അപർണ എന്ന അപ്സരസ്സ് – 2 20അടിപൊളി  

ഞാൻ ഉടനെ അവൾക്കൊരു മറുപടി എഴുതി.

“എനിക്ക് നിന്നെ ഒരിക്കലും വിട്ടുപോകാൻ കഴിയില്ല. എന്തൊക്കെ സംഭവിച്ചാലും നീ ഒറ്റയ്ക്കല്ല. നിന്റെ കൂടെ ഞാൻ ഉണ്ടാകും. നീ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണ്. നിന്നെ നഷ്ടപ്പെടുമോ എന്ന പേടി കഴിഞ്ഞ മൂന്ന് ദിവസവും എന്നെ എത്രത്തോളം വേദനിപ്പിച്ചെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. വീട്ടിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും നീ പേടിക്കണ്ട. നമ്മൾ ഒരുമിച്ച് നേരിടാം. നീ എന്റെ ജീവനാണ്, നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല.”

അങ്ങനെ ഒരുപാട് സ്നേഹത്തോടെ ഞാൻ ആ കത്ത് പൂർത്തിയാക്കി. അത് അവളുടെ കൈകളിൽ എങ്ങനെയെങ്കിലും എത്തിക്കണം എന്നൊരു ചിന്ത മാത്രമായിരുന്നു പിന്നെ എന്റെ മനസ്സിൽ.

അവളുടെ കൂട്ടുകാരിയുടെ അടുത്ത് ആ കത്ത് കൊടുത്തുവിട്ട്, അത് അവൾക്ക് തീർച്ചയായും കൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞു. കത്ത് അവളുടെ കൈകളിലെത്തിയാൽ അവൾക്ക് എന്റെ മനസ്സിലുള്ളത് മനസ്സിലാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ആ ദിവസം ആദ്യമായി എനിക്ക് ഒരു സമാധാനം തോന്നി. അവൾ എന്നെ വിട്ടുപോയിട്ടില്ല… ഞാനും അവളെ ഒരിക്കലും വിട്ടുപോകില്ല.

അങ്ങനെ വീട്ടിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് കുറച്ചുകാലത്തേക്ക് ഞങ്ങൾ നേരിട്ട് കാണുന്നതും ഫോൺ വഴി സംസാരിക്കുന്നതും പൂർണ്ണമായി നിർത്താൻ തീരുമാനിച്ചു. പരസ്പരം ബന്ധപ്പെടാൻ വേറെ ഒരു വഴിയും ഇല്ലാതിരുന്നതുകൊണ്ട്, അവളുടെ കൂട്ടുകാരുടെയും എന്റെ കൂട്ടുകാരുടെയും സഹായത്തോടെ കത്തുകളിലൂടെ മാത്രം സംസാരിക്കാമെന്ന്

തീരുമാനിച്ചു.

ആദ്യമൊക്കെ അതൊരു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. അവളെ നേരിട്ട് കാണാൻ പറ്റുന്നില്ല, ഫോൺ വിളിക്കാൻ പറ്റുന്നില്ല, അവളുടെ ശബ്ദം പോലും കേൾക്കാൻ പറ്റുന്നില്ല. പക്ഷേ ഒരു കത്ത് കിട്ടുമ്പോൾ അതിലെ ഓരോ വരിയും അവൾ തന്നെ എന്റെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെ തോന്നുമായിരുന്നു.

ഞാൻ എഴുതുന്ന കത്ത് അവളുടെ കൂട്ടുകാരിയുടെ കൈയിൽ കൊടുക്കും, അവൾ എഴുതുന്ന കത്ത് തിരിച്ച് എന്റെ കൂട്ടുകാരന്റെ കൈയിൽ എനിക്ക് എത്തും. അങ്ങനെ ഞങ്ങളുടെ ദിവസങ്ങൾ കത്തുകൾക്കായി കാത്തിരിക്കലായി മാറി.

രണ്ടുപേരും നേരിട്ട് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലും, ആ കത്തുകളിലൂടെ ഞങ്ങളുടെ സ്നേഹം കൂടുതൽ ശക്തമായി. വീട്ടിലെ കാര്യങ്ങളും പഠനവും ചെറിയ ചെറിയ വിശേഷങ്ങളും, പരസ്പരം മിസ് ചെയ്യുന്നതും എല്ലാം കത്തുകളിലൂടെ പങ്കുവെച്ചു.

അങ്ങനെ ഏകദേശം രണ്ട് മാസം ഞങ്ങളുടെ ബന്ധം ആ കത്തുകളിലൂടെ മാത്രം മുന്നോട്ട് പോയി. രണ്ടു മാസം നേരിട്ട് കാണാതെയും ഫോൺ ചെയ്യാതെയും കഴിഞ്ഞെങ്കിലും, അവൾ എന്നിൽ നിന്ന് അകന്നുപോകുന്നു എന്നൊരു തോന്നൽ ഒരിക്കലും ഉണ്ടായില്ല. മറിച്ച്, ഓരോ കത്തും കിട്ടുമ്പോഴും ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുന്നതുപോലെയാണ് എനിക്ക് തോന്നിയത്.

അങ്ങനെ ഇരിക്കുമ്പോഴേക്കും അവളുടെ ഹയർ സെക്കൻഡറി പരീക്ഷകളെല്ലാം കഴിഞ്ഞു. Summer vacation തുടങ്ങുന്ന സമയമായി. അതോടൊപ്പം തന്നെ അവളുടെ വീട്ടിലെ പ്രശ്നങ്ങളും ഏകദേശം ഒക്കെ അവസാനിച്ചിരുന്നു.

ഇത്രയും നാൾ നേരിട്ട് കാണാതെയും ഫോൺ വഴി സംസാരിക്കാതെയും കഴിഞ്ഞതുകൊണ്ട്, ഇനി എന്തായാലും അവളെ ഒന്ന് കാണണം എന്ന് എനിക്ക് തോന്നി. അവസാനം അവളുടെ അവസാന പരീക്ഷയുടെ ദിവസം തന്നെ അവളെ കാണാൻ പോകാമെന്ന് തീരുമാനിച്ചു.

അവളെ കണ്ട നിമിഷം തന്നെ ഞങ്ങൾ രണ്ടുപേരും ഒരുപാട് സന്തോഷിച്ചു. ഇത്രയും നാൾ കത്തുകളിലൂടെ മാത്രം സംസാരിച്ചിരുന്ന ഞങ്ങൾ വീണ്ടും നേരിട്ട് കാണുമ്പോൾ, പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. കുറേ നേരം അവിടെ ഇരുന്ന് സംസാരിച്ചു. കഴിഞ്ഞ രണ്ട് മാസത്തെ ഓരോ കാര്യങ്ങളും, പരസ്പരം എത്രത്തോളം മിസ് ചെയ്തുവെന്നും, ഇനി എന്തൊക്കെ ചെയ്യണം എന്നുമൊക്കെ സംസാരിച്ചു.

അവളുടെ വീട്ടിലെ പ്രശ്നങ്ങളൊക്കെ ഏകദേശം തീർന്നുവെന്ന് അവൾ പറഞ്ഞു. ഇനി പഴയതുപോലെ പേടിക്കേണ്ട കാര്യമില്ലെന്നും, നമുക്ക് വീണ്ടും ഫോണിൽ contact ചെയ്യാമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *