ദേവസുന്ദരി – 7

അവിടെ ഇരുന്ന് ആന്റി എന്നോടായി പറഞ്ഞു. അത് എന്നെ വീണ്ടും ഓർമിപ്പിച്ചതിൽ ദേഷ്യം തോന്നിയെങ്കിലും ഞാനത് പുറത്ത് കാട്ടിയില്ല.
” നിങ്ങളെന്നോട് മാപ്പൊന്നും ചോദിക്കേണ്ട… കാരണം നിങ്ങളല്ലല്ലോ എന്നോടങ്ങനെ പെരുമാറിയെ… ഈ കല്യാണത്തിന് ഞാൻ എന്തായാലും വരില്ല…അതിനി ആരൊക്കെ പറഞ്ഞാലും… ”

അവസാനം ഞാൻ അമ്മയെ നോക്കിയാണ് പറഞ്ഞത്.

അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് വലിയ ഭവമാറ്റം ഒന്നും കണ്ടില്ല. ഒരുപക്ഷെ ഇതിലും വലുത് എന്തെങ്കിലും അവർ പ്രതീക്ഷിച്ചുകാണണം.

ഞാൻ പിന്നേ ഒന്നും പറയാൻ നിക്കാതെ റൂമിലേക്ക് ചെന്നു. വീണ്ടും മനസ് അശാന്തമായിരിക്കുന്നു. ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ.

കുറച്ച് കഴിഞ്ഞപ്പോൾ അവർ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.

തൊട്ട് പിന്നാലെ അമ്മ എന്റെ റൂമിലേക്ക് വന്നു.

” മോനു… ഉറങ്ങിയോ…! ”

ബെഡിൽ അമർന്നിരുന്നുകൊണ്ട് അമ്മ പയ്യെ എന്റെ മുടിയിൽ തലോടി.

“മ്മ്ഹ്മ്… ”

ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്ന് മൂളി.

” എന്തിനാടാ അവരോട് അങ്ങനൊക്കെ പറയാമ്പോയെ… അവരെന്താ നിന്നെപ്പറ്റി വിചാരിച്ചുകാണാ… ”

അമ്മയുടെ ശബ്ദത്തിലൊരു ഇടർച്ച.

” അവരെന്തുവേണേലും വിചാരിക്കട്ടെ… അവരുടെ മോള് ചെയ്തത്രയൊന്നും എന്തായാലും ഞാൻ ചെയ്തിട്ടില്ല. ”

അതോടെ അമ്മക്ക് പിന്നേ ഒന്നും പറയാൻപറ്റാത്ത അവസ്ഥയായി.

” അപ്പൊ നീയാ കല്യാണത്തിന് പോണില്ലാന്നുറപ്പിച്ചോ…! ”

” ആഹ് ഉറപ്പിച്ചു..!”

ഞാൻ തീർത്തുപറഞ്ഞു.

” എങ്കി ഞാനുമ്പോണില്ല… ”

” അത് അമ്മയെന്തുവേണേലും ചെയ്തോ… അവരിവിടെവന്നും അമ്മയോട് പറഞ്ഞസ്ഥിതിക്ക് അമ്മ പോവണം എന്ന് തന്നെയാണ് എനിക്ക്… പക്ഷേ ഞാനുറപ്പായും വരൂല…”

പിന്നേ അമ്മ ഒന്നും പറഞ്ഞില്ല. എന്റെ കവിളിൽ ഒരുമ്മയും തന്ന് പുറത്തേക്ക് പോയി.

രാത്രിയുടെ ഏതോ യാമത്തിൽ കാലംതെറ്റി പെയ്ത മഴയുടെ കുളിര് എന്റെയുള്ളിലേക്ക് പടർന്നുകയറുമ്പോൾ ജിൻസിയുടെ മുഖമായിരുന്നു എന്റെ മനസ്സിൽ. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി ഉറക്കത്തിലേക്കാഴുമ്പോഴും അതിന് യാതൊരു മങ്ങലുമില്ലായിരുന്നു.

പിറ്റേന്ന് അല്പം വൈകിയാണ് ഞാനുറക്കമുണർന്നത്. നേരത്തേയെണീറ്റിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ… കുളിയൊക്കെക്കഴിഞ്ഞ് ഹാളിലേക്ക് വരുമ്പോൾ കല്യാണത്തിന് പോകാനായി അച്ഛനും അല്ലിയും റെഡി ആയി നിൽക്കുന്നുണ്ട്. അമ്മ റൂമിൽ ആയിരുന്നു.
പോകാണ്ടിരിക്കാൻ അമ്മ കുറേ പറഞ്ഞെങ്കിലും അച്ഛൻ സമ്മതിച്ചില്ല. ഒന്നുവില്ലെങ്കി കല്യാണം കൂടാനാണല്ലോ എല്ലാരൂടെ ബാംഗ്ലൂർക്ക് വന്നത്.

അവസാനം അച്ഛന്റെ വാശിക്ക് മുന്നിൽ അമ്മക്ക് വേറെ വഴിയൊന്നുമില്ലായിരുന്നു.

അങ്ങനെ അവർ കല്യാണത്തിന് പോകാനായി ഇറങ്ങി.

ജിൻസിക്കാണെങ്കിൽ ഇന്ന് ഡ്യൂട്ടിയും ഉണ്ട്. ഫ്ലാറ്റിലിരുന്ന് മടുത്തപ്പോൾ ഞാനൊന്ന് നടക്കാനിറങ്ങി.

അടുത്തുള്ള പാർക്കിലൊക്കെ കയറി സമയംകളഞ്ഞിരിക്കെ അമ്മയുടെ ഫോൺ കാൾ വന്നു. ഇതെന്താ ഈ നേരത്ത് എന്ന ചിന്തയോടെ ഞാൻ ഫോൺ എടുത്തു.

” ന്താമ്മേ…!”

മനസിലേക്ക് കടന്നുവന്ന ആശങ്ക ഒട്ടും അടക്കാതെ തന്നെ ഞാൻ ചോദിച്ചു.. ”

” ഡാ… ആ കൊച്ചിന്റെ കല്യാണം മുടങ്ങീടാ… ”

അമ്മയുടെ ശബ്ദത്തിൽ ചെറിയ സങ്കടം ഉണ്ടായിരുന്നു.

പക്ഷേ എനിക്കത് കേട്ട് ചിരിയാണ് വന്നത്.

” ഹോ എന്തായിരുന്നവളുടെ ഇന്നലത്തെ ഷോ… ശ്യേ കല്യാണത്തിന് പോകേണ്ടതായിരുന്നു…. അവൾടെ സങ്കടം കാണാൻ പറ്റിയില്ലല്ലോ… ”

എന്നാൽ തൊട്ടടുത്ത നിമിഷം മനസിലേക്ക് മറ്റൊരു ചിന്തകൂടി കടന്നുവന്നു. പാവം ഒന്നുവില്ലേ അവളുടെ ജീവിതമല്ലേ തകർന്നത്.

” ഡാ നീയെന്താന്നും മിണ്ടാത്തെ… ”

കുറച്ച്നേരമായിട്ടും എന്റെ റിപ്ലൈ കിട്ടാഞ്ഞപ്പോൾ അമ്മ ചോദിച്ചു.

” ഏയ്‌… എങ്ങനാ മുടങ്ങിയെ… ”

“ആ പയ്യൻ വന്നില്ല… അവനെ കാണാനില്ലാന്നാ വീട്ടുകാര് പറഞ്ഞേ… ഇവിടെ എല്ലാരും കരഞ്ഞുതളർന്നു ഇരിക്കുവാ… ഞാൻ നിന്നെ പിന്നേ വിളിക്കാം… അധികം വൈകാണ്ട് ഞങ്ങൾ ഇവിടുന്ന് ഇറങ്ങും ”

അമ്മ എന്നോട് പറഞ്ഞശേഷം കാൾ കട്ടാക്കി.

അതിന് പിന്നാലെ അമ്മുവിന്റെ കാളും വന്നു.

ഇന്നലത്തെ കാര്യമൊക്കെ പെണ്ണറിഞ്ഞിട്ടുണ്ട്. അല്ലി പറഞ്ഞുകൊടുത്തത് ആവണം.

അവൾക്കിന്ന് ഉച്ചക്ക് കേറിയാൽ മതി. എല്ലാമൊതുക്കി സമയം കിട്ടിയപ്പോൾ വിളിച്ചതാണവൾ. അവളോട് കുറേനേരം കത്തിയടിച്ച് ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.

************************************************

പിറ്റേന്ന്

രാവിലേ എണീറ്റ് ഫ്രഷ് ആയി ഡയനിംഗ് ടേബിളിൽ ഭക്ഷണവും കാത്തിരിക്കുമ്പോ ജിൻസിയുടെ മെസേജ് വന്നു. അവൾ പാർക്കിങ്ങിൽ വെയിറ്റ് ചെയ്യാം എന്നായിരുന്നു അത്.
മിനിഞ്ഞാന്ന് നടക്കാൻ പോയതിനു ശേഷം ഞാനവളെ കണ്ടിട്ടില്ല. അവൾ എന്റെ മുന്നിൽ വന്നില്ല എന്ന് പറയുന്നതാവും കുറച്ചുകൂടെ ശരി. ആൾക്കിപ്പോ എന്റെമുഖത്തുനോക്കാൻ ചമ്മലാണ്.

സാധാരണ ഏത് നേരവും ഇവിടേക്കയറി നിരങ്ങണ ആളെ കാണാഞ്ഞപ്പോൾ അമ്മ തിരക്കുകയും ചെയ്തു.

അതൊക്കെയോർത്തപ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി ഞാൻ ഭക്ഷണം കഴിച്ച് ഓഫീസിലേക്കിറങ്ങി.

പറഞ്ഞതുപോലെ പാർക്കിങ്ങിൽ അവളുണ്ടായിരുന്നു. എന്നെക്കണ്ടതും അവൾ വേഗം കാറിനകത്തേക്ക് കയറി. ഞാനും വേഗം ചെന്ന് കയറി. അതോടെ ജിൻസി വണ്ടി മുന്നോട്ടെടുത്തു.

കുറച്ചുദൂരം പിന്നിട്ടിട്ടും ഞങ്ങൾ ഒന്നും മിണ്ടീട്ടില്ല. പിന്നേ ഞാൻ ശ്രെദ്ധിച്ച മറ്റൊരുകാര്യം അവളിന്ന് പയ്യെ ആണ് വണ്ടിയോടിക്കണത്. അത് പതിവില്ലാത്തെയാണ്.

” ജിൻസീ… നീയിന്ന് നേരത്തെയിറങ്ങുവോ..!”

ഞങ്ങൾക്കിടയിൽ തളംകെട്ടിനിന്ന മൗനത്തെ ഞാൻ അവസാനിപ്പിച്ചു.

അതെന്തിനാ എന്നമട്ടിൽ അവളൊന്നെന്നെ നോക്കി. എങ്കിലും അതിന്റെ ദൈര്ഖ്യം വളരെ കുറവായിരുന്നു.

“അല്ല… നേരത്തേ വന്നാൽ എവിടേലും കറങ്ങാൻ പോവാം എന്ന് കരുതീട്ടാ… ”

ഞാനത് പറഞ്ഞപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന തിളക്കം മാത്രം മതി അവളത് എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് മനസിലാക്കാൻ.

അവളുടെ അരുണാഭമായ കവിളിണകാട്ടി അവൾ മനോഹരമായി ചിരിച്ചു. ആ ചിരിയിലേക്ക് ഞാനലിഞ്ഞുചേരുന്നപോലെ തോന്നി.

എന്നെ ഓഫീസിലിറക്കി അവൾ ഹോസ്പിറ്റലിലേക്ക് പോയി. ഞാനൊരു ചിരിയോടെ തന്നെ അകത്തേക്കു കയറി.

പതിവ് പോലെ സെക്യൂരിറ്റി ചേട്ടന് ഒരു ചിരിയും നൽകി ഞാനകത്തേക്ക് കയറി.

എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് താടക അവിടെ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് കല്യാണം മുടങ്ങിയതിന്റെ യാതൊര് സങ്കടവും ഞാൻ കണ്ടില്ല. അതുമല്ല അവൾ എല്ലാരോടും ചിരിച്ച് സംസാരിക്കുന്നും ഉണ്ട്.

“ഇനി കല്യാണം മുടങ്ങീതറിഞ്ഞിതിന് വട്ട് കൂടിയോ…”

എന്നാണെന്റെ മനസിലൂടെ കടന്നുപോയെ.

അവളുടെ മുഖം വീണ്ടും അന്നത്തെ അവളുടെ വാക്കുകളെ ഓർമിപ്പിച്ചു. ഒപ്പം അമ്മയുടെ കരഞ്ഞമുഖവും

Leave a Reply

Your email address will not be published. Required fields are marked *