സണ്ണി പതുക്കെ കണ്ണുകൾ തുറന്നു. അവന്റെ ശ്വാസം നിലയ്ക്കാറായിരുന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൻ എബിയുടെ യൂണിഫോമിൽ മുറുകെ പിടിച്ചു.
“എബി… വലിയവീട്… ഇനി നിന്റെ കയ്യിലാണ്… ഞാൻ എന്റെ അച്ഛന്റെ അടുത്തേക്ക്… പോകുന്നു…” സണ്ണിയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. എബിയുടെ കൈകളിൽ കിടന്ന്, ആ വലിയ പോരാളി തന്റെ അവസാന ശ്വാസം വലിച്ചു.
കൊല്ലം നഗരത്തെ വിറപ്പിച്ച സിംഹത്തിന്റെ കണ്ണുകളിൽ നിന്ന് ആദ്യമായി കണ്ണീർ തുള്ളികൾ മണ്ണിൽ വീണു. തന്റെ നിഴലായി കൂടെ നിന്നവൻ, തനിക്ക് വേണ്ടി ചോര ചിന്തിയവൻ ഇന്ന് വെറുമൊരു ഓർമ്മയായി.
പിറ്റേന്ന് കൊല്ലം ബീച്ചിന്റെ അതേ മണ്ണിൽ സണ്ണിയുടെ ചിത എരിഞ്ഞു. ഹാരിസ് സാറും, കുരുവിള മുത്തശ്ശനും, വലിയവീട്ടിലെ മറ്റുള്ളവരും നിശബ്ദരായി ആ കാഴ്ച നോക്കി നിന്നു. ശരണ്യയും ഉണ്ണിയും പൊട്ടിക്കരയുകയായിരുന്നു.
എബി ചിതയ്ക്ക് മുന്നിൽ സല്യൂട്ട് അടിച്ചു നിന്നു. തന്റെ പ്രിയ സുഹൃത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരവ് അതായിരുന്നു. ‘അയൺ’ സിനിമയിലെ സൂര്യയുടെ ആ പഴയ പകയല്ല, മറിച്ച് തന്റെ പകുതി ജീവൻ നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വേദനയായിരുന്നു എബിയുടെ മുഖത്ത്.
ചിതയടങ്ങിയ ശേഷം എബി സണ്ണിയുടെ കയ്യിലുണ്ടായിരുന്ന ആ പഴയ ചെയിൻ കയ്യിലെടുത്തു. അവൻ കടലിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു: “സണ്ണീ… നീ പോയിട്ടില്ല. വലിയവീടിന്റെ ഓരോ ശ്വാസത്തിലും നീ ഉണ്ടാകും. നിന്നെ ചതിച്ച ലോറി ഡ്രൈവറെയും അതിന് പിന്നിൽ പ്രവർത്തിച്ച അവസാനത്തെ കണ്ണിയെയും ഞാൻ കണ്ടെത്തുന്നത് വരെ നിനക്ക് പകരമായി ഞാൻ ഇവിടെയുണ്ടാകും.”
എബി പതുക്കെ തിരിഞ്ഞു നടന്നു. സണ്ണിയുടെ മരണം എബിയെ കൂടുതൽ ഗൗരവക്കാരനാക്കി. പകയുടെ പുതിയൊരു അധ്യായം അവിടെ തുടങ്ങുകയായിരുന്നു.
എബി പറയാതെ ഇരുന്നത് ശെരിക്കും സംഭവിച്ചത്..
ആ കശുവണ്ടി ഫാക്ടറിയുടെ തകർന്ന ഭിത്തികൾക്കിടയിൽ, അവസാനത്തെ വെടിയൊച്ചയും നിലച്ചു. സത്യത്തിന്റെ ഭീകരരൂപം എബിയുടെ മുന്നിൽ പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടു. വലിയവീടിന്റെ അന്തസ്സും പ്രതാപവും കാക്കാൻ ഹാരിസ് സാർ വർഷങ്ങളായി മൂടിവെച്ച ആ രഹസ്യം സണ്ണി മരണത്തിന് തൊട്ടുമുമ്പ് എബിയോട് തുറന്നുപറഞ്ഞു.
“എബി, നിനക്ക് അറിയാത്ത ഒന്നുണ്ട്.വക്കീലോ അൻസിയോ മാത്രമല്ല…അതിന് പിന്നിൽ നിന്റെ സ്വന്തം വലിയവീട്ടിലെ ആ ചോരയുമുണ്ട്.”.
എബിയുടെ കൈകൾ വിറച്ചു. ഹാരിസ് സാർ തന്റെ സുഹൃത്തുക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തു എന്ന് കരുതിയത് തെറ്റായിരുന്നു. സ്വന്തം സഹോദരങ്ങളായ ലാസ്സറും ജോബിയും സ്വത്തിന് വേണ്ടി നടത്തിയ ആ ഗൂഢാലോചനയിൽ ഹാരിസ് പെട്ടുപോവുകയായിരുന്നു. അൻസിയും വക്കീലും വെറും ഉപകരണങ്ങൾ മാത്രമായിരുന്നു.
എബി: (ശബ്ദം ഇടറി) “സണ്ണി… നീ കീഴടങ്ങണം. നിനക്ക് ഇനിയും ജീവിതമുണ്ട്.”
സണ്ണി: (ഒരു പരിഹാസച്ചിരിയോടെ) “വലിയവീട്ടിൽ ഹാരിസിന്റെ മോനും ഒരു ക്രിമിനലിന്റെ കൂട്ട് ശെരിയാകില്ലല്ലേ. നിന്റെ യൂണിഫോമിന് അത് കളങ്കമാകും.”
എബി: “ഞാൻ നിന്നെ രക്ഷപ്പെടുത്താം സണ്ണീ… നമ്മൾ പഴയതുപോലെയാകും.”
സണ്ണി: “വേണ്ട എബി… എന്നെ ഈ ജോലി ഏൽപ്പിച്ചത് നിന്റെ അപ്പച്ചൻ തന്നെയാണ്… ഹാരിസ്. സത്യങ്ങൾ പുറത്തുപോകാതിരിക്കാൻ എന്നെ അദ്ദേഹം കരുവാക്കി. പക്ഷേ എനിക്ക് നിന്നെ ചതിക്കാൻ കഴിയില്ല. ഇനിയുള്ളത് നിന്റെ പോരാട്ടമാണ്.”
അടുത്ത നിമിഷം, എബി തടയാൻ നോക്കുന്നതിന് മുൻപേ സണ്ണി തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് സ്വന്തം തലയിൽ ചേർത്ത് ട്രിഗർ അമർത്തി. ഒരു തകർന്ന കോട്ട പോലെ സണ്ണിയുടെ ശരീരം നിലത്തു വീണു.
⏩⏩
വിരുന്നിന്റെ ആഘോഷങ്ങൾ കഴിഞ്ഞുറങ്ങുന്ന വലിയവീട്ടിലേക്ക് എബി തിരിച്ചെത്തി. അവന്റെ കണ്ണുകളിൽ ഇപ്പോൾ നീതിയോ നിയമമോ ഇല്ലായിരുന്നു. കേവലം ഒരു വേട്ടക്കാരന്റെ ക്രൂരത മാത്രം. തന്റെ അച്ഛനെ ചതിച്ച ഓരോരുത്തരെയും അവൻ ലക്ഷ്യം വെച്ചു.
