ചന്ദ്ര വേദം – 1
[ മന്ത്രവാദി ]

“എന്നിലെ പ്രണയത്തിൻ്റെ ഇരുളാഗ്‌നിയിൽ എരിഞ്ഞമർന്ന mr.buttler ൽ നിന്നും ദുർമന്ത്രവാദത്താൽ മറുപിറവി കൊണ്ടവൻ ഞാൻ… മന്ത്രവാദി …
എൻ്റെ മായയാൽ നിങ്ങൾ പ്രണയത്തിനിരയാകുന്നതായിരിക്കും… ഹാ..ഹാ..ഹാ …. ഹ്രാാാ ” His story യുടെ രണ്ടാം ഭാഗത്തിന് ഒട്ടും തന്നെ പിന്തുണ കിട്ടാത്തതിനാൽ ആണ് പകുതി എഴുതിയ മൂന്നാം ഭാഗം പ്രസിദ്ധീകരിക്കാതിരുന്നത്.
പുതിയൊരു പ്രണയ കഥയ്ക്ക് ഇവിടെ തുടക്കമിടുകയാണ്. ഒരു slow pace കഥയാണിത് എങ്കിലും മടുപ്പിക്കാതെ ശ്രദ്ധിക്കാം. പല സീനുകളും മറ്റു കഥകളുമായി സാമ്യം വരാം , എല്ലാ ദാമ്പത്യത്തിലും കാമത്തിൻ്റെ വേഷം വളരെ സാമ്യമുള്ളതാണല്ലോ !. ലോജിക് നോക്കാതെ വായിക്കുമെന്ന പ്രതീക്ഷയോടെ മന്ത്രവാദി . ” നിങ്ങളിനി കാണുന്നതെല്ലാാാം.. എൻ്റെ മായ…. ഹാ..ഹാ..ഹാ …. ഹ്രാാാ ” *** ചന്ദ്ര വേദം – 01
മോനേ കണ്ണാ ….. ഉച്ചമയക്കത്തിനു ശേഷം ഫോൺ എടുത്തപ്പോൾ ആദ്യം കണ്ടത് ചെറിയമ്മയുടെ വാട്‌സ്ആപ്പ് മെസേജ് ആണ്. എടുത്ത് നോക്കിയപ്പോൾ പ്രതീക്ഷിച്ചത് തന്നെ. “മോനേ കണ്ണാ ഈ വർഷമെങ്കിലും നീ ഉത്സവം കൂടാൻ ഇങ്ങോട്ട് വാടാ എല്ലാവരും ഉണ്ട് ഇവിടെ നീ കൂടെ ഉണ്ടെങ്കിൽ നന്നായേനെ .
പിന്നെ നിന്നെ മുത്തശ്ശിയും ചോദിച്ചു. ” എല്ലാ വർഷവും ഈ സമയത്ത് പതിവുള്ളതാണ്. ആകെ ഉള്ള മാറ്റം ഇക്കൊല്ലം എല്ലാവരും ഉണ്ടെന്നും മുത്തശ്ശി അന്വേഷിച്ചതും. എന്നത്തേയും പോലെ നോക്കാമെന്നും Reply കൊടുത്ത് ഫോൺ ഓഫ് ചെയ്ത് ബെഡിൽ നിന്നു എഴുന്നേറ്റ് നേരെ അടുക്കളേലേക്ക് വിട്ടു.
3 ഗ്ലാസ് കട്ടനും ഇട്ട് അതിൽ രണ്ട് ഗ്ലാസ്സ് ഫ്ലാസ്കിൽ ഒഴിച്ചുവച്ച് ബാക്കി ഒരു കപ്പിലെടുത്ത് നേരെ ബാൻക്കണി ലക്ഷ്യമാക്കി നടന്നു. ബാൽക്കണിയിൽ ചെന്ന് അവൻ തന്റെ സ്ഥിരം ഇരിപ്പിടത്തിൽ ഇരുന്നു . ചുവടെയുണ്ടായിരുന്ന സ്റ്റൂളിൽ കാലു കയറ്റി വച്ച് അവനൊരു സിപ്പ് കട്ടൻ കുടിച്ചു.
എന്നിട്ട് കപ്പ് ടീപ്പോയിലേക്ക് വച്ച് അസ്തമിക്കാറായ സൂര്യൻ ആരെയോ കാത്തെന്നപോലെ ആകാശത്തു നിൽക്കുന്നതും നോക്കി കസേരയിലേക്ക് ചാരി ഇരുന്ന് ഒന്ന് വലിഞ്ഞു. പിന്നീട് കണ്ണുകളടച്ച് ഒരു ദീർഘശ്വാസം എടുത്തു.
വണ്ടികളുടെ മുരൾച്ചയും ഹോണുകളുടെ ശബ്ദവും അല്പം മടുപ്പേകിയെങ്കിലും ബാൽക്കണിക്ക് ചുറ്റും അവൻ ഒരുക്കിവെച്ച ചെടികളിൽ നിന്നുമുള്ള ശുദ്ധവായു അവനൊരുണർവേകി.
ഇരുൾ വീഴും മുമ്പേ വീട്‌പിടിക്കാൻ ഉള്ള ഓട്ടത്തിലാണ് എല്ലാവരും അതും നോക്കി നിൽക്കുന്നതാവും സൂര്യൻ. ആകെപാടെ പൊടിയുടെയും പുകയുടെയും മറയാണ്, താല്പര്യമുണ്ടായിട്ടല്ല എറണാകുളം പോലൊരു വലിയ സിറ്റിയിൽ ഇതൊക്കെ സാധാരണമാണ് എങ്കിലും പൊതുവേ തിരക്ക് കുറഞ്ഞ ഒരു ഭാഗത്താണ് എന്നതാണ് ആകെയുള്ള ഒരു സമാധാനം.
സന്ധ്യയാകുമ്പോൾ ഇവിടെ നിന്നും നോക്കിയാൽ ചുട്ടുപഴുപ്പിച്ച ഒരിരുമ്പ് ഗോളം വെള്ളത്തിലേക്ക് വീഴുന്നതുപോലെ അസ്തമയം കാണാം.എന്നും കാണുന്നതാണെങ്കിലും ഇതുവരെ മടുപ്പായിട്ടില്ല .
ശബ്ദ കോലാഹങ്ങളെ കീറിമുറിച്ചു കൊണ്ട് അവൻ വീണ്ടും ഒരു സിപ്പ് കട്ടൻ കുടിച്ച് കഴിഞ്ഞ ദിവസം പോയ ട്രിപ്പിനെ പറ്റി ആലോചിച്ചു. അപ്പോഴാണ് ചെറിയമ്മയുടെ മെസേജ് ഓർമ വന്നത്. എല്ലാവർഷവും സങ്കടത്തോടെ ആണെങ്കിലും മനപ്പൂർവ്വം തള്ളിക്കളയാറുള്ളതാണ് ചെറിയമ്മയുടെ മെസ്സേജ് .
പക്ഷേ അതിലൊന്നും ഇതുവരെ മുത്തശ്ശിയെ പറ്റി ചെറിയമ്മ പറഞ്ഞിട്ടുണ്ടായിരുന്നില്ല.ഒരുപക്ഷേ താൻ
വരാൻ വേണ്ടി ചെറിയമ്മ പറഞ്ഞതാണെങ്കിലോ?ഇല്ല എല്ലാം അറിയാവുന്ന ചെറിയമ്മ എന്തായാലും അങ്ങനെ പറയില്ല.കട്ടൻ കുടിച്ചു കഴിഞ്ഞ് സൂര്യനോട് ഭായ് പറഞ്ഞ് ഹാളിലെ കലണ്ടറിനടുത്തേക്ക് നടന്നു .
നാളെ തുടങ്ങും ഉത്സവം പിന്നെ ഒരാഴ്ച കണക്കാണ്.ആട്ടവും പാട്ടും തെയ്യവും എല്ലാംകൊണ്ടും ഒരു ആവേശമാണ്.
കുരുത്തോലയുടെയും ചന്ദനത്തിരിയുടെയും ചായങ്ങളുടെയും ചമയങ്ങളുടെയും മണമുള്ള ഏഴു ദിനങ്ങൾ ,തൻറെ 18ാം വയസ്സുവരെ മുടങ്ങാതെ പോയിട്ടുള്ളതാണ്. ഇപ്പോ തനിക്ക് ഇരുപത്തിയാറ് വയസ് തികഞ്ഞിരിക്കുന്നു. 7 വർഷമായി അങ്ങോട്ട് പോയിട്ട്. ചെറിയമ്മയ്ക്കും അച്ചുവിനും മാത്രമാണ് തൻ്റെ നമ്പർ പോലും അറിയാവുന്നത്.എല്ലാവരിൽ നിന്നുമ്മുള്ള ഒളിച്ചോട്ടമായിരുന്നു അത്.
