‘ദാ കണ്ടോളീ..ഇതാണു മ്മളെ സൊന്തം ബീരാനിക്ക.’
ശബ്ദം കേട്ട് ബീരാന്‍ തല തിരിച്ചു നോക്കിയപ്പൊ ദീജയുടെ കൂടെ രണ്ടു പെണ്ണുങ്ങള്‍ വാതിലില്‍ വന്നു നോക്കുന്നു .രണ്ടിനും പത്തമ്പതു വയസ്സില്‍ കൂടുതല്‍ കാണും.എന്നാലും പെണ്ണുങ്ങളുടെ സ്വതവെ ഉള്ള നാണം കൊണ്ടും ആണുങ്ങളുടെ മുന്നില്‍ വരാനുള്ള പേടിയും ചമ്മലും കൊണ്ടും അവിടെ തന്നെ നിന്നതെ ഉള്ളൂ.തട്ടം കൊണ്ടു വാ മറച്ചിട്ടുണ്ടു.
‘ഇക്കാ ഇതൊക്കെ നമ്മുടെ അയല്‍ക്കാരാണു.ഇക്ക കുറേക്കാലത്തിനു ശേഷം വന്നിട്ടുണ്ടെന്നു കേട്ടു കാണാന്‍ വന്നതാണു.’
ബീരാന്‍ അവരെ നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു
‘ന്നെ ങ്ങളൊക്കെ പണ്ടു കണ്ടിട്ടുണ്ടൊ’
‘ഇല്ല ഞങ്ങളു കണ്ടിട്ടില്ല പക്ഷേങ്കിലു കെട്ടിട്ടുണ്ടു..ങ്ങളെവിടായിരുന്നു.’
‘ഞാന്‍ കോയിക്കോട്ടും കാസര്‍കോട്ടും ഒക്കെ ആയിരുന്നു.’
‘ഇനിപ്പൊ ഇവിടെതന്നെ ണ്ടാവൊ..കല്ല്യാണൊക്കെ അല്ലെ.’
‘ആ ഇണ്ടാവും..’
‘ന്നാ ങ്ങളു ഇരിക്കി ഞങ്ങളു പോട്ടെ.വന്നൂന്നറിഞ്ഞപ്പൊ ഒന്നു കാണാന്‍ വന്നതാ’
‘അതിനെന്താ ഇപ്പൊ കണ്ടീലെ’
‘കണ്ടു ങ്കി ശരിന്നാ.’
എന്നും പറഞ്ഞു രണ്ടു പേരും തിരിഞ്ഞപ്പോള്‍ ദീജ അവരേയും കൂട്ടി അടുക്കളപ്പുറത്തേക്കു പോയി.കുറച്ചു കഴിഞ്ഞു ദീജ തിരിച്ചു വന്നിട്ടു പറഞ്ഞു.
‘അതിക്കാ അവരൊക്കെ ഇവിടെ വന്നിട്ടു അഞ്ചാറു കൊല്ലം കഴിഞ്ഞിട്ടെ ഉള്ളൂ അതാ ഇക്കാനെ അറിയാത്തതു.’
‘ഓരെ ഞാനും കണ്ടിട്ടില്ല.’
‘ഇനിപ്പൊ നാട്ടാരൊക്കെ അറിഞ്ഞറിഞ്ഞു വരാന്‍ തുടങ്ങും.പഴെ ആളോള്‍ക്കെല്ലാം ഇക്കാനെ അറിയാം ബാക്കി ഉള്ളോര്‍ക്കു പരിചയപ്പെടുത്തേണ്ടി വരും.’
‘അതിനെന്താവന്നോട്ടെ കണ്ടോട്ടെ.’
‘ഇന്നലെഇങ്ങളു രണ്ടും പോയ സമയത്തു ഞാന്‍ റസിയാനെ വിളിച്ചിരുന്നു.ഓളോടു കാര്യം ഒക്കെ പറഞ്ഞു.ഓളുക്കു പെരുത്തു സന്തോഷായിഓളു വേറെ ഏതൊ ബുക്കിങ്ങിലു പോയതാ ഇന്നു വരും ങ്ങളെ കാണാന്‍.ഓളുക്ക് ഭയങ്കര പൂതിയാണു ഇങ്ങളെ കാണാന്‍.നെയ്‌ചോറൊക്കെ ഇണ്ടാക്കി കോടുക്കണം ന്നൊക്കെ പറഞ്ഞിട്ടുണ്ടു.’
അപ്പോഴാണു റജീന അങ്ങോട്ടേക്കു വന്നതു
‘ഉമ്മ സാധനമൊക്കെ മേടിച്ചു.വാ തുടങ്ങാം’
‘എഹ് ഇയ്യിത് എവിടാരുന്നെടി അന്നെ കണ്ടില്ലാല്ലൊ കൊറെ നേരമായിട്ട്.’
‘ഉപ്പാ ഞാന്‍ പീടികയില്‍ പോയതാ.’
‘അതിക്കാ ഓളെ ഞാന്‍ പീടികയില്‍ പറഞ്ഞു വിട്ടിരുന്നു.ഇന്നുച്ചക്കു നെയ്‌ചോറു ഉണ്ടാക്കാംന്നു കരുതി.’
‘എന്തിനാടി ദീജാ അതൊക്കെ സാധാ ചോറും കറീമൊക്കെ പോരെ.രണ്ടീസം കയിഞ്ഞു ഓളെ കല്ല്യാണത്തിനു നല്ല ബിരിയാണി ഇണ്ടാക്കൂല്ലെ.അന്നു പള്ള നെറച്ചു തിന്നൂടെ.’
‘ഇങ്ങളു വന്നതല്ലെ അയിന്റെ ഒരു സന്തോഷം അത്രന്നെ..ഇന്നലെ പറ്റീലല്ലൊ പിന്നെ റസിയായും പറഞ്ഞു ഇന്നുതന്നെ ഉണ്ടാക്കിക്കൊ ഓളും ഉച്ചക്കു വരാംന്നു.പിന്നതുമല്ല രണ്ടീസം കയിഞ്ഞാ പിന്നെ കല്ല്യാണത്തിന്റെ തിരക്കാവൂല്ലെ ആളും പേരും കൂടും അപ്പൊ ഇണ്ടാക്കാന്‍ പറ്റൂലല്ലൊ.’
‘ന്നാപ്പിന്നെ ഉണ്ടാക്കിക്കൊ ഒക്കെ ഇങ്ങളുടെ ഇഷ്ടം..’
‘ഇക്ക വന്ന സന്തോഷത്തിലു ഇണ്ടാക്കാന്നു ഇന്നലെ തന്നെവിചാരിച്ചതാ. ഇന്നും കൂടി പറ്റീലങ്കി അയിന്റെ പുതുമ പോവൂല്ലെ’
‘ഇണ്ടാക്കിക്കൊ ന്റെ ദീജാ .പക്ഷെ ഇനിക്കത്ര സന്തോഷം തോന്നൂല’
‘അതെന്താ ഇക്ക അങ്ങനെ പറഞ്ഞതു..ഇക്കാക്കു വന്നതു ശരിയായില്ലാന്നു തോന്നണുണ്ടൊ’
‘തോന്നണുണ്ടു ദീജാവരേണ്ടിയിരുന്നില്ലാന്നു തോന്നണുണ്ടു.. ഇത്രയും കാലം നിങ്ങളേയൊക്കെ ഒഴിവാക്കി കളഞ്ഞിട്ടു പോയതല്ലെ .ഇടക്കൊന്നു തിരിഞ്ഞു നോക്കാന്‍ പോലും ഇനിക്കു തോന്നീട്ടില്ല.അന്നു കോയാനെ കണ്ടപ്പൊ ഓന്റെ വര്‍ത്താനം കേട്ടപ്പൊ വെറുതെ ഒന്നു വന്നു നോക്കാമെന്നു കരുതിയാണു വന്നതു.വന്നപ്പൊ നിങ്ങളുടെ സന്തോഷം കണ്ടിട്ടു വിഷമം തോന്നുന്നു.ഈ ജീവിതാണല്ലൊ ഞാന്‍ ഇല്ലാണ്ടാക്കിയതു ന്നൊക്കെ ഓര്‍ത്തിട്ടു ഇനിക്കു മനസ്സിനൊരു തൃപ്തീം കിട്ടണില്ല’
‘ഇതാപ്പൊ വല്ല്യ കാര്യം..ഇക്കാ ഇങ്ങളവിടെ ഇരിക്ക് അതൊന്നും ആലോചിക്കണ്ട..വിഷമം ഇനിക്കും തോന്നീട്ടുണ്ട് കുറേക്കാലം ഇനിപ്പൊ അതിന്റെ കാര്യമില്ല. റിയാസഉം കൂടിയൊന്നു വന്നോട്ടെ.’
‘ഓനു ഇങ്ങളുടെ കാര്യം ഓര്‍മ്മയുണ്ടോന്നറിയില്ല.ന്തായാലും നാളെ വരും.ഒക്കെ നല്ലതിനാന്നങ്ങട്ടു കൂട്ടിയാമതി. അല്ലാണ്ടുപ്പെന്താ ഞാന്‍ പറയാ.’
ഉച്ചക്കു റസിയാ വന്നപ്പോഴേക്കും മൂന്നുമണി ആവാറായിരുന്നു.അപ്പോഴേക്കും എല്ലാവരും നെയ്‌ച്ചോറും കൊഴിക്കറീമൊക്കെ കഴിച്ചിരുന്നു.ബീരാനെ ഉമ്മറത്തു കണ്ടിട്ടു പിന്നേയും മൂന്നാലു പേരു വന്നു കുശലം ചോദിച്ചിരുന്നു.
