അജ്ഞാതന്‍റെ കത്ത് – 2

“നമ്മളന്വേഷിച്ച തീർത്ഥ ജീവിച്ചിരിപ്പില്ലെന്നു എന്റെ മനസു പറയുന്നു ചേച്ചി. “

ജോണ്ടി പിന്നിൽ നിന്നും പറഞ്ഞു.

“കരിനാക്ക് വളയ്ക്കാതെ നീയവിടുന്നെടുത്ത പിക് എല്ലാം ലാപിലേക്ക് കോപ്പി ചെയ്.”
ജില്ലാ ഹോസ്പിറ്റലിനടുത്തുള്ള ലാബ് ആയതിനാലും, ഒരു സ്റ്റാഫ് മാത്രമായതിനാലും തീർത്ഥത്തിൽ തിരക്ക് കൂടുതലായിരുന്നു.

കാറിൽ നിന്നിറങ്ങാൻ നോക്കിയ എന്നെ അരവി തടഞ്ഞു.

” നീയിറങ്ങണ്ട. നാട്ടിൻ പുറത്തുള്ളവരല്ല സിറ്റിയിൽ. നിന്നെ ചിലപ്പോൾ തിരിച്ചറിയും.”

എന്റെ മറുപടി കാക്കാതെ അവൻ ലാബ് ലക്ഷ്യം വെച്ചു നടന്നു.
രണ്ട് മൂന്ന് മിനിട്ടിനു ശേഷം ഒരു വിസിറ്റിംഗ് കാർഡുമായി വന്നു.

” നമ്പർ കിട്ടി, പക്ഷേ വിളിച്ചാൽ കിട്ടില്ലെന്നാ ആ പെൺകുട്ടി പറഞ്ഞത്. ടൂറിൽ സജീവ്.മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലത്രെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മെയിൽ ചെയ്യലാണ് പതിവെന്ന്.”

“വഴികളെല്ലാം അടഞ്ഞുപോവുകയാണല്ലോ അരവി “

എന്നിൽ നിരാശ ബാധിച്ചു.

” ഒന്നടഞ്ഞാൽ ഒൻപതെണ്ണം തുറക്കും വേദ. നമുക്ക് നോക്കാടോ. നമുക്കെന്തായാലും കൊഴിഞ്ഞാമ്പാറ വരെ പോവാം. ഞാൻ സജീവിന്റെ കൊഴിഞ്ഞാമ്പാറയിലെ അഡ്രസ് ചോദിച്ചു മനസിലാക്കിയിട്ടുണ്ട്. “

ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു.
ഒന്നു മയങ്ങണമെന്നുണ്ടായിരുന്നെങ്കിലും ചിന്തകൾ മനസിനെ മഥിച്ചു.

“ചേച്ചീ ആ വീടിനകത്ത് ഒരാൾ മരിച്ചു കിടക്കുന്നു.”

ജോണ്ടിയുടെ ശബ്ദം ചിന്തകൾ മുറിച്ചു.

ലാപിൽ അവനെടുത്ത തീർത്ഥത്തിലെ വീഡിയോ കാണുകയായിരുന്നു അവൻ.
അരവി വണ്ടി സൈഡൊതുക്കി നിർത്തി. ഞാനവനിൽ നിന്നും ലാപ് വാങ്ങി.
തുറന്നു കിടക്കുന്ന ജനൽ പാളിക്കകത്തേയ്ക്ക് ക്യാമറ കയറ്റിവെച്ച് എടുത്തതാണെന്നു തോന്നുന്നു. ക്യാമറ ഡൈനിംഗ് ഹാളിലേക്കാണ്.
പാതിഡൈനിംഗ് ടേബിളും , ചെയറും ഫ്രിഡ്ജിന്റെ ഒരു സൈഡും ടേബിളിലെ നിരത്തി വെച്ച ഒന്നു രണ്ട് പാത്രങ്ങൾക്കൊപ്പം ഒരു ന്യൂസ് പേപ്പറും.കൂടാതെ പാതി തുറന്ന ഒരു ബെഡ് റൂം വാതിലിലൂടെ ബെഡിന്റെ കാൽ ഭാഗം കാണാം.

” ഇതിലെവിടെയാ ജോണ്ടി?”

” ചേച്ചി 3 മിനിട്ട് 17 സെക്കന്റ്. “

” അതിൽ ആരുമില്ലാല്ലോ…..”
അരവി എത്തി നോക്കി പറഞ്ഞു.
” ചേച്ചി ബെഡ്റൂം സൂം ചെയ്”

അത് പോലെ ചെയ്തു. അവൻ പറഞ്ഞത് ശരിയാണ്. ബെഡിൽ രണ്ട് കാലുകൾ, കാലുകൾ എന്നു മുഴുവനായും പറയാൻ പറ്റില്ല, കാൽപാദം…
തൊണ്ട വരണ്ടു.
അതിനകത്ത് ആ ഫാമിലിയിലുള്ള ആരോ ഒരാളുണ്ട് അയാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ?
ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ ഞങ്ങളെ കണ്ടു കാണും അതുറപ്പ്.
ആ വീട്ടിൽ രണ്ടാഴ്ചയായി ആൾ താമസമില്ലാ എന്ന് അജ്മൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ….
തല പെരക്കുന്നുണ്ടായിരുന്നു.
ചിന്തകൾ കാടുകയറി ലാപ് അരവി വാങ്ങി, ഞങ്ങൾക്കെതിരെ വന്ന വാഹനം ഞങ്ങളാരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ആ വാഹനത്തിലെ ഡ്രൈവർ എന്നെ ശ്രദ്ധിച്ചിരുന്നു. ഞങ്ങളെ കടന്ന് പോയ ആ വാഹനം സൈഡ് മിററിലൂടെ ഞങ്ങളുടെ കാർ ശ്രദ്ധിച്ചിരുന്നു.
സ്റ്റിയറിംഗിൽ താളമിട്ട കൈകളിൽ സജീവ് എന്ന പേര് പച്ചകുത്തിയിരുന്നു. അതൊരു കർണാടക റജിസ്ട്രേഷനുള്ള വൈറ്റ്സ്ക്കോഡ ആയിരുന്നു.
തുടരും

Leave a Reply

Your email address will not be published. Required fields are marked *