അജ്ഞാതന്‍റെ കത്ത് – 5

“ഞാൻ 40 മിനിട്ടിനുള്ളിൽ വരുമെന്ന് പറയണേ “

ഫോൺ കട്ടായി .തുടർന്ന് ഗായത്രീ മേഡത്തിനെ വിളിച്ചെങ്കിലും കിട്ടിയില്ല.

സാമുവേൽ സാറിന്റെ വീടെത്തി. സെക്യൂരിറ്റി കീയുമായി വന്നിട്ടുണ്ടായിരുന്നു.എന്റെ നിർബന്ധത്തിനു വഴങ്ങി അരവിയും ഇറങ്ങി.അരവി സെക്യൂരിറ്റിയുമായി സംസാരിക്കുന്ന സമയം ഞാൻ ട്രാവൽബേഗ് വണ്ടിയിൽ വെക്കാൻ പോയി. ഡിക്കി തുറന്ന ഞാൻ ഭയത്താൽ രണ്ടടി പിന്നോട്ട് വേച്ചുപോയി ഒരു വേള എന്റെ ശ്വാസം നിലച്ചു.

“അരവീ…. “

എന്റെ ശബ്ദമുയർന്നു.അരവി ഓടി വന്നു. ഡിക്കിയിൽ വിരിച്ച ഷീറ്റിൽ മൊത്തം കട്ടപിടിച്ച രക്തത്തിനൊപ്പം ഒരു മൂർച്ചയേറിയ രക്തക്കറ പുരണ്ട കത്തിയും ഒരു പ്ലാസ്റ്റിക് കൂടും. ഞാൻ ധൈര്യത്തോടെ നിൽക്കാൻ ശ്രമിച്ചെങ്കിലും പതറിപ്പോയി
ശബ്ദം കേട്ട് സെക്യൂരിറ്റി ഓടി വന്നു. അയാളിൽ അന്ധാളിപ്പ്. കവറിൽ തൊടാനാഞ്ഞ അരവിയെ ഞാൻ തടഞ്ഞു.

” അരവി വേണ്ട തൊടണ്ട ഇതെന്നെ പൂട്ടാനുള്ള വഴിയാണ്. നീ പിന്നാലെ വാ ഞാൻ സ്റ്റേഷനിലേക്ക് പോകുകയാ.”

ഡിക്കിയടച്ച് ബേഗ് സീറ്റിലേക്കു വെച്ച് ഡ്രൈവിംഗ് സീറ്റിലേക്കിരുന്നപ്പോൾ എനിക്ക് വല്ലാത്ത ധൈര്യമായിരുന്നു.

“എടീ ലാപ് …..”

അരവി പാതിക്കു നിർത്തി.ഞാനതേപറ്റി മറന്നു പോയിരുന്നു. ഭയത്തോടെ ഞാൻ പിൻസീറ്റിലേക്ക് നോക്കി. ലാപിന്റെ ബേഗുകാണുന്നുണ്ട്.
ഞാനിറങ്ങി ബേക്ക് ഡോർ തുറന്ന് ബേഗെടുത്തു പരിശോധിച്ചു. ഭാഗ്യം ലാപ് അതിനകത്തുണ്ട്.

” സേഫ് ഡാ”
അരവിക്ക് കൈ കാണിച്ചു.

“നീ കാക്കനാട് സ്റ്റേഷനിലേക്കല്ലെ?”

അവന്റെ ചോദ്യത്തിനു അതെയെന്നു തലയാട്ടി ഞാൻ.

കാർ സ്പീക്കറിലേക്ക് ഫോൺ കണക്ട് ചെയ്ത് ഞാൻ സാമുവേൽ സാറിനോട് കാര്യം പറഞ്ഞു.സ്റ്റേഷനിൽ കാറുമായി ഹാജരാവാനാണ് അദ്ദേഹവും പറഞ്ഞത്.
ഇനിയൊരിടത്തും പതറരുത്.
സ്റ്റേഷനിൽ എത്തിയപ്പോൾ സമയം 1.52 കഴിഞ്ഞിരുന്നു.
എസ് ഐ ഊണുകഴിക്കാൻ പോയതിനാൽ കുറച്ചു നേരം വെയ്റ്റ് ചെയ്യേണ്ടി വന്നു.ഞാൻ കാറിൽ പോയിരുന്നു.അപ്പോഴാണ് ഫോൺ ശബ്ദിച്ചത്, ഗായത്രീ മേഡമാണ്.

“വേദ നീയെവിടെ കുട്ടി?”

ആധി കയറിയ സ്വരം.

” ഞാൻ സ്റ്റേഷനിലാണ് മാം”

“ഏത് സ്റ്റേഷനിൽ? ഞാനിവിടെ നിന്റെ വീടിനു വെളിയിലുണ്ട്.”

” തൃക്കാക്കര സ്റ്റേഷനിലാണ് മേഡം ഇങ്ങോട്ട് വരാമോ?”

” വരാം”

ഫോൺ കട്ട് ചെയ്തു മുഖമുയർത്തിയപ്പോൾ മുന്നിൽ കറുത്ത വാഗൺR ഗേറ്റു കടന്നു വരുന്നുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ അലോഷ്യസ് എന്നെ ലക്ഷ്യം വെച്ചു നടന്നു.ഞാൻ പുറത്തിറങ്ങി, അരവി വിളിച്ചു പറഞ്ഞതാവാം.കാര്യങ്ങൾ അറിഞ്ഞ അലോഷ്യസ് ഡിക്കിയിൽ പോയി നോക്കി.
അപ്പോഴേക്കും അരവിയും എത്തി .

” അവരുടെ ലക്ഷ്യം എന്തായാലും വേദയെ കൊല്ലുക എന്നതല്ല എന്നുറപ്പായെങ്കിലും സൂക്ഷിക്കുക. പിന്നെ കർണാടക റജിസ്ട്രേഷൻ വൈറ്റ് സ്ക്കോഡയുടെ ഡീറ്റയിൽസ് കിട്ടിയിട്ടുണ്ട്.ഒരു അരുൺ ഗുപ്തയുടെതാണ് കാർ.ഞാൻ അവിടെയുള്ള ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ 5 ദിവസം മുന്നേ സ്ക്കോഡ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് മാർത്താഹള്ളിലെ ലോക്കൽ സ്റ്റേഷനിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം ലോക്കൽ ഗുണ്ടയായ പാണ്ഡ്യനെ അറസ്റ്റ് ചെയ്തു. ഷോപ്പിംഗ് മോളിലെ പാർക്കിംഗിലെ CCTC ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അറസ്റ്റ് നടന്നത്. “

എന്റെയും അരവിയുടെയും മുഖത്ത് പ്രത്യാശ തിളങ്ങി. അലോഷ്യസ് തുടർന്നു.

” പ്രശ്നം അതൊന്നുമല്ല. ആ കാർ പാണ്ഡ്യന്റെ കൈയിൽ നിന്നും മറ്റാരോ മോഷ്ടിച്ചിരിക്കുന്നു.എല്ലാ ജില്ലയിലേക്കും നമ്പർ കാണിച്ച് മെസ്സേജ് പോയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ വിവരം ലഭിക്കും.”

എസ് ഐ വന്നു എന്നും പറഞ്ഞ് ഒരു കോൺസ്റ്റബിൾ എനിക്കടുത്തേക്ക് വന്നു.

കേബിനകത്ത് കയറി എസ് ഐ യോട് സംസാരിക്കാൻ ഞാൻ തനിച്ചാണ് പോയത്.സംസാരശേഷം എസ് ഐ പുറത്തേക്ക് വന്നു.

“താൻ ഇപ്പോൾ ഞങ്ങൾക്കൊരു തലവേദനയാണല്ലോ വേദ.?പത്രക്കാരെന്നും പോലീസിനു തലവേദനയാണ്.”

ഞാനതിന് മറുപടി പറഞ്ഞില്ല. പുറത്തപ്പോൾ വാഗൺR ഉണ്ടായിരുന്നില്ല. പകരം ഗായത്രീ മേഡം അരവിയോട് സംസാരിച്ചു നിൽപുണ്ടായിരുന്നു.

“തനിക്കെങ്ങനെയാടോ ഇത്രയും ശത്രുക്കൾ, തന്റെ അടുത്ത പ്രോഗ്രാമെന്നാ?ഇനിയേതായാലും അത് കണ്ടിട്ട് തന്നെ ബാക്കി കാര്യം.”

” മാർച്ച് 30 വ്യാഴം രാത്രി 9.30 “

സംസാരിച്ചു ഞങ്ങൾ കാറിനടുത്തെത്തി.
” ആ മരിച്ച പെണ്ണിന്റെ ബോഡി ഐഡന്റി ഫൈ ചെയ്യാൻ കഴിഞ്ഞിട്ടില്ല. രണ്ട് ദിവസമായി മിസ്സിംഗ് കേസൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്യാത്തതിനാൽ വെയ്റ്റ് ചെയ്യുകയേ നിവൃത്തിയുള്ളൂ.”

കൂടെ വന്ന പോലീസുകാരനോട് കാറിന്റെ വിക്കി പൊക്കാൻ SI ആഗ്യം കാണിച്ചു.
കർച്ചീഫ് വെച്ച് കത്തിയും പ്ലാസ്റ്റിക് കൂടും എടുത്തു.എസ് അത് തുറക്കാൻ പറഞ്ഞു. അതിനകത്ത് നിറയെ രക്ത പശയിൽ ഒട്ടിപ്പോയ നീണ്ട സ്ത്രീ മുടിയായിരുന്നു.

” പോലീസ് പ്രൊട്ടക്ഷനും കൂട്ടത്തിൽ ഇതു കൂടി ചേർത്ത് വെച്ച് ഒരു പരാതി എഴുതി തരണം.കാർ തൽക്കാലം പോലീസ് കസ്റ്റഡിയിൽ നിൽക്കട്ടെ. എന്താവശ്യമുണ്ടായാലും വിളിപ്പിക്കാം. ആലുവാ സ്റ്റേഷനിലേക്ക് തന്നെ പിന്നെ വിളിപ്പിച്ചിരുന്നോ? ”

“ഇല്ല”
“okiഎത്രയും വേഗം പ്രതികളെ പിടിക്കുന്നതാണ്. വേദയുടെ സഹകരണവും വേണം “

SI പറഞ്ഞു.
പരാതി എഴുതി ഒപ്പിട്ട് കൊടുത്തതിനു ശേഷം
ഞാൻ കാറിൽ നിന്നും ബാഗുകൾ എടുത്ത് സക്കുട്ടിയുടെ മുന്നിൽ വെച്ചു.ലാപ് ടോപ്പ് ബേഗ് ഷോൾഡറിൽ തൂക്കി ‘അരവിയും ഞാനും കൂടി ഗേറ്റിനടുത്തെത്തിയതും എതിരെ ഗായത്രിയുടെ കാർ വന്നു.

” അരവി ഞാൻ മേഡത്തോടൊപ്പം വരാം.നീ ബേഗ് ഓഫീസിൽ വെയ്ക്ക്.”

അരവി പോയതിനു ശേഷമാണ് ഞാൻ കാറിൽ കയറിയത്. കാര്യങ്ങളുടെ നിജസ്ഥിതി മേഡത്തോട് പറയുന്നതിനിടയിലാണ് സാമുവേൽ സാർ വിളിച്ചത്.
സാറിന്റെ സംസാരത്തിൽ നിന്നും സെക്യൂരിറ്റി ഏതാണ്ടൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചൂന്നു മനസിലായി.

“സർ എപ്പോൾ തിരിച്ചു വരും “

“ഞാൻ വന്നുകൊണ്ടിരിക്കുകയാണ്.”

” ഒകെ, സർ നേരെ സ്റ്റുഡിയോയിലേക്ക് വാ. ഞാനവിടുണ്ടാവും”

ഫോൺ കട്ട് ചെയ്ത് ഞാൻ സീറ്റിലേക്ക് ചാരി കണ്ണുകളടച്ച് കിടന്നു. എന്റെ വലതു കൈപ്പത്തിയിൽ എസി യിലെ കുളിരിലും ഒരിളം ചൂട്.
സാന്ത്വനമായ് ഗായത്രിയുടെ കൈ .

ഗായത്രിയുടെ നിർബന്ധപ്രകാരം ആര്യയിൽ കയറി ഓരോ മസാല ദോശ കഴിച്ചിറങ്ങി.
ഓഫീസിലെത്തിയ പാടെ ഞാൻ ലാപ് ഓൺ ചെയ്തു.
പ്രോഗ്രാം ഫയലുകൾ തപ്പിയെടുക്കാൻ എന്റെ വെപ്രാളമാകാം സമയമെടുത്തു. ക്ഷമ എന്നിൽ നിന്നും അകന്നു പോയിരുന്നു.
ഫയലുകൾ ഓരോന്നായി ഞാൻ നോക്കി ഒടുവിൽ
2013 ഏപ്രിൽ 4 എത്തി.
‘ഡോക്ടർ ആഷ്ലി സാമുവേൽ (27) കേസാണ്.ഇവരുടെ കൊലപാതകത്തെക്കുറിച്ച് 4, 11,18,25 നാല് എപ്പിസോഡ് വേണ്ടി വന്നു. പിന്നെയുള്ളത് 2016 ഓഗസ്റ്റ് 18 അത് ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം. പ്രതി ഇപ്പോഴും ആരാണെന്നു തെളിയിക്കപ്പെടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല അവിനാഷിന്റെ ഭാര്യ മിസ്സിംഗാണ്.
ഈ രണ്ട് ഫയലും രണ്ടിടത്തു നടന്നതും പരസ്പരം യാതൊരു ബന്ധവുമില്ലാത്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *