ദേവസുന്ദരി – 7

അന്നേരത്താണ് അവളെന്നെ കണ്ടത്. അവളെന്നെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.

അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്. അവളുടെ ചിരിയിൽ പുച്ഛമൊളിച്ചിരിപ്പുണ്ടോ എന്ന് എനിക്കൊരു സംശയം.
എന്നാലതിന് പട്ടിവിലകൊടുത്ത് ഞാൻ നേരെ എന്റെ കാബിനിലേക്ക് ചെന്ന് ജോലി ആരംഭിച്ചു.

ഒരു പതിനഞ്ചുമിനുട്ട് കഴിഞ്ഞുകാണും… അഭിരാമി എന്റെ കാബിനിലേക്ക് വന്നു.

അവളെ കാണുന്തോറും എന്റെ ദേഷ്യം കൂടിക്കൊണ്ടിരുന്നു.

” രാഹുൽ… സോറി… അന്ന് ഞാൻ അങ്ങനൊന്നും… ”

അവളെ മുഴുവിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല.

എപ്പഴോ എന്റെ നിയന്ത്രണത്തിൽനിന്ന് വിട്ടുമാറിയ എന്റെ കൈ അവളുടെ കാരണം പുകച്ചിരുന്നു.

അവളൊന്ന് വേച്ചുപോയി… എങ്കിലും യാതൊരുവിധ ഭവമാറ്റവും ഇല്ലായിരുന്നു.

ഒരുപക്ഷെ അവളത് അർഹിക്കുന്നു എന്ന് തോന്നിക്കാണണം.

ദേഷ്യത്തിന് ഒരല്പം ആശ്വാസം വന്നപ്പോളാണ് എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ഞാൻ ബോധവാനാകുന്നത്.

ഓഫീസിലെ എല്ലാവരും ഞങ്ങളെയുമുറ്റ്നോക്കിക്കൊണ്ട് കേബിനിനു വെളിയിൽ നിൽപുണ്ടായിരുന്നു.

എന്താണ് ഞാനിപ്പോ ചെയ്തത്… ഒരു സ്ത്രീയെ പരസ്യമായി തല്ലിയിരുന്നു. അവളൊരു കേസ് കൊടുത്താൽ കണ്ണുമ്പൂട്ടി എന്നെ അകത്താക്കാം.

ഒരു പകപ്പ് ആയിരുന്നു ആകെ… ദേഷ്യത്തിന്റെ പുറത്ത് പറ്റിപ്പോയതാണ്…

പക്ഷേ അവൾക്കൊരു ഭവമാറ്റവും ഇല്ലായിരുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

” രാഹുൽ… പ്ലീസ്… എന്റൊപ്പമൊന്ന് വരാവോ… എനിക്കൊന്ന് സംസാരിക്കണം… ”

അവൾ അപേക്ഷിക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. എന്തോ അത് കണ്ടപ്പോൾ സമ്മതിച്ചുകൊടുക്കാം എന്ന് തോന്നി.

ഞാൻ വരാമെന്നു പറഞ്ഞതും അവൾ ക്യാബിൻ വിട്ടിറങ്ങി. അവൾക്ക് പിന്നാലെ ഞാനും.

ഞങ്ങളെ രണ്ടിനേം നോക്കി ഓഫീസിലെ ബാക്കിയുള്ളവരും.

അമലും കിഷോറും എന്നോട് എന്താ പ്രശ്നം എന്നൊക്കെ ആംഗ്യത്തിൽ ചോദിക്കുന്നുണ്ടെങ്കിലും ഒന്നും പറയാൻ തോന്നിയില്ല.

അവൾ നേരെ ചെന്ന് പാർക്കിങ്ങിൽ ഉണ്ടായിരുന്ന അവളുടെ റേഞ്ച്റോവർ വെലാറിലേക്ക് കയറി. അവൾ കാർ സ്റ്റാർട്ട്‌ ചെയ്ത് എനിക്ക് അടുത്ത് കൊണ്ടുവന്നു നിർത്തി. ഞാൻ കൂടെ കയറിയതും അവൾ കാർ മുന്നോട്ടെടുത്തു.

കാറിനകത്തെ മ്യൂസിക് സിസ്റ്റത്തിൽനിന്നും ഏതോ ഒരു ഇംഗ്ലീഷ് പോപ്പ് സോങ് പാടിക്കൊണ്ടിരിക്കുന്നു എന്നതാണ് അവിടെയുള്ള നിശബ്ദത മാറ്റിക്കൊണ്ടിരുന്നത്.

അവളെ തല്ലി എന്ന കുറ്റബോധം മനസ്സിൽ വിങ്ങുന്നതിനാൽ എനിക്കെന്തോ അവളോട് സംസാരിക്കാൻ തോന്നിയതെ ഇല്ല. പക്ഷേ ആ കുറ്റബോധത്തെ ഒന്നുമല്ലാതാക്കി അവളോടുള്ള ദേഷ്യം അപ്പോഴും മനസ്സിൽ പുകയുന്നുണ്ടായിരുന്നു.
സംസാരിക്കണം എന്ന് പറഞ്ഞ് വിളിച്ചിട്ട് അവളൊന്നും മിണ്ടാഞ്ഞത് കണ്ടപ്പോൾ വീണ്ടും ദേഷ്യം വന്നുതുടങ്ങി. അവളോടത് ചോദിക്കാൻ തുനിഞ്ഞതും കാർ നിശ്ചലമായി.

അതൊരു പാർക്ക്‌ ആയിരുന്നു. പക്ഷേ തീർത്തും വിജനം. ആരും ഉപയോഗിക്കുന്നില്ല എന്ന് തോന്നി. പുല്ലൊക്കെ വളർന്നിരിക്കുന്നുണ്ട്. അവിടെയുള്ള ഇരുമ്പ് ബെഞ്ചുകളിലേക്ക് ഒക്കെ തുരുമ്പ് കയറിത്തുടങ്ങി.

എന്തിനാണ് ഇവിടെ…!

മനസ്സിൽ വന്ന ചോദ്യമാണ്.

അവൾ കല്ലുകൊണ്ട് നിർമിച്ച ഒരു ഇരിപ്പിടത്തിൽ ചെന്ന് ഇരുന്നു.

അതൊരു ടേബിളിന് ചുറ്റും എന്നപോലെയാണ് ഇരിക്കുന്നത്. നടുവിൽ കല്ലുകൊണ്ട് തന്നെയുള്ള മേശപോലുള്ള ഒരു സെറ്റപ്പ്. ഞാനവൾക്ക് എതിരെ ഉള്ളത് ഇരിപ്പിടത്തിൽ ഇരുന്നു.

കുറച്ച് നേരമായിട്ടും അവളൊന്നും പറയുന്നില്ല.

എന്റെ ക്ഷമ നശിച്ചുതുടങ്ങിയിരിക്കുന്നു.

ഞാനവിടന്ന് എണീക്കാൻ തുനിഞ്ഞതും അവൾ പറഞ്ഞുതുടങ്ങി.

” രാഹുൽ… നിനക്കെന്നോട് ദേഷ്യമാണെന്ന് എനിക്കറിയാം… ഞാൻ ഇങ്ങനെ മോശമായി ആരോടും ഇതിന് മുൻപ് പെരുമാറീട്ടുമില്ല… പക്ഷേ കുറച്ചുനാളായിട്ട് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് എന്നെക്കൊണ്ടിതൊക്കെ ചെയ്യിപ്പിച്ചത്… ഒന്നും ചിന്തിക്കാൻ പറ്റുന്ന അവസ്ഥയിലല്ലായിരുന്നു ഞാൻ… ”

അവൾ പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു. അവൾക്ക് പറയാനുള്ളത് കേട്ടതിനുശേഷം ഒരു തീരുമാനമെടുക്കുന്നതാവും നല്ലത് എന്ന് എനിക്ക് തോന്നി.

ഞാനവളേ ശ്രെദ്ധിച്ചുകൊണ്ടിരുന്നു.

എന്തോ പറയാനായി വന്ന അവളുടെ കണ്ണുകൾ എന്റെ പിന്നിലേക്ക് നീളുന്നത് ഞാൻ കണ്ടു. അതിൽക്കണ്ട ഭയവും പരിഭ്രമവും ഒക്കെ എനിക്ക് മനസിലാക്കിയെടുക്കാൻ പറ്റി.

ഞാൻ പെട്ടന്ന് പുറകിലേക്ക് തിരിയാൻ ശ്രമിച്ചെങ്കിലും ഇരുമ്പ് ദണ്ഡ് പോലെ ഉള്ള എന്തോ ശക്തമായി എന്റെ നെറ്റിയിൽ വന്നടിച്ചു.

നെറ്റിയിൽ മുറിവുണ്ടായി അവിടെനിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് എനിക്ക് വ്യക്തമാകുന്നുണ്ടായിരുന്നു. അതിന്റെ വേദനയിൽ ബോധം മറയുമ്പോളും അഭിരാമിയുടെ കരച്ചിലിന്റെയൊപ്പം അവ്യക്തമായി ഒന്ന് രണ്ടുപേരുടെ അട്ടഹാസവും എന്റെ ചെവിയിലേക്ക് തുളഞ്ഞുകയറിക്കൊണ്ടിരുന്നു.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *