അജ്ഞാതന്‍റെ കത്ത് – 2

” ശിവേട്ടാ അവിടെ പുതിയതായി രണ്ട് വാടകക്കാർ താമസിക്കുന്നുണ്ട് അവരിലാരെങ്കിലും ആവും.”

പിന്നിൽ ടൈലറുടെ കൂടെയുള്ള സ്ത്രീയുടെ സ്വരം.
ഒടുവിൽ സ്ഥലത്തെത്തി. ഞാൻ പുറത്തിറങ്ങി.ജോണ്ടിയും അരവിയും വണ്ടിയിൽ ഇരുന്നതേ ഉള്ളൂ. എതിരെ സൈക്കിളിൽ വന്ന പയ്യനോട് ഞാൻ ചോദിച്ചു.

” പ്രമീക്ഷയുടെ വീടേതാ ?”

“ഏത് പ്രമിക്ഷ?”

“ഓങ്ങിലപാറ പ്രമീക്ഷ.”

“ഇവിടങ്ങനൊരാളില്ലല്ലോ… അഡ്രസ് മാറിയതാണോ?”

ആ പയ്യന്റെ സ്വരം

” അല്ല. അഡ്രസ് കറക്റ്റ് ആണ്. “

“ഓങ്ങിലപാറയിൽ ആകെ ഏഴ് വീടുകളേ ഉള്ളൂ. രണ്ട് വീടുകൾ തമിഴന്മാരാ അവിടെ സ്ത്രീകളില്ല. പിന്നെയുള്ള വീടുകളിലുള്ളവരെയെല്ലാം എനിക്കറിയാവുന്നതാ. ഇത് തന്നെയാണോ പേര്?”

” ഉം “

“എങ്കിൽ നിങ്ങൾ ഇത് വഴി പോകണം. അവിടെ നാലു വീടുകളുണ്ട്. അവിടെയുള്ള ആർക്കേലും അറിയാമായിരിക്കും. ഇത് വഴി കാറ് പോവില്ല. വാ ഞാൻ കാണിക്കാം”

ഞാൻ അരവിയെ ഇറങ്ങിവരാൻ കണ്ണു കാണിച്ചു.
സൈക്കിൾ സൈഡാക്കി വെച്ച് പയ്യൻ നടന്നു.അവനു പിന്നാലെ ഞങ്ങളും. നടന്നു പോവുന്നതിന്റെ ഇടത് വശത്ത് കുറച്ചുള്ളിലേക്കായൊരു ഓട് വീട്. മുറ്റം നിറയെ പൂക്കൾ നിറഞ്ഞ എനിക്ക് പരിചിതമായ വീട്.വീടിനു ചുറ്റും കവുങ്ങിൻ കഷ്ണങ്ങൾ ചേർത്ത് വേലി കെട്ടിയിരുന്നു.എന്റെ കണ്ണുകൾ മുറ്റത്ത് ചുമര് ചാരിചേർത്തുവെച്ച സൈക്കിളിലെ ടെഡിബിയറിൽ തറച്ചു.
ആരോ എന്നെ സഹായിക്കുന്നുണ്ട്.
മെസഞ്ചറിൽ എനിക്ക് വന്ന അതേ ഫോട്ടോ. Sai Siva എന്ന ഐഡിയിൽനിന്നും ഫോട്ടോ .
ശ്വാസം വിലങ്ങി.
ആ ടെഡിബിയറിന് ഒര് കണ്ണേ ഉണ്ടാവൂ എന്ന തിരിച്ചറിവ് എന്റെ കാലിലേക്ക് ശക്തി പകർന്നു.
ആ വീടിനെ ചൂണ്ടി ഞാൻ ചോദിച്ചു.

” ഈ വീടാരുടേതാ?”

” ഈ വീടാരുടേതാ?”

ഞാൻ വീണ്ടും ചോദിച്ചു.

“ഇത് സജീവേട്ടന്റെ വീടാ. ടൗണിൽ ലാബ് നടത്തുന്ന.”

സജീവ് എന്ന പേര് കേട്ടതോടെ ജോണ്ടിയും അരവിയും എന്നെ നോക്കി.

” അതും ഓങ്ങിലപാറയിൽപെട്ട വീടല്ലേ?”

“അതെ. പക്ഷേ അവരവിടില്ല രണ്ടാഴ്ചയായി ടൂറിലാ. ഇനി ജൂണിലേ വരൂ “

ആ വീടുമായി ഞാൻ അന്വേഷിച്ച് വന്നതിന് എന്തോ ബന്ധമുണ്ട് ഉറപ്പാണ്.
ഇന്നലെ ഈ വീടിന്റെ ചിത്രമെനിക്കയച്ച sai Siva യെ കണ്ടെത്തണം.
ആ വീട് പരിശോധിക്കാതെ ഒന്നിനും ഒരു തീരുമാനമാവില്ല.
എനിക്കൊരുപായം തോന്നി.

” ആ മുറ്റത്ത് നിറയെ ചെടികളാ എനിക്കവയുടെ വിത്തോ കമ്പോ കിട്ടിയാൽ ഉപകാരമായിരുന്നു.

“അതിനിപ്പോ എന്താ? ഇത് നമ്മുടെ സ്വന്തം വീടുപോലെയാ”

പറഞ്ഞു തീരും മുന്നേ ആ പയ്യൻ കവുങ്ങുവേലി തുറന്ന് വീട്ടുമുറ്റത്തേക്ക് നടന്നു.

” അരവീ വീടും പരിസരവും നന്നായി വാച്ച് ചെയ്യണം.”

ഞാൻ അരവിയോട് പതിയെ പറഞ്ഞു.

“എന്താ നിന്റെ പേര്?”

ഞാനാ പയ്യനോട് ചോദിച്ചു.

” അജ്മൽ നിസാൻ “

“നല്ല പേരാണ് കേട്ടോ.തനിക്കഭിനയിക്കാൻ താൽപര്യമുണ്ടോ? ?”

“അഭിനയിക്കാൻ ഇഷ്ടം തന്നെയാ, ഉപ്പ ഉസ്താദ സമ്മതിക്കൂല.”

“ഞങ്ങൾ ചോദിച്ച് അനുവാദം വാങ്ങിയാൽ നീ അഭിനയിക്കുമോ?”

അജ്മലിന്റെ കണ്ണിലൊരു തിളക്കം.

“സത്യം പറഞ്ഞാൽ ഞങ്ങളുടെ വരവിന് രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് പ്രമീക്ഷയെ കാണുക. രണ്ട് ഞങ്ങളുടെ ഫിലിമിന് പറ്റിയ ലൊക്കേഷൻ തപ്പുക.”
പറഞ്ഞത് അരവിന്ദാണ്. നടന്ന് ഞങ്ങൾ വീട്ടുമുറ്റത്തെത്തിയിരുന്നു.

“ആരാ ചേച്ചി ഹീറോ”

” അജ്മൽ ഞങ്ങൾ ഒരു സൗഹൃദ കൂട്ടാഴ്മയിൽ ഉണ്ടാക്കിയ ഈ സിനിമയിലെ എല്ലാ രംഗത്തുള്ളവരും പുതുമുഖങ്ങളാണ്. ഇദ്ദേഹമാണ് സംവിധായകൻ. പിന്നെ കുറേ പുതുമുഖങ്ങളെ കൂടി വേണം.”

അജ്മൽ മുടി കൈയാൽ ഒതുക്കി ഉഷാറായി.

” ഈ വീടിനാണെങ്കിൽ കഥയിൽ നമ്മൾ എഴുതിയ എല്ലാ കാര്യങ്ങളും ഉണ്ട്. “

അരവിന്ദ് കൈകൾ വിരിച്ച്കൊണ്ട് ഫ്രേം പിടിച്ചു.

” അജ്മൽ വീട്ടുടമസ്ഥനുമായി കോണ്ടാക്ട് ചെയ്താലോ?”

അരവി സമർത്ഥമായി കരുക്കൾ നീക്കുവാണ്.

” അത് റിസ്ക്കാണ് ,അവരെ കോണ്ടാക്റ്റ് ചെയ്യാനുള്ള നമ്പറൊന്നും എന്റെ കൈയിലില്ല. ജൂണിൽ തീർത്ഥയുടെ ക്ലാസ് തുടങ്ങുമ്പോഴേക്കും അവരെത്തും. മാത്രവുമല്ല അയൽപക്കവുമായി അവർ അത്രനല്ല അടുപ്പവും ഇല്ലായിരുന്നു. തീർത്ഥയുള്ളതിനാലാ ഞാൻ പോലും അവരോട് അടുത്തത്. മാത്രല്ല ഈ വീടെന്റെ മുത്താപ്പയുടെതാ .

എന്റെ മുഖത്തും നിരാശ.

” അജ്മൽ ഞങ്ങൾ കുറച്ചു സ്റ്റിൽസെടുത്തോട്ടെ?”

അരവിയുടെ ചോദ്യത്തിന്
അജ്മൽ ഉത്സാഹത്തോടെ മറുപടി നൽകി.

” അതിനെന്താ സാറേ….”

ഞാൻ ജോണ്ടിക്ക് കണ്ണുകളാൽ നിർദേശം നൽകി.
അവൻ ക്യാമറയുമായി വീടിനു ചുറ്റും നടന്നു.
അവന്റെ പിന്നാലെ അരവിന്ദും.
ഞാനാ ഒറ്റക്കണ്ണുള്ള ടെഡിയെ നോക്കി കാണുവാരുന്നു.

“എന്താ മേഡത്തിന്റെ പേര്?”

അജ്മൽ എന്റെ പിന്നാലെ കൂടി

“വേദ .”

പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“എനിക്ക് നിങ്ങളെ എവിടെയോ കണ്ടതായി ഓർമ്മ വരുന്നുണ്ട്. “

” ഒരാളെ പോലെ ഏഴ് പേരുണ്ട് അജ്മൽ.”

അരവി പെട്ടന്ന് നടന്നു വന്നു.

“ഇവിടുത്തെ സാറിന് എന്താ ജോലി അജ്മൽ?”

“അവർക്ക് ലാബാണ്.പാലക്കാട് ജില്ലാഹോസ്പിറ്റലിനടുത്ത് തീർത്ഥം ലാബ് സജീവ് സാറിന്റെയാ.സാറും വൈഫും കൂടിയാ അത് നടത്തുന്നത്. “

” അവരിവിടെ താമസം തുടങ്ങീട്ടെത്ര നാളായി?”
അരവിന്ദിന്റെ ചോദ്യങ്ങളിൽ നിന്നും എന്തോ ഒന്ന് അവന്റെ മനസിലുണ്ടെന്ന് ബോധ്യമായി.

“മൂന്ന് മാസത്തോളമായി കാണും. ആദ്യം താമസിച്ചത് കൊഴിഞ്ഞാമ്പാറയിലാ. പിന്നെ അവരുടെ നമ്പർ വേണമെങ്കിൽ ലാബിൽ ചോദിച്ചാൽ മതി.”

” ലാബ് തുടങ്ങീട്ട് എത്ര നാളായി?”

“ഒരു വർഷമായിക്കാണും”

എന്റെ പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്തു.
അരുൺ കരുണൻ
കൂടെ പഠിച്ചിരുന്നതാ.ഞാൻ ഫോണുമായി ഇടവഴിയിലേക്കിറങ്ങി സംസാരിച്ചു.

പിന്നെ തിരികെ ചെന്നു പറഞ്ഞു.

” അത്യാവശ്യമായി തിരിച്ച് പോകണം, വേറെയും കാര്യങ്ങളുണ്ട്.നീ ഈ നമ്പറിൽ വിളിക്കണം”

ഞാൻ എന്റെ നമ്പർ പറഞ്ഞു കൊടുത്തു.

“പിന്നെ ഫിലിമിന്റെ കാര്യങ്ങൾ ഒകെ ആവുംവരെ ഈ കാര്യം ആരോടും പറയണ്ട.”

കാറിൽ കയറുമ്പോൾ അരവിന്ദ് അജ്മലിന് നിർദ്ദേശം നൽകി.
കാർ കുറച്ചു നീങ്ങി കഴിഞ്ഞപ്പോൾ അരവിന്ദ് കർച്ചീഫിൽ പൊതിഞ്ഞ ഒരു സിറിഞ്ച് പുറത്തെടുത്തു.

“വേദ ഇതുപോലെ പത്തമ്പത് സിറിഞ്ചുകൾ ആ വീടിന്റെ പിന്നിലെ വരാന്തയിലുണ്ട്.”

“അതിലെന്തിരിക്കുന്നു? അവർ ലാബിലെ വെയ്സ്റ്റ് കൊണ്ടിട്ടതാവും.”

“നെവർ വേദ, ലാബിലെ വെയ്സ്റ്റല്ല അത് എനിക്കുറപ്പുണ്ട്. നീയീ സിറിഞ്ച് കണ്ടോ ഇതിന്റെ സൈസിൽ വളരെ വ്യത്യാസമുണ്ട്.ഇത്തരത്തിൽ ഒന്നിത് വരെ ഞാൻ കണ്ടിട്ടില്ല.?”

അരവിന്ദ് പറഞ്ഞത് ശരിയായിരുന്നു.
അതിന്റെ ഘടനയിൽ ഒത്തിരി വ്യത്യാസമുണ്ടായിരുന്നു.

“നമുക്കിത് സോനയെ കാണിച്ചു നോക്കാം. അവൾക്ക് ചിലപ്പോൾ എന്തേലും തരത്തിൽ സഹായിക്കാൻ പറ്റുമാരിക്കും.
സോന ഗൈനക്കോളജിസ്റ്റാണ്.
തീർത്ഥം ലബോറട്ടറിയിൽ ആദ്യം അന്വേഷിക്കാം.”

Leave a Reply

Your email address will not be published. Required fields are marked *