ഓർമ്മകൾക്കപ്പുറം – 2

അടുത്ത ദിവസം തന്നെ അയാളെ നാലാം നിലയിലെ റൂമിലേക്ക്‌ മാറ്റി. മിഴി അയാളെ നല്ലപോലെ തന്നെ കെയർ ചെയ്തു, എന്നാൽ അയാൾ എപ്പോഴും ഒരു നിസ്സംഗ ഭാവം ആയിരുന്നു. പലപ്പോഴും ചോദിക്കുന്നതിനു മറുപടി പോലും കിട്ടില്ല. അവൾ അയാളെ ശ്രദ്ധിച്ചു, ഒരു 27-28 വയസ്സ് കാണും, ഇരുനിറം കുറ്റിത്താടി ഒക്കെ ആയൊരു രൂപം കാണാനൊക്കെ കൊള്ളാം. എന്നാൽ അയാളുടെ അവസ്ഥ ഓർത്തപ്പോൾ അവൾക്ക് കഷ്ടം തോന്നി. അയാൾക് ഇപ്പോ സ്വയം നടക്കാം എന്നാൽ ചെറിയൊരു സപ്പോർട്ട് ആവിശ്യമാണ്, ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട് ഒരാഴ്ച കൊണ്ട് തന്നെ അതിന്റെ ഇമ്പ്രൂവ്മെന്റ് കാണാനുണ്ട്. ആ റൂമിൽ നിന്ന് നോക്കിയാൽ കണ്ണെത്താദൂരം പരന്നു കിടക്കുന്ന പച്ചപ്പും അതിനിടയിൽ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന റോഡും കാണാൻ സാധിച്ചിരുന്നു. അയാൾ എപ്പോഴും ആ ചില്ല് ജാലകത്തിന്റെ അടുത്ത് ഒരു കസേരയിൽ പോയി ഇരിക്കും. വളരെ നിർബന്ധിച്ചാൽ മാത്രമേ കട്ടിലിൽ വന്നു കിടക്കു. ആദ്യമൊക്കെ മിഴി അയാളോട് എന്തൊക്കെയോ ചോദിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അയാളുടെ തണുത്ത പ്രതികരണം അവളെ പിന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

രണ്ടാമത്തെ ആഴ്ച അവൾ റൂമിലേക്ക്‌ വന്നു നോക്കിയപ്പോൾ അയാളെ കട്ടിലിൽ കണ്ടില്ല അയാൾ പതിവ്പോലെ ആ ജനാലയിൽ കൂടി നോക്കി മഴ കണ്ടു ഇരിക്കുകയായിരുന്നു.

അവൾ അയാൾക്ക്‌ കൊടുക്കാൻ ഉള്ള ഗുളികകളും ഒരു ഗ്ലാസ് വെള്ളവും കൊണ്ട് അടുത്തേക്ക് ചെന്നു അയാളെ വിളിച്ചു.

അയാൾ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു. “ആഹാ… ചിരിക്കാൻ ഒക്കെ അറിയാവോ??” അവൾ അത്ഭുതത്തോടെ കളിയായി ചോദിച്ചു. “ചിരിക്കാൻ മറന്നുപോയിട്ടില്ല എന്ന് തോന്നുന്നു. ബാക്കി ഒക്കെ മറന്നു.” ആദ്യമായി അയാൾ സംസാരിച്ചു. “അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചു ചോദിച്ചതല്ല സോറി.” അവൾ അബദ്ധം പറ്റിയ പോലെ പറഞ്ഞു. അയാൾ വീണ്ടും ഒന്ന് ചിരിച്ചു. “ദാ ഈ ഗുളിക കഴിക്ക് എന്നിട്ടാവാം ബാക്കി.” അവൾ ഗുളികയും ഗ്ലാസും അയാൾക്ക്‌ കൈമാറി. അയാൾ ഗുളിക വായിലേക്ക് ഇട്ടു വെള്ളം ഒഴിച്ചിട്ടു ഗ്ലാസ് അവൾക്ക് തിരിച്ചു കൊടുത്തു. എന്നാൽ അത്‌ അവളുടെ പിടിയിൽ നിന്നു വഴുതി താഴേക്ക് വീണു, ഞെട്ടി പിന്നോട്ട് കണ്ണടച്ച് ചാടിയ അവളെ ഞെട്ടിച്ചുകൊണ്ട് അയാൾ ആ ഗ്ലാസ്‌ തറയിൽ നിന്ന് അരയിഞ്ചു ഉയരത്തിൽ വെച്ച് കൈക്കലാക്കി.
അവൾ വിശ്വാസം വരാത്ത പോലെ അയാളെ ഒന്ന് നോക്കി അയാളും അതേ അവസ്ഥയിൽ ആയിരുന്നു. അയാൾ ആ ഗ്ലാസ്സിലേക്ക് ഒരു നിമിഷം നോക്കിയിട്ട് വീണ്ടും ഗ്ലാസ് അവൾക്ക് കൊടുത്തു. “കൊള്ളാല്ലോ, ക്വിക്ക് റിഫ്ലക്സ്‌ ആണല്ലോ. നല്ല മാറ്റം ഉണ്ട് എന്തായാലും.” അവൾ ഗ്ലാസ് ടേബിളിൽ വെച്ച് ഒരു കസേര എടുത്ത് അയാളുടെ അടുത്തിരുന്നു. “ഇപ്പൊ എന്താ തോന്നുന്നത്? വേദന ഒക്കെ എങ്ങനെ ഉണ്ട്?” അവൾ തന്നെ അയാളോട് സംസാരിക്കാൻ തുടങ്ങി.

“ചെറിയ വേദന ഉണ്ട് ശരീരത്തിന് മൊത്തത്തിൽ, തലയ്ക്കു നല്ല ഭാരം പോലെ എപ്പഴും.” അയാൾ തന്റെ തലയിൽ ഒന്ന് കൈ ഓടിച്ചുകൊണ്ട് പറഞ്ഞു. “വേണ്ട അവിടെ പിടിക്കണ്ട, എന്താ സംഭവിച്ചത് എന്ന് എന്തെങ്കിലും ചെറിയൊരു ഓർമ്മ എങ്കിലും ഉണ്ടോ?” അവൾ പ്രതീക്ഷയോടെ ചോദിച്ചു. അയാൾ ദൂരേയ്ക്ക് നോക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ അവൾക്ക് തോന്നി. എന്നാൽ അയാൾ അതിൽ പരാജയപ്പെട്ടു.

“ഇല്ല… മൊത്തം ഒരു ഒന്നുമില്ലായ്മ. ഇപ്പൊ ജനിച്ചു വീണ പോലെ ആണ് തോന്നുന്നത്. ഇതിനു മുൻപ് ഞാൻ ജീവിച്ചിരുന്നതിന്റെ ഒരു ഓർമകളും എനിക്ക് വരുന്നില്ല.”

“മം..സാരമില്ല, ഒരാഴ്ച കൊണ്ട് ഇത്രേം ഒക്കെ പുരോഗതി ഉണ്ടായില്ലേ എല്ലാം ശെരിയാവും.” മിഴി അയാളെ ആശ്വസിപ്പിച്ചു.

പെട്ടന്ന് എന്തോ ഓർത്തത് പോലെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി… “അല്ല സിസ്റ്റർടെ പേരെന്താ?” “ങേ… അപ്പോ ഇത്രനാൾ ഞാൻ പറഞ്ഞത് ഒന്നും ഇയാൾ കേട്ടില്ലാരുന്നോ?” അവൾ അത്ഭുതത്തോടെ ചോദിച്ചു. “എനിക്ക് ആകെ ഒരു മരവിപ്പ് മാത്രേ ഓർമ്മയുള്ളു, നിങ്ങൾ സംസാരിക്കുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോഴാണ് ഞാൻ ഇതിനോട് ഒന്ന് പൊരുത്തപ്പെട്ടു വരുന്നത്.”

“എന്റെ പേര് മിഴി…” അവൾ അയാൾക്ക്‌ നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

“മിഴി…അധികം ആർക്കും ഇല്ലാത്ത പേരാണല്ലോ.” അയാൾ അവളുടെ കൈ പിടിച്ചു കുലുക്കി.

“ആഹ് എല്ലാരും പറയും.” “നാട്ടിൽ എവിടെയാ?” “നാട്ടിൽ അടിമാലി, അറിയുവോ?” “അടിമാലി…. മൂന്നാർ പോകുന്ന വഴി….” അയാൾ കുറച്ച് നേരം ഒന്ന് ചിന്തിച്ചിട്ട് പറഞ്ഞു. “ങേ… അതെങ്ങനെ ഓർമ്മ വന്നു???” അവൾക്ക് വീണ്ടും അത്ഭുതമായി. “അറിയില്ല… അറിയാതെ തന്നെ വായിൽ നിന്ന് വന്നതാ. ഒരുപക്ഷെ ഞാനും അവിടെ നിന്നാവും.” അയാൾ ഒരു പ്രതീക്ഷയോടെ അവളെ നോക്കി. “പേടിക്കണ്ട പോലീസ് അന്വേഷിക്കുന്നുണ്ട് അന്ന് മൊഴിയെടുക്കാൻ വന്നപ്പോ ഫോട്ടോ ഒക്കെ എടുത്ത് പോയിരുന്നു അവർ അത്‌ മിക്കവാറും കേരള പൊലീസിന് കൈമാറും, അങ്ങനാണേൽ പെട്ടന്ന് തന്നെ കണ്ടെത്താൻ പറ്റും.” മിഴിയുടെ ആ വാക്കുകൾ അയാൾക്കൊരു പുതിയ പ്രതീക്ഷ നൽകി.
“അല്ല… ഈ ഹോസ്പിറ്റൽ ബിൽ ഒക്കെ എങ്ങനാ അപ്പൊ?” അയാൾ പെട്ടെന്ന് വെപ്രാളത്തോടെ ചോദിച്ചു. അയാളുടെ ആ ഭാവം കണ്ട് അവൾക്ക് ചിരി പൊട്ടി. അവൾ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു കൊടുത്തു. “എനിക്ക് ഇതിനൊക്കെ എങ്ങനാ ഇയാളോട് നന്ദി പറയണ്ടേ എന്നറിയില്ല, വെറും നന്ദിയിൽ ഒന്നും ഇത് ഒതുക്കാനും പറ്റില്ല. നിങ്ങൾ എന്തിനാ ഇത്രയും ബുദ്ധിമുട്ടിയത് എനിക്ക് വേണ്ടി?” എല്ലാം കേട്ട് കഴിഞ്ഞ് അയാൾ അവളെ ബഹുമാനത്തോടെ നോക്കി ചോദിച്ചു.

“ആഹ് അത്‌ ഞങ്ങളുടെ പ്രൊഫഷന്റെ ഭാഗം ആണ് ഈ ബുദ്ധിമുട്ടൊക്കെ അത്കൊണ്ട് അതോർത്തു വിഷമിക്കണ്ട, ഇതൊക്കെ എന്റെ ജോലി ആണെന്ന് കരുതിയാ മതി.” അവൾ കളിയായി തന്നെ പറഞ്ഞു.

“ഞാൻ ഒരു കാര്യം ചോദിച്ചാൽ മിഴി സത്യം പറയുവോ?” “ചോദിക്ക്, എന്നെകൊണ്ട് ആവുന്നത് ആണേൽ പറയാം.” “എന്താണ് എന്റെ അവസ്ഥ ഇപ്പൊ? എനിക്ക് ഓർമ്മ വരുവോ? ഡോക്ടർ എന്താ പറഞ്ഞത്?” അയാളുടെ ചോദ്യം അവളെ ഒന്നുലച്ചു. മുഴുവനായി പറഞ്ഞില്ല എങ്കിലും അവൾ ചെറിയ രീതിയിൽ ഒരു വിശദീകരണം നൽകി. എല്ലാം കേട്ട് കഴിഞ്ഞ് അയാൾ വീണ്ടും ദൂരേക്ക് നോക്കി ഇരുന്നു.

“ആഹ് മതി ഇങ്ങനെ ഇരുന്നത്, കാലിങ്ങനെ എപ്പഴും തൂക്കി ഇട്ട് ഇരുന്നാൽ കാലിൽ നീര് വരും. ഇനി കുറച്ച് നേരം പോയി കിടക്ക്.” അയാളുടെ മൂഡ് മാറുന്നു എന്ന് കണ്ട് അവൾ വിഷയം മാറ്റാനായി പറഞ്ഞു.

അയാൾ എഴുനേറ്റ് വാക്കർ എടുത്ത് കട്ടിലിന്റെ അരികിലേക്ക് നടന്നു. കിടക്കാൻ അവൾ അയാളെ സഹായിച്ചു. “കുറച്ച് നേരം ഉറങ്ങിക്കോ മരുന്നൊക്കെ നല്ല സെഡേഷൻ ഉള്ളതാ പെട്ടെന്ന് ഉറങ്ങിക്കോളും.” അവൾ പറഞ്ഞത് കേട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *