ്ങളിലെല്ലാം മിക്കവാറും സാന്ദ്ര കൂട്ടുകാർക്കൊപ്പമാണ് തങ്ങാറുള്ളത്.

അവളിന്ന് വരാൻ സാധ്യതയില്ലെന്ന് മനസ്സിലോർത്ത് മഹി ഫ്ലാറ്റിന്റെ ഡോർ തുറന്നു. അകത്ത് കയറി മുറിയിലെത്തി വേഗം ബാഗ് ബെഡിലേക്കിട്ട് വേഗം ടോയ്ലറ്റിലൊന്നു പോയി.

ശേഷം കിച്ചണിലെത്തി കാപ്പിക്ക് വെള്ളം വെച്ച് മുഖം കഴുകി വന്ന് സെറ്റിയിലിരുന്ന് ടിവി ഓൺ ചെയ്തു. ചാനൽ മാറ്റി മാറ്റി നോക്കുന്നതിനിടയിൽ ഇഷ്ടമുള്ള ഒരു സിനിമാ ഗാന രംഗം കണ്ടപ്പോൾ മഹി അതിന്റെ വോള്യം കൂട്ടി വെച്ചു.

കിച്ചണിൽ ചെന്ന് കാപ്പി റെഡിയാക്കി ഒരു കപ്പിലേക്ക് പകർന്നു കൊണ്ട് മഹി വീണ്ടും സെറ്റിയിൽ വന്നിരുന്നു. നായകനും നായികയും കെട്ടിപ്പുണർന്ന് പുൽതകിടിയിലൂടെ ഉരുളുന്നത് നോക്കി മഹി ചിരിച്ചു.

മുപ്പത് കഴിഞ്ഞിട്ടും തനിക്ക് ഒരു ബോയ്ഫ്രണ്ടോ കാമുകനോ ഇല്ലാത്തതിൽ ആ നിമിഷം മഹിക്ക് വല്ലാത്ത നിരാശ തോന്നി.

സാന്ദ്രയുടെ കാമുകൻമാരുടെ ബാഹുല്യം പലപ്പോഴും മഹിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പേരെ അവളെങ്ങനെ മാനേജ് ചെയ്യുന്നു എന്നോർത്ത് ചില രാത്രികളിൽ മഹിയുടെ ഉറക്കം തന്നെ പോയിട്ടുണ്ട്.

ടി വി സ്ക്രീനിൽ പാട്ടുകൾ മാറിക്കൊണ്ടേയിരുന്നു. ഒരിക്കൽ കൂടി കാപ്പി മൊത്തി കപ്പ് താഴെ വെച്ച് സെറ്റിയിലേക്ക് ചാരിക്കിടക്കുമ്പോഴാണ് കാളിംഗ് ബെൽ!!

ഇവളിത് സിനിമക്ക് പോയില്ലേ..! പോകുമെന്ന് പറയുന്ന ദിവസമെല്ലാം കൃത്യമായി സാന്ദ്ര പോകാറുണ്ട്. പിന്നെ ഈ നേരത്ത് ഇതാരപ്പാ? തന്റെ സ്വകാര്യതയെ അലോസരപ്പെടുത്താൻ വന്ന ആ മണി

മുഴക്കത്തെ മനസ്സിൽ പ്രാകിയാണ് അവൾ വാതിൽക്കൽ ചെന്നത്.

വാതിൽ തുറക്കാതെ ഡോറിൻ്റെ പീപിംഗ് ഹോളിലൂടെ നോക്കി. പുറത്ത് ആരെയും കണ്ടില്ല! കുട്ടികൾ ആരെങ്കിലുമാണോ? കുറേ കുസൃതികൾ ഉണ്ട് സമീപത്തെ അപാർട്ട്മെൻറിലെല്ലാം. അവരിലാരുടെയെങ്കിലും വേലയായിരിക്കും.

വാതിലടച്ച് തൻ്റെ മുറിയിലെത്തി ബെഡിൽ കിടക്കുന്ന ഫോണെടുത്ത് അമ്മക്കൊന്നു വിളിക്കാൻ നോക്കിയപ്പോഴാണ് വീണ്ടും കാളിംഗ് ബെൽ! അപ്പുറത്തെ ചിടുങ്ങുകളാവും. അവിടെക്കിടന്ന് അടിക്കട്ടെ എന്നു കരുതി അമ്മക്ക് വിളിച്ചു.

അമ്മ എടുക്കുന്നില്ല. ഒരൽപം കഴിഞ്ഞാണ് മഹി വന്ന് വാതിൽ തുറന്നത് ആരെയും കാണുന്നില്ല. അവൾ സമയം അപ്പോൾ എത്രയായിരിക്കുമെന്നറിയാൻ തിരിഞ്ഞ് വാൾ ക്ലോക്കിലേക്ക് നോക്കി.

7:30 കഴിഞ്ഞിട്ടേയുള്ളൂ. കോറിഡോറിലേക്കിറങ്ങി ഇരുവശത്തേക്കും നോക്കി. കോറിഡോർ ശൂന്യമാണ്! അപ്പോൾ മഹിക്ക് ചെറിയ ഭയം തോന്നി. അവൾ പെട്ടെന്ന് അകത്ത് കടന്ന് വാതിലടച്ചു.

ഇനി ബെല്ലടിച്ചാലും തുറക്കില്ലെന്നുറപ്പിച്ചു.

സാന്ദ്രയെ വിളിക്കാൻ ഫോണെടുക്കാൻ സെറ്റിക്കടുത്തേക്ക് നീങ്ങി. പെട്ടെന്ന് പിന്നിൽ

ആരുടെയോ അനക്കം പോലെ, ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല! ആശ്വാസം കൊള്ളാൻ ഇട കിട്ടും മുൻപേ കിച്ചണിലേക്കുള്ള ഡോർ കർട്ടനപ്പുറത്ത് ഒരു നിഴലനക്കം.

മഹി ഭയന്ന് ഒരൽപം പിന്നോട്ട് മാറി. പുറത്തേക്കുള്ള വാതിൽ തുറന്ന് കോറിഡോറിലേക്കിറങ്ങുന്നതാണ് സേഫ് എന്ന് കരുതി സമനില വീണ്ടെടുത്ത് അവൾ വാതിൽക്കലെത്തിയതും ഞെട്ടിപ്പോയി!

വാതിൽ ലോക്ഡ് ആണ്. ഡോറിൽ കീ കാണുന്നില്ല! കീ ഒരിക്കലും മഹിയോ സാന്ദ്രയോ കീ ഹോളിൽ നിന്ന് എടുക്കാറില്ല.

മഹി ഭയം കൊണ്ട് വാതിലിൽ ചാരി തളർന്ന് നിന്നു. കൈയ്യിൽ പിടിച്ച ഫോണിൽ നിന്നും സാന്ദ്രയെ വിളിക്കാൻ ഫോൺ ലോക്ക് തുറക്കാൻ ശ്രമിച്ചു.

കൈ വിറയൽ കാരണം മൂന്ന് തവണ പാറ്റേൺ

തെറ്റി. ഒരൽപസമയം കഴിഞ്ഞ് ലോക്ക് തുറക്കാൻ കൈയ്യിലെ വിയർപ്പ് തുടച്ച് ഒന്നുകൂടി ശ്രമിച്ചു.

കിച്ചണിൽ എന്തോ താഴെ വീണ് പൊട്ടിയതും ഞെട്ടലിൽ മഹിയുടെ കൈയ്യിൽ നിന്നും ഫോൺ താഴെ വീണു .

Updated: October 9, 2026 — 2:29 pm

Leave a Reply

Your email address will not be published. Required fields are marked *