ഓരോ ദിവസവും അവൻ എന്തെങ്കിലും ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു. അതും മിഴി അറിയാതെ. അവളോ പൂജയോ അറിഞ്ഞാൽ അറിഞ്ഞാൽ എന്തായാലും അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും.
എന്നാൽ മിഴി… അവൾക്ക് ഇപ്പൊ തന്നെ പ്രാരാബ്ദം അധികം ആണ് അതിന്റെ ഇടയിൽ ഒരു ബന്ധവും ഇല്ലാത്ത തന്നെ കൂടെ നിർത്തുന്നു എങ്കിൽ അത് അവളുടെ മനസ്സിന്റെ നന്മ മാത്രം ആണ്. അത്കൊണ്ട് തന്നെ അവളെ ബുദ്ധിമുട്ടിക്കാൻ അവനു തീരെ താല്പര്യം ഇല്ലായിരുന്നു.
വീട്ടിൽ നിന്ന് അമ്മ വിളിക്കുമ്പോൾ ഒക്കെ തളരാതെ പിടിച്ചു നിൽക്കും എങ്കിലും ഫോൺ വെച്ചു കഴിഞ്ഞു ബാൽക്കണിയുടെ ഇരുട്ടിൽ ദൂരേക്ക് നോക്കി നിന്ന് കരയുന്ന മിഴിയെ അവൻ പലതവണ കണ്ടിട്ടുണ്ട്. അവന്റെ ആശ്വാസ വാക്കുകൾക്ക് ആയുസ്സ് പിറ്റേ ദിവസം അവളുടെ അമ്മ ഫോൺ വിളിക്കും വരെയേ ഉണ്ടായിരുന്നുള്ളു.
തലയിലെ സ്റ്റിച് എടുത്തതും അവൻ ജോലിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. അധികം വൈകാതെ തന്നെ അവിടെ അടുത്ത് ഒരു ഹോട്ടലിൽ അവൻ സപ്ലൈയർ ആയി ജോലിക്ക് കയറി. മിഴിയും പൂജയും ശിവാനിയും ഒക്കെ ആവുന്നത് പറഞ്ഞ് നോക്കി എങ്കിലും ഫലം ഉണ്ടായില്ല. ************************
ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങി അവൻ ഫ്ലാറ്റിൽ എത്തി…
“ഇതെന്താ ലൈറ്റ് ഒന്നും ഇടാത്തത്, ഇനി അവൾ ഡ്യൂട്ടി കഴിഞ്ഞു വന്നില്ലേ?, എയ് സമയം 9 കഴിഞ്ഞല്ലോ….മിഴി….” അവൻ കൊറിഡോർലെ ലൈറ്റ് തെളിച്ചു അവളെ വിളിച്ചുകൊണ്ടു ഉള്ളിൽ കയറി.
ഹാളിൽ എത്തി ലൈറ്റ് ഇട്ടതും കസേരയിൽ മുഖം പൊത്തി ഇരിക്കുന്ന മിഴിയെ കണ്ട് അവൻ പെട്ടന്ന് ഒന്ന് ഞെട്ടിപോയി.
“ഹ കഴുതേ… പേടിപ്പിച്ചു കളഞ്ഞല്ലോ. നിനക്കെന്താ ഈ ലൈറ്റ് ഇട്ടിട്ടു ഇരുന്നാൽ. ദേ ബിരിയാണി കൊണ്ട് വന്നിട്ടുണ്ട് ഇന്നാ…” അവൻ ആ പൊതി അവളുടെ മടിയിൽ വെച്ചതും അവൾ ചാടി എഴുനേറ്റു അത് വലിച്ചെറിഞ്ഞതും ഒരുമിച്ചായിരുന്നു.
“സഹിക്കുന്നതിനു ഒക്കെ ഒരു പരിധി ഉണ്ട് എക്സ്…. എനിക്ക് ഫുഡ് കൊണ്ടുവന്ന് തരാൻ ഞാൻ നിന്നോട് ആവിശ്യപ്പെട്ടൊ? വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിക്കരുത്. എനിക്ക് ആരുടേയും കരുതലും സ്നേഹവും ഒന്നും വേണ്ട. ഓർമ്മ വെച്ചപ്പോ മുതൽ തന്നെ എല്ലാം ഞാൻ ഒറ്റക്കാ ചെയ്തിട്ടുള്ളത്, ഇനിയും അങ്ങനെ തന്നെ മതി. മനസ്സിലായില്ലേ നിനക്ക്???? മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട്…. അലറിക്കൊണ്ട് ഇത്രയും പറഞ്ഞിട്ട് അവൾ റൂമിലേക്ക് കയറി കതക് വീശി അടച്ചു.
അപ്പോഴും അവിടെ സംഭവിച്ചത് ഒന്നും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൻ. സങ്കടം ആണോ ദേഷ്യം ആണോ വരുന്നത് എന്ന് മനസ്സിലാവുന്നില്ല. അവൻ നിന്ന ഇടത്തു തന്നെ മുട്ടുകുത്തി ഇരുന്നു പോയി കുറച്ച് സമയം.
“ശെരിയാണ്…ഞാൻ ഇവളുടെ കൂടെ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഏകദേശം 2 മാസം ആയിരിക്കുന്നു. അതിനിടയിൽ ജോലി കിട്ടിയെങ്കിലും താമസം മാറുന്ന കാര്യം ഓർത്തില്ല എന്നതാണ് സത്യം, കാരണം മിഴി നല്ലൊരു ഫ്രണ്ട് ആയിരുന്നു ഇതുവരെ, അവളും എന്നോട് അതിനെപ്പറ്റി സൂചിപ്പിച്ചില്ല. അത് അവളുടെ മാന്യത. പക്ഷേ ഞാൻ പോണമായിരുന്നു. ശ്ശേ….ഇതിപ്പോ അവളെക്കൊണ്ട് ഇങ്ങനെ പറയിക്കണ്ട സാഹചര്യം ഉണ്ടായി. ഇനിയും ഇവിടെ നിൽക്കുന്നത് ശെരിയല്ല, ഇപ്പൊ തന്നെ ഇറങ്ങണം.” എക്സ് വേഗം തന്നെ മുറിയിൽ കയറി അവന്റെത് എന്ന് പറയാൻ ഉള്ള വളരെ കുറച്ച് സാധനങ്ങൾ മാത്രം ഒരു ചെറിയ ബാഗിൽ ആക്കി ഇറങ്ങി.
പോകുന്നതിനു മുൻപ് അവളോട് യാത്ര പറയണോ വേണ്ടയോ എന്നറിയാതെ അവൻ അവളുടെ റൂമിന്റെ വാതിലിൽ കൈ അമർത്തി കുറച്ച് നേരം നിന്നു. ഒരു തീരുമാനം എടുക്കാൻ ആവുന്നില്ല… അൽപനേരം നിന്നിട്ട് വേഗം അവൻ മെയിൻ ഡോർ തുറന്ന് പുറത്തിറങ്ങി നടന്നു. ചെറിയൊരു ചാറ്റൽ മഴയുടെ കൂടെ അവന്റെ രണ്ട് തുള്ളി കണ്ണീരും കലർന്ന് ഇല്ലാതെയായി.
എങ്ങോട്ട് പോണം എന്നറിയില്ല. ഇത്രനാൾ പോയ ഓർമ്മകൾ തിരിച്ചു വരണേ എന്നായിരുന്നു ആഗ്രഹം, എന്നാൽ ഇപ്പൊ… വീണ്ടും ഒരിക്കൽ കൂടി മറവി വന്ന് ഇപ്പൊ നടന്ന സംഭവങ്ങൾ കൂടി എന്റെ മനസ്സിൽ നിന്ന് എടുത്തു മാറ്റണം എന്നാണ് ആഗ്രഹം.
