അജ്ഞാതന്‍റെ കത്ത് – 2

പിന്നെ എഴുതിയത് ജനവരി 29 സൺഡെ.
ഇന്ന് സന്ധ്യയ്ക്ക് അപ്പയുടെ രണ്ട് സുഹൃത്തുക്കൾ വന്നിരുന്നു. അപ്പയുമായി അവർ വഴക്കിട്ടു.
അപ്പയെ അവർ തല്ലാൻ നോക്കി. ഞാനും അമ്മയും കരഞ്ഞു.മാർച്ച് 6ന് അവർ വരുമെന്ന് പറഞ്ഞിട്ടാ പോയത്.

ഫിബ്രവരി 10 വെള്ളി
അപ്പ നന്നായി മദ്യപിച്ചിരുന്നു.എല്ലാ പ്രശ്നങ്ങൾക്ക് കാരണം അമ്മയാണെന്നും പറഞ്ഞ് അമ്മയെ കുറേതല്ലി. ഞാൻ കരഞ്ഞു.
പിന്നീടുള്ള പേജുകളെല്ലാം ശൂന്യമായിരുന്നു.

മാർച്ച് 5 ഞായർ
അതിനകത്ത് വരച്ച മൂന്ന് ചിത്രങ്ങൾക്ക് മീതെ അപ്പ, തീർത്ഥ, അമ്മ എന്നീ അക്ഷരങ്ങൾക്കു മീതെ ചീറ്റിത്തെറിച്ച രക്തത്തിന്റെ പാട്.

ആരാണീ തീർത്ഥ?
കുഞ്ഞിമാളുവും തീർത്ഥയും ഒരാളാണോ?
അവളുടെ ഡയറിയിലെ രക്തത്തിന്റെ പാട് ആരുടേതാണ്.
ഈ കത്ത് ഇവർ എന്റെ പേരിൽ തന്നെ അയക്കാനുള്ള കാരണം എന്താവും?
ഇതേ സമയം വിഷൻ മീഡിയയുടെ തൊട്ടടുത്ത പാർക്കിംഗിൽ വൈറ്റ്സ്ക്കോഡ ആരെയോ കാത്തെന്ന പോലെ നിൽപുണ്ടായിരുന്നു.സ്ക്കോഡയുടെ സ്റ്റിയറിംഗിൽ താളം മുട്ടുന്ന ഒരു സ്ത്രീയുടെ ഇടത്തെ കൈയും. ആ കൈകളിലെ വിരലുകളിലൊന്നിൽ സജീവ് എന്ന പേരു പച്ചകുത്തിയിരുന്നു….

നെഞ്ചിലൊരു നെരിപ്പോടായി ആ ഡയറി.
പാർട്ടി തീരാൻ ഇനിയും സമയമുണ്ട് പക്ഷേ ഇനി വയ്യ.

“നമ്മളെന്താടാ ചെയ്യാ?”

ഞാൻ അരവിയെ നോക്കി.

“ഒന്നുകിൽ ഇതിന്റെ പിന്നാലെ പോവുക. അല്ലെങ്കിൽ ഇങ്ങനെയൊരു കാര്യം കണ്ടില്ലെന്നു നടക്കുക.”

” എങ്ങനെയാ അരവി കണ്ടില്ലെന്നു നടിക്കുക?”

” എങ്കിൽ നീ പോയി തല വെച്ച് കൊടുക്ക് എത്ര കിട്ടിയാലും പഠിക്കാത്ത നിന്റെ സ്വഭാവമാണ് മാറ്റേണ്ടത്. “
അരവി ചൂടായി. അവൻ പറയുന്നത് ശരിയാണെന്ന് എനിക്കും അറിയാമായിരുന്നു. പക്ഷേ എനിക്കതിനു കഴിയില്ല.

“ജോണ്ടി നാളെ നമുക്കൊരിടം വരെ പോവണം.”

എവിടെയാണെന്നവൻ ചോദിച്ചില്ല.

” അരവീ എനിക്കെന്തായാലും ഇന്ന് ഫംഗ്ഷന് ഇനി പറ്റില്ല. എന്നെയൊന്ന് വീട്ടിൽ വിടാമോ?”

ഒരു ടാക്സിയിൽ ഞങ്ങൾ യാത്ര തിരിച്ചു.
പരസ്പരം ആരും സംസാരിച്ചില്ല. വീടിനു മുമ്പിൽ ഇറങ്ങുമ്പോൾ ഞാൻ ജോണ്ടിയോട് പറഞ്ഞു.

“ജോണ്ടി കാലത്ത് അഞ്ച് മണിയാകുമ്പോൾ ഇവിടെത്തണം. “

അത്താഴത്തിന് മുമ്പിലിരിക്കുമ്പോൾ വിശപ്പ് കെട്ടിരുന്നു. എങ്കിലും ഒരു ചപ്പാത്തി കഴിച്ചു.
മുറിയിലെത്തി . ഒത്തിരി പ്ലാനിംഗ് ഉണ്ട്.
ഡയറി അയച്ച ഫ്രം അഡ്രസ്സ് തിരക്കിയിറങ്ങണം, പിന്നെ തീർത്ഥ.
എന്തോ എവിടെയോ ഞാൻ കണക്റ്റായി കിടക്കുന്നുണ്ട്.
മെസഞ്ചറിൽ ഒരു മെസ്സേജ് വന്നു.
ഞാൻ ഓപൺ ചെയ്തു.
ഒരു Sai Siva
ഒരു ഇമേജാണ്, ഒരു ചെറിയ ഓടിട്ട വീടിന്റെ.
മനോഹരമായ ആ വീടിന്റെ മുന്നിൽ നിറയെ പലതരത്തിലും വർണത്തിലുമുള്ള പൂക്കളുണ്ടായിരുന്നു.
വീടിനോട് ചേർത്തുവെച്ച ഒരു ചെറിയ സൈക്കിൾ. സൈക്കിളിന്റെ മീതെ ഒരു ടെഡിബിയർ. സൂം ചെയ്ത് നോക്കിയപ്പോൾ ആ ടെഡിബിയറിനു ഒരു കണ്ണു മാത്രമേ ഉള്ളൂ എന്ന് മനസിലായി.
അപരിചിതരയക്കുന്ന മെസ്സേജിന് മറുപടി കൊടുക്കാറില്ല.
നെറ്റ് ഓഫ് ചെയ്തിട്ട് തലയിണ ക്രാസിയിൽ ചാരി ഇരുന്നു. എതിരെയുള്ള ചുമരിൽ അമ്മയ്ക്കും അച്ഛനുമൊപ്പം ഞാൻ സെറ്റിയിലിരിക്കുന്ന ഒരു ഫോട്ടോ .
അച്ഛനായിരുന്നു എല്ലാത്തിന്റേയും ഗുരു.ആദർശങ്ങളിൽ മുറുക്കിപ്പിടിച്ച അഡ്വക്കേറ്റ് പരമേശ്വരൻ
ജേർണലിസം ചെയ്യണമെന്നു പറഞ്ഞപ്പോൾ അമ്മയേക്കാൾ സപ്പോർട്ട് ചെയ്തത് അച്ഛനായിരുന്നു.അഡ്വക്കേറ്റ് ദമ്പതികളുടെ മകൾ ജേർണലിസ്റ്റാവുന്നതിൽ അമ്മയുടെ കുടുംബക്കാരിൽ പലർക്കും ഇഷ്ടമായില്ല.
എന്തിനും ശക്തി തന്നത് അച്ഛനുമമ്മയും തന്നെയായിരുന്നു. അച്ഛനുണ്ടായിരുന്നെങ്കിൽ എന്റെ പ്രശ്നങ്ങൾ ഇത്രയധികം സങ്കീർണമാവില്ലായിരിക്കും.
ഇടതും വലതും ഓരോ തലയിണവെച്ച് അച്ഛനുമമ്മയും ആണെന്ന് സങ്കൽപിച്ച് ഞാനുറങ്ങി.
പുലർച്ചെ ഉണർന്ന് റെഡിയാകുമ്പോൾ ഗേറ്റിൽ ബൈക്കിന്റെ ഹോണടി ശബ്ദം തകർക്കുന്നു.

“സുനിതേച്ചീ…. ജോണ്ടിയാവും ഗേറ്റ് തുറന്നുകൊടുക്ക്.”

ഇറങ്ങാൻ സമയം ലേറ്റായി.5.17 കഴിഞ്ഞിട്ടുണ്ട്.
” സുനിതേച്ചീ ഞാനിറങ്ങു വാ “

“അപ്പൂ നീ കഴിച്ചില്ലല്ലോ?”

സുനിത പരാതി.

” സമയമാവണല്ലേയുള്ളൂ, വഴീന്ന് കഴിച്ചോളാം. ചേച്ചി കാറിന്റെ കീയെടുത്ത് ജോണ്ടിയുടെ കൈയിൽ കൊടുക്ക്.”

ബേഗിലേക്ക് ലാപ്ടോപ്പ് കുത്തിക്കയറ്റുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“എനിക്ക് മാത്രമായി എന്തിനാ വച്ചുണ്ടാക്കുന്നത്.? ഞാനിനി വച്ചുണ്ടാക്കുന്നത് നിർത്തി “

കീയുമെടുത്ത് സിറ്റൗട്ടിലേക്ക് പോകുമ്പോൾ സുനിത പിറുപിറുത്തു.
സുനിതയോട് പറഞ്ഞ് തിടുക്കപ്പെട്ട് ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.

” എങ്ങോട്ടാ വരദാ മാഡം?”

ശബ്ദം കേട്ട് ഞെട്ടി.അരവിന്ദിന്റെ ശബ്ദം. ഡ്രൈവിംഗ് സീറ്റിൽ അരവി.
സന്തോഷം തോന്നി വല്ലാതെ. ഇന്നോളം എല്ലാത്തിനും കൂടെയുണ്ടാവുന്ന സൗഹൃദം ഒരിക്കൽ കൂടി തെളിയിച്ച് അരവിന്ദ്.
പിന്നിലിരിക്കുന്ന ജോണ്ടിയുടെ കൈകളിലേക്ക് ബേഗ് നൽകി ഞാൻ പറഞ്ഞു.

” പാലക്കാട് “

” എനിക്കറിയാരുന്നു. പ്രമീക്ഷയ്ക്ക് പിന്നാലെ ല്ലെ?”

“അതെ. ആ അഡ്രസ്സ് മാത്രമാണ് മുന്നിലുള്ള കച്ചിത്തുരുമ്പ് .അതിൽ നിന്നും തുടങ്ങണം. എന്തിന്? ആര്? എന്നെല്ലാം”
ഷൊർണൂർ കഴിഞ്ഞപ്പോൾ ചെറുതായി മഴ തുടങ്ങി. വരണ്ടുണങ്ങിയ നിളയുടെ മാറ് ഇനിയും പിറക്കാത്ത മക്കൾക്കായ് കാത്തു തുടങ്ങിയിരുന്നു.
നീരു വറ്റിയ മണൽത്തരികൾ ആർത്തിയോടെ മഴമേഘങ്ങളെ നോക്കി.
പാലക്കാട് എത്തിയപ്പോൾ പത്ത് കഴിഞ്ഞു.

“വേദ ഇനിയെങ്ങോട്ടാ?”

അരവിയുടെ ചോദ്യം.

“കടുക്കാംകുന്ന്. അതിനു മുന്നേ നമുക്കെന്തെങ്കിലും കഴിക്കാം.”

എതിരെയുള്ള ചെറിയ ഹോട്ടലിൽ നിന്നും ചായയും ദോശയും കഴിച്ച് വീണ്ടും യാത്ര തിരിച്ചു.
മുന്നോട്ട് പോവുംതോറും ഗ്രാമത്തിന്റെ പച്ചപ്പുണങ്ങിയ കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ കണ്ടു.

എതിരെ വന്ന ഒരാളോട് പ്രമീക്ഷയുടെ വീട് ചോദിച്ചു.
അയാൾ അറിയില്ലെന്ന് പറഞ്ഞിട്ട് പോയി.
ചെറിയ ഒരു ജംഗ്ഷനിൽ വണ്ടി നിർത്തി. നാലോ അഞ്ചോ കടകൾ, അവയിൽ ടൈലർ ഷോപ്പും റേഷൻ കടയും ഉൾപ്പെടും.
ഒരു കടയ്ക്ക് മുന്നിൽ കുറേ ചാവാലിപ്പട്ടികൾ, ചുവന്ന പട്ടുചുറ്റിയ ഒരു കോമരക്കാരൻ മുറുക്കാൻ ചുരുട്ടുന്നു, ടൈയ്ലർ ഷോപ്പിൽ ഒരു പുരുഷനും സ്ത്രീയുമിരുന്ന് തയ്ക്കുന്നു.

“ചേട്ടാ ഓങ്ങിലപ്പാറയ്ക്ക് ഏത് വഴി പോവണം.?”

“ദോ ആ കാണുന്ന പഞ്ചായത്ത് കിണറിന്റെ ഭാഗത്തേക്ക് പോയാൽ വലത്തോട്ട്….. നിങ്ങളെവിടുന്നാ?”

സത്യം പറയണോ എന്നറിയില്ല

” ഷൊർണൂരിൽ നിന്നും വരികയാ പ്രമീക്ഷയുടെ സുഹൃത്തുക്കളാ ഞങ്ങൾ “

” പ്രമീക്ഷയോ?!……….. അതാരാ?”

“ഞങ്ങൾ ഷൊർണൂരിൽ ഒരു കല്യാണത്തിന് പരിചയപ്പെട്ടതാ. എന്റെ കല്യാണം ക്ഷണിക്കണം.”

ടൈയ്ലർ ചേട്ടൻ ചിന്തയിലായി. ഞാനിറങ്ങി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *