അജ്ഞാതന്‍റെ കത്ത് – 5

“സർ,എന്തെങ്കിലും ന്യൂസ്?”

രണ്ടും കൽപിച്ച് ഞാൻ ചോദിച്ചു.

” ഉം….. സുനിതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. പ്രതീക്ഷിക്കാത്ത പലതും അതിലുണ്ട്.”

“സർ തെളിച്ചു പറ”

” ഭർത്താവു മരിച്ചിട്ട് വർഷങ്ങളോളമായ സുനിതയുടെ ഗർഭപാത്രത്തിൽ ആഴ്ചകൾ പ്രായമുള്ള ഭ്രൂണമുണ്ടായിരുന്നു “

ഞെട്ടൽ തോന്നിയെനിക്ക് അഞ്ച് വർഷമായി കൂടെയുണ്ടായിരുന്ന വിശ്വസ്ഥയായ ജോലിക്കാരി .

” അതു മാത്രമല്ല അവളുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റിയിട്ടുണ്ടായിരുന്നു. ആന്തരാവയവങ്ങളിൽ ഹൃദയം കിഡ്നി ചെറുകുടൽ തുടങ്ങിയ ഉണ്ടായിരുന്നില്ല.ഷോൾഡറിന്റെ പിൻഭാഗത്ത് ആഴത്തിൽ മുറിവുണ്ടായിട്ടുണ്ട്. കഴുത്തിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവമാണ് മരണകാരണം.”

തരിച്ചിരിക്കാനെ എനിക്കു കഴിഞ്ഞുള്ളൂ .എന്റെ അതേ അവസ്ഥയിൽ തന്നെയായിരുന്നു അരവിയും.

“പിന്നെ ഒരു കാര്യം ഞാനെന്തായാലും മുരുകേശനെ ഒന്നു തപ്പട്ടെ.അതിനു മുന്നേ നിങ്ങൾ ഞാനുമായി കോൺഡാക്റ്റ് ചെയ്യാൻ ഇനി മുതൽ ഈ ഫോൺ മാത്രം ഉപയോഗിക്കുക. ഇതിൽ നിന്നു എന്നെ മാത്രമേ വിളിക്കാവൂ. ഞാൻ ആരാണെന്ന ചോദ്യത്തിന് നിങ്ങളുടെ സുഹൃത്ത് എന്ന മറുപടി മാത്രമേ ആർക്കും നൽകാവൂ.”

മുന്നിലേക്ക് രണ്ട് ഫോണുകൾ നീട്ടിയാണ് അലോഷ്യസ് പറഞ്ഞത്.

“എതിരാളികൾ ചില്ലറക്കാരല്ലാത്ത സ്ഥിതിക്ക് നിങ്ങളുടെ ഫോൺ കോളുകൾ ചോർത്തിയെടുക്കാൻ സാദ്ധ്യതയുണ്ട്.. “

അലോഷ്യസ് പോയി കുറേ നേരം കഴിഞ്ഞിട്ടും ഞാനതേ പോലെ തന്നെ ഇരിക്കുകയായിരുന്നു.അരവിയിൽ അന്നുവരെ ഇല്ലാത്ത ഒരു ഭയം ഞാൻ കണ്ടു.

“നിനക്ക് പേടിയുണ്ടോടാ ?”

” പേടിയല്ലടി, അവരുടെ ലക്ഷ്യമെന്താണെന്നറിയാഞ്ഞിട്ടുള്ള ഒരു എന്താ പറയാ…… “

ഞാൻ കൈയെടുത്തു തടഞ്ഞു.

“മതി മതി ഉരുളണ്ട. സുനിത ഒന്നുകിൽ അവർക്കൊപ്പം നിന്നു നമ്മളെ ചതിച്ചു അല്ലെങ്കിൽ നിർബന്ധിതയായതാവാം. അതിന്റെ ശിക്ഷ മരണമായി വാങ്ങി”

അരവി വെറുതെ കേട്ടിരുന്നതേ ഉള്ളൂ.

” അരവി നമുക്കാ അലമാര തുറക്കാൻ ശ്രമിക്കാം. ചിലപ്പോൾ എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടിയാലോ?”

അവന്റെ കണ്ണിലും ഒരു പ്രതീക്ഷ. ഞങ്ങൾ പലതരത്തിൽ ശ്രമിച്ചു നോക്കി.ഒടുവിൽ നേർത്ത ചെറിയ അലൂമിനിയം കമ്പി വളച്ച് തിരിച്ച് ഒരു വിധത്തിൽ അലമാര തുറന്നു.
വൃത്തിയായി മടക്കി വെച്ച തുണിത്തരങ്ങൾ, പാതി തീർന്ന ഒരു സ്പ്രേ ബോട്ടിൽ, ഒരു ഡയറി, ഫെഡറൽ ബാങ്കിലെ പാസ് ബുക്ക് ഉണങ്ങിയ ആലിലയിൽ ക്ഷേത്രത്തിലെ കളഭവും പൂവും, ഒരു ഷോൾഡർ ബാഗിൽ കുറച്ചു റ്റ്പഴന്തുണി, ചില്ലറത്തുട്ടുകളിടുന്ന ഒരു കാശുകുടുക്ക, ഒരു സ്പടികപാത്രത്തിന് സമാനമായ സിന്ദൂരച്ചെപ്പ്,കൂടാതെ ഒരു തലയാട്ടും തഞ്ചാവൂർ ബൊമ്മയും, കളിമണ്ണിൽ തീർത്ത ഒരു വിളക്കേന്തിയ വനിതയുടെ പ്രതിമയും.
വിളക്കേന്തിയ വനിത ഞാൻ തന്നെയാണ് സുനിതയ്ക്ക് നൽകിയത്. നൽകിയതല്ല ദൂരെ കളയാൻ വേണ്ടി കൊടുത്തതാണ്.
ആ പ്രതിമയിൽ അച്ഛന്റെയും അമ്മയുടേയും രക്തമുണങ്ങിക്കിടപ്പുണ്ട്.
ആക്സിഡണ്ട് നടക്കുമ്പോൾ കാറിലുണ്ടായിരുന്നതാണ് അത്.
കണ്ണ് നിറയുന്നുണ്ട്.

ഡയറിയിൽ ഒന്നുമെഴുതിയിട്ടില്ല. 35 വയസു തോന്നിരുന്ന യുവാവിന്റെ പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.മരണപ്പെട്ട ഭർത്താവായിരിക്കാം.പാസ് ബുക്ക് ഞാൻ നോക്കി രണ്ടു മാസം മുന്നേ എടുത്ത എക്കൗണ്ട് .

അരവിയുടെ കൈ തട്ടി സിന്ദൂരചെപ്പ് തറയിലേക്കുരുണ്ടു വീണു. ഉരുണ്ടുരുണ്ടവ അലമാരയ്ക്ക് കീഴേക്ക് പോയി.അരവിയത് കുനിത്തെടുക്കാൻ ശ്രമിച്ചു. അലമാരയുടെ താഴെക്ക് കൈ നീട്ടി. കൈ പിൻവലിച്ചപ്പോൾ അവന്റെ കൈയിൽ സുനിതയുടെ ഫോണിന്റെ ഫ്രണ്ട് ഭാഗവും ബാറ്ററിയും ഉണ്ടായിരുന്നു.
ഒന്നുകൂടി തപ്പിയപ്പോൾ സിമ്മും പിന്നിലെ കേയ്സും കൂടി കിട്ടി. ഫോൺ നാല് പാർട്ടായി പോകണമെങ്കിൽ ശക്തമായി തെറിച്ച് വീഴണം. അതിനർത്ഥം ഈ മുറിയിൽ വെച്ച് പിടിവലി നടന്നിട്ടുണ്ടാവും അപ്പോഴാവും ഫോൺ തെറിച്ച് പോയത്.സിമ്മും ബാറ്ററിയും നന്നായി ചെയ്യ് സെറ്റ് ഓൺ ചെയ്തു. അതിലെ കാൾ ലിസ്റ്റ് പരിശോധിച്ചു.
ലാസ്റ്റ് ഇൻകമിംഗും ഔട്ട് ഗോയിംഗൂം ഒരേ നമ്പർ.

“ഈ നമ്പർ നിനക്ക് പരിജയമുണ്ടോ?”

അവസാനം 144 വരുന്ന Devendhran എന്ന് സേവ് ചെയ്ത നമ്പർ കാണിച്ച് അരവിന്ദ് ചോദിച്ചു. ഇല്ലെന്ന് ഞാൻ തലയാട്ടി.

” ഈ നമ്പറിലേക്കാണ് ഇതിൽ നിന്നും കൂടുതൽ കോളുകൾ പോയിട്ടുള്ളത്. പക്ഷേ കാൾ ഡ്യൂറേഷൻ ഒന്നോ രണ്ടോ മിനിട്ടേ ഉള്ളൂ.”

“നീ ദീപ്തിയോട് ഇതിന്റെ ഡീറ്റയിൽസ് എടുത്തു തരാൻ പറ”

വോഡാഫോണിൽ വർക്ക് ചെയ്യുന്ന അരവിയെ ഇഷ്ടമുള്ള ഒരു പെൺകുട്ടിയാണ് ദീപ്തി.തിരിച്ചായിഷ്ടം അവനില്ലെങ്കിലും പലപ്പോഴായി ഇതുപോലുള്ള സഹായങ്ങളുടെ പേരിൽ ഞങ്ങളാ ഇഷ്ടം മുതലെടുത്തിട്ടുണ്ട്.

“സുനിതയുടെത് വോഡാഫോണാണോ?”

ചുണ്ടിൽ ഒരു ചിരിയോടെ അവൻ ചോദിച്ചു.

” ഉം…. മാത്രമല്ല ദേവേന്ദ്രനെന്ന ഈ നമ്പറും വോഡാഫോണാവാനാ സാധ്യത. നീ ട്രൂകാളർ നോക്ക് “

അവന്റെ ഫോണിൽ ട്രൂ കോളറിൽ ആ നമ്പർ വോഡാഫോൺ കേരള എന്നു മാത്രമേ കാണുന്നള്ളായിരുന്നു.
അവൻ ദീപ്തിയെ വിളിച്ചു കാര്യം പറഞ്ഞു.

“ഉച്ച കഴിഞ്ഞ് സെൻഡ്രൽ മാളിൽ ചെല്ലാൻ. അവൾ എല്ലാം എടുത്തു തരുന്ന്. നീയെന്നെ കൊലയ്ക്കു കൊടുക്കുമല്ലോ?”

കണ്ണിറുക്കി ചിരിച്ചു ഞാൻ.കമ്പനിയറിഞ്ഞാൽ അവളുടെ ജോലി പോലും പോവുന്നതാണെന്ന് അറിയാമായിരുന്നിട്ടും അവളത് ചെയ്യുമെന്ന് എനിക്കും അരവിക്കും അറിയാമായിരുന്നു.

“നീയെന്നെ സാമുവൽസാറിന്റെ വീട്ടിൽ വിടാമോ. അവിടെയാണ് കാറുള്ളത്. ലാപ് എടുക്കണം. അത്യാവശ്യമായി മിസ്സായ ഫയലേതൊക്കെയാണെന്നു കണ്ടു പിടിക്കണം. എങ്കിലേ മുന്നോട്ട് പോകാൻ പറ്റു. ?”

” നീ റെഡിയാവ് പിന്നെ സുനിതയുടെ ഫോൺ ഓഫ് ചെയ്ത് തന്നെ ഇരിക്കട്ടെ.”

” ഉം. നീ ജോണ്ടിയെ ഒന്ന് വിളിക്ക് അവന്റെ കസിൻ കലൂരിൽ ഒരു ഹോസ്റ്റലിലാ, അവിടെ താമസം റെഡിയാക്കണം.”

ഒരു ട്രാവൽ ബേഗിൽ അത്യാവശ്യം സാധനങ്ങൾ നിറച്ച ശേഷം ഞാനവനോട് പറഞ്ഞു.
ഫോണെടുത്തപ്പോൾ അതിനകത്ത് 15 മിസ്ഡ് കോൾ.അതിൽ 4 എണ്ണം സാമുവൽസാറിന്റേത്. 2 എണ്ണം ഗായത്രീ മേഡത്തിന്റേത്. ഒരെണ്ണം ജോണ്ടിയുടേത്.ഞാൻ സാമുവേൽ സാറിനെ തിരിച്ചുവിളിച്ചു. കുറേ നേരത്തെ റിംഗിനു ശേഷം ഫോൺ എടുത്തു.

“സാർ…. “

” എന്താണു കുട്ടീ ഞാനീ കേട്ടത് ?”

“സർ ഞാനങ്ങോട്ടിറങ്ങുകയാണ്. വന്നിട്ട് പറയാം.”

” ഞാനും വൈഫും വീട്ടിലില്ല ഇന്നലെ വൈകീട്ട് വൈഫിന്റെ അമ്മയ്ക്ക് വയ്യാതായി, ഞങ്ങൾ വൈഫൗസിലാണ്. ന്യൂസ് കണ്ടപ്പോൾ മുതൽ വിളിക്കുന്നു.പേടിക്കണ്ട സത്യസന്ധമായ പത്രപ്രവർത്തകർക്കു നേരെ ഇങ്ങനെയൊക്കെയുണ്ടാവും അതോർത്തു ഭയം വേണ്ട.”

“ഭയമില്ല സർ, പിന്നെ എനിക്ക് കാറെടുക്കണമല്ലോ? എന്തെങ്കിലും വഴി?

“ഗേറ്റിന്റെ കീ ഞാൻ കോളനി സെക്യൂരിറ്റിയെ ഏൽപിച്ചിട്ടുണ്ട് ഞാൻ വിളിച്ചു പറയാം നീ ചെല്ല് “

Leave a Reply

Your email address will not be published. Required fields are marked *