ആന്റി കണ്ടത് ഉണ്ണികൃഷ്ണന്റെ പ്രേതത്തെയാണ്.. അത് മാത്രമല്ല ഒരു ദിവസം..
സാബു അതും പറഞ്ഞ് എല്ലാ ഭാഗത്തേക്കും ഒന്ന് തിരിഞ്ഞ് നോക്കി. ഞങ്ങളുടെ ശ്വാസാച്ഛ്വാസത്തിന്റെ ശബ്ദം ആ നിശ്ശബ്ദതയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ചുറ്റും നോക്കി ഉറപ്പിച്ച ശേഷം സാബു എന്റെ കണ്ണിൽ സൂക്ഷിച്ച് നോക്കി പറഞ്ഞു.
എന്റെ ചെറുപ്പത്തിൽ ഒരു ദിവസം.. അന്ന് ഞാനൊക്കെ വീട്ടിൽ ഉണ്ടായിരുന്നു. അന്ന് രാത്രി ഏതാണ്ട് പത്തര ഒക്കെ ആയിക്കാണും. എല്ലാവരും കിടന്നിരുന്നു. ഞാൻ മാത്രം ദൂരദർശനിലെ ഹിന്ദി സിനിമ കണ്ടിരിക്കുകയായിരുന്നു. അപ്പോൾ പുറത്ത് ആരോ നടക്കുന്ന പോലെ ശബ്ദം കേട്ടു. ഞാൻ വേഗം എല്ലാവരെയും വിളിച്ചു. ഞങ്ങൾ ചെന്ന് വാതിൽ തുറന്ന് നോക്കി. പെട്ടെന്ന് എന്തോ ഒരു ജീവി മുറ്റത്ത് നിന്ന് വീടിന്റെ ടെറസ്സിൽ ചാടിക്കയറി അടുത്ത് നിന്ന മാവിൽ കയറി അതിൽ നിന്നും അടുത്ത പറമ്പിലെ കവുങ്ങിലേക്ക് ചാടി അടക്ക പറിക്കാർ കവുങ്ങ് പകർന്ന് പോകുന്ന പോലെ ചാടി ചാടി പാഞ്ഞ് പോയി. ഒരു മിന്നായം പോലെയേ കാണാനായുള്ളൂ. അത്ര വേഗമാണ് അത് പോയത്. അതൊരു മനുഷ്യനാണോ വലിയ പുലിയാണോ എന്ന് മനസ്സിലാക്കാനായില്ല.
എനിക്ക് ഉള്ളിൽ ചെറിയ വിറയൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ശരീരത്തിൽ ഭയം അരിച്ച് കയറുന്ന അവസ്ഥ.
പിന്നെ കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിച്ചില്ല, രണ്ട് പേരും ഇടക്കിക്ക് ചുറ്റുപാടും സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു. അവിടെ കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നു. ഇലയനങ്ങിയാൽ കേൾക്കുന്ന ആ നിശ്ശബ്ദ അന്തരീക്ഷത്തിൽ എന്തെങ്കിലും അസ്വാഭാവിക ശബ്ദത്തിനായി ഞാൻ കാതോർത്തു.
‘ oപ്പേ’
ഒരു വാതിൽ ശക്തിയായി വന്നടഞ്ഞ ശബ്ദം.
എന്റെ നിഗമനം തെറ്റിയില്ല. ആ നിശ്ശബ്ദതയിൽ ആ ശബ്ദം പ്രകമ്പനം കൊണ്ടു. എന്റെ ഉള്ളിൽ കൂടി ഒരു മിന്നൽ പാഞ്ഞ് പോയി. സാബുവും ഞെട്ടിത്തരിച്ചു.
സാബു നെഞ്ച് തടവിക്കൊണ്ട് ചാടിയെഴുന്നേറ്റു. പിന്നാലെ ഞാനും. ഞങ്ങൾ ശബ്ദം കേട്ട മുറിയിലേക്ക് കുതിച്ചു. അത് ആ തുരങ്കമുള്ള മുറി ആയിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ പകുതി തുറന്ന് കിടന്ന ആ വാതിലിന്റെ വിറയൽ നിന്നിരുന്നില്ല.
ഞാൻ കരുതിയ പോലെ വാതിൽ അടഞ്ഞതല്ല. ശക്തിയായി തുറന്ന് ചുമരിൽ വന്നിടിച്ചതാണ്. ഞങ്ങൾ പൂട്ടിയ വാതിൽ കുറ്റി പറിച്ച് ചുമരിൽ വന്നിടിച്ചിരിക്കുന്നു.
ഇതെങ്ങിനെ സംഭവിച്ചു. ഇവിടെ നമ്മളെക്കൂടാതെ മറ്റൊരാൾ ഉണ്ടോ. അല്ലെങ്കിൽ ഒരു പ്രേതാത്മാവ്..
സാബുവേ.. നമുക്ക് വീട്ടിലേക്ക് തിരിച്ച് വിട്ടാലോ.. ഞാൻ പറഞ്ഞു. പക്ഷേ സാബുവിന്റെ ഉള്ളിലെ ബിസിനസ് മാൻ അതിന് തയ്യാറായില്ല. രാത്രി പ്രേതത്തെ പേടിച്ച് ഞങ്ങൾ ഓടി രക്ഷപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ ഈ വീട് വിറ്റ് പോകില്ല. എന്ത് സഹിച്ചായാലും ഇന്ന് രാത്രി ഇവിടെ കഴിഞ്ഞേ മതിയാകൂ..
രണ്ടും കൽപ്പിച്ച് ഇന്നിവിടെ കൂടാം.. നാളെ ജീവനുണ്ടെങ്കിൽ രാവിലെ തന്നെ രക്ഷപ്പെടാം.. ഞാൻ കണക്ക് കൂട്ടി. അങ്ങനെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഒരു മുറിയിൽ ആണ് രണ്ട് പേരും കിടന്നത്. തറയിൽ പുതപ്പ് വിരിച്ച് ഞങ്ങൾ കിടന്നു. സാബു വേഗം ഉറങ്ങി പക്ഷേ ഞാൻ സാബു പറഞ്ഞ കഥയും ഓർത്ത് ഉറങ്ങാതെ കിടന്നു. അങ്ങനെ കുറച്ച് സമയം കിടന്നപ്പോൾ എന്തോ ഒരു മുഴക്കം കേട്ടു. തമ്പേറ് കൊട്ടുന്നത് പോലെ അവ്യക്തമായ ശബ്ദം..ഡും..ഡും..ഡും
ഞാൻ ചെവിയോർത്തു. പുറത്ത് നിന്നല്ല ആ ശബ്ദം വരുന്നത്. ഇവിടെ ഈ മുറിയിൽ ഞങ്ങൾ കിടക്കുന്ന തറക്കടിയിൽ നിന്നും ആണ് ആ മുഴക്കം. ഞാൻ ചെവി തറയിൽ അമർത്തി വെച്ചു. ഇപ്പോൾ ശബ്ദം കുറച്ച് കൂടി വ്യക്തമായി കേൾക്കാം. അത് അതിവേഗം അടുത്ത് വരുന്നത് പോലെ. ഞാൻ ശ്രദ്ധിച്ചു കിടന്നു. പെട്ടെന്ന് ഒരു നീരാളിക്കൈ തറ തുരന്ന് വന്ന് എന്റെ കഴുത്തിൽ ചുറ്റിവരിഞ്ഞു.
ഇത്രയുമായപ്പോൾ ഞാൻ ഞെട്ടിയുണർന്നു. ഞാൻ കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. കഴുത്തിൽ വേദനയുണ്ടോ ഞാൻ പതുക്കെ തല ആട്ടിയും തിരിച്ചും നോക്കി. ചെറിയ വേദനയുണ്ടോ എന്ന് സംശയം. വെറും തോന്നലാവും. ഞാൻ സാബുവിനെ നോക്കി. അവൻ അവിടെ ഇല്ല
