അരവിന്ദനയനം – 4 Like

“ഹല്ല ഇതാരാ ഈ കൊച്ചുവെളുപ്പാൻകാലത്തു… എന്താ ഇത്ര രാവിലേ തന്നെ? ഓ ഞാൻ അത്‌ മറന്നു ഇന്ന് പെണ്ണുകാണൽ ഉണ്ടല്ലേ.” എന്നെ കണ്ടതും ഒരു കള്ള ചിരിയോടെ ആമി പറഞ്ഞു.

“നിനക്ക് കൊറച്ചുനേരം നിന്റെ വീട്ടിൽ നിന്നുടെ, ആ പാവം വിനയേച്ചി അവിടെ ഒറ്റക്ക് ഉള്ള ജോലി എല്ലാം എടുക്കണം. നിനക്ക് എന്താ ഒന്ന് സഹായിച്ചാൽ. എപ്പ നോക്കിയാലും അമ്മേടെ വാലിൽ തൂങ്ങി ഈ നടപ്പ് ആണ്.” ഞാൻ അവളെ ചൊടിപ്പിക്കാൻ ആയി പറഞ്ഞു. പക്ഷേ ചൊടിച്ചത് അമ്മയാണ്.

“ഡാ… എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ തിളച്ച ചായ എടുത്തു ഞാൻ തലവഴി ഒഴിക്കും പറഞ്ഞേക്കാം. അവൾ ഉള്ളത്കൊണ്ട് ആണ് എനിക്ക് ഒരു ആശ്വാസം. നീ ഒക്കെ തിന്നാൻ നേരം കേറി വരണത് അല്ലാതെ ഇവിടുത്തെ വല്ല കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ?” അമ്മ ആമിയുടെ തലയിൽ തലോടി അവളെ ചേർത്ത് പിടിച്ചുകൊണ്ട് എന്നോട് തട്ടിക്കയറി.

വേണ്ടിയിരുന്നില്ല…. ഇന്നത്തെ ദിവസം ഞാൻ ഇതിന് മറുപടി പറയാൻ നിന്നാൽ ചെലപ്പോ ഇന്നത്തെ പ്ലാൻ ഒക്കെ വെള്ളത്തിൽ ആവും. ഞാൻ അമ്മേടെ കയ്യിൽ നിന്ന് ചായയും വാങ്ങി ഫോണും എടുത്ത് നേരെ സിറ്റ് ഔട്ടിലേക്ക് വിട്ടു.
പത്രം വായിച്ചു ഇരിക്കുമ്പോൾ പതിവ് പോലെ നയനയുടെ ഗുഡ്മോർണിംഗ് മെസ്സേജ് എത്തി. വീണ്ടും ഒരുവട്ടം കൂടി എല്ലാം പറഞ്ഞു ഉറപ്പിച്ചു. ഞങ്ങൾ രണ്ട് പേർക്കും ടെൻഷൻ ഉണ്ടായിരുന്നു.

“എപ്പഴാ വല്യമ്മേ നിങ്ങൾ പോണത്?” അടുക്കളയിൽ നിന്ന് ആമിയുടെ ചോദ്യം എന്റെ കാതിൽ പതിഞ്ഞു. ഞാൻ പെട്ടന്ന് തന്നെ അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി. എത്ര അടികൂടിയാലും ആമിക്ക് എന്റെ കാര്യത്തിൽ ഒക്കെ ഭയങ്കര ശ്രദ്ധ ആണ് അല്ലെങ്കിൽ അവൾ തന്നെ മുൻകൈ എടുത്തു ഇത് അമ്മയോട് ചോദിക്കില്ലലോ.

“പോവാം മോളെ ആദ്യം ഇവിടുത്തെ പണികൾ ഒക്കെ ഒന്ന് ഒതുക്കട്ടെ. നീ പോയി അവനോട് നേരത്തും കാലത്തും ഒക്കെ ഒരുങ്ങി നിക്കാൻ പറ.” അമ്മ അത്‌ പറഞ്ഞതും ആമി സിറ്റ് ഔട്ടിലേക്ക് നടന്നു.

“ആ പിന്നേ… അവന്റടുത്തു പോയി രണ്ടും കൂടെ അടി ഉണ്ടാക്കരുത്. രണ്ടിനേം ഞാൻ ഓടിക്കും പറഞ്ഞേക്കാം.” അമ്മ അടുക്കളയിൽ നിന്ന് ആമിയോട് വിളിച്ചു പറഞ്ഞു.

അവൾ വരുന്നത് കണ്ടതും ഞാൻ ഒന്നും അറിയാത്ത പോലെ പത്രത്തിൽ തന്നെ നോക്കി ഇരുന്നു.

അവൾ വന്നു എന്നെ തന്നെ നോക്കി നിന്നു. ഞാൻ മൈൻഡ് ആക്കാൻ പോയില്ല. കുറച്ചു നേരം കഴിഞ്ഞും ആൾടെ അനക്കം ഒന്നുല്ല. ഞാൻ പതിയെ തല പൊക്കി നോക്കി. എളിയിൽ കയ്യും കുത്തി എന്നെ നോക്കി നിക്കുന്ന ആമിയെ ആണ് കണ്ടത്.

“മം..? എന്താണ്?” “എന്ത്?” “നീ എന്താ ഈ നോക്കി നിക്കണേ?” “ഞാൻ ഏട്ടന്റെ ആക്ടിങ് കണ്ട് അങ്ങനെ മതിമറന്നു നിക്കുവാരുന്നു.” “ആക്റ്റിംഗോ?? എന്തോന്ന് ആക്ടിങ്? ” “ദേ ദേ അധികം അങ്ങ് നല്ല പിള്ള ചമയല്ലേ. എനിക്കറിയാം ഏട്ടൻ ഞാനും വല്യമ്മയും സംസാരിക്കുന്നത് ഒളിഞ്ഞു കേട്ടില്ലേ സത്യം പറ.”

“പിന്നേ… എനിക്ക് അതല്ലേ ജോലി. നിങ്ങൾ അതിന് നാസ റോക്കറ്റ് വിടണ കാര്യം ഒന്നുമല്ലലോ ചർച്ച ചെയ്യണത്. നിങ്ങളുടെ പരദൂഷണം ഞാൻ എന്തിനാ ഒളിഞ്ഞു കേക്കണേ?”

“ഓഹോ… അഹങ്കാരം… ഒരു പെണ്ണിനെ കിട്ടിയപ്പോൾ നമ്മളോട് ഒക്കെ പുച്ഛം അല്ലേ… ശെരിയാക്കി തരാം. വല്യമ്മേ ഈ അരവിന്ദേട്ടൻ……..”
ഞാൻ ഇരുന്നിടത്തു നിന്ന് തുള്ളി പോയി അവളുടെ പറച്ചിൽ കേട്ട്. വേഗം ചാടി എഴുനേറ്റു അവളുടെ വാ പൊത്തി.

“എന്റെ പൊന്നേ ചതിക്കരുത്. നീ എന്റെ ശവം കണ്ടേ അടങ്ങു അല്ലേ.”

“ആഹ് ഈ പേടി എപ്പഴും വേണം. കേട്ടല്ലോ. പിന്ന ഇത്ര ജാഡ ഒന്നും വേണ്ട അതും കുറക്കണം.”

“ഓ ശെരി ഇനി എല്ലാം നീ പറയുംപോലെ പോരെ.” എന്റെ ഒരു ഗതികേട്.

“മം.. ഞാൻ എന്തിനാ ഇപ്പൊ വന്നെന്നു പ്രത്യേകം പറയണ്ടല്ലോ എല്ലാം ഒളിഞ്ഞു കേട്ടില്ലേ. അപ്പൊ പിന്നേ വേഗം ചെന്ന് കുളിച്ചു റെഡി ആയിക്കോ. ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചിട്ട് പോ ഞാൻ തേച്ചു തരാം.”

എന്റെ മറുപടി കാക്കാതെ അവൾ വീണ്ടും അടുക്കളയിലേക്ക് പോയി. എനിക്ക് പലപ്പോഴും ഇവളുടെ സ്വഭാവം മനസ്സിലാവാറില്ല. ചെലപ്പോൾ തോന്നും ഇവളാണ് എന്റെ അമ്മ എന്ന്. അത്പോലെ എന്നെ ഭരിക്കാൻ വരും. ചില സമയം അമ്മയേക്കാൾ ഡെയ്ഞ്ചർ ആമിയാണ്. പല കാര്യങ്ങൾക്കും എന്നെ അമ്മയുടെ മുന്നിൽ ഒറ്റിക്കൊടുത്തു എന്നെ ചീത്ത കേൾപ്പിക്കുന്നത് ഇവളുടെ ഹോബി ആണ്. എന്നാൽ അതെ ഇവൾ തന്നെ ആണ് ആ പ്രശ്നത്തിൽ നിന്നൊക്കെ അമ്മയുടെ കയ്യിൽ നിന്ന് എന്നെ പുല്ലുപോലെ ഊരിയെടുക്കുന്നത്.

Updated: June 6, 2022 — 10:13 pm

Leave a Reply

Your email address will not be published. Required fields are marked *