പ്രേതാനുഭവങ്ങൾ

മന്ത്രവാദി വന്നു കർമ്മങ്ങൾ ചെയ്തതോടെ ജനങ്ങളുടെ മനസ്സിലെ ഭയം മാറിയതാവാം എന്ന് വേണമെങ്കിൽ നിങ്ങൾക്ക് കരുതാം.
ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയതും അതുതന്നെയാണ്.

ഇനി എന്റെ അപ്പയുടെ ചേട്ടന് ഉണ്ടായ അനുഭവം പറയാം.അത് ഇന്നും ഒരു ദുരൂഹതയായി തുടരുന്ന ഒരു സംഭവമാണ് കേട്ടോ.
അദ്ദേഹം മേൽപ്പറഞ്ഞ പുരോഗമന സംഘത്തിൽ ഉണ്ടായിരുന്ന ആളായിരുന്നു.
അദ്ദേഹത്തെ ഞാൻ മൂത്തുവ എന്നാണ് വിളിച്ചിരുന്നത്.
അക്കാലത്ത് ടൗണിൽ ഒരു ഓലമേഞ്ഞ കൊട്ടകയുണ്ട്. വലിയ തീയറ്ററുകളിൽ ഓടി തേഞ്ഞ സിനിമകളാണ് അവിടെ കളിച്ചിരുന്നത്.
അന്ന് ഏതോ ഒരു തമിൾ പടം വന്നിരുന്നു.
പടം കാണാൻ പ്രസ്തുത കൊട്ടകയിൽ മൂത്തുവ കൂട്ടുകാരോടൊപ്പം പോയി.
ഞങ്ങളുടെ തറവാട്ടു വീട്ടിൽ നിന്നും കാപ്പി കുടിയും കഴിഞ്ഞാണ് അവർ പുറപ്പെട്ടത്.
സിനിമ കഴിഞ്ഞു ടൗണിൽ നിന്നും മൂത്തുവ പാതിരാത്രിയോടെ മടങ്ങി.
ധൈര്യശാലി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മൂത്തുവ രണ്ടും കൽപ്പിച്ചാണ് അന്ന് ഇറങ്ങിയത്.
താൻ പാതിരാ നേരത്ത് പാഞ്ചിയുടെ വീട്ടിന് മുന്നിലൂടെ വന്നെന്നും, പാഞ്ചി പോയിട്ട് ഒരു ഇഞ്ചി പോലും അവിടെ ഇല്ലായിരുന്നു എന്നും നാട്ടുകാരോട് വീമ്പിളക്കാൻ കിട്ടിയ അവസരമായി അദ്ദേഹം അതിനെ കണ്ടു.
കൊണ്ടുവിടാമെന്ന് കൂട്ടുകാർ പറഞ്ഞെങ്കിലും മൂത്തുവ അതൊന്നും ചെവിക്കൊണ്ടില്ല.
ഒരു കൂട്ടുകാരന്റെ സൈക്കിൾ കടംവാങ്ങി അദ്ദേഹം ദേശത്തേക്കു വന്നു.

നല്ല നിലാവുള്ള രാത്രിയായിരുന്നു അത്.
പാഞ്ചിയുടെ വീടിന് അടുത്തെത്തിയപ്പോൾ അദേഹത്തിന് നേരിയ തോതിൽ ഭയം തോന്നിയിരുന്നത്രെ.
നാട്ടിൽ പറഞ്ഞു പ്രരചരിച്ച ഭീകരമായ കഥകൾ മനസ്സിലുണ്ട്.
എങ്കിലും ധൈര്യം സംഭരിച്ച് സൈക്കിൾ ചവിട്ടി.
അവിടെ എത്തിയപ്പോൾ കണ്ണ് നേരെ പോയത് പാഞ്ചി തൂങ്ങിമരിച്ച മാവിൻ ചുവട്ടിലും. ഒന്നേ നോക്കിയുള്ളൂ.
നിലാവെളിച്ചത്തിൽ പാഞ്ചിയുടെ തൂങ്ങിമരിച്ച ദേഹം മുത്തുവാ വ്യക്തമായി കണ്ടെന്നാണ് പറയുന്നത്.
ഭയവും വിറയലും ബാധിച്ച അദ്ദേഹം സൈക്കിൾ വേഗത്തിൽ ചവിട്ടി.
അപ്പോൾ മുന്നിലൂടെ എന്തോ ഒന്ന് പാഞ്ഞുപോയത്രെ. ഒരു വെള്ളിടി പോലെ.
സൈക്കിൾ അതിൽ ഇടിച്ച് അദ്ദേഹം നിലത്തേക്ക് മറിഞ്ഞു വീണു.
കൈയും കാലുമൊക്കെ മുറിഞ്ഞു.
മുത്തുവാ വീണിടത്ത് നിന്നും ചാടി പിടഞ്ഞ് എഴുന്നേറ്റ് കൂവി വിളിച്ചുകൊണ്ട് ഓടി.
ഭാഗ്യത്തിന് അതൊരു മണ്ഡലകാലം ആയിരുന്നു.
നിരത്തിൽ മാലയിട്ട കുറച്ചു അയ്യപ്പന്മാർ ഉണ്ടായിരുന്നു.
ദൂരെനിന്നും ഒരാൾ കൂവിയാർത്തു വരുന്നത് കണ്ടപ്പോൾ അവർക്ക് സങ്കതി മനസ്സിലായി.
അവര് ഓടിച്ചെന്നു അദ്ദേഹത്തെ താങ്ങി പിടിച്ചു വീട്ടിലെത്തിച്ചു.

ഇതാണ് മൂത്തുവാ എന്നോട് പറഞ്ഞ അനുഭവം.
ഈ സംഭവത്തിലെ ശരിതെറ്റുകൾ എനിക്ക് അറിയില്ല കേട്ടോ.
ഏതായാലും മകന് പേടി തട്ടി എന്നും, കുറേക്കാലം ഭയം കാരണം പുറത്തേക്കു ഇറങ്ങിയില്ല എന്നും അപ്പയുടെ അമ്മ സാക്ഷ്യം പറഞ്ഞിട്ടുണ്ട്.

പിന്നെയുള്ളത് അന്ന് അദ്ദേഹം ഓടിച്ചു എന്ന് പറയുന്ന സൈക്കിളിന്റെ കാര്യമാണ്.
ആ സൈക്കിളിന്റെ മുന്നിലെ ടയർ വളഞ്ഞു പിരിഞ്ഞു പോയിരുന്നു.
പിറ്റേദിവസം രാവിലെ ദേശത്തെ കുറച്ചു ചേട്ടന്മാർ അതെടുത്ത് തറവാട്ടിൽ വച്ചിട്ട് പോയി.
കുറേക്കാലം തറവാട്ടിലെ പിന്നാമ്പുറത്ത് കിടന്ന ആ സൈക്കിൾ കുട്ടിക്കാലത്ത് ഞാനും കണ്ടിട്ടുണ്ട്.
മുന്നിലെ ടയർ ആരോ പിടിച്ചു വളച്ചത് പോലെ ഉണ്ടായിരുന്നു.
പിന്നീട് ആ സൈക്കിൾ മുത്തുവാ ഏതോ തമിഴന് ഇരുമ്പ് വിലയ്ക്ക് വിറ്റു എന്നും ഞാനറിഞ്ഞു.
ആ സൈക്കിളാണ് അന്നത്തെ സംഭവത്തിന് ഏക തെളിവെന്ന് അപ്പയുടെ അമ്മ എപ്പോഴും പറയാറുണ്ട്.
അന്ധവിശ്വാസത്തെ എതിർത്തും,പ്രേതമില്ല എന്ന് തർക്കിച്ചും നടന്ന മുത്തുവാ ആ സംഭവത്തോടെ എന്തോ ഒരു പോസിറ്റീവ് എനർജി ഈ ഭൂമിയിൽ ഉണ്ടെന്ന നിഗമനത്തിൽ എത്തിച്ചേർന്നതാണ് സംഭവത്തിന്റെ ക്ലൈമാക്സ്.

നിങ്ങളോട് ഒരു കാര്യം പറയാനുള്ളത് ഇത് ഞാൻ നേരിട്ട് അനുഭവിച്ചതോ കണ്ടതോ ആയ കാര്യങ്ങളല്ല എന്നുള്ളതാണ്.
തറവാട്ടിലെ മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളതും,
മുത്തുവാ പറഞ്ഞതും അതുപോലെ ഇവിടെ പകർത്തി എന്നുമാത്രം.
അന്നത്തെ സംഭവത്തിന് സാക്ഷിയായ ആ സൈക്കിൾ ഞാനും നേരിട്ട് കണ്ടിട്ടുണ്ട്.
മുന്നിലത്തെ ടയറ് കണ്ടാൽ ബോധ്യമാകും എന്തായിരുന്നു അന്നത്തെ ഭീകരാവസ്ഥ എന്നത്.

മുത്തുവാ മരിക്കുന്നതിന് മുമ്പ്, കുറച്ചു കാലം വയ്യാതെ കിടന്നിരുന്നു. ആ സമയത്ത് ഒരിക്കൽ ഞാൻ തറവാട്ടിൽ പോയി അദ്ദേഹത്തെ കണ്ടിരുന്നു.
പഴയ സംഭവം അന്ന് ഞാൻ ഒന്നുകൂടി ചോദിച്ചു വ്യക്തത വരുത്തിയിരുന്നു.
കാരണം കുട്ടിക്കാലത്ത് കേട്ടത് ചിലതൊക്കെ ഞാൻ മറന്നു പോയിട്ടുണ്ട്.
അതുകൊണ്ടാണ് ഇത്ര വിശദമായി എഴുതാൻ സാധിച്ചത്.
പണ്ട് പാഞ്ചിയുടെ വീടിരുന്ന സ്ഥലത്തും അന്ന് ഞാൻ ചെന്നിരുന്നു.
പാഞ്ചിയുടെ വീട് പൊളിച്ചു, അവിടെ ഇപ്പോൾ ഒരു ഫർണിച്ചർ ഷോപ്പാണ്.
പാഞ്ചി തൂങ്ങിമരിച്ച മാവും ഇന്നില്ല.
ഒരുകാലത്ത് പാഞ്ചിയുടെ പ്രേതം വിഹരിച്ച പറമ്പിലൂടെ ഞാൻ ചുമ്മാ നടന്നു.
എന്തെങ്കിലും പോസിറ്റീവ് വൈബ് കിട്ടുമോ എന്നറിയാൻ.
മരങ്ങൾ തിങ്ങിനിറഞ്ഞ പ്രശാന്തമായ ഒരിടം.
ഒരു മരച്ചുവട്ടിൽ ഇരുന്നു കുറച്ചുനേരം കാറ്റു കൊണ്ടിട്ട് ഞാൻ തിരിച്ചുപോന്നു.

വിശ്വാസയോഗ്യമാണ് എന്ന് എനിക്കു ഉറപ്പുള്ളത് കൊണ്ടാണ് ഇതിവിടെ കുറിച്ചത്.
ബാക്കി നിങ്ങളുടെ അഭിപ്രായത്തിനു വിട്ടു തരുന്നു.
ബാംഗ്ലൂർ അലിയൻസ് യൂണിവേഴ്സിറ്റി പഠനകാലത്ത് എനിക്കും കൂട്ടുകാർക്കും ഉണ്ടായ ഒരു അനുഭവം കൂടി പറയാനുണ്ട്. .
അത് ഉടനെതന്നെ ഞാൻ ഇവിടെ പങ്കുവെയ്ക്കാം..

സ്നേഹ നമസ്കാരം 🙏

നഫീസത്തുൽ മിസ്രിയ.

[ കഴിഞ്ഞ ഭാഗം തുടർച്ച ]

വാതിൽപ്പടിക്കപ്പുറത്തേക്ക് പാടുകളില്ല. ആരോ അകത്ത് കയറിയിട്ടുണ്ട്. ഞങ്ങൾ ഉറപ്പിച്ചു. രഹസ്യമായി കയറിയ ആൾ എന്തായാലും നല്ല ഉദ്ദേശത്തിലാവില്ല കയറിയത്. സൂക്ഷിക്കണം. ഞങ്ങൾ പണിക്കാർ വെച്ച് പോയ ചുറ്റിയും പാരയും കയ്യിലെടുത്ത് ജാഗ്രതയോടെ അവിടെ മുഴുവൻ പരിശോദിച്ചു.

വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും ഒരു പല്ലിയെ പോലും കണ്ടില്ല. എനിക്ക് ചെറിയ പേടി തോന്നിത്തുടങ്ങിയിരുന്നു. അത് നമ്മുടെ കാൽപാട് തന്നെയാവും എന്ന് പറഞ്ഞ് സാബു എന്നെ ആശ്വസിപ്പിച്ചു, സാബുവും അങ്ങിനെ കരുതി സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ രണ്ട് പേർക്കും ആ വിശദീകരണം തൃപ്തിയായില്ല. ഞങ്ങൾ ജനലുകളും വാതിലുകളും അടച്ച് പൂട്ടി നടുമുറ്റത്തിന്റെ തിണ്ണയിൽ വന്നിരുന്നു. പിന്നെ ഞങ്ങളുടെ സംസാരം ദുരൂഹ സംഭവങ്ങളെ പറ്റിയായി. പോൾഡിംഗ് ലൈറ്റും സ്പെയിനിലെ ദുരൂഹ മുഖങ്ങളും ക്രോപ്പ് സർക്കിളും മുതൽ വ്യക്തിപരമായ അനുഭവങ്ങൾ വരെ ചർച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *