അരവിന്ദനയനം – 4 Like

വിനയേച്ചിയും ചേട്ടനും എല്ലാം എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. ആമി പിന്നെ ഇത് ഉറപ്പിച്ചത് മുതൽ നിലത്ത് ഒന്നുമല്ല. ഡെയിലി എന്റെ ഫോണിൽ നിന്ന് നയനയെ വിളിക്കും. ഞാൻ അവളുമായി സൊള്ളാൻ നോക്കിയാൽ ആമി സമ്മതിക്കില്ല.
ആമിക്ക് പറ്റിയ കൂട്ടായിരുന്നു നയന. രണ്ടും ഒന്നിനൊന്നു മെച്ചം.

നിശ്ചയം കഴിഞ്ഞു 2 മാസത്തിനു ഉള്ളിൽ കല്യാണം നടത്താൻ തീരുമാനിച്ചു. പിന്നെ അതിനു ഉള്ള ഓട്ടത്തിൽ ആയിരുന്നു. ബന്ധുക്കൾ ഒന്നും അങ്ങനെ ഇല്ലാത്തതു കൊണ്ട് വളരെ ചെലവ് ചുരുക്കിയ കല്യാണം മതി എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ************************ അങ്ങനെ ഇന്ന്‌ എന്റെ കല്യാണം ആണ്. രാവിലെ 11 മണിക്ക് ആണ് മുഹൂർത്തം. ഞാൻ പറഞ്ഞത് പോലെ തന്നെ പ്രേമിച്ചു നടക്കാൻ ഒന്നും സമയം കിട്ടിയില്ല. എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആയിരുന്നു.

കതിർമണ്ഡപത്തിൽ അവളെ പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ എനിക്ക് ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു. ചുവന്ന പട്ടുസാരി ഉടുത്തു ഒരു കൂട്ടം ചെറിയ കുട്ടികളുടെ അകമ്പടിയോടെ അവൾ വരുന്നത് ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു.

കഴുത്തിൽ എന്റെ താലി വീണപ്പോൾ കണ്ണടച്ച് തൊഴുതു നിന്ന അവളെ കണ്ടപ്പോൾ അവളെ നെഞ്ചോടു ചേർത്ത് അണയ്ക്കാൻ എനിക്ക് തോന്നി. ********** എല്ലാം മംഗളകരമായി തന്നെ നടന്നു. അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. പുറമെ സന്തോഷം അഭിനയിച്ചു എങ്കിലും അച്ഛന്റെ ഉള്ളിൽ തിരയടിക്കുന്ന സങ്കടം ഞാൻ മനസ്സിലാക്കി. കാറിൽ എന്റെ തോളിൽ തല ചായ്ച്ചു കിടന്നു കരഞ്ഞ നയനയെ ഞാൻ ചേർത്ത് പിടിച്ചു.

അമ്മ നൽകിയ നിലവിളക്ക് ഏന്തി എന്റെ വീടിന്റെ പടി അവൾ കയറി. അമ്മയുടെ മുഖത്ത് അന്ന് വരെ ഞാൻ കാണാത്ത ഒരു തെളിച്ചം അന്ന് ഞാൻ കണ്ടു. ******************

കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ നയന എന്റെ വീട്ടിൽ അല്ല ഞങ്ങളുടെ വീട്ടിൽ സെറ്റ് ആയി. എല്ലാ കാര്യങ്ങൾക്കും ആമി ഉണ്ടായിരുന്നു കൂടെ. ആമി അവളുടെ കൂട്ടുകാർക്ക് പോലും നയനയെ പരിചയപ്പെടുത്തുന്നത് അവളുടെ ചേച്ചി എന്ന് പറഞ്ഞാണ്. നയനയും അതേപോലെ തന്നെ ആയിരുന്നു അവളോട്.

ശാസിക്കേണ്ടിടത്തു ശാസിച്ചും, ചേർത്ത് നിർത്തേണ്ട സമയം ചേർത്ത് നിർത്തിയും ആമിക്ക് അവൾ ഒരു ചേച്ചി തന്നെ ആയിരുന്നു. ഞങ്ങൾ മൂന്ന് പേരും ഒറ്റ മക്കൾ ആയത്കൊണ്ട് തന്നെ ഞാനും നയനയും ഒരു പെങ്ങളുടെ കുറുമ്പും വാശിയും സ്നേഹവും ഒക്കെ കണ്ടെത്തുന്നത് ആമിയിൽ ആയിരുന്നു. അത്പോലെ തന്നെ അവളും ഞങ്ങളിൽ കണ്ടിരുന്നത് സ്വന്തം ചേട്ടനെയും ചേച്ചിയെയും തന്നെ ആയിരുന്നു.
ആര് എന്ത്‌ പറഞ്ഞാലും എതിർത്തു പറയുന്ന ആമി നയനയുടെയും അമ്മയുടെയും മുന്നിൽ മാത്രം ഒരു പൂച്ച കുഞ്ഞിനെപോലെ ആയിരുന്നു.

അമ്മക്ക് നയനയോട് ഉള്ള സ്നേഹവും കരുതലും കണ്ടപ്പോൾ എന്റെ മനസ്സിലെ കുറ്റബോധം വീണ്ടും ഉണർന്നു. നയനയ്ക്കും അത്‌ തന്നെ ആയിരുന്നു സങ്കടം. ഞങ്ങൾ ഒരു അവസരത്തിനായി കാത്തിരുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി. ഒരു ഏറ്റുപറച്ചിലിന്റെ ദിവസം. അച്ഛൻ നയനയെ കാണാൻ വന്ന ഒരു ദിവസം ആണ് ഞങ്ങൾ അതിനു തിരഞ്ഞെടുത്തത്. അന്നൊരു ഞായറാഴ്ച ആയിരുന്നു. ഉച്ചക്കത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാവരും വിശ്രമിക്കുമ്പോൾ ഞാനും നയനയും പതിയെ ഈ വിഷയം എടുത്തിട്ടു. എല്ലാത്തിനും സാക്ഷിയായി ആമിയും വിനയേച്ചിയും ഉണ്ടായിരുന്നു.

“അച്ഛനോടും അമ്മയോടുമായി ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട്.” ഹാളിൽ കസേരയിട്ട് കഥ പറഞ്ഞ് ഇരുന്ന എല്ലാവരും ഞങ്ങളെ നോക്കി.

“എന്താടാ ഇതുവരെ കാണാത്ത ഒരു ബലം പിടുത്തം? എന്താ മോളെ? ” അമ്മ നയനയോട് സംശയത്തോടെ ചോദിച്ചു.

“അത്‌… പിന്നേ…” നയന ഒന്ന് വിക്കി. ആമിക്ക് മാത്രം കാര്യം മനസ്സിലായി. പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. എല്ലാം കേട്ട് ഇരുന്നു.

“നിങ്ങൾ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾ തമ്മിൽ ആദ്യമേ ഇഷ്ടത്തിൽ ആയിരുന്നു. അടുപ്പം ഇല്ലാത്തതു പോലെ ഒക്കെ അഭിനയിച്ചത് ആണ്. അച്ഛൻ നയനയ്ക്ക് പെട്ടെന്ന് കല്യാണം ആലോചിക്കാൻ തുടങ്ങിയപ്പോ അത്‌ മുടക്കാൻ ഉള്ള വെപ്രാളം കൊണ്ട് ആണ് ഞങ്ങൾക്ക് അതെല്ലാം മറച്ചു വെക്കേണ്ടി വന്നത്. ഒരുപക്ഷെ നിങ്ങളിൽ ആരെങ്കിലും ഈ ബന്ധത്തെ എതിർത്തലോ എന്ന് പേടിച്ചാണ് ഞങ്ങൾ ഇതൊരു സാദാരണ കല്യാണ ആലോചന പോലെ പ്ലാൻ ചെയ്തു നടത്തിയത്. പക്ഷേ അന്ന് മുതൽ ഇന്ന് വരെ അതിന്റെ കുറ്റബോധം ഞങ്ങളെ വിട്ട് പോയില്ല. കല്യാണത്തിന് മുന്നേ തന്നെ ഇത് പറയാൻ ഞാൻ പലവട്ടം തുനിഞ്ഞത് ആണ് പക്ഷെ നിങ്ങളുടെ സന്തോഷം ഒക്കെ കണ്ടപ്പോ ഞങ്ങൾ വീണ്ടും ഒന്ന് മടിച്ചു. പക്ഷേ ഇനിയും ഇത് പറയാതെ ഇരിക്കാൻ എനിക്ക് വയ്യമ്മേ. ഞങ്ങളോട് ക്ഷമിക്കണം.” ഒറ്റ ശ്വാസത്തിൽ ഞാൻ ഇത്രയും പറഞ്ഞു നിർത്തി.
എല്ലാവരുടെയും ചിരി മാഞ്ഞു. ഗൗരവത്തിൽ ആയി. നയന എന്നോട് ചേർന്ന് തന്നെ നിന്നു. എന്തും നേരിടാൻ ഉള്ള മനസ്സ് ആയിരുന്നു അപ്പോൾ.

ആരും ഒന്നും മിണ്ടിയില്ല. നിശബ്ദത ആണ് ഏറ്റവും ഭയാനകം എന്ന് തോന്നിപ്പോയി. ഞാൻ വളരെ പണിപ്പെട്ട് അമ്മയുടെ മുഖത്തേക്ക് നോക്കി. ഞങ്ങളെ തന്നെ തുറിച്ചു നോക്കി ഇരിക്കുന്നു. അച്ഛനും അത്‌ പോലെ തന്നെ. ആദ്യമായി ഞങ്ങൾക്ക് അവരെ നേരിടാൻ ബുദ്ധിമുട്ട് തോന്നി.

ഞങ്ങൾ നോക്കി നിൽക്കെ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത്‌ പതിയെ അച്ഛനിലേക്കും ആമിയിലേക്കും വിനയേച്ചിയിലേക്കും പടർന്നു കയറി. അധികം വൈകാതെ തന്നെ ആ പുഞ്ചിരി ഒരു പൊട്ടിച്ചിരി ആയി മാറി. അവർ തമ്മിൽ തമ്മിൽ നോക്കുമ്പോഴൊക്ക ചിരിയുടെ പവർ കൂടി കൂടി വന്നു. ഒന്നും മനസ്സിലാവാതെ ഞാനും നയനയും കണ്ണ് മിഴിച്ചു നിന്നു.

ചിരി തെല്ലൊന്നു ഒടുങ്ങിയപ്പോൾ അമ്മ പറഞ്ഞു തുടങ്ങി.

“നിങ്ങൾ എന്താ പിള്ളേരെ ഞങ്ങൾ കാർന്നോന്മാരെ പറ്റി വിചാരിച്ചു വെച്ചേക്കുന്നേ? ഞങ്ങളൊക്കെ വെറും മണ്ടന്മാർ ആണെന്നോ? ങേ? ഞങ്ങൾ ഇതൊന്നും അറിയില്ല എന്നാണോ നിങ്ങളുടെ വിചാരം? നിന്നോട് ഞാൻ ഒരു ആയിരം വട്ടം ചോദിച്ചതാ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന്. അല്ലേ?” അമ്മ എന്നെ നോക്കി ചോദിച്ചു. ഞാൻ അപ്പോഴും ചുറ്റും നടക്കുന്നത് മനസ്സിലാക്കി എടുക്കാൻ പാട് പെടുവായിരുന്നു.

“എന്റെ മോളെ, നിന്റെ ഏതെങ്കിലും ഇഷ്ടത്തിന് ഈ അച്ഛൻ എതിര് നിന്നിട്ടുണ്ടോ നിനക്ക് ഒരു വാക്ക് അച്ഛനോട് പറഞ്ഞൂടായിരുന്നോ? ഞങ്ങൾ നടത്തി തരില്ലേ ഇത്. ഈ നാടകത്തിന്റെ ഒക്കെ ആവിശ്യം ഉണ്ടായിരുന്നോ?” നയനയ്ക്കും ഉത്തരം ഇല്ലായിരുന്നു.

“അച്ഛാ ഞങ്ങൾ വേണോന്ന് വെച്ച് അല്ല ഈ നാടകം കളിച്ചത്.” നയന അത്‌ പറഞ്ഞതും വീണ്ടും എല്ലാവർക്കും ചിരി പൊട്ടി.

Updated: June 6, 2022 — 10:13 pm

Leave a Reply

Your email address will not be published. Required fields are marked *