“ഇതെങ്ങോട്ടാ പോണേ….. “നിശാഗിരിയിലേക്കുള്ള വഴി കയറാതെ വണ്ടി നേരെ പോകുന്നതറിഞ്ഞ നന്ദു അപ്പുറവും ഇപ്പുറവും നോക്കി ചോദിച്ചു….
“നമുക്ക് ഒരു സൺസറ്റ് കണ്ടേച്ച് വരാം….”…
പ്രിയ പറഞ്ഞു
“ജിമ്മിൽ പോണ്ടേ….”
” ക്രിസ്റ്റിന നോക്കിക്കോളും….”
“ബോക്സിങ് പഠിക്കാൻ പിള്ളേർ വരത്തില്ലേ…..”
“സീനിയർ കുട്ട്യോളുണ്ടല്ലോ… അവര് അഡ്ജസ്റ്റ് ചെയ്തോളും, സാരമില്ല….”… പ്രിയ ബൈക്കിന്റെ വേഗത അല്പം കൂട്ടി….
“എനിക്കുവേണ്ടി ആണേൽ ഒരിടോം പോണ്ട….”നന്ദു മറ്റെങ്ങോ നോക്കി ഇരുന്നുകൊണ്ട് പറഞ്ഞു….
“നോപ്…. ഇത് എനിക്കുവേണ്ടിയാ…. രാവിലത്തെ ഇഷ്യൂ കാരണം മൂഡ് ആകെ മാറി….ഒന്ന് ഹീൽ ആക്കീട്ട് വരാന്നെ….”…ദേവപ്രിയ ചിരിയോടെ പറഞ്ഞു…. ശരിക്കും ഈയൊരു യാത്ര അവനുവേണ്ടിതന്നെ ആയിരുന്നു….കാലത്തെ ഉണ്ടായ വിഷയങ്ങൾക്കും അപ്പുറം എന്തൊക്കെയോ അവന്റെ മനസ്സിൽ അടിഞ്ഞുകൂടിയിട്ടുണ്ട്….അത് മേശപ്പുറത്ത് എഴുതിയിരുന്ന അക്ഷരങ്ങളോ, അതിലെ ചിത്രങ്ങളോ, അതോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ല…
ആടുവള്ളിയിൽ നിന്നും കള്ളിക്കാട് ആയുർവേദ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലൂടെ സഞ്ചരിച്ച ദേവപ്രിയയുടെ വാഹനം കാളിപ്പാറ ലോകാംബിക ക്ഷേത്ര റോഡിലേക്ക് പ്രവേശിച്ചു…
“ഇതേതാ ഈ സ്ഥലം….”
ചുറ്റും കാണുന്ന പച്ചപ്പും ചെറിയ മലനിരകളും നോക്കി നന്ദു ചോദിച്ചു
“A hidden gem….”
മുന്നിൽ കാണുന്ന പടുകൂറ്റൻ പാറയുടെ എൻട്രി പോയിന്റിൽ പ്രിയ വണ്ടി ഒതുക്കി, ഇരുവരും ഇറങ്ങി
ഒത്തിരി തലമുറകൾക്ക് മുമ്പേ കാളി അമ്പലമായി രൂപംകൊണ്ട ട്രിവാൻഡ്രം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്തിന്റെ നെറുകയിൽ മാനം മുട്ടെ സ്ഥിതി ചെയ്യുന്ന കാളിപ്പാറ….സമുദ്ര നിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി മേലെയാണ് ഈയൊരു പാറ ഉയർന്നു നിൽക്കുന്നത്
“Woah…. അടിപൊളി….”…. ആകാശം തൊട്ടു നിൽക്കുകയാണെന്ന് തോന്നിക്കുന്ന കാളിപ്പാറയുടെ ശിരസിലേക്ക് നോക്കി നന്ദു കണ്ണ് മിഴിച്ചു….തീർത്ഥാടനകേന്ദ്രം ആയിരുന്നെങ്കിലും വലിയ ആൾത്തിരക്കോ കാര്യങ്ങളോ അവിടെ കാണാൻ കഴിഞ്ഞില്ല….
“കാളിപ്പാറ ലോകാംബിക ക്ഷേത്രം…വായോ”… പ്രിയ നന്ദുവിന്റെ കൈ പിടിച്ച് മുന്നിലേക്ക് നടന്നു…. പാറയുടെ മുകളിലേക്ക് കയറാൻ കല്ലിൽ കൊത്തിയ പാതകളും , പിടിച്ചുകേറാൻ പാകത്തിന് ഇരുമ്പഴികൾകൊണ്ട് വേലിയും നിർമിച്ചിട്ടുണ്ട്…. പത്തുമിനിറ്റോളം നടന്ന് മുകളിലേക്ക് കയറിയതും നന്നേ കാറ്റ് വീശിതുടങ്ങി…. ദേവപ്രിയയുടെ കഴുത്തോളം നീണ്ട കട്ടിയുള്ള മുടിയിഴകൾ മുഖത്തേക്ക് ഒഴുകി വീഴുന്നത് നന്ദു ശ്രദ്ധിച്ചു….ഭംഗിയുണ്ടെങ്കിലും അവളുടെ മുടിയിഴകൾ കണ്ണുകളെ ഇടയ്ക്കിടെ തന്റെ ദൃഷ്ടിയിൽ നിന്നും മറയ്ക്കുന്നത് നന്ദുവിന് അലോസരമായി തോന്നി…. തന്റെ കണ്ണുകൾ പോലെയല്ല അവളുടേത്…. തിളക്കമേറിയ, എന്തിനെയും വലിച്ചടിപ്പിക്കുന്ന കണ്ണുകൾ
അല്പദൂരംകൂടെ മുകളിലേക്ക് കയറിയതും ഇരുവരും കാളിപാറയുടെ ആദ്യത്തെ വ്യൂപോയിന്റിൽ എത്തി…നടുവിൽ കല്ലുകൾ കൊണ്ട് കെട്ടി ഉയർത്തിയ ചെറിയൊരു തിട്ടയിൽ നിർമിച്ച കൂടാരവും അതിനുള്ളിൽ ഒരു പ്രതിഷ്ഠയും കണ്ടു….ഒരുവേള ഇരുവരും അതിനുമിൽ കണ്ണുകൾ അടച്ചു തൊഴുതു, വീണ്ടും പാറയുടെ മുകളിലേക്ക് കയറി
പോകുന്ന വഴികളിൽ കാവൽ മാലാഖമാരെപ്പോലെ അങ്ങിങ്ങായി പാറകെട്ടുകളിൽ പ്രതിഷ്ഠിച്ച ഗണപതിയുടെയും, അഗസ്ത്യമുനിയുടെയും, പരമശിവന്റെയും കുഞ്ഞു പ്രതിമകൾ കാണാൻ കഴിയും…. അതിന് കുറച്ചു മുന്നേ ആയി “പാദരക്ഷകൾ ഇതുവരെ മാത്രം” എന്നൊരു ബോർഡ് കണ്ട് പ്രിയയും നന്ദുവും തങ്ങളുടെ ചെരിപ്പുകൾ അവിടെ ഊരിയിട്ടു….
ഉർവശിയുടെ അപ്സരസൗന്ദര്യത്തിൽ ആകർഷണീയരായി തീർന്ന മിത്രനും വരുണനും സ്വപ്നദോഷം സംഭവിച്ചു എന്നും ആ ധാധു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽനിന്ന് പിന്നീട് അഗസ്ത്യൻ ജന്മംകൊണ്ടു എന്നുമാണ് കഥ. അഗസ്ത്യമുനി കാളിപ്പാറയിൽ തപസ് അനിഷ്ടിച്ചിരുന്നു എന്ന് കഥകൾ പറയുന്നു…. അഗസ്ത്യൻ അഗസ്ത്യാർകൂടത്തിലേക്ക് പോയതിനുശേഷം ഇവിടെ ആദിവാസികൾ പൂജനടത്തുകയും, അവരുടെ പലായനത്തിന് ശേഷം നാട്ടുകാർ പൂജ ചെയ്യുന്ന അമ്പലമായും കാളിപ്പാറ മാറി…. 2015 ലെ ഇടിമിന്നലിൽ തകർന്ന ക്ഷേത്രം ഇനിയും പുനർനിർമിച്ച് പൂർത്തിയായിട്ടില്ല….കുറച്ചുതാഴെയായി താൽകാലിക പൂജക്കും മറ്റുമായി മറ്റൊരു ചെറിയ അമ്പലം ഉണ്ടാക്കിയിട്ടുണ്ട്…. അവിടെ എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും പൂജയുണ്ട്
