അവൾ പറഞ്ഞത് കേട്ട് ഞാനാകെ വല്ലാതായി. ആര്…! തടകക്ക് അല്ലാതെ ആർക്കാണ് എന്നോടിത്ര ദേഷ്യം…!
അത് മനസിലാക്കിയെന്നോണം ജിൻസിയെന്റെ കയ്യിൽ പിടിച്ചു.
” സോറീടാ…. പെട്ടന്നങ്ങനെയൊക്കെ കേട്ടപ്പോ… ”
ഞാൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. കുറച്ചൊരു ആശ്വാസം തോന്നുന്നുണ്ട്. ഇനി അമ്മയേയും അച്ഛനെയും മനസിലാക്കിപ്പിക്കാൻ ജിൻസിയെന്നോടൊപ്പം ഉണ്ടാവും.
” നിനക്കുറപ്പാണോ ജിൻസി ഇതവളല്ല ചെയ്യിച്ചതെന്ന്… “
ഞാൻ ജിൻസിയുടെ മുഖത്തേക്ക് നോക്കി.
” പോലീസ് വന്നത്കൊണ്ട് ആരൊ ചെയ്യിച്ചതാണെന്ന് ഉറപ്പാടാ… അതവളാവാൻ സാധ്യതയില്ല… കാരണം നിന്റെകൂടെ ആ റൂമിൽ നിന്നാൽ അവളുടെ ജീവിതങ്കൂടെ നശിക്കൂന്ന് അവൾക്കറിയാതെയിരിക്കില്ലല്ലോ… പിന്നേ നീ പറഞ്ഞുവല്ലോ… പോലീസ് കതക് ചവിട്ടിപ്പൊളിച്ചതൊന്നും അവളറിഞ്ഞിരുന്നില്ലാന്ന്… അപ്പോൾ അവൾ മിക്കവാറും സെടെഷനിൽ ആയിരുന്നിരിക്കണം… ഇതൊക്കെ കൊണ്ടാണ് ഞാൻ അങ്ങനെയൊരു സംശയമ്പറഞ്ഞത്. അവളല്ല… മാറ്റാരോ ആണിതിന് പിന്നിലെന്ന്. ”
“ഹ്മ്മ്… ”
ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.
ജിൻസി എണീറ്റ് റൂമിലേക്കു പോയി. തിരിച്ചുവരുമ്പോൾ അവളുടെ കയ്യിലൊരു മെഡിസിൻ ബോക്സ് ഉണ്ടായിരുന്നു. അവളെന്റെ അടുത്തിരുന്ന് കോട്ടൺ വച്ച് നെറ്റിയിലെ മുറിവിൽനിന്ന് ഒലിച്ചിറങ്ങിയ ചോര ഒപ്പിക്കളഞ്ഞു. പിന്നേ കോട്ടൺ എന്തോ ഒരു ലിക്യുഡിൽ മുക്കി മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങി.
“സ്സ്…”
വല്ലാതെ നീറി… സ്വർഗ്ഗവും നരകവും ഒന്നിച്ച് കണ്ടു ഞാൻ.
ക്ലീനിങ് കഴിഞ്ഞ് അവിടെ ഒരു ബാന്റെയ്ഡ് കൂടെ ഒട്ടിച്ച് അവൾ എണീറ്റു.
” നീ വാ… അവളോട് തന്നെ ചോദിക്കാം…”
എന്നും പറഞ്ഞ് ജിൻസി എന്റെ ഫ്ലാറ്റിലേക്ക് നടന്നു. അവൾക്ക് പിന്നാലെ ഞാനും.
അഭിരാമിയിപ്പോഴും ആ മുറിക്കകത്താണ്. ഞാൻ ചെന്ന് കതക് തട്ടി. പക്ഷേ അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. എന്തോ ഒരു പേടി തോന്നി… ശക്തിയായിത്തന്നെ ഞാൻ കതകിൽ തട്ടി. ഇല്ലാ ഒരു പ്രതികരണവും ഇല്ലാ. ഞാനൊരു പകപ്പോടെ ജിൻസിയെ നോക്കി. അവളുടെ മുഖത്തും ഒരു പരിഭ്രമം.
അവൾ കതകിന് അടുത്ത് വന്ന് കതകിൽ തട്ടി
” അഭീ… വാതില് തുറക്ക് ഇത് ഞാനാ…! ”
കതകിൽ തട്ടിക്കൊണ്ട് തന്നെ അവൾ വിളിച്ചുപറഞ്ഞു.
രണ്ട് സെക്കൻഡ് കഴിഞ്ഞ് കതകിന്റെ കുറ്റിഎടുക്കുന്ന ശബ്ദം കേട്ടു. തൊട്ടുപിന്നാലേ കതക് തുറന്ന് കരഞ്ഞുകൊണ്ട് അവൾ ജിൻസിയെ കെട്ടിപ്പിടിച്ചു. ഒരു നിമിഷം നിലച്ചുപോയിരുന്ന ശ്വാസം ഒരു ദീർഘ നിശ്വാസമായി എന്നിൽനിന്ന് പുറത്ത് വന്നു.
ജിൻസി എന്തൊക്കെയോ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
പക്ഷേ എനിക്കിപ്പഴും ഇവൾ തന്നെയാണോ ഇത് ചെയ്തത് എന്ന സംശയം ബാക്കിയായിരുന്നു.
” ഡീ… നീയിങ്ങനെ കരഞ്ഞിട്ടെന്തിനാ…എന്താവിടെണ്ടായേ… ”
അവളൊന്ന് സമാധാനപ്പെട്ടു എന്ന് കണ്ടപ്പോൾ ജിൻസിയവളോട് ചോദിച്ചു.
അതോടെ വീണ്ടുമവളുടെ കണ്ണ് നിറഞ്ഞുതുടങ്ങി.
” എനിക്ക്…എനിക്കൊന്നുമറിയില്ലടീ… ഞങ്ങളവിടെ… സംസാരിച്ചിരിക്കുമ്പോഴാ ഏതോ രണ്ട് പേര് വന്ന് ഇവനെയടിച്ചേ… എന്നെപ്പിടിച്ച് എന്തോ ഒരു സ്പ്രേ മുഖത്തടിച്ചു… പിന്നേ.. പിന്നെയെണീക്കുമ്പോ… ”
അതുമ്പറഞ്ഞ് അവൾ വീണ്ടും വിങ്ങിപ്പൊട്ടി.
അവരെയവിടെവിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. മനസ് കലുഷിതമായിരിക്കുന്നു. ഇവിടെയാർക്കാണ് എന്നോട് ദേഷ്യം…!
താടക പറയുന്നത് മുഴുവൻ വെള്ളന്തൊടാതെ വിഴുങ്ങാൻ തോന്നിയില്ല. അവളെന്തൊക്കെയോ മറച്ചുവെക്കുന്നപോലെ…
സോഫയിൽ മുന്നോട്ടാഞ്ഞ് നെറ്റിയിൽ ഉള്ളങ്കയ് അമർത്തി ഞാൻ ഇരുന്നു. അവിടെ സംഭവിച്ച കാര്യങ്ങൾ ഒന്നൂടെ ഓർത്തെടുക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.
സ്‌ട്രെയിൻ ചെയ്യാൻ തുടങ്ങിയപ്പോ ചെറുതായി തലവേദന വന്ന് തുടങ്ങി.
പക്ഷേ അന്ന് നടന്ന കാര്യങ്ങൾ ഒരോ ചിത്രങ്ങളായി എന്റെയുള്ളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.
പാർക്കിൽവച്ച് സംസാരിക്കുന്നതിനിടെ അഭിരാമിയുടെ മുഖത്ത് പൊടുന്നനെ വന്ന പരിഭ്രമവും ഭയവും… അവൾ അവരെ കണ്ടതാണ്…
