അരവിന്ദനയനം – 4 Like

സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൾ… അതാണ് ആമി. സൈക്കോ ആണോ എന്നാണ് ഇപ്പൊ എന്റെ സംശയം. ***********

സമയം കഴിഞ്ഞു പോകുംതോറും എനിക്ക് ചെറിയൊരു ടെൻഷൻ വന്നു തുടങ്ങി. പോകുന്ന കാര്യത്തെ പറ്റി അമ്മ ഒന്നും പറയുന്നുമില്ല. അമ്മ ഇങ്ങനൊരു കാര്യമേ ഇല്ല എന്ന രീതിയിൽ അടുക്കളയിൽ ഒരേ പണിയിൽ ആണ്.

ഒരു എട്ടര വരെ ഞാൻ വെയിറ്റ് ചെയ്തു. അത്‌ കഴിഞ്ഞു പതുക്കെ എഴുന്നേറ്റു ഒരു മൂളിപ്പാട്ടും പാടി അടുക്കളയിൽ എത്തി. എന്നെ കണ്ടപ്പഴേ ആമിക്ക് കാര്യം മനസിലായി. അമ്മ സാമ്പാർ ഉണ്ടാക്കുന്ന തിരക്കിൽ ആണ്.

“ആമിമോളെ ഇതിന്റെ ഉപ്പൊന്നു നോക്കിക്കേ.” അമ്മ ആമിയുടെ നേരെ സാമ്പാറിന്റെ തവി നീട്ടികൊണ്ട് തിരിഞ്ഞപ്പോൾ ആണ് എന്നെ കണ്ടത്.

“ദേ ഇപ്പ റെഡിയാവും. നീ ആ പ്ലേറ്റ് എടുത്ത് ആ ഇഡലി എടുക്ക്. ഞാൻ ഈ സാമ്പാറിന് ഒന്ന് വറ കൊടുത്തോട്ടെ എന്നിട്ട് തരാം.” പാവം ഞാൻ വിശന്നിട്ടു വന്നതാണെന്ന് കരുതിക്കാണും.
ആമി ചിരി അടക്കി പിടിച്ചു ഇരുന്നു. അവസാനം ഞാൻ രണ്ടും കല്പിച്ചു ചോദിച്ചു.

“അല്ലമ്മേ നമ്മൾ ഇന്ന് പോകുന്നുണ്ടോ? ” “എവിടെ? ” അമ്മ എന്നെ ഒന്ന് നോക്കി. എന്റെ നെഞ്ച് കത്തി. അമ്മക്ക് അൽഷിമേഴ്‌സ് വല്ലതും ഉണ്ടോ ദൈവമേ.

“ഹ ഇന്നലെ അല്ലേ അമ്മ പറഞ്ഞത് ഇന്ന് പെണ്ണ് കാണാൻ പോണം എന്ന് മറ്റേ പെണ്ണിനെ. എന്താരുന്നു അതിന്റെ പേര് വിനയയോ നിമിഷയോ അങ്ങനെ എന്തോ അല്ലേ?”

എന്റെ അതി ബുദ്ധിപരമായ നീക്കം കണ്ട് ആമിയുടെ കണ്ണ് തള്ളി പോയി.

“ഓ വിനയേം രമണീം ഒന്നുമല്ല. നയന. അതാണ് പേര്.” അമ്മ എന്നെ തിരുത്തികൊണ്ട് പറഞ്ഞു.

“ആഹ് നയന എങ്കിൽ നയന. ഇന്ന്‌ പോകുന്നുണ്ടോ?” ഞാൻ ദുർബലമായി ചോദിച്ചു. എന്റെ നെഞ്ചിന്റെ ഇടി എന്റെ കാതിൽ കേക്കാൻ പറ്റുന്നുണ്ടാരുന്നു.

“പിന്നെ പോകണ്ടേ. എന്തായാലും അത്‌ കൂടി നോക്കിക്കളയാം. ആദ്യം നീ ഇത് എടുത്തു കഴിക്കാൻ നോക്ക് അപ്പോഴേക്കും ഞാൻ കുളിച്ചു വരാം. ആമിമോളെ മോളും എടുത്തു കഴിക്കാൻ നോക്ക്. മോള് വരുന്നില്ലേ?”

“ഞാൻ ഇല്ല വല്യമ്മേ, ഞാൻ ആ ചേച്ചിയെ കണ്ടിട്ടുള്ളത് അല്ലേ. എനിക്ക് ശെരിക്കും ഇഷ്ടായി. ഇവർ തമ്മിൽ നല്ല ചേർച്ച ആണ്. പിന്നെ ഇത് നടക്കും എന്നാണ് എനിക്ക് തോന്നണേ. അത്കൊണ്ട് നിങ്ങൾ പോയിട്ട് വാ.” ആമി എന്നെ ഒന്ന് നോക്കി അർത്ഥം വെച്ച് പറഞ്ഞു.

“ഹാ… ഇതെങ്കിലും നടന്നാൽ മതിയാരുന്നു. ഇതിപ്പോ എത്രാമത്തെ പെണ്ണുകാണൽ ആണ്.” അമ്മ ഒരു ദീർഘനിശ്വാസം എടുത്തു. എന്റെ കല്യാണം നടക്കാത്തതിൽ അമ്മക്ക് നല്ല വിഷമം ഉണ്ട്. അത്‌ പിന്നെ എല്ലാ അമ്മമാർക്കും കാണുമല്ലോ.

അമ്മയുടെ ആ മറുപടി കേട്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. അപ്പൊ എന്തായാലും ഇന്ന് പോകും എന്ന് ഉറപ്പായി. പകുതി ടെൻഷൻ അങ്ങനെ തീർന്നു. ഇനിയുള്ളത് നയനയുടെ അച്ഛന്റെ സമ്മതം വാങ്ങുക എന്നത് ആണ്. സാദാരണ രീതിയിൽ ആയിരുന്നേൽ പ്രശ്നം ഇല്ലായിരുന്നു പക്ഷെ ഇന്ന് അവളുടെ അച്ഛൻ കണ്ടുവെച്ച ആൾക്കാർ വരും അതാണ് ഒരു തടസ്സം. പക്ഷേ സ്വന്തം മകളുടെ മനസ്സറിയുന്ന ഒരു അച്ഛൻ ആണ് നയനയുടേത്. ആ ഒരു ഉറപ്പ് തന്നെ ആയിരുന്നു എന്റെ മനസ്സിന്റെ ധൈര്യം.
ഞാനും ആമിയും ഇഡ്ഡലി കഴിച്ച് കഴിഞ്ഞപ്പോഴേക്കും അമ്മ കുളിച്ചിട്ട് എത്തി.

“നീ ഇതുവരെ റെഡി ആയില്ലേ. വേഗാവട്ടെ. ഉച്ചക്ക് മുന്നേ പോയി വരണം. വെയിൽ കൂടിയാൽ പിന്നേ പോക്ക് വൈകിട്ട് ആക്കണ്ടി വരും.” അമ്മ പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി.

“അയ്യോ വൈകിട്ട് പറ്റില്ല. വൈകിട്ട് എനിക്ക് കളി ഒണ്ട്.” ഞാൻ പെട്ടന്ന് അമ്മ ആ ആലോചനയിൽ നിന്ന് പിന്മാറാനായി പറഞ്ഞു.

റൂമിലേക്കു കേറാൻ നിന്ന അമ്മ ഒന്ന് തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി നോക്കി.

“എന്റെ ഒരു വിധി. ഇമ്മാതിരി പോത്തുകൾക്ക് ഒക്കെ പെണ്ണ് നോക്കുന്ന എന്നെ പറഞ്ഞാൽ മതി. ശെരിക്കും ഞാൻ ആ പെണ്ണിനോട് ചെയ്യന്നത് ചതി ആണ്. നിന്നെ ഒക്കെ ആ കൊച്ച് എങ്ങനെ സഹിക്കുവോ എന്തോ.”

“മം… അവൾടെ സ്വഭാവം വെച്ച് അവൾ ഇവിടെ വന്ന് ഇവിടുത്തെ പിള്ളേർടെ കൂടെ പുതിയ ടീം ഉണ്ടാക്കും. എന്നിട്ട് എനിക്ക് എതിരെ കളിക്കും. അത്‌ അമ്മക്ക് അറിയില്ലല്ലോ.” ഞാൻ മനസ്സിൽ പറഞ്ഞു. *************** അധികം വൈകാതെ തന്നെ ഞങ്ങൾ റെഡി ആയി. ആമി എന്റെ ഡ്രസ്സ്‌ ഒക്കെ നല്ല വടി പോലെ തേച്ചു വെച്ചിട്ടുണ്ടാരുന്നു. കൊള്ളാം നന്നായിട്ടുണ്ട്. പക്ഷെ അത്‌ അവളോട്‌ പറഞ്ഞാൽ പിന്നെ ചെലപ്പോൾ ചെയ്തു തരില്ല.

Updated: June 6, 2022 — 10:13 pm

Leave a Reply

Your email address will not be published. Required fields are marked *