അവൻ വേഗം ചോറ്
വാരിക്കഴിച്ചു.. കാർത്തിക ഇളിഭ്യയായി..തമ്പുരാട്ടി വാരിത്താ എന്നവൻ പറയുമെന്നാണ് അവൾ കരുതിയത്.. അവനത് പറയാത്തതിൽ അൽപം നിരാശയുണ്ടായെങ്കിലും അവൻ കഴിക്കുന്നതും നോക്കി കാർത്തികയിരുന്നു..
“തമ്പുരാട്ടി കഴിച്ചോ… ?”..
കുറച്ച് ചോറ് തിന്ന് അവൻ ചോദിച്ചു.. അതോടെ കാർത്തികയുടെ മനസും വയറും നിറഞ്ഞു..
“ഉം… ഞാൻ കഴിച്ചിട്ടാ വന്നത്…”..
ആ പാത്രത്തിലെ ബാക്കിയുള്ള ചോറും അവന്റെ പ്ലേറ്റിലേക്കിട്ട് കൊടുത്തു.. അവൻ മുഴുവൻ കഴിക്കുകയും ചെയ്തു.. അവൾ കൊണ്ട് വന്ന വേദന മാറാനുള്ള ഗുളികയും അവനെ കഴിപ്പിച്ചു..പിന്നെ ദേഹത്തെ മുറിവുകളിലെല്ലാം അവൾ മരുന്ന് പുരട്ടിക്കൊടുത്തു..
“ഇപ്പോ ആശ്വാസം തോന്നുന്നുണ്ടോ… ?”..
“ ഉം… വേദനക്ക് കുറവുണ്ട്…”..
“ തളർച്ചയൊക്കെ മാറിയോ… ?”..
“ഉം…”..
“എന്നാ പറ… ഈ കാല് വേദന മാറിയാൽ എങ്ങോട്ടാ നീ പോവുക… ?”..
ഒരൽപം സന്തോഷം അവന്റെ മുഖത്ത് കണ്ടത് ആ ചോദ്യത്തോടെ അങ്ങ് പോയിക്കിട്ടി..
“എനിക്കറിയില്ല തമ്പുരാട്ടീ…”..
രാജു വേദനയോടെ പറഞ്ഞു..
“ആ സ്വർണം തന്നയച്ച ആൾക്കാർ ഇനി നിന്നെ ഉപദ്രവിക്കോ… ?”..
“അറിയില്ല…അവർക്കാ സ്വർണം തിരിച്ച് കിട്ടിയല്ലോ… ഇനി എന്നെ അന്വോഷിക്കാൻ സാധ്യതയില്ല…”..
“എന്നാ അന്വോഷിക്കും… ഞാൻ മനസിലാക്കിയത് ഈ സംഘങ്ങളൊന്നും ചതി വെച്ച് പൊറുപ്പിക്കില്ലാന്നാ… നിന്നെ തീർച്ചയായും അവരന്വോഷിക്കും… അവരുടെ കയ്യിൽ കിട്ടിയാൽ മറ്റ് രണ്ട് പേരുടേയും അവസ്ഥ തന്നെയായിരിക്കും നിനക്കും… “..
രാജൂന്റെ മുഖത്ത് പേടി നിറഞ്ഞു..
“ നിനക്ക് വീട്ടിലേക്ക് വിളിക്കണോ… ?”..
അവന്റെ കണ്ണ് നിറയുന്നത് കണ്ട് കാർത്തിക ചോദിച്ചു..
“വേണ്ട… ചിലപ്പോ അവർ വീട്ടിലെ നമ്പറൊക്കെ ശ്രദ്ധിക്കുന്നുണ്ടാവും…തമ്പുരാട്ടിക്കത് ബുദ്ധിമുട്ടാവും… “..
അത് ശരിയാണെന്ന് കാർത്തികക്കും തോന്നി.. രണ്ടാളെ
പരസ്യമായി വെടിവെച്ച് കൊന്ന ആ സംഘത്തിന് നല്ല പിടിപാടുണ്ടാവും…
“ ഏതായാലും കുറച്ച് ദിവസം നീ ഇവിടെക്കിടക്ക്… ശരിക്ക് നടക്കാറാവുമ്പോ എന്താ വേണ്ടതെന്ന് നമുക്കാലോചിക്കാം… “..
അവന് സമ്മതിക്കാതെ വേറെ തരമില്ലായിരുന്നു..
“ തമ്പുരാട്ടിക്ക്… ഭർത്താവും… കുട്ടികളും… ?”..
പ്രസന്നതയോടെ തിളങ്ങി നിന്ന തമ്പുരാട്ടിയുടെ മുഖം ഒറ്റയടിക്ക് മങ്ങുന്നത് രാജു കണ്ടു..
“ഇല്ല… “..
കാർത്തിക പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. അത് രാജൂന് ശരിക്ക് മനസിലായില്ല.. ഭർത്താവ് മരിച്ചതാണോ അതോ ഡിവോഴ്സാണോന്ന് അവന് മനസിലായില്ല..
“എന്റെ വിവാഹം… ഇത് വരെ കഴിഞ്ഞിട്ടില്ല… “..
അവന് മനസിലായിട്ടില്ലെന്ന് തോന്നിയ കാർത്തിക വ്യക്തമായിപ്പറഞ്ഞു.. രാജു അൽഭുതത്തോടെ കാർത്തികയെ നോക്കി. അപ്സരസിനെപ്പോലെയുള്ള ഈ സൗന്ദര്യധാമത്തിന്റെ വിവാഹം ഇത് വരെ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞത് അവന് വിശ്വാസമായില്ല..
“തമ്പുരാട്ടീ… അത്…തമ്പുരാട്ടിക്ക്…”..
“ ഉം… മുപ്പത്താറ് വയസായി…ഇത് വരെ വേളി കഴിഞ്ഞില്ല…”..
“ അതെന്താ തമ്പുരാട്ടീ… ?”..
“അതെനിക്കുമറിയില്ല…”..
അതിസുന്ദരിയാണിവർ…
കേട്ടിടത്തോളം ഇട്ട് മൂടാൻ സ്വത്തും..
അതും ഒരു കോലോത്തെ തമ്പുരാട്ടി..എന്നിട്ടും ഇവരെന്താണ് വിവാഹം കഴിക്കാത്തത്..?.
രാജൂന്റെ ഉള്ളിലെ ചോദ്യം കാർത്തികക്കറിയാം..
“എന്റെ ജാതകത്തിൽ മംഗല്യയോഗമില്ല… എനിക്ക് ചൊവ്വാദോഷവുമുണ്ട്… ജാതകപ്രശ്നം പരിഹരിക്കാൻ കുറേ പൂജയൊക്കെ ചെയ്തു… ഒന്നും നടന്നില്ല…”..
രാജു ശരിക്കും ഞെട്ടിയിരുന്നു.. ഇക്കാലത്ത് ചൊവ്വാദോഷം കാരണം കല്യാണം നടക്കാത്തൊരു പെണ്ണിനെ അവൻ ആദ്യമായി കാണുകയായിരുന്നു.. ജാതിയും മതവും പോലും നോക്കാതെ ഇഷ്ടപ്പെട്ടവർ തമ്മിൽ ഒരുമിച്ച് ജീവിക്കുന്ന ഇക്കാലത്ത് ജാതകപ്രശ്നം കൊണ്ട് കല്യാണം നടക്കാതിരിക്കുകയോ..?. ഇവരേത് യുഗത്തിലാണ് ജീവിക്കുന്നത്..?.
“ തമ്പുരാട്ടീ… ഇതൊക്കെ നോക്കുന്ന ആൾക്കാരുണ്ടോ ഇപ്പഴും… ?”..
“ഉം… ഉണ്ട്… കാലമെത്ര പുരോഗമിച്ചാലും
പഴയ ആചാരങ്ങൾ തിരുത്താനൊന്നും അഛൻ തമ്പുരാൻ ഒരുക്കമല്ല…”..
