അജ്ഞാതന്‍റെ കത്ത് – 5

” ഇത്?”
ഞാൻ അരവിയെ നോക്കി.

” ഈ നമ്പർ എടുത്തപ്പോൾ കൊടുത്ത ഐഡി പ്രൂഫ് “

ആ വാക്കുകൾ മതിയായിരുന്നു ഊർജ്ജമായി
കണ്ണിൽ ഒരു തെളിച്ചം.
ഈ അഡ്രസ്
ഈ മുഖം
ഞെട്ടൽ എന്നതിനേക്കാൾ മനസിൽ ഒരു കച്ചിത്തുരുമ്പു കിട്ടിയ സന്തോഷം. നഷ്ടപ്പെട്ട കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ.

നാലു പേർ വയലിലേക്കെടുത്തു ചാടി. കത്തിയ കാർ റോഡിന്റെ മറുവശത്തേക്ക് വീണു.കാറിൽ നിന്നിറങ്ങിയ ഡ്രൈവർക്കൊപ്പം ഞാനും ഇറങ്ങി.ഒരു വാഹനത്തിന്റെ വെളിച്ചം കൂടി അത് റോഡിൽ സഡൺ ബ്രേക്കിട്ടു. കാറിൽ നിന്നിറങ്ങിയ മൂന്നാലു പേർ വയലിലേക്ക് ചാടിയിറങ്ങി.ഞാൻ അപകടം മണത്തു. കാറിന്റെ സൈഡിലേക്ക് മാറി. എനിക്കൊപ്പം നിന്ന ഡ്രൈവർ അവർക്കു നേരെ ചാടി വീണു. അഗ്നിയുമായി ഓടിയവൻ വീണിരുന്നു.
കുറച്ചു നേരത്തെ ആക്രമണത്തിനു ശേഷം

” വേദ ആർ യു ഓകെ.?”

അലോഷി സാറിന്റെ ശബ്ദം ആക്രമികൾക്കിടയിൽ നിന്നും കേട്ടു .
ശ്വാസം വീണതപ്പോഴാണ്.
ഞാൻ മറവിൽ നിന്നും പുറത്തുവന്നു.
നാലു പേരെ പിടിച്ച് കാറിലേക്ക് കയറ്റുകയാണ് ചിലർ.ആര് ആരെയാണെന്ന് വ്യക്തമല്ല.റോഡിലെ കാർ മുന്നോട്ട് നീങ്ങി. അലോഷ്യസിനു പിന്നാലെ ഡ്രൈവറും മുന്നോട്ട് വന്ന് കാറിൽ കയറി.

“വേദ കയറു കാര്യങ്ങൾ ഞാൻ പറയാം.”

ഞാനപ്പോഴും സ്തംഭിച്ചു നിൽക്കുകയായിരുന്നു.

“സർ ആ റോഡിലൊരു ബോഡിയുണ്ട് ”
ഞാൻ പറഞ്ഞു.

” സ്റ്റേഷനിലേക്ക് അറിയിച്ചിട്ടുണ്ട്.അതവര് നോക്കിക്കോളും. “

അവരെ പിടിക്കാൻ വേണ്ടി അലോഷ്യസ് ചെയ്ത എന്തോ പണിയാണോ ഇതെന്ന് തോന്നിപ്പോയി.
ഫോൺ ശബ്ദിച്ചു. ഗായത്രിയാണ്.
Call u back മെസ്സേജയച്ചു ഞാൻ.

“വേദ നമുക്ക് ഒരിടം വരെ പോകണം. തനിക്ക് ധൃതിയുണ്ടോ? അരവി ഇടപ്പള്ളിയിലുണ്ട്. അവനും വേണം.”

ഞാൻ പിന്നൊന്നും ചോദിച്ചില്ല.കാർ ഓടിക്കോണ്ടേ ഇരുന്നു. ഇടയ്ക്ക് കാർ നിർത്തി അരവിയും കയറി…….

” ഇറങ്ങിക്കോ ഇനിയുള്ള യാത്ര ബോട്ടിലാ”

അലോഷിയുടെ നിർദേശം ഞങ്ങളിറങ്ങി.ഞങ്ങളെ കാത്തെന്ന പോലെ ഒരു ബോട്ടവിടെ ഉണ്ടായിരുന്നു.

“വേദ ഞാൻ പരിചയപ്പെടുത്താൻ വിട്ടു.ഇത് പ്രശാന്ത് എക്സ്പേർട്ട് ഡ്രൈവറാണ്. അതിലുപരി കൂർമ്മ ബുദ്ധിയാണ്. വേദയുടെ ജീവൻ വെച്ചുള്ള കളിക്ക് പ്രശാന്തിനെ ഞാൻ ഇറക്കണമെങ്കിൽ ആളത്രയും ഒക്കെ ആയിരിക്കുമെന്നറിയാലോ?”

പുതിയൊരാളെ പരിചയപ്പെടാനുള്ള മൂഡിലായിരുന്നില്ല ഞാൻ.കൃത്രിമമായൊരു പുഞ്ചിരി മാത്രം നൽകി ഞാൻ.
അഞ്ച് മിനിട്ട് യാത്ര ബോട്ട് നിന്നു. ഒരു ഐലന്റിലാണ് എത്തിയത്.ഒരു പഴയ കെട്ടിടം. ജൂതചിത്രങ്ങൾ ആലേഖനം ചെയ്ത ചുവരുകൾ. അലോഷ്യസ് കാളിംഗ് ബെല്ലടിച്ചപ്പോൾ ഉരുക്കു മനുഷ്യനെ പോലെയുള്ള ഒരാൾ വന്ന് വാതിൽ തുറന്നു.
ഇടുങ്ങിയ ഒരു ഹാൾ കടന്ന് കൂട്ടിയിട്ട മരത്തടികൾക്കിടയിലൂടെ കുറച്ചു ദൂരം, മൂന്നാൾ പൊക്കത്തിലുള്ള ചുവരിലെല്ലാം തിരിച്ചറിയാത്ത ഭാഷയിൽ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു.എസി മുറിക്കുള്ളിലെതിനു സമാനമായ ശീതം, വലതു വശത്തോട്ട് തിരിഞ്ഞപ്പോൾ മുറിയിലെ വെളിച്ചം കുറഞ്ഞു.രണ്ട് മൂന്ന് സെറ്റപ്പുകളിറങ്ങി ഒരു മുറിയിലേക്ക്. ഇടുങ്ങിയ മുറിയുടെ തറയിലങ്ങിങ്ങ് വെള്ളത്തിന്റെ നനവ്.അട്ടിയിട്ട പലക തിട്ടകൾ.മുറിയുടെ വാതിൽക്കൽ കറുത്ത ബനിയനും ജീൻസും ധരിച്ച ഒരാൾ കാവൽക്കാരനെന്നോണം നിൽക്കുന്നു. മുറിയുടെ ഒത്ത നടുക്കായി കൈകാലുകൾ ബന്ധിച്ച് മേശയിലേക്ക് തല കുമ്പിട്ട് ഒരാൾ. അയാൾക്ക് കാവലെന്നോണം രണ്ട് പേർ.

“ദേവദാസ്….. “

അലോഷ്യസ് വിളിച്ചു. അയാൾ തലയുയർത്തി.പരിചിതമായ ആ മുഖത്ത് പലവിധ ഭാവങ്ങൾ. അരവിന്ദ് തന്ന ഐഡി പ്രൂഫിലെ സുനിതയുടെ ദേവേന്ദ്രൻ. മുഖത്ത് തല്ലുകൊണ്ട് നീരു വെച്ചതു പോലെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കാര്യമായൊന്നു പെരുമാറിയതു പോലെ തന്നെയുണ്ട്.

“ഇവനെന്തെങ്കിലും പറഞ്ഞോ?”

അനുയായികളെ നോക്കി സർ തിരക്കി.

” ഇല്ലസർ “

“മിസ്റ്റർ ദേവദാസ് നിങ്ങൾക്കീ സ്ത്രീയെ പരിചയമുണ്ടോ?”

ദേവദാസ് സംസാരിക്കാൻ മടി കാണിച്ചു. അയാൾക്കരികിലായി അലോഷി സർ നിന്നു.

“സുനിതയെ നീയെന്തിനാ കൊന്നത്?”

“ഞാനാരേയും കൊന്നിട്ടില്ല”

“പിന്നെങ്ങനെ സുനിത മരിച്ചു “

” എനിക്കറിയില്ല.”

“പെണ്ണുങ്ങളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി കൊന്നു തള്ളിയ നിന്നൊയൊക്കെ……”

ബാക്കി വന്നതെല്ലാം ഞാൻ ബീപ് സൗണ്ടിട്ടു.
ഒരു ഞെട്ടലോടെ ദേവദാസ് തലയുയർത്തി. വീണ്ടും തല താഴ്ത്തിഞാൻ ആദ്യമായിട്ടാണ് ഇങ്ങനൊരു സീൻ കാണുന്നത്. രണ്ട് പേർ ഇടതും വലതും മാറി മാറി നിന്ന് ചോദ്യം ചെയ്തിട്ടും അവൻ വായ തുറന്നില്ല.. ഒടുവിൽ സഹികെട്ടയാൾ പറഞ്ഞു.

“ഞാൻ പറയാം”
അലോഷ്യസ് കൈ കൊണ്ട് ഇടിക്കുന്നത് നിർത്താൻ ആഗ്യം കാണിച്ചു.
വീഡിയോ റെക്കോർഡ് ചെയ്യാൻ പ്രശാന്ത് ക്യാമറ ഓൺ ചെയ്തു.

“വേദാ ഇതിനാണ് തന്നെ കൊണ്ടുവന്നത്. ഞങ്ങളാരും വീഡിയോയിൽ വരാൻ പാടില്ലാത്ത രീതിയിൽ താനും അരവിയും ഇത് ഷൂട്ട് ചെയ്യണം.നിയമത്തിന് മുന്നിൽ കടന്നു വരാനുള്ള അനുമതി ഇല്ല ഞങ്ങൾക്ക്.”

ഞാൻ തലയാട്ടി

“ഉം…. തുടങ്ങിക്കോ?”
അരവി മൊബൈൽ ക്യാമറ ഓൺ ചെയ്തു.ദേവദാസ് എന്നെയും അരവിയേയും നോക്കി പിന്നെ തുടർന്നു.

“സുനിതയുടെ നമ്പർ എനിക്ക് തന്നത് മുരകേശനാണ്. ഞങ്ങൾ ഒരുമിച്ച് ചില തരികിട പണികളും മോഷണങ്ങളും നടത്തിയിട്ടുണ്ട് മുമ്പേ . സുനിതയെ ഫോണിൽ വിളിച്ച് സംസാരിച്ച് വളയ്ക്കണം. അവള് ജോലിക്കു നിൽക്കുന്ന വീട്ടിൽ പൂത്ത കാശുണ്ടെന്നും പറഞ്ഞ്. അവളോട് സൂത്രത്തിൽ വീടിന്റെ താക്കോൽ വാങ്ങി സോപ്പിൽ അടയാളപ്പെടുത്താനും പറഞ്ഞു.ചതിച്ചതാ മുരുകേശൻ എന്നെ. അവർ പറഞ്ഞതുപോലെയെല്ലാം ചെയ്തു. പക്ഷേ…….”

ദേവദാസ് ഇടയ്ക്ക് നിർത്തി.

“എന്താടാ നിർത്തിയത് ബാക്കി കൂടി പറ.”
അരവി ചൂടായി പറഞ്ഞു.
അവർ സുനിതയെ കൊല്ലുമെന്ന് ഞാനറിഞ്ഞില്ല. അവരവളെ കൊല്ലും മുന്നേ അവൾ എന്നേ വിളിച്ചതാ. രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല.”

“എത്ര വാങ്ങിയെടാ പ്രതിഫലമായിട്ട്?”

ഞാൻ ആക്രോശിച്ചു.

” ഒരു ലക്ഷം, ഞാനത് സുനിത മരിച്ച ദിവസം തന്നെ മുരുകേശിന് തിരിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.”

“മുരുകേശ് ഇപ്പോ എവിടുണ്ട്.?”

“എനിക്കറിയില്ല.കൊള്ളയടിക്കുമെന്ന് പറഞ്ഞ് എന്നെ പറ്റിക്കുകയായിരുന്നു അവൻ. ഞാനവളോട് വാങ്ങിയ താക്കോലിന്റെ ഡൂപ്പിക്കേറ്റ് താക്കോലും മുരുകേശൻ ഉണ്ടാക്കിയിട്ടുണ്ട് “

“മുരുകേശനും KT മെഡിക്കൽസും തമ്മിലെന്താ ബന്ധം?”

എന്റെ ചോദ്യം കേട്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു, വല്ലാത്ത ഭാവത്തോടെ എന്നെ നോക്കി.

“ബാംഗ്ലൂരിലെ മെഡിക്കൽസാണോ?”

പിന്നെ ഉറക്കയുറക്കെ ചിരിക്കാൻ തുടങ്ങി ഒടുവിലത് അട്ടഹാസമായി.

Leave a Reply

Your email address will not be published. Required fields are marked *