പറ്റിയൊരു സ്ഥലം നോക്കി ഞാൻ വണ്ടി ഒതുക്കി
പുതിയ സ്ഥലം പുതിയ ആൾക്കാർ…ഒരു വർഷം ആയിട്ട് പഠിക്കാൻ പോലും ശ്രമിക്കാത്ത ഭാഷയും
എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ ഞാനവിടെ ഒരു മരച്ചുവട്ടിൽ നിന്നു
ആരോടു ചോദിക്കും എന്റെ ഡിപ്പാർട്മെന്റ് എവിടെ ആണെന്ന്
കേട്ടറിവ് മാത്രം വെച്ചാണ് ഞാൻ BA എടുക്കാൻ തീരുമാനിച്ചത്.. ഇതിപ്പോ ഒന്നും വേണ്ടായിരുന്നെന്ന് തോന്നുന്നു
കൊറച്ചു നേരം ഫോണിൽ നോക്കി നിന്നു…
സമയം പോയികൊണ്ടേ ഇരിന്നു.. ഇനിയും നിന്നാൽ ശെരിയാവില്ലെന്ന് കരുതി ഞാൻ അകത്തേക്ക് നടന്നു
വരാന്തയിലൂടെ കൊറച്ചു കറങ്ങി നടന്നപ്പോൾ ആണ് ദൂരെ നിന്ന് ഒരുത്തൻ വായി നോക്കുന്നത് കണ്ടത്
പുറത്തുകൂടെ നടന്നു പോകുന്ന കൊറച്ചു പെൺപിള്ളേരെ നോക്കി വായും പൊളിച്ചു നിൽക്കുന്നു
കറുപ്പിൽ ചുവന്ന മഷി കോരി ഒഴിച്ചത് പോലൊരു കളറുള്ള ഒരു ഷർട്ടും കറുത്ത പാന്റും ഇട്ട് തൂണിൽ ചാരിയാണ് നിൽപ്പ്
പുറത്ത് ചെറിയൊരു ബാഗും തൂക്കി ഇട്ടിട്ടുണ്ട്
കണ്ടപ്പോഴേ മനസിലായി ഇവനീ കോളേജിലെ ഒരു പ്രധാന കോഴി ആവാൻ സാധ്യത ഉണ്ടെന്നു
എന്തായാലും ഇവനോട് എന്റെ ക്ലാസ്സ് അറിയാമോന്ന് ചോദിക്കാം എന്ന് കരുതി അവന്റെ അടുത്തേക്ക് നടന്നു
അവന്റെ പിറകിൽ എത്തിയിട്ട് പോലും അവൻ അറിഞ്ഞില്ല… ചെയ്യുന്ന ജോലിയിൽ നീതി പുലർത്തുന്ന ഒരുത്തൻ ആണെന്ന് തോന്നുന്നു അവൻ
“ഹലോ….”
അവന്റെ തോളിൽ തോണ്ടി നോക്കി
“ആരടെ..?
പെട്ടെന്ന് തിരിഞ്ഞു നിന്നോകൊണ്ടവൻ ചോദിച്ചു… ലവൻ മലയാളി ആയിരുന്നോ
ചുമ്മാതല്ല…പരിസരബോധം പോലും ഇല്ലാതെ വെള്ളമിറക്കി നിന്നത്
“Bro മലയാളി ആണല്ലേ…?
“അതേ..നീയും മലയാളി ആണല്ലേ…”
ആദ്യമായി ഒരു മലയാളിയെ കണ്ട ഫീൽ ആണ് അപ്പൊ അവന്റെ മുഖത്തു
സന്തോഷവും അത്ഭുതവും ഒക്കെ നിറഞ്ഞൊരു ഭാവം
“മച്ചാനെ ഇവിടൊരു മലയാളിയെ കാണുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല… വന്നപ്പോ തൊട്ട് ഞാനീ കോളേജ് ഒരു 3-4 വട്ടം കറങ്ങി.. മരുന്നിനു പോലും ഒറ്റ എണ്ണത്തിനെ കിട്ടിയില്ല…”
അവൻ എന്നോട് പറഞ്ഞു.. നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു അവൻ
“അതിന് ആരോടെങ്കിലും ചോദിക്കണം.. അല്ലാണ്ട് ഇതുപോലെ വായി നോക്കി നിന്നാൽ എങ്ങനെ കിട്ടാനാ..”
“ചോദിച്ചതാ മച്ചാനെ.. അപ്പോ ഒണ്ട് തിരിച്ചു ഹിന്ദിയിലും കന്നഡയിലും ഒക്കെ ഉത്തരം വരുന്നു… തുളു വരെ ഉണ്ടായിരുന്നു ഇടക്ക്..”
“തുളുവോ…?
“ആന്നെ… ഞാൻ കേൾക്കാത്ത ഏതൊക്കെയൊ ഭാഷ… ഇനിയും എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ..”
അവൻ മുകളിലേക്ക് നോക്കി പറഞ്ഞു
“ആദ്യമായിട്ടാണോ ബാംഗ്ലൂർ…?
“ആദ്യമായിട്ടാ…ചിലപ്പോ അവസാനമായിട്ടും… ഇങ്ങനെ പോയാൽ ഇവിടെ പിടിച്ചു നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല..”
“നിന്റെ പേരെന്താ.. ചോദിക്കാൻ മറന്നു..?
“അഖിൽ എന്ന… സ്ഥലം കണ്ണൂരാ..നാട്ടിലെ പടുത്തം ഒക്കെ കഴിഞ്ഞപ്പോ വീട്ടിൽ നിന്ന് മാറി നിൽക്കാമെല്ലോ എന്ന് കരുതിയ BA എടുത്തു ഇങ്ങോട്ട് പൊന്നേ… ഇതിപ്പോ പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥ ആയി..”
“BA ആണോ..ഞാനും… ഇനിയും ഇവിടെ നിക്കണ്ട വാ ക്ലാസ്സ് കണ്ടു പിടിക്കാ..”
അവനെയും കൂട്ടി ഞാൻ മുൻപോട്ട് നടന്നു
“എന്റെ പേര് ജോമോനെന്നാ…കോഴിക്കോട് ആണ് വീട്..”
ഞാൻ എന്നെ പരിചയപ്പെടുത്തി
അവനതെല്ലാം കേട്ടു നിന്നു.. ഒടുക്കം അവിടെ നിന്ന ചിലരോടൊക്കെ ചോദിച്ചു ക്ലാസ്സ് കണ്ടുപിടിച്ചു കേറി
പിന്നെ ഒന്ന് ഫ്രീ ആകാൻ പറ്റിയത് ഉച്ചക്ക് ആയിരുന്നു
അല്പം മണിക്കൂറുകൾ മാത്രം പരിചയമുണ്ടായിരുന്നെങ്കിലും ഞാനും അഖിലും തമ്മിൽ ജന്മങ്ങൾ നീണ്ടു നിന്ന ഒരു ബന്ധം പോലെ തോന്നി
വേറെ കൂട്ടുകാർ ആരും അവിടെ ഇല്ലാത്തത് കൊണ്ടായിരിക്കും.. അവനും അത് പറഞ്ഞു
ഇൻട്രോഡക്ഷൻ ക്ലാസ്സ് ആയത് കൊണ്ട് തന്നെ ഉച്ച കഴിഞ്ഞു ക്ലാസ്സിൽ കേറാൻ നിൽക്കാതെ ഞാൻ പുറത്തേക്ക് പോന്നു
പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ അഖിൽ പിറകിൽ നിന്ന് ഓടി വന്നു
“ജോ ഞാനുമുണ്ട്..”
“നീ എവിടെക്കാ…?
“നിന്റെ ഫ്ലാറ്റിന് അടുത്ത് തന്നെ ഉള്ള ഏരിയയിൽ ആണ് എന്റെ ഹോസ്റ്റലും…എന്നെ ആ വഴിയിൽ വിട്ടാൽ മതി..”
