പ്രേതാനുഭവങ്ങൾ

നിനക്ക് എന്റെ ആൻറിയെ അറിയില്ലേ.. സാബു ഇടക്ക് ചോദിച്ചു.

ലൂസിയാന്റി അല്ലേ.. ആ കല്യാണം കഴിക്കാത്ത ആന്റി.

അത് തന്നെ… ആന്റി ശരിക്കും കല്യാണം കഴിച്ചതാണ്. ദുരൂഹത നിറഞ്ഞ ഒരു ട്രാജഡി കഥയാണ് അവരുടെ.

എന്ത് ദുരൂഹത.. എനിക്ക് ആകാംഷയായി. ഞാൻ മുന്നോട്ട് ആഞ്ഞിരുന്നു.

അത് ഒരു കഥയാണ്.. ഈ ആൻറിക്ക് ട്രിവാൻഡ്രത്തായിരുന്നു ജോലി. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ വരും. വെള്ളിയാഴ്ച വന്ന് തിങ്കൾ വെളുപ്പിന് തിരിച്ച് പോകും. ആ ട്രെയിനിൽ സ്ഥിരമായി എറണാകുളത്ത് നിന്നും ഉണ്ണികൃഷ്ണൻ എന്ന ഒരാൾ കയറുമായിരുന്നു. അങ്ങനെ കണ്ട് കണ്ട് അവർ തമ്മിൽ പ്രണയത്തിലായി. ഒരു പാട് സ്വത്തും സമ്പത്തും ഒക്കെ ഉള്ള വലിയ തറവാട്ടിലെ ഇളമുറക്കാരൻ. അയാളുടെ വീട്ടിൽ ഇടക്ക് ലൂസിയാൻറി പോകാറുണ്ട്. അവിടെ ഉണ്ണികൃഷ്ണന്റെ അമ്മയും അനിയൻ ബാലകൃഷ്ണനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ലൂസിയാന്റിയെ ഇഷ്ടമായിരുന്നു. അതിനിടയിൽ ഒരു ദിവസം അപ്പാപ്പൻ ലൂസിയാന്റിക്ക് ഒരു കല്യാണ ആലോചന കൊണ്ട് വന്നു. അത്യാവശ്യം നല്ല പണക്കാരനായിരുന്ന വർഗ്ഗീസ്.

ആ വിവരം അറിഞ്ഞ ആന്റി കാമുകന്റെ കാര്യം വീട്ടിൽ പറഞ്ഞു. ആദ്യം കുറെ എതിർപ്പൊക്കെ ഉണ്ടായി. പക്ഷേ അവസാനം എല്ലാവരും വിവാഹത്തിന് സമ്മതിച്ചു. അതിനിടയിൽ അവർ രണ്ട് പേരും രഹസ്യമായി താലികെട്ട് നടത്തി. രജിസ്ട്രേഷൻ പിന്നീട് നടത്താം എന്ന് തീരുമാനിച്ചു. ആ സമയത്ത് ഉണ്ണികൃഷ്ണന് പെട്ടെന്ന് എന്തോ കടബാദ്ധ്യതകൾ വന്നു, സ്വത്ത് മുഴുവൻ കൈവിട്ട് പോയി. ഒരു ദിവസം ട്രെയിൻ യാത്രക്കിടെ ഉണ്ണികൃഷ്ണൻ ആന്റിയുടെ മുന്നിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അതോടെ ആന്റി ആകെ തകർന്നു. പക്ഷേ പെട്ടെന്ന് തന്നെ ആ വിഷമത്തിൽ നിന്നൊക്കെ റിക്കവറായി. അങ്ങനെ ആൻറിയെ വർഗ്ഗീസിനെക്കൊണ്ട് കെട്ടിക്കാൻ തീരുമാനമായി. പക്ഷേ കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വർഗ്ഗീസ് പറമ്പിലെ കുളത്തിൽ വീണ് മരിച്ചു.

ഇതിലെന്ത് ദുരൂഹത ? ഞാൻ ഇടക്ക് കയറി ചോദിച്ചു.

നീ മുഴുവൻ കേൾക്ക്.. ഞാൻ ഇടക്ക് കയറിയതിൽ സാബുവിന് ദേഷ്യം വന്നു.

സോറി.. സോറി.. നീ പറയ്

ആ.. കേൾക്ക്.. ഈ വർഗ്ഗീസ് ഒരു ദിവസം രാത്രി വീടിനടുത്തുള്ള വഴിയിൽ വെച്ച് മരിച്ച ഉണ്ണികൃഷണനെ കണ്ടു എന്ന് ലൂസിയാന്റിയെ വിളിച്ച് പറഞ്ഞു. അതിന്റെ പിറ്റേന്നാണ് വർഗ്ഗീസ് മരിച്ചത്.

ശരിക്കും..

ഹും.. ഇതൊക്കെ ഒരു ദിവസം ആൻറി എനിക്ക് പറഞ്ഞ് തന്നതാണ്. പിന്നെ അത് പോലെ വേറൊരു സംഭവം കൂടി ഉണ്ടായി.

സാബു അതീവ ഉദ്വേഗത്തോടെയാണ് അത് പറഞ്ഞത്. ഞാൻ ഒന്നുകൂടി മുന്നോട്ടാഞ്ഞ് കാത് കൂർപ്പിച്ചിരുന്നു.

വർഗ്ഗീസ് മരിച്ചതോടെ ആന്റി വീണ്ടും ആകെ തകർന്നു.പിന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതായി. അങ്ങനെ കുറച്ച് മാസം കഴിഞ്ഞു ഒരു ദിവസം രാത്രി ആന്റി ബെഡ് റൂമിൽ എന്തോ ബുക്ക് വായിച്ച് ഇരിക്കുകയായിരുന്നു. കാറ്റ് കയറാനായി ജനൽ തുറന്നിട്ടിരുന്നു. ജനലിന് പുറംതിരിഞ്ഞാണ് ആൻറി ഇരുന്നിരുന്നത്. ഇടക്ക് ആന്റി തലയുയർത്തി മുന്നിലെ വലിയ കണ്ണാടിയിൽ നോക്കി. അതിൽ പുറകിലെ ജനൽ കാണാം. ആൻറി നോക്കുമ്പോഴുണ്ട് ജനാലക്കൽ കർട്ടൻ മാറ്റി അകത്തേക്ക് നോക്കി നിൽക്കുന്ന ഒരു രൂപം. ആൻറി കണ്ടത് മനസ്സിലായതും ആ രൂപം പെട്ടെന്ന് കർട്ടൻ വിട്ട് മറഞ്ഞു. ആൻറി ആ മുഖം വ്യക്തമായി കണ്ടു. അത് ഉണ്ണികൃഷ്ണനായിരുന്നു.

അതോടെ ആൻറിക്ക് ഉള്ളിൽ പേടി കടന്നു. അങ്ങനെ സമനില തെറ്റി കുറെ കാലം ചികിത്സയിൽ കഴിഞ്ഞു. പിന്നെ കുറച്ച് ഭേദപ്പെട്ടു. എന്നാലും എപ്പോഴും മുറിയിൽ അടച്ചിരിക്കും. പുറത്തിറങ്ങാൻ പേടി. വല്ലപ്പോഴും മാത്രം ഉമ്മറം വരെ വരും.

സാബു പഞ്ഞ് നിർത്തി. ഞാൻ വെറുതെ ചുറ്റും നോക്കി ഒന്നും അവിടെ പതുങ്ങി നിൽക്കുന്നില്ല എന്ന് ഉറപ്പിച്ചു. എന്നാലും ഉള്ളിലൊരു പേടി. സാബുവും സമാന അവസ്ഥയിലാണെന്ന് അവന്റെ മുഖഭാവത്തിൽ വ്യക്തം.

അപ്പൊ ആത്മഹത്യ ചെയ്തതോ.. ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

ആന്റി കണ്ടത് ഉണ്ണികൃഷ്ണന്റെ പ്രേതത്തെയാണ്.. അത് മാത്രമല്ല ഒരു ദിവസം..

സാബു അതും പറഞ്ഞ് എല്ലാ ഭാഗത്തേക്കും ഒന്ന് തിരിഞ്ഞ് നോക്കി. ഞങ്ങളുടെ ശ്വാസാച്ഛ്വാസത്തിന്റെ ശബ്ദം ആ നിശ്ശബ്ദതയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ചുറ്റും നോക്കി ഉറപ്പിച്ച ശേഷം സാബു എന്റെ കണ്ണിൽ സൂക്ഷിച്ച് നോക്കി പറഞ്ഞു.

എന്റെ ചെറുപ്പത്തിൽ ഒരു ദിവസം.. അന്ന് ഞാനൊക്കെ വീട്ടിൽ ഉണ്ടായിരുന്നു. അന്ന് രാത്രി ഏതാണ്ട് പത്തര ഒക്കെ ആയിക്കാണും. എല്ലാവരും കിടന്നിരുന്നു. ഞാൻ മാത്രം ദൂരദർശനിലെ ഹിന്ദി സിനിമ കണ്ടിരിക്കുകയായിരുന്നു. അപ്പോൾ പുറത്ത് ആരോ നടക്കുന്ന പോലെ ശബ്ദം കേട്ടു. ഞാൻ വേഗം എല്ലാവരെയും വിളിച്ചു. ഞങ്ങൾ ചെന്ന് വാതിൽ തുറന്ന് നോക്കി. പെട്ടെന്ന് എന്തോ ഒരു ജീവി മുറ്റത്ത് നിന്ന് വീടിന്റെ ടെറസ്സിൽ ചാടിക്കയറി അടുത്ത് നിന്ന മാവിൽ കയറി അതിൽ നിന്നും അടുത്ത പറമ്പിലെ കവുങ്ങിലേക്ക് ചാടി അടക്ക പറിക്കാർ കവുങ്ങ് പകർന്ന് പോകുന്ന പോലെ ചാടി ചാടി പാഞ്ഞ് പോയി. ഒരു മിന്നായം പോലെയേ കാണാനായുള്ളൂ. അത്ര വേഗമാണ് അത് പോയത്. അതൊരു മനുഷ്യനാണോ വലിയ പുലിയാണോ എന്ന് മനസ്സിലാക്കാനായില്ല.

എനിക്ക് ഉള്ളിൽ ചെറിയ വിറയൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ശരീരത്തിൽ ഭയം അരിച്ച് കയറുന്ന അവസ്ഥ.

പിന്നെ കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിച്ചില്ല, രണ്ട് പേരും ഇടക്കിക്ക് ചുറ്റുപാടും സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു. അവിടെ കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നു. ഇലയനങ്ങിയാൽ കേൾക്കുന്ന ആ നിശ്ശബ്ദ അന്തരീക്ഷത്തിൽ എന്തെങ്കിലും അസ്വാഭാവിക ശബ്ദത്തിനായി ഞാൻ കാതോർത്തു.
‘ oപ്പേ’

ഒരു വാതിൽ ശക്തിയായി വന്നടഞ്ഞ ശബ്ദം.

എന്റെ നിഗമനം തെറ്റിയില്ല. ആ നിശ്ശബ്ദതയിൽ ആ ശബ്ദം പ്രകമ്പനം കൊണ്ടു. എന്റെ ഉള്ളിൽ കൂടി ഒരു മിന്നൽ പാഞ്ഞ് പോയി. സാബുവും ഞെട്ടിത്തരിച്ചു.

സാബു നെഞ്ച് തടവിക്കൊണ്ട് ചാടിയെഴുന്നേറ്റു. പിന്നാലെ ഞാനും. ഞങ്ങൾ ശബ്ദം കേട്ട മുറിയിലേക്ക് കുതിച്ചു. അത് ആ തുരങ്കമുള്ള മുറി ആയിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ പകുതി തുറന്ന് കിടന്ന ആ വാതിലിന്റെ വിറയൽ നിന്നിരുന്നില്ല.

ഞാൻ കരുതിയ പോലെ വാതിൽ അടഞ്ഞതല്ല. ശക്തിയായി തുറന്ന് ചുമരിൽ വന്നിടിച്ചതാണ്. ഞങ്ങൾ പൂട്ടിയ വാതിൽ കുറ്റി പറിച്ച് ചുമരിൽ വന്നിടിച്ചിരിക്കുന്നു.

ഇതെങ്ങിനെ സംഭവിച്ചു. ഇവിടെ നമ്മളെക്കൂടാതെ മറ്റൊരാൾ ഉണ്ടോ. അല്ലെങ്കിൽ ഒരു പ്രേതാത്മാവ്..

സാബുവേ.. നമുക്ക് വീട്ടിലേക്ക് തിരിച്ച് വിട്ടാലോ.. ഞാൻ പറഞ്ഞു. പക്ഷേ സാബുവിന്റെ ഉള്ളിലെ ബിസിനസ് മാൻ അതിന് തയ്യാറായില്ല. രാത്രി പ്രേതത്തെ പേടിച്ച് ഞങ്ങൾ ഓടി രക്ഷപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ ഈ വീട് വിറ്റ് പോകില്ല. എന്ത് സഹിച്ചായാലും ഇന്ന് രാത്രി ഇവിടെ കഴിഞ്ഞേ മതിയാകൂ..

Leave a Reply

Your email address will not be published. Required fields are marked *