അരവിന്ദനയനം – 4

Related Posts


റൂമിൽ ചെന്ന് കേറിയതും ഫോൺ എടുത്തു നോക്കി. പ്രതീക്ഷിച്ച പോലെ തന്നെ നയനയുടെ 4 മിസ്കാൾ. കട്ടിലിലേക്ക് കേറി ഇയർഫോൺ കുത്തി നയനയുടെ നമ്പർ ഡയൽ ചെയ്തു. എന്റെ കാൾ പ്രതീക്ഷിച്ചിരുന്ന പോലെ ഒറ്റ റിങ്ങിൽ തന്നെ അവൾ എടുത്തു.

“ഇതെവിടാരുന്നു? എന്തായി കാര്യങ്ങൾ? അമ്മ സമ്മതിച്ചോ? നാളെ എപ്പോ വരാനാ പ്ലാൻ?” ഫോൺ എടുത്തതും ഒരു ഹലോ പോലും പറയാതെ നയന ഒറ്റശ്വാസത്തിൽ നിരവധി ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു.

“എന്താവാൻ… സംഗതി ഓക്കെ ആണ്. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചു. പക്ഷെ നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഞാൻ പറഞ്ഞില്ല. അതോർത്തു എനിക്കിപ്പോ വല്ലാത്ത കുറ്റബോധം തോന്നുന്നു.”

“ങേ.. ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞില്ലേ? പിന്നെ ഇയാൾ എന്താ പറഞ്ഞത്? ഇതൊന്നും പറയാതെ അമ്മ എങ്ങനെ സമ്മതിച്ചു?” നയനയ്ക്ക് ആകെ കൺഫ്യൂഷൻ ആയി.

“ഹ പറയട്ടെ. നീ തോക്കിൽ കേറി വെടിവെക്കാതെ. ഞാൻ എല്ലാം തുറന്ന് പറയാം എന്ന് തന്നെ ആണ് കരുതിയത് പക്ഷേ ഇനിയിപ്പോ എന്തെങ്കിലും ഒരു കാര്യത്തിന് അമ്മക്ക് ഈ ബന്ധം ഇഷ്ടമില്ല എന്ന് പറഞ്ഞാൽ ചെലപ്പോൾ എനിക്ക് ഈ ഒറ്റ രാത്രികൊണ്ട് അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാൻ ചെലപ്പോ ബുദ്ധിമുട്ട് ആവും. അങ്ങനെ വന്നാൽ നാളെ എനിക്ക് പകരം നിന്നെ കാണാൻ വരുന്നത് നിന്റെ അച്ഛൻ കണ്ടുവെച്ച ടീം ആവും. അഥവാ നമ്മടെ കഷ്ടകാലത്തിനു അതെങ്ങാനും വാക്കാൽ ഉറപ്പിച്ചാൽ പിന്നെ അതിൽ നിന്നൊക്കെ ഊരുന്നത് വല്യ ബുദ്ധിമുട്ട് ആവും. അത്കൊണ്ട് ഞാൻ ആമിയെക്കൊണ്ട് അമ്മയോട് പറയിച്ചു എനിക്ക് വേണ്ടി നിന്നെ ആലോചിച്ചാലോ എന്ന്.” ഞാൻ ഒന്ന് പറഞ്ഞു നിർത്തി.

“അയ്യോ.. എന്നിട്ട്? ഇത് ഇനി എങ്ങാനും അമ്മ സത്യം അറിഞ്ഞാൽ അമ്മക്ക് വിഷമം ആവില്ലേ അരവിന്ദേട്ടാ? ഞാനും ഇതിനൊക്കെ കൂട്ട് നിന്നു എന്നറിഞ്ഞാൽ അമ്മക്ക് എന്നോട് ദേഷ്യം തോന്നില്ലേ..?” നയനയുടെ ശബ്ദത്തിൽ നിരാശയും ഭയവും കലർന്നിരുന്നു.

“നീ ടെൻഷൻ അടിക്കണ്ട, നമ്മടെ ആദ്യത്തെ ഉദ്ദേശം നാളെ അച്ഛൻ കണ്ടുവെച്ച ആളുകൾ നിന്നെ കാണാൻ വരുന്നതിനു മുന്നേ തന്നെ ഇത് വന്ന് ഉറപ്പിക്കണം. അത്‌ കഴിഞ്ഞാൽ നമുക്ക് പതുക്കെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. അമ്മക്ക് എന്തായാലും മനസ്സിലാവും. മാത്രമല്ല നിന്നെപ്പറ്റി പറയുമ്പോൾ അമ്മക്ക് നൂറു നാവാണ്.” അരവിന്ദ് പറഞ്ഞത് കേട്ട് നയനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
“മം.. നാളെ അപ്പൊ എപ്പഴാ വരുന്നേ? എനിക്കെന്തോ ടെൻഷൻ പോലെ, എല്ലാം എങ്ങനേലും ഒന്ന് നടന്നു കിട്ടിയാൽ മതിയാരുന്നു.”

“അല്ല ടെൻഷൻ ഒക്കെ അവിടെ നിക്കട്ടെ. നീ വീട്ടിൽ പറഞ്ഞോ?”

“ഞാനോ..? ഞാൻ എന്ത് പറയാൻ? വെറുതെ ഓടി പോയി എനിക്ക് ഇയാളെ ഇഷ്ടാണ് എന്നങ് പറയാൻ പറ്റുവോ?”

“പിന്നെന്താ പറഞ്ഞാൽ. അപ്പൊ നീ ഒരു സൂചന പോലും വീട്ടിൽ കൊടുത്തില്ലേ കഴുതേ? ഇവളെ കൊണ്ട് തോറ്റല്ലോ…”

“ദേ മിണ്ടരുത്… എത്ര നേരായി ഞാൻ വിളിക്കുന്നു. ആ ഫോണിൽ നോക്ക് എത്ര മിസ്സ്‌കാൾ വന്നു എന്ന് പോരാത്തേന് ഫോണിലും വാട്സാപ്പിലും ഒക്കെ തുരു തുരാ മെസ്സേജും വിട്ടിട്ടുണ്ട്. അരവിന്ദേട്ടൻ നാളെ വരുവോ ഇല്ലയോ എന്നറിയാതെ ഞാൻ അച്ഛനോട് എന്താ പറയണ്ടേ.”

“ശേ.. ഫോൺ റൂമിൽ ആരുന്നു. ഞാനും ആമിയും കൂടെ അമ്മയോട് ഇത് പറഞ്ഞോണ്ട് ഇരിക്കുവാരുന്നു അതാ കാണാഞ്ഞേ. സോറി. അപ്പൊ നാളെ ഞങ്ങൾ വരുമ്പഴേ അച്ഛൻ ഇത് അറിയൂ അല്ലേ.”

“മം അതെ. അരവിന്ദേട്ടൻ ടെൻഷൻ ആവണ്ട അച്ഛൻ ഇത് സമ്മതിക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. അന്ന് എന്നെ ഇവിടെ കൊണ്ട്വന്നു ആക്കിയില്ലേ അന്ന് തന്നെ എന്നോട് അച്ഛൻ അരവിന്ദേട്ടനെ പറ്റിയും അമ്മയെ പറ്റിയും ഒക്കെ കൊറേ ചോദിച്ചു. ഇവിടേം അരവിന്ദേട്ടന് നല്ല മതിപ്പ് ആണ്. പിന്നെ ഞാൻ ഇവിടെ ഇല്ലേ. എന്റെ ഭാഗത്ത്‌ നിന്നും ഒരു പോസിറ്റീവ് റിപ്ലൈ ഉണ്ടായാൽ എന്തായാലും അച്ഛൻ ഇതിനു സമ്മതിക്കും എനിക്ക് ഉറപ്പാണ്.”

“ഒക്കെ… എല്ലാം നല്ലതിന് എന്ന് തന്നെ കരുതാം. ഞങ്ങൾ ഒരു 10-11 മണി ആവുമ്പോൾ എത്തും. പെണ്ണ് ചോദിക്കാൻ വരുന്നത് പോലെ ആവില്ല വെറുതെ ഒരു വിസിറ്റിനു വന്ന പോലെ. പിന്നെ പതിയെ കാര്യങ്ങളിലേക് കടക്കാം പോരെ?”

“മം.. മതി. ശ്ശോ… എത്ര പെട്ടന്നാ അല്ലേ. വൈകിട്ട് പ്രൊപ്പോസ് ചെയ്യുന്നു പിറ്റേന്ന് കല്യാണം ഉറപ്പിക്കുന്നു. സോ ഫാസ്റ്റ്.” നയനക്ക് എല്ലാം ഒരു സ്വപ്നം പോലെ തോന്നി.

“ഇത് വെറും ഫാസ്റ്റ് അല്ല ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആണ്. പ്രേമിച്ചു നടക്കാൻ തീരെ സമയം കിട്ടിയില്ല. അതാ എനിക്ക് സങ്കടം. നമുക്ക് എൻഗേജ്മെന്റ് കഴിഞ്ഞ് ഒരു 6 മാസം ഒക്കെ കഴിഞ്ഞു കല്യാണം വെക്കാം അതാകുമ്പോൾ പ്രേമിക്കാൻ ടൈം കിട്ടും.”
“അയ്യട… എടൊ മനുഷ്യാ പ്രേമിക്കാൻ ആദ്യം വേണ്ടത് അത്‌ നേരെ ചൊവ്വെ മുഖത്ത് പറയാൻ ഉള്ള മനസ്സാണ്. എന്റെ ജീവിതത്തിൽ ഇത്രേം വൃത്തികെട്ട പ്രൊപോസൽ എനിക്ക് കിട്ടീട്ടില്ല. എന്തൊക്കെ ആണ് പറഞ്ഞത് എന്ന് വല്ല ഓർമ്മ ഉണ്ടോ? ഗോൾ കീപ്പർ ആവാൻ വരുന്നോ എന്നോ. അയ്യേ…. വെറുതെ അല്ല ഇത്രനാളും ആരും തിരിഞ്ഞു നോക്കാഞ്ഞത്.” നയന പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ അസ്ഥാനത്തു ഉള്ള ഡയലോഗ് കേട്ട് അരവിന്ദിനും ചിരി പൊട്ടി.

“ഓ.. നമ്മക്ക് വല്യ എക്സ്പീരിയൻസ് ഒന്നും ഇല്ലടെയ്. നിനക്ക് അപ്പൊ കൊറേ പ്രൊപ്പോസൽ കിട്ടിട്ടുണ്ട് അല്ലേ.”

“പിന്നല്ല… എന്റെ ഈ ഗ്ലാമർ കണ്ടാൽ അറിഞ്ഞുടെ. ഞാനെ കോളേജിൽ ബ്യൂട്ടി ക്വീൻ ആയിരുന്നു അറിയാവോ.” നയന ചിരിച്ചുകൊണ്ട് പറഞ്ഞു. “പിന്നെ കോപ്പാണ്. ഒരു ‘പൂട്ടികൂൻ’ വന്നേക്കുന്നു. മതിയെടി തള്ളിയത്. അത്കൊണ്ട് ഇപ്പൊ എന്താ ഇത്രേം കഴിവും സൗന്ദര്യവും സർവോപരി സല്ഗുണ സമ്പന്നൻ ആയ എന്നെ കിട്ടിയില്ലേ.”

“മം… അത്‌ എന്റെ വിധി. അതെ നേരം കൊറേ ആയി. കിടന്നു ഉറങ്ങാൻ നോക്ക് നാളെ നേരത്തും കാലത്തും ഒക്കെ എഴുനേറ്റു വന്നേക്കണം. പിന്നെ മുണ്ട് ഉടുത്താൽ മതി പാന്റ് ഇട്ടാൽ ഒരു ഓഞ്ഞ ലുക് ആണ്. പിന്നെ ആ ഡാർക്ക്‌ ബ്ലു ഷർട്ട്‌ ഇല്ലേ.. അതിട്ടാൽ മതി. വല്ലതും കേക്കുന്നുണ്ടോ പറയണത്.”

“എന്റെ പൊന്നോ കെട്ടു. പെണ്ണ് കാണാൻ വരണേനു മുന്നേ തന്നെ വൻ ഭരിക്കൽ ആണല്ലോ നീ ഇക്കണക്കിനു കെട്ടുകഴിഞ്ഞാൽ എന്താവും.” “ഓ.. കൊറച്ചു വൃത്തി ആയിക്കോട്ടെ എന്ന് വെച്ച് പറഞ്ഞതാ. ഞാൻ പറഞ്ഞത് പോലെ വന്നില്ലേൽ നാളത്തെ ചായയിൽ ഞാൻ ഉപ്പിട്ട് തരും പറഞ്ഞേക്കാം.” “ആ… നോക്കട്ടെ. ആ ഷർട്ട്‌ ഒക്കെ എവിടാണോ എന്തോ.” “ആഹ് അതെല്ലാം പോയി തപ്പി എടുക്ക് ആദ്യം എന്നിട്ട് ഉറങ്ങിയാൽ മതി.” “വോ ശെരി മൊതലാളി…” “എന്നാ പിന്നെ ശെരി… വെക്കട്ടെ?” നയന ഒരു കുസൃതി ചിരിയോടെ ചോദിച്ചു

Updated: June 6, 2022 — 10:13 pm

Leave a Reply

Your email address will not be published. Required fields are marked *