മഴമേഘം മറഞ്ഞുപോയ് – 1
[ സ്പൾബർ ]
✍️✍️✍️… സാമ്പത്തിക ക്ലേശം കാരണം മുപ്പത്താറാം വയസിലാണ് സുനിത വിവാഹിതയാവുന്നത്..നാൽപ്പത്തിനാല് വയസുള്ള രാജനാണ് അവളെ കെട്ടിയത്.. അയാളുടെ രണ്ടാം വിവാഹമായിരുന്നു അത്.ആ ഭാര്യയെ അയാൾ ഉപേക്ഷിച്ചതാണ്..ഉണ്ടായിരുന്ന രണ്ട് കുട്ടികൾ അവരോടൊപ്പം പോയി..എന്തിനാണയാൾ ഭാര്യയെ ഉപേക്ഷിച്ചതെന്ന് സുനിതയുടെ അഛനോ കുടുംബക്കാരോ അന്വോഷിച്ചില്ല.. സുനിതയെ എങ്ങിനെയും കല്യാണം കഴിപ്പിച്ചയക്കാനുള്ള ധൃതിയായിരുന്നു അവർക്ക്..ധനാഢ്യനായ രാജന്റെ ആലോചന നിരസിക്കാൻ അവർക്കായില്ല..
രാജന്റെ വീട്ടിൽ അയാളും അമ്മയും മാത്രമേ ഉള്ളൂ..ആ വലിയ വീട്ടിൽ ചെന്ന് കയറിപ്പോ സുനിതക്ക് ഒരു പകപ്പായിരുന്നു.. അർഹതയില്ലാത്തത് കിട്ടിയ ഒരപകർഷതാ ബോധവും അവൾക്കുണ്ടായി… കുറച്ച് ദിവസത്തിനകം തന്നെ അവൾക്കൊരു കാര്യം ബോധ്യമായി.. രാജന്റെ ആദ്യ ഭാര്യയെ ഇയാൾ ഉപേക്ഷിച്ചതല്ല.. അവർ പോയതാണ്.. രാജന്റെയും അറുപത് വയസായ അമ്മയുടെയും ക്രൂരത സഹിക്കവയ്യാതെയാണ് ആദ്യ ഭാര്യ പോയതെന്നും ക്രമേണ സുനിത മനസിലാക്കി..
ഒരു ദുഷ്ട സ്ത്രീയായിരുന്നു അവളുടെ അമ്മായമ്മ ലളിത.. വയസ് അറുപതായെങ്കിലും ഒരു ചെറുപ്പക്കാരിയുടെ ചുറുചുറുക്കവർക്കുണ്ട്.. വീട്ടിൽ പോലും ആടയാഭരണങ്ങൾ ധരിച്ച് നടക്കുന്ന അവർ മകന്റെ ബിസിനസിന്റെ ബുദ്ധി കേന്ദ്രമാണ്.. അവർക്ക് സ്വന്തമായി കാറും ഡ്രൈവറുമുണ്ട്.. സ്നേഹത്തോടെ ഒരു സംസാരമോ ഒരു ചിരിയോ അമ്മായമ്മയിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് വളരെപ്പെട്ടെന്ന് സുനിത മനസിലാക്കി..
ശരിക്കും തനിക്കിവിടെ ഒരു വേലക്കാരിയുടെ സ്ഥാനമാണെന്ന് സുനിതക്ക് വേഗം മനസിലായി.. അത് സാരമില്ല..തന്റെ വീട്ടിലും തനിക്കാ സ്ഥാനം തന്നെയായിരുന്നു..പക്ഷേ, ഇവിടെ താമസിക്കുന്ന മറ്റ് രണ്ട് പേർ മനുഷ്യരാണെന്ന് തോന്നുന്നില്ല.. രണ്ട് യന്ത്രങ്ങൾ.. ചിരിയില്ല. അധികം സംസാരമില്ല..ഉള്ള സംസാരം കോടികളെ കുറിച്ചും ബിസിനസിനെ കുറിച്ചും മാത്രം.. അവർ രാവിലെ പോവുന്നു..എപ്പഴോ തിരിച്ച് വരുന്നു..തന്റെ ഭർത്താവിന്റെ ബിസിനസ്
എന്താണെന്ന് പോലും സുനിതക്കറിയില്ല..
പക്ഷേ ഒന്നുണ്ട്.. വിഭവസമൃദ്ധമായ ഭക്ഷണവും തനിക്ക് സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള ഡ്രസുകളും തനിക്ക് യഥേഷ്ടമുണ്ട്.. ഒരലമാര നിറച്ചും മേക്കപ്പ് സാധനങ്ങളുണ്ട്..അതൊന്നും ഉപയോഗിക്കാൻ പോലും തനിക്കറിയില്ലാന്ന് മാത്രം.. ചില പാർട്ടികൾക്കൊക്കെ അമ്മയും മോനും തന്നെ കൊണ്ട് പോയിട്ടുണ്ട്.. അന്ന് ഒരു പെൺകുട്ടി വന്നാണ് തന്നെ മേക്കപ്പിട്ട് ഒരുക്കിയത്.. അവൾ അമ്മായമ്മയുടെ സ്ഥിരം മേക്കപ്പ് ആർട്ടിസ്റ്റാണെന്നാണ് അവൾ പറഞ്ഞത്.. പിന്നെ വല്ലപ്പോഴുമൊക്കെ സ്വന്തമായി മേക്കപ്പിടും..എല്ലാം കൊണ്ടും ആഡംബര ജീവിതമായിരുന്നു സുനിതക്ക്..
പക്ഷേ.. ഒരു തരം ഭയമാണ് സുനിതക്കാ വീട്ടിലുണ്ടായത്.. ചിരിക്കാത്ത രണ്ട് മുഖങ്ങൾ കാണുന്നത് തന്നെ അവൾക്ക് പേടിയാണ്..ആകെയുള്ള സമാധാനം അവർ കൂടുതൽ സമയവും പുറത്തായിരിക്കും എന്നതാണ്..ഉച്ചവരെ വീട്ടുജോലികൾ ചെയ്യാൻ ഒരു സ്ത്രീ വരും..അമ്പത് വയസുള്ള ലീല..ശരിക്കും അവരാണ് സുനിതക്ക് ആകെയുള്ളൊരു കൂട്ട്.. അമ്മയുടെയും മകന്റെയും ചരിത്രമൊക്കെ അവരാണ് സുനിതയോട് പറഞ്ഞത്.. രാജന്റെ ആദ്യഭാര്യ പിണങ്ങിപ്പോകാനുള്ള കാരണവും അവരാണ് പറഞ്ഞത്..നല്ല പണക്കാരിയാണെങ്കിലും സൽസ്വഭാവിയായൊരു പെൺകുട്ടിയായിരുന്നു രാജന്റെ ആദ്യഭാര്യ ഷീബ.. കുത്തുവാക്കുകൾ സഹിച്ച് അവൾ കുറേ കാലം പിടിച്ച നിന്നെങ്കിലും രാജന്റെ ക്രൂരതകൾ സഹിക്കവയ്യാതെയാണ് അവൾ പോയത്..
പക്ഷേ, സുനിതക്കങ്ങിനെ പോകാനാവില്ലായിരുന്നു.. ഇവിടെ കുത്തുവാക്കുണ്ടെങ്കിലും പട്ടിണിയില്ല എന്നത് അവളെ സംബന്ധിച്ച് വലിയ കാര്യം തന്നെയായിരുന്നു.. ജീവൻ പോകുന്നത് വരെ ഇവിടെ പിടിച്ച് നിൽക്കാൻ തന്നെയാണ് അവളുടെ തീരുമാനം..
✍️✍️✍️… “ അവര് തീരുമാനമെന്തേലും പറഞ്ഞോ രാജാ…?”..
