കള്ളനെപ്പോലെ പിന്നാമ്പുറഗേറ്റ് തുറന്നു വന്ന അവന്റടുത്തേക്ക് എന്റെ ചോദ്യം,
“എന്താടാ വീട്ടിൽ പറഞ്ഞത്..?”
“ഓ….നിന്റെടുത്തേക്കാന്ന് പറഞ്ഞാ
പിന്നെ ഒരു ചോദ്യമില്ലല്ലോ”
അകത്തിരുത്തി ഫ്രിഡ്ജിൽ നിന്നും
ജ്യൂസ് കൊടുത്തു കൊണ്ട് വീണ്ടും
ഞാൻ ചോദിച്ചു…..
“എടാ അന്ന് റയിൽവേ സ്റ്റേഷനിൽ വച്ച്
കണ്ട ഒരു താടിക്കാരനെ നോക്കി
നീ പറഞ്ഞല്ലേ.. ജോൺ എബ്രഹാമിനെപ്പോലെയുണ്ട് എന്ന്.
ഞാൻ പുള്ളിയെ കുറിച്ച് വായിച്ചപ്പോൾ.
അച്ചനോട് ചോദിച്ചു… അപ്പോൾ അച്ചൻ
’നിന്റെ നെറ്റ് എന്താ പറഞ്ഞേ’ എന്ന് ചോദിച്ചിട്ട് പോയി. സാധാരണ അച്ചൻ
അങ്ങനെയല്ല എന്ന് നിനക്കറിയാമല്ലോ..
പക്ഷെ പുള്ളിയുടെ സിനിമ സേർച്ച് ചെയ്തപ്പോൾ നിന്നെ ഓർമ വന്നു.
നീ കണ്ടിട്ടുണ്ടോ എന്തെങ്കിലും?”
അവന്റെ മുഖത്ത് എന്തോ ഒരു തെളിച്ചം
വന്നു.ലാപിലേക്ക് വിടർന്ന മിഴികളോടെ
നോക്കി അവൻ പറഞ്ഞു,
“അമ്മ അറിയാൻ …..
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ..
അഗ്രഹാരത്തിലെ കഴുതൈ, ഇതൊക്കെ
പുള്ളീടെ സിനിമ ആണെന്നറിയാം
പക്ഷെ ഒന്നും ടിവിയിലൊന്നും വരാത്തതു കൊണ്ട് അറിയില്ല…. യൂ ട്യൂബിൽ ഉണ്ടാ…
എന്നാ ചുമ്മാ നോക്കിക്കേ…. ഇപ്പം ഇങ്ങനത്തെ അവാർഡ് സിനിമ കാണാൻ പറ്റിയ സമയമാ ”
ഞാൻ ലാപ് നീക്കിവെച്ച്
‘അമ്മ അറിയാൻ’ പ്ലേ ചെയ്തു.
……………….. ……………………
”ങ്ങേ!! ഇത് നമ്മുടെ ജോയ് മാത്യു അല്ലേ!
ഷട്ടറിൽ കൂടി ഇഷ്ടപ്പെട്ട ജോയ് മാത്യു .”
സിനിമ കാണുന്നതിനിടയിൽ പതിവ് പോലെ റംനാദ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു… ഞാനും പതിവു പോലെ
തിരിച്ചു മൂളിക്കൊണ്ടിരുന്നു.
“മുടിയും താടിയുമൊക്കെ ഇന്നത്തെ
കുട്ടികൾക്ക് ഫ്രീക്കാവാനുള്ള ഫാഷൻ
ആയിരുന്നെങ്കിൽ അന്നത് വ്യവസ്ഥാപിത ചിന്തകൾക്കെതിരെയുള്ള പ്രതിക്ഷേധമായിരുന്നു. ഇന്ന് നമ്മളത് ബ്യൂട്ടി പാർലറിൽ പോയി സംരക്ഷിക്കുന്നു.
അന്നവരത് കുളിക്കാതെയും നനക്കാതെയും കാറ്റിൽ പറത്തി നടന്നു.!”
……………………………………………………..
†അമ്മയോട് എഴുത്തയക്കാമെന്ന് പറഞ്ഞ്
ആത്മ വിഷാദത്തോടെയുള്ള ആത്മഗതങ്ങളോടെ നീണ്ട യാത്ര തുടങ്ങുന്ന ചെറുപ്പക്കാരൻ
വഴിയിൽ വച്ച് സുഹൃത്ത് ആത്മഹത്യ ചെയ്തത് അറിയാനിടവരുകയും
അത് അവന്റെ അമ്മയെ അറിയിക്കാനുള്ള
അന്നത്തെ സാഹചര്യങ്ങളിലുള്ള യാത്രകളുടെ വിശേഷങ്ങൾ സ്വന്തം
അമ്മയോട് പറയുന്ന രീതിയിൽ
കഥ പുരോഗമിച്ചു……………………….
കേരളത്തിലെ ചില ചരിത്ര പ്രധാന സ്ഥലങ്ങളിലൂടെയും സംഭവങ്ങളിലൂടെയും
ബ്ളാക്ക് ആൻഡ് വൈറ്റ് പ്രതലത്തിൽ
അമ്മയോടുള്ള കഥ പറച്ചിൽ പുരോഗമിക്കുമ്പോൾ
എനിക്ക് പതിവ് പോലെ ഉറക്കം വന്നെങ്കിലും റംനാദ് ഇമവെട്ടാതെ അതിൽ നോക്കിയിരുന്നു.
വണ്ടിയിലിരുന്ന ചെറുപ്പക്കാരനും റോഡിൽ നിന്നവനും പുസ്തകം വായിക്കുമ്പോൾ
നോക്കിയിരിക്കുന്ന രംഗം വന്നപ്പോൾ
ഞാൻ വല്ലാതെ ഉറങ്ങിപ്പോയി.
ഇടയ്ക്കിടെ തലയാട്ടിക്കൊണ്ട് ഞാൻ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ റംനാദ്
കണ്ണും നട്ടിരിക്കുന്നുണ്ടായിരുന്നു.
അതിലാണ് എന്റെയും പ്രതീക്ഷ.! എല്ലായ്പോഴും അവൻ തന്നെയാണ്
അച്ചന്റെ അഭാവത്തിൽ ഇങ്ങനത്തെ കാര്യങ്ങൾ എനിക്ക് തികഞ്ഞ പ്രായോഗിക ബുദ്ധിയുടെ ഭാക്ഷയിൽ മനസിലാക്കിത്തരാറുള്ളത്. അതുകൊണ്ടാണ് അവനെ വിളിച്ചതും.!
പതിവ് പോലെ പടം കഴിഞ്ഞ് കണ്ണും തിരുമ്മി കോട്ടു വായിട്ട് ഞാൻ ചോദിച്ചു…,
“ എടാ.. എന്താടാ ഇത് ലാസ്റ്റ്..
അവന്റെ അമ്മയെ അറിയിച്ചോ?!
ഞാൻ ഉറങ്ങിപ്പോയി കോപ്പ്..”
സ്ക്രോൾ ചെയ്ത് കമന്റ് വായിച്ചു കൊണ്ടിരുന്ന എന്നോട് അവൻ പറഞ്ഞു തുടങ്ങി.
“ എടാ ഇത് പ്രതീകാത്മകമായി പറയുന്ന കാര്യങ്ങളല്ലേ…! ;
‘അവന്റെ അമ്മയോട് പറഞ്ഞോ….?’ എന്നൊക്കെയ്യുള്ള കാര്യങ്ങൾ അറിയാനാണെങ്കിൽ നിനക്കു മറ്റ് മുഖ്യധാരാ സിനിമകളും സീരിയലുമൊക്കെ കണ്ടാൽ പോരെ? അവരൊക്കെ നമ്മുടെ ആ ബലഹീനത ചൂഷണം ചെയ്തല്ലേ
പണക്കാരാകുന്നത്…..!
ഇതിൽ നമ്മുടെ നാടിന്റെ അന്നത്തെ പോക്ക് നോക്കിയുള്ള വിഹ്വലതകളാണ്… അമ്മ എന്ന് പറയുന്നത് നമ്മുടെ സ്വന്തം നാടായ അമ്മ ആണ്. ആ അമ്മയോട് ചെറുപ്പക്കാരൻ തന്റെ വിഹ്വലതകളറിയിക്കുന്നതാണ്.
പിന്നെ ഞാനൊരു സാദാ തൊഴിലാളി
ആയി ജീവിക്കുന്നത് കൊണ്ട് എനിക്ക്
ഇതിനെ വിയർക്കുന്ന പട്ടിണി കിടക്കുന്ന വർഗ്ഗത്തിന്റെ ജീവിതസമരങ്ങളുടെ
ഉത്കണ്ടയും പ്രതീക്ഷയും പറയുന്ന
ഒരു കഥയായി തോന്നി ….. അങ്ങനെ പലർക്കും പലതും തോന്നുമായിരിക്കും!?”
