ഓർമ്മകൾക്കപ്പുറം – 2

“പക്ഷേ അതെങ്ങനെ ഇവർക്ക് അറിയാം അത്‌ നടത്തിയിട്ടില്ല എന്ന്, സ്കാനിംഗിന് പേഷ്യന്റ്‌സിനെ കൊണ്ടുപോകുന്നത് അറ്റെൻഡേർസ് ആണ് ബെസ്റ്റാൻഡേഴ്സനെ കൂടെ കൊണ്ടുപോകാറില്ലലോ, ഒരുപക്ഷെ ഇവർക്ക് അറിയാത്തത് ആണെങ്കിലോ?” മിഴി അവളുടെ സംശയം പറഞ്ഞു.

“ഇവരോട് ഇത് പറഞ്ഞത് ഇവരുടെ മോൾ ആണ്, എന്താണ് ആ കുട്ടിക്ക് അസുഖം?”

“ആ കുട്ടിക്ക് കിഡ്‌നിയുടെ കുറച്ച് പ്രോബ്ലെംസ് ആണ്.”

“ഓക്കേ നിങ്ങൾ എന്നാൽ ആ കുട്ടിയോട് ഒന്ന് സംസാരിക്ക്, എന്നിട്ട് അവളെ സ്കാനിംഗ്ന് കൊണ്ടുപോയ അറ്റെൻഡേഴ്സനോടും ചോദിക്ക് അപ്പൊ അറിയാല്ലോ സംഭവം. ഇവർ ഏതോ പാവപ്പെട്ട കുടുംബത്തിലെ ആണെന്ന് തോന്നുന്നു, 40000 ഒന്നും ഇവർ താങ്ങില്ല.” എക്സ് പറഞ്ഞു നിർത്തി.

“എക്സ്, നിനക്ക് എന്നാൽ ആ കുട്ടിയോട് ഒന്ന് സംസാരിക്കാവോ പ്ലീസ്? ഞങ്ങൾക്ക് ഭാഷ മനസിലാവില്ല അതുകൊണ്ടാ.” പ്രിയ അവനെ നോക്കി ചോദിച്ചു.

“ഓ അതിനെന്താ, വാ ഇപ്പൊ തന്നെ ചോദിക്കാല്ലോ.” അവരെല്ലാം കൂടി റൂം 403 ലക്ഷ്യമാക്കി നടന്നു. **************************

“എക്സ്… താൻ ആള് കൊള്ളാല്ലോ സംഭവം ശെരിയായിരുന്നു, ബില്ലിങ്ങിൽ വന്ന മിസ്റ്റേക്ക് ആണ്. മാനേജർ എല്ലാത്തിനേം നിറുത്തി പൊരിക്കുന്നുണ്ട്. അല്ല തനിക്ക് അപ്പൊ ഏതൊക്കെ ഭാഷ അറിയാം? അയാൾ ഏത് ഭാഷയാ സംസാരിച്ചത്?” മിഴി അവളുടെ ചോദ്യങ്ങളുടെ കെട്ടഴിച്ചു വിട്ടു.
“ഇങ്ങനെ ഒറ്റയടിക്ക് എല്ലാം കൂടി ചോദിക്കാതെ പെണ്ണെ ശ്വാസം വിട് ഇടക്ക്.” അവൻ ചിരിച്ചു

“ഹ പറ…ഞാൻ കാര്യായിട്ട് ചോദിച്ചതാ.” “അത്‌ കന്നഡയാണ്, നോർമൽ കന്നഡ അല്ല ഇത് എവിടെയോ ഉൾനാടൻ കന്നഡയാണ് സ്ലാങ് വ്യത്യാസം ഉണ്ട്.” “ശെരിക്കും നിനക്ക് എത്ര ഭാഷ അറിയാം? നീ ഇനി വല്ല മാവോയിസ്റ്റോ മറ്റോ ആണോ?” മിഴി അവനെ കളിയാക്കികൊണ്ട് അവരുടെ സ്ഥിരം ജനലിന്റെ സൈഡിൽ രണ്ട് കസേര എടുത്തിട്ട് ഇരുന്നു.

“അത്‌ തന്നെയാണ് ഞാനും ആലോചിക്കുന്നത്… ഒരാൾക്ക് അയാളോട് തന്നെ ചോദിക്കാൻ പറ്റിയ ഏറ്റവും സങ്കീർണമായ ചോദ്യം. ആരാണ് ഞാൻ??”

“നീ മൂഡ് കളയല്ലേ, ഒക്കെ റെഡി ആവും നോക്കിക്കോ.” മിഴി അവനെ ആശ്വസിപ്പിച്ചു. അവൻ വീണ്ടും പുറത്തേക്കു നോക്കി ഇരുന്നു, മഴ ചാറുന്നുണ്ട്. മിഴി വീണ്ടും അവളുടെ ചിത്രം വരപ്പ് തുടങ്ങി.

ഇടയ്ക്ക് അവൻ ആ ചിത്രത്തിലേക്ക് ഒന്ന് പാളി നോക്കി. കളിയാക്കാൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടോ എന്നറിയാൻ. ഇല്ല അവൾ നല്ലപോലെ വരയ്ക്കുന്നുണ്ട്. അവൻ ഒന്നും മിണ്ടാതെ കസേരയിൽ നിന്ന് എഴുനേറ്റ് ആ ജനൽ പടിയിൽ ചാരി നിന്നു. അവന്റെ മനസ്സിലേക്ക് പെട്ടെന്ന് അവൾ വരച്ച ആ പടം ഓടി വന്നു…. രണ്ട് കിളികൾ പറക്കുന്ന ചിത്രം. അവന് എന്തോ പെട്ടന്ന് ഒരു അസ്വസ്ഥത പോലെ തോന്നി.

ഓരോ നിമിഷം കഴിയുംതോറും ആ ചിത്രം അവന്റെ മനസ്സിനെ പിടിച്ചുലയ്ക്കാൻ തുടങ്ങി. ആരോ കണ്ണിലേക്കു വെളിച്ചം അടിക്കുമ്പോൾ കാണുന്ന കാഴ്ചപോലെ അവന് ആ ചിത്രം കണ്ടു. എന്നാൽ അത്‌ ഒരു പേപ്പറിൽ ആയിരുന്നില്ല….

അവൻ വെട്ടിവിയർത്തുകൊണ്ട് ആ പേപ്പർ അവളിൽ നിന്ന് തട്ടിപറിച്ചെടുത്തു, അവന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ മിഴിയൊന്നു ഞെട്ടി. ആ ചിത്രം അവൻ അത്ഭുതത്തോടെ നോക്കികൊണ്ടേ ഇരുന്നു.

“എക്സ്… എന്താ… എന്താ പറ്റിയെ?”

“മിഴി… മിഴി… ഈ… പടം എനിക്ക് എവിടെയോ കണ്ട ഓർമ്മ.” അവൻ ആ ചിത്രത്തിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“ഓക്കേ ഓക്കേ… കൂൾ ഡൌൺ എക്സ്. ഇങ്ങനെ എസ്‌സൈറ്റഡ് ആവാതെ ശാന്തമായിട്ട് ഒന്ന് ആലോചിച്ചു നോക്ക്. വാ ഇവിടെ ഇരിക്ക്.” അവൾ അവനെ കസേരയിൽ ഇരുത്തി ഒരു ഗ്ലാസിൽ വെള്ളം എടുത്ത് വന്നു. ആ പേപ്പർ അവന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് വെള്ളം കൊടുത്തു.
“ദേ ഈ വെള്ളം കുടിക്ക്.. ഈസി…. ഈസി…എല്ലാം ശെരിയാവും. ദാ ഇത് കുടിക്ക്.” വെള്ളം അവൻ വാങ്ങി കുടിച്ചു, ചെറിയൊരു ആശ്വാസം തോന്നി. അവൾ അവന്റെ മുതുകിൽ തടവിക്കൊണ്ടിരുന്നു.

“ഇപ്പൊ എന്തെങ്കിലും തോന്നുന്നുണ്ടോ? ഞാൻ ഡോക്ടറെ വിളിക്കാം നീ അധികം സ്‌ട്രെയിൻ എടുക്കണ്ട, ഓർമ്മ വരുന്നത് നല്ല കാര്യം അല്ലേ യു വിൽ ബി ഫൈൻ സൂൺ.” അവൾ ഒരു കൈകൊണ്ട് ഫോൺ എടുത്ത് ഡോക്ടർ മേത്തയെ വിളിച്ചു.

അധികം വൈകാതെ മേത്തയും കൂടെ പൂജയും എത്തി. “യെസ് എക്സ്… ഹൗ ആർ യു നൗ?” “ആം ഫൈൻ ഡോക്ടർ.” “സോ ടെൽമീ, എന്താണ് തനിക്ക് ഉണ്ടായ ആ ചെറിയ ഓർമ്മ?” അവൻ മിഴി വരച്ച ചിത്രം ഡോക്ടർക് കൊടുത്തു. “ഡോക്ടർ എനിക്ക് ഈ പടം മുൻപ് എവിടെയോ കണ്ടത് പോലെ എന്നാൽ അത്‌ പേപ്പറിൽ വരച്ച പടം അല്ല.” അവൻ ഒരു ഭീതിയോടെ പറഞ്ഞു നിർത്തി.

“പിന്നെ? പേപ്പറിൽ അല്ലെങ്കിൽ പിന്നെവിടെ?” ഡോക്ടർ മേത്ത ആകാംഷയോടെ ചോദിച്ചു.

“കയ്യിൽ…” അവന്റെ മറുപടി കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു.

“കയ്യിലോ? യു മീൻ ഔർ ഹാൻഡ്?” അയാൾ വിശ്വാസം വരാത്ത പോലെ ഒന്നുകൂടി ചോദിച്ചു.

“യെസ് ഡോക്ടർ… എനിക്ക് നേരെ വീശുന്ന ഒരു കൈ… ആ കൈയിൽ ഈ ചിത്രം….പച്ചകുത്തിയത് പോലെ…. ഇത്രമാത്രമാണ് എന്റെ ഓർമ്മ.” അവന്റെ ശബ്ദം ചിലമ്പിച്ചു. അവൻ ഡോക്ടറെ തന്നെ നോക്കി നിന്നു. മിഴിയും പൂജയും എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് പോയി.

ഒന്ന് ചിന്തിച്ചിട്ട് ഡോക്ടർ തുടർന്നു. “പേടിക്കണ്ട എക്സ്… ഇത് ഒരു നല്ല സൂചന തന്നെ ആണ്. ഇനിയും ഇത്പോലെ ഉള്ള മെമ്മറി ഫ്ളാഷസ്‌ ഉണ്ടായേക്കാം. അപ്പോൾ ഒന്നും പേടിക്കണ്ട കാര്യമില്ല. സമചിത്തതയോടെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക. പിന്നെ അധികം നേരം ഇത് തന്നെ ആലോചിച്ചു ഇരിക്കരുത്. സ്‌ട്രെയിൻ ഒഴിവാക്കണം ഓക്കേ?” അവനെ ആശ്വസിപ്പിച്ചതിനു ശേഷം മിഴിക്ക് വേണ്ട നിർദേശം നൽകി ഡോക്ടർ പുറത്തേക്കു നടന്നു പൂജ അവനോടു പറഞ്ഞിട്ട് അയാളെ അനുഗമിച്ചു.
“എക്സ്… കുറച്ച് നേരം വന്നു കിടക്ക്, വെറുതെ ഇരുന്നു അത്‌ തന്നെ ആലോചിച്ചു സ്‌ട്രെയിൻ ചെയ്യണ്ട. ഒരു കാര്യം ഉറപ്പാ, നിനക്ക് എന്തായാലും ഓർമ്മ തിരിച്ചു കിട്ടും.” അവളുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് നിശ്വസിച്ചു, പതിയെ നടന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു. അത്‌ കണ്ടുനിന്ന മിഴിക്കും എന്തോ വിഷമം പോലെ തോന്നി. അവൾ മെല്ലെ മറ്റു ജോലികളിലേക്ക് തിരിഞ്ഞു.

അന്ന് നൈറ്റ്‌ എക്സിന്റെ കൂടെ നിൽക്കേണ്ടത് പൂജ ആയിരുന്നു. വാർഡിൽ എല്ലാം ശിവാനിയെ ഏല്പിച്ചു അവൾ അവന്റെ റൂമിൽ എത്തി. ലൈറ്റ് ഇട്ടു.

പെട്ടന്ന് ലൈറ്റ് വീണപ്പോൾ ജനലിനു അടുത്തിരുന്ന അവൻ തിരിഞ്ഞു നോക്കി പൂജയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു.

“നീ എന്താ ഈ ലൈറ്റ് ഓഫ്‌ ചെയ്ത് അവിടെ പോയി നിക്കുന്നത്, ലൈറ്റ് ഇട്ടൂടെ?” “നീ ആ ലൈറ്റ് ഓഫ് ചെയ്ത് ഇവിടെ വന്നു നോക്കിക്കെ.” അവൾ അവൻ പറഞ്ഞത് പോലെ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് ആ ജനലിനരികിൽ വന്ന് നോക്കി. ദൂരെ റോഡിൽ ഇരുട്ടിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് മാത്രം. അതിങ്ങനെ ഇരുട്ടിൽ മിന്നാമിനുങ്ങിനെ പോലെ ഒഴുകി നീങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *