പാർവതി ഇനി ഒരിക്കലും സംസാരിക്കില്ലേ എന്ന പേടിയും, അവരുടെ അടുപ്പം എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആശങ്കയും ഗായത്രിയെ അസ്വസ്ഥയാക്കി. എന്നാലും, പിണക്കം മാറി ഒരിക്കൽ പാർവതി തന്നെ വിളിച്ച് സംസാരിക്കുമെന്ന ചെറിയ പ്രതീക്ഷ അവൾ മനസ്സിൽ സൂക്ഷിച്ചു.
“എല്ലാം ശരിയാകുമോ? അവൾ എന്നെ മനസ്സിലാക്കുമോ?”
എന്ന ചിന്തയോടെ ഗായത്രി കണ്ണുകൾ അടച്ചു. ഉറക്കം വരാതെ, പഴയ സംഭാഷണങ്ങളും ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും ഓർത്തുകൊണ്ട് അവൾ ഏറെ നേരം കിടന്നു.
കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഗ്രൈസിന് മനസ്സിന് ഒരു സമാധാനവും കിട്ടിയില്ല. ഗായത്രി ചെന്ന് ചാടിയ ആ വലിയ കെണിയെക്കുറിച്ചുള്ള ചിന്തകൾ അവളുടെ മനസ്സിൽ നിന്ന് വിട്ടുമാറിയില്ല.
“ഗായത്രി ഇതിൽ നിന്ന് എങ്ങനെ പുറത്തുവരും?”
ആ ചോദ്യം അവളുടെ മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു.
ഗായത്രിയെ സഹായിക്കണം എന്ന ആഗ്രഹം അവൾക്കുണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യണമെന്ന് അവൾക്കുതന്നെ അറിയില്ലായിരുന്നു. താൻ ആഗ്രഹിക്കുന്നതുപോലെ ഗായത്രിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് കഴിയില്ലല്ലോ എന്ന നിസ്സഹായത അവളെ കൂടുതൽ വേദനിപ്പിച്ചു.
“എനിക്ക് അവൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ…”
ഗ്രൈസ് മനസ്സിൽ പറഞ്ഞു.
ഗായത്രി ഇപ്പോൾ എത്രമാത്രം വിഷമിക്കുന്നുണ്ടാകുമെന്ന ചിന്ത അവളുടെ ഉള്ളിൽ അസ്വസ്ഥത നിറച്ചു. അവൾ ഒറ്റയ്ക്കിരുന്ന് എല്ലാം സഹിക്കുകയാണോ? ആരോടെങ്കിലും തന്റെ വിഷമങ്ങൾ തുറന്നു പറയുന്നുണ്ടോ?
“അവൾക്ക് ഇപ്പോൾ എന്റെ സഹായം വേണമെങ്കിൽ… ഞാൻ എന്ത് ചെയ്യും?”
ചിന്തകൾക്ക് ഉത്തരമൊന്നും കിട്ടാതെ ഗ്രൈസ് വീണ്ടും മറുവശത്തേക്ക് തിരിഞ്ഞുകിടന്നു.
ഒടുവിൽ ഒരു കാര്യം മാത്രം അവൾക്ക് വ്യക്തമായിരുന്നു—ഗായത്രി ആ കെണിയിൽ നിന്ന് സുരക്ഷിതമായി പുറത്തുവരണം. തനിക്ക് എല്ലാം പരിഹരിക്കാൻ കഴിയില്ലെങ്കിലും, അവൾ ഒറ്റയ്ക്കല്ലെന്ന് എങ്ങനെയെങ്കിലും ഗായത്രിയെ ബോധ്യപ്പെടുത്തണം.
ആ ചിന്തയോടെ പോലും അവളുടെ മനസ്സിലെ ഭാരമൊന്നും കുറഞ്ഞില്ല.
അതെ സമയം സഞ്ചയ്യുടെ റൂമിൽ അവന്റെ ഫോണിൽ അടുത്ത മെസ്സേജ് എത്തി.
മമ്മ…. റെഡി?
സഞ്ചയ് : യെസ്…….. വാട്ട് എബൌട്ട് യൂ?
യെസ്…. ഐ ആം റ്റൂ…….
സഞ്ചയ്: ഒക്കെ
ഗായത്രിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു. അവൾ വേഗം അതെടുത്തു നോക്കി. അത് അന്നയുടേതായിരുന്നു.
അന്ന : നുറയുടെ അടുത്ത് എങ്ങനെ ഉണ്ടായിരുന്നു…..
ഗായത്രിക്ക് ദേഷ്യം വന്നു. എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ തിരിച്ചു മെസ്സേജ് ഇട്ടു
കുഴപ്പമില്ല… അവൾ ശെരിക്കും എന്നെ പിഴിഞ്ഞെടുത്തു….
അന്ന : സോറി ടാ…. പാർവതിയുടെ കാര്യത്തിൽ മമ്മ നേരിട്ട് ഇടപെട്ടിട്ടാ. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഗായത്രി : ഇട്സ് ഓക്കേ ടാ….. അത് ഞാൻ എങ്ങനേലും സോൾവ് ചെയ്ത് കൊള്ളാം.
അന്ന : ഓക്കേ. താങ്ക് യൂ. ടേക്ക് കെയർ….
ഗായത്രി : ഓക്കേ…. താങ്ക് യൂ. സീ യൂ..
ഫോൺ താഴെ വെച്ച് ഗായത്രി വീണ്ടും കട്ടിലിലേക്ക് കിടന്നു. അവൾ മെല്ലെ കണ്ണടച്ചു ഉറങ്ങാൻ ഉള്ള വഴി നോക്കി.
ഉറക്കത്തിലേക്ക് വഴുതിവീണ ഗായത്രിയുടെ മനസ്സ് പതുക്കെ മറ്റൊരു ലോകത്തേക്ക് ഒഴുകിപ്പോയി.
സ്വപ്നത്തിൽ അവൾ പാർവതിയോടൊപ്പം ഒരു ദൂരയാത്രയിലായിരുന്നു. ചുറ്റും മഞ്ഞുമൂടിയ മലനിരകൾ, തണുത്ത കാറ്റ്, വഴിയരികിൽ പൂത്തുനിൽക്കുന്ന മരങ്ങൾ. എവിടെയോ നിന്ന് കേൾക്കുന്ന പക്ഷികളുടെ ശബ്ദത്തിനിടയിൽ പാർവതിയുടെ ചിരി മാത്രം ഗായത്രിക്ക് ഏറ്റവും വ്യക്തമായി കേൾക്കാമായിരുന്നു.
അവൾ ഒരു നിമിഷം പാർവതിയെ നോക്കി നിന്നു.
ഇത്രയും ദിവസമായി മനസ്സിൽ നിറഞ്ഞുനിന്ന
പിണക്കവും വേദനയും ഒന്നും അവിടെ ഉണ്ടായിരുന്നില്ല. പാർവതി വീണ്ടും പഴയതുപോലെ അവളുടെ അരികിലുണ്ടായിരുന്നു.
“നീ എന്നോട് ഇനി പിണങ്ങില്ലല്ലോ?”
ഗായത്രി സ്വപ്നത്തിൽ ചോദിച്ചു.
പാർവതി മറുപടി പറയാതെ ചിരിച്ചു.
ആ ചിരി കണ്ടതോടെ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു. ഇത്രയും നാളായി ഉള്ളിൽ ഒളിപ്പിച്ചിരുന്ന വിഷമം മുഴുവൻ ആ ഒരു നിമിഷത്തിൽ അലിഞ്ഞുപോകുന്നതുപോലെ അവൾക്ക് തോന്നി.
