അജ്ഞാതന്‍റെ കത്ത് – 2 1

” അരവി ഇന്ന് വൈകീട്ട് ഒരു സംഭവം നടന്നു.”

എനിക്ക് വന്ന കത്തിലെ ഉള്ളടക്കം ആദ്യാവസാനം പറഞ്ഞപ്പോൾ അവനുറക്കെ ചിരിക്കാൻ തുടങ്ങി.

” ജേർണലിസ്റ്റാണത്രെ മണ്ടി…..”

അവൻ വീണ്ടും ചിരിച്ചു തുടങ്ങി.

“എടി അത് പറ്റിക്കാനാരേലും ചെയ്തതാവും”

” ആവോ….. എനിക്കറീല്ല അരവി.എന്തോ ചെറിയൊരു ഭയം തോന്നി തുടങ്ങി. “

പിന്നെ കുറേ നേരം മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് അരവിയായിരുന്നു.

” വേദ അതിന്റെ വീഡിയോ ജോണ്ടിയുടെ കൈവശമല്ലേ?”

” ഉം “

“നമുക്കത് സ്റ്റുഡിയോയിൽ വെച്ചിട്ട് പോവാം. നീയവനെ വിളിച്ച് സ്റ്റുഡിയോയിൽ വരാൻ പറ”

ഫോണെടുത്തപ്പോൾ അത് സ്വിച്ചോ ഫായിരുന്നു വീണ്ടും

“അരവീ നിന്റെ ഫോൺ തന്നെ എന്റേത് ചത്തു.

“എടി എച്ചി ആ ഫോണൊന്നു മാറ്റി വാങ്ങരുതൊ? ജാംബവാന്റെ കാലത്തെ സാധനവുമായി ഇറങ്ങിയേക്കാ.”

ഫോൺ തരുമ്പോൾ അവൻ കളിയാക്കി.
” പിന്നേ ജാംബവാനുപയോഗിച്ച ഫോണല്ലെ ഇത്, അസമയത്തെ തമാശ ബോറാ”

തിരിച്ച് മറുപടി കൊടുത്തു ഞാൻ.
ഫോൺ തുറന്നപ്പോൾ 17 മിസ്ഡ് കോൾ ജോണ്ടിയുടേത്.
മനസിൽ എന്തോ അപകടം മണത്തു. തിരികെ വിളിച്ചപ്പോൾ ജോണ്ടിയുടെ ഫോൺ ഔട്ട് ഓഫ് കവറേജ് ഏരിയാ

കാര്യം അരവിയോട് പറഞ്ഞു. എവിടെയോ ഒരു അപകടം മണത്തു.
തിരികെ പോയിട്ട് കാര്യമുണ്ടോ?
അരവി വണ്ടി എടുത്തു, കലൂർ സ്റ്റേഡിയം കഴിഞ്ഞപ്പോൾ മുതൽ പിന്നിൽ ഒരു വൈറ്റ് സ്ക്കോഡ ഫോളോ ചെയ്യുന്നതായി തോന്നി.

“അരവീ നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ടോ എന്നൊരു സംശയം “

” ഉം….. ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ സ്ക്കോഡ അത്താണി മുതൽ നമുക്ക് പിന്നിലുണ്ട്.”

“ഡാ ഏതേലും ഇടവഴി നോക്കി കയറ്റ് “

കലൂരിന്നു റൈറ്റ് കട്ട് ചെയ്ത് പൊറ്റക്കുഴി വഴിതിരിഞ്ഞു.സ്ക്കോഡയും പിന്നാലെ തന്നെ.
മെയിൻ റോഡ് വിട്ട് പോക്കറ്റ് റോഡ് തുടങ്ങി. പിന്നാലെ സ്ക്കോഡ ഇല്ല.
ഭാഗ്യം!
ഇടവഴി ഏതൊക്കെയോ കയറി ഞങ്ങൾ നാഷണൽ ഹൈവേയിൽ കയറി.

” സ്റ്റുഡിയോയിൽ നമുക്ക് പിന്നെ വരാം. ആദ്യം സാമുവേൽ സാറിനെ കാര്യം ധരിപ്പിക്കണം.”

അരവി പറഞ്ഞു.
ലെമെറാഡൂണിൽ എത്തുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു.
പച്ച പട്ടുസാരിയിൽ ഗായത്രി ശിവറാം പാർട്ടിയുടെ കേന്ദ്ര ബിന്ദുവായി ജ്വലിച്ചു നിന്നു.

“എന്താണിത് വേദാ, പാർട്ടിക്കു വരുമ്പോഴെങ്കിലും ഡ്രെസ്സിന്റെ കാര്യത്തിൽ ഒന്നു ശ്രദ്ധിക്കണ്ടെ?”

ഒരമ്മയുടെ കരുതലോടെ പതിയെ ശാസനയായി അവർ ചോദിച്ചു.
ഞാനും അതേപ്പറ്റി അപ്പോഴാണ് ശ്രദ്ധിച്ചത്. ജോണ്ടിയുടെ കാൾ വന്നപ്പോൾ ഒരു പഴയ ജീൻസുമിട്ട് ഇറങ്ങുകയായിരുന്നു.
ഞാനതിനു മറുപടിയായി തല കുലുക്കി ഒന്നു ചിരിച്ചു.
അപ്പോഴാണ് സാമുവേൽസർ അവിടേക്ക് വന്നത്.

” ഹാ ഹാ വെൽകം മൈ ഏയ്ഞ്ചൽ വേദപരമേശ്വർ…….”
സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം എന്നെയും ശേഷം അരവിന്ദിനേയും ആലിംഗനം ചെയ്തു.

” ഇത്രയും ലേറ്റായപ്പോൾ ഞാനോർത്തു ഇനി താൻ ഉരുചുറ്റല് കഴിഞ്ഞെത്തിക്കാണില്ലാ എന്ന്. “

എതിരെ കൊണ്ടുവന്ന ഒരു ഓറഞ്ച് ജ്യൂസ് എടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.

“ഞാൻ ഉച്ചകഴിഞ്ഞപ്പോഴെക്കും എത്തി സർ, അതിനിടയിൽ ഒരു വർക്കും കിട്ടി, പിന്നതിന്റെ പിന്നാലെയായി പോയി. “

“സീ മിസ്റ്റർ അരവിന്ദ് “

സാമുവേൽ സർ അരവിന്ദിനു നേരെ തിരിഞ്ഞു.

“ഇതാണ് മറ്റുള്ളവരിൽ നിന്നും വേദ പരമേശ്വറിനെ വ്യത്യസ്ഥയാക്കുന്നത്. പരമേശ്വറിന്റെ അതേ വീര്യം സ്വഭാവം.”

എതിരെ നടന്നു വരുന്ന ചെറുപ്പക്കാരനെ നല്ല പരിചയം തോന്നി.
അയാൾ സാമുവേൽ സാറിനു ഷേക്ക്ഹാന്റ് കൊടുക്കുമ്പോൾ ചെരിഞ്ഞ് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
മുഖം മുന്നേ എവിടെയോ കണ്ടതായി ഓർത്തെങ്കിലും എവിടെയെന്ന് മാത്രം വ്യക്തതയില്ല.
ചാനലിലെ ന്യൂസ് റീഡർ ചെൽസിസിറിയക്ക് വന്നു അയാളോട് കുശലം പറഞ്ഞപ്പോഴും അയാൾ എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..

അരവിയുടെ ഫോൺ ശബ്ദിച്ചു അവൻ ഫോണുമായി പുറത്തോട്ട് പോയി.

“സാറിനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.”
ഞാൻ സാമുവേൽ സാറിനോട് പറഞ്ഞു.

“കുഴപ്പാണോടോ “

” ഉം….. കുറച്ച് “

Leave a Reply

Your email address will not be published. Required fields are marked *