ശരിക്കും ലച്ചുവിനോട് എനിക്ക് ഭയങ്കര അടുപ്പം തോന്നിയിട്ടുണ്ട്. നാട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന എന്റെ ലക്ഷ്മികുട്ടിക്ക് കൂട്ടിന് ഉള്ളത് അവളാണ്. ഒരു 3 വർഷം ആയി അവൾ എന്റെ വീട്ടിലാണ് താമസം. വീടിന് അടുത്തുള്ള ബാങ്കിലേക്ക് ട്രാൻസ്ഫർ ആയതിൽ പിന്നെ വലിയമ്മാവൻ ആണ് അവളെ വീട്ടിൽ നിർത്താൻ തീരുമാനിച്ചത്. പാച്ചുവിന്റെ വീട്ടിൽ നിന്നും ഇവിടേക്ക് എത്തിപ്പെടാൻ വലിയ പാടാണ്. രണ്ട് ബസ് മാറിക്കയറി ഇവിടെ എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിയും. അവൾ വീട്ടിൽ ഉള്ളതുകൊണ്ട് അമ്മയ്ക്ക് ഒരാളായി. ഈ പാച്ചുവിനെ ഞാൻ ആദ്യമായി കാണുന്നത് ദുബായിൽ വച്ചാണ്. ഇവരുടെ കല്യാണ സമയത്ത് ഞാൻ നാട്ടിൽ ഇല്ലാതിരുന്നതിന്റെ ദേഷ്യം അവൾ ഈയിടെ കൂടി പറഞ്ഞിരുന്നു. പണ്ടത്തെ ലെച്ചു ഒക്കെ ആകെ മാറിയിട്ടുണ്ടാവും. പാച്ചുവിന്റെ കയ്യിൽ അല്ലെ കിട്ടിയത് …. നന്നായി ഉടച്ചു വാർത്തിട്ടുണ്ടാവും.
ഉച്ചയ്‌ക്ക് മുൻപ് കുറച്ചു കൂട്ടുകാർ റൂമിൽ വന്നു. അതോടെ പാച്ചു പോയി നല്ല രണ്ട് കുപ്പിയുമായി തിരിച്ചു വന്നു. ഗൾഫ് ജീവിതം അവസാനിപ്പിക്കുന്നതിന്റെ ചെറിയൊരു ആഘോഷം റൂമിൽ നടന്നു. സംഭവം കള്ളുകുടിയാണ്.. ഒരു പഞ്ചിന് വേണ്ടി ആഘോഷം എന്നൊക്കെ പറയുന്നതാണ്. എല്ലാവരെയും വിട്ടുപോകുന്നതിൽ വിഷമം ഉണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ ഭയങ്കര സന്തോഷമാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും
മലയാളക്കരയുടെ പച്ചപ്പിലേക്ക് കാലുകുത്താൻ പോകുകയാണ്. പിന്നെ പുതിയൊരു ജീവിതവും.
_____________
ബോർഡിങ് പാസ്സൊക്കെ കിട്ടി ചുമ്മാ ഇരുന്നപ്പോൾ ആണ് കുപ്പി വാങ്ങിയില്ലല്ലോ എന്നോർത്തത്.. ഇനിയും സമയം ഉണ്ട്, അതുകൊണ്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ കൂടി ഒരു കറക്കം ആവാമെന്ന് വിചാരിച്ചു. അവസാനം ഓഫർ നോക്കി രണ്ടെണ്ണം വാങ്ങി. രണ്ടെണ്ണം വാങ്ങുമ്പോൾ ചെറുത് ഒരെണ്ണം ഫ്രീയുണ്ട്. അത് ഏതായാലും ലാഭം ആയി. കുപ്പിയൊക്കെ വാങ്ങി വെയ്റ്റിംഗ് ഏരിയയിൽ വന്നിരുന്നപ്പോഴാണ് അവിടെ ഒരു ചെറുക്കനും പെണ്ണും കിന്നരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. അവൻ അവളുടെ ചുമലിൽ കൈയിട്ട് ചിരിച്ചുല്ലസിച്ച് സംസാരിക്കുകയാണ്. ഇതൊക്കെ കാണുമ്പോൾ എന്റെ മനസ് പതിയെ മീരയുടെ പുറകെ അലയാൻ തുടങ്ങി. ഒരിക്കൽ അവളുടെ കൂടെ ഇതേ എയർപോർട്ടിൽ ഞാനും ഇരുന്നിട്ടുണ്ട് ഇതുപോലെ. ജോലിയുടെ ഭാഗമായി അവൾ ഒരിക്കൽ സിംഗപ്പൂരിലേക്ക് പോയപ്പോൾ ഞാനും കൂടെ പോയിരുന്നു. അന്ന് ഇതുപോലെ ഞങ്ങളും ഇരുന്നതും രണ്ട് ദിവസം ഒരു മുറിയിൽ താമസിച്ചതും എല്ലാം മനസിലേക്ക് ഓടി വന്നു. രണ്ട് ദിവസം കൂടെ തമാസിച്ചപ്പോൾ ഒന്നും എനിക്ക് അവളോട് ആക്രാന്തം തോന്നിയില്ല. മാത്രമല്ല അവൾ ആ കാര്യത്തിൽ ഒക്കെ വളരെ കാർക്കശ്യം ഉള്ള കൂട്ടത്തിൽ ആണ്. കൈയൊക്കെ പിടിച്ച് നടന്നിട്ടുണ്ട് എന്നല്ലാതെ ഒരു ഉമ്മപോലും ഞാൻ ഇതുവരെ വച്ചിട്ടില്ല. എനിക്ക് അവളോട് കാമത്തേക്കാൾ ഉപരി പ്രേമമായിരുന്നു. ഒന്നും ചെയ്യാതെ വിട്ടത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.
പുല്ല്… ഓരോന്ന് ആലോചിച്ച് മനുഷ്യന്റെ മൂഡ് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. കുടിച്ച കള്ളിന്റെ തരിപ്പും ഇറങ്ങി. ഇനി രണ്ടെണ്ണം അടിച്ചാലേ രക്ഷയുള്ളൂ… അപ്പോഴതാ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു നേരത്തെ ഫ്രീ കിട്ടിയ കുഞ്ഞൻ ജെ.ഡി…
എന്തായാലും ഒന്ന് പിടിപ്പിക്കാം എന്ന് കരുതി. ഒരു ബോട്ടിൽ പെപ്സിയും വാങ്ങി ബാത്റൂമിലേക്ക് വച്ചു പിടിച്ചു. കയ്യിൽ ഉള്ള തെർമൽ ഫ്ലാസ്കിലെ ഇളം ചൂട് വെള്ളം മുഴുവൻ മറിച്ച് കളഞ്ഞ് അതിൽ സാധനം ഒഴിച്ച് പെപ്സിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് പുറത്തേക്ക് ഇറങ്ങി. നല്ലൊരു കഫേ നോക്കി ഒരു ഫ്രൈഡ് ചിക്കനും പറഞ്ഞ് അവിടെ ഇരുന്ന് അടി തുടങ്ങി. ആഹാ… എന്താ ഒരു സുഖം. കള്ളും ചിക്കനും… ഒരു 4 പെഗ്ഗ് എങ്കിലും അടിച്ചു കാണും. ഇനിയും കൂടിയാൽ ചിലപ്പോ എന്നെ എടുത്തോണ്ട് പോണ്ടിവരും എന്ന് തോന്നിയതുകൊണ്ട് ബാക്കി സാധനം ഭദ്രമാക്കി വച്ച് അവിടെ തന്നെ ഇരുന്നു… ഇപ്പൊ മനസിൽ മീരയും ഇല്ല ഒരു പുല്ലും ഇല്ല… തീർത്തും ശൂന്യം.
