അൻഷിദ – 4

വേണ്ട. ഞാൻ ഇനി കോളേജിൽ പോണില്ല അപ്പൊ പ്രശ്നം ഇല്ലല്ലോ
ശരി പോണില്ലേ പോണ്ട. മോള് കുറച്ച് കഴിഞ്ഞ് പുതിയാപ്പിളയെ വിളിക്കണം കേട്ടോ, മോളെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട്‌ ആളാകെ ടെൻഷൻ ആയി നില്‍ക്കുകയാണ്..

അമ്മായിയോട് എല്ലാം പറഞ്ഞപ്പോൾ എനിക്കൊരു ആശ്വാസം തോന്നി. കുറച്ച് സമയം കിടന്നുറങ്ങിയ ഞാൻ എണീറ്റത് നൗഫൽക്കയുടെ ഫോൺ വന്നപ്പോൾ ആണ്. അപ്പോളേക്കും അമ്മായി പറഞ്ഞ്‌ എല്ലാം ഇക്ക അറിഞ്ഞിരുന്നു. എന്നെ കുറെ ആശ്വസിപ്പിച്ചു ഇക്ക, അതൊക്കെ മറന്ന് കോളേജിൽ പോകണമെന്നും അവര്‍ക്കെതിരെ പരാതി കൊടുക്കാനും പറഞ്ഞു. പക്ഷേ എത്ര പറഞ്ഞിട്ടും എന്റെ മനസ്സ് മാറിയില്ല. ഞാൻ ഇനി അങ്ങോട്ട് പോയില്ലെങ്കില്‍ അവർ അതൊക്കെ ഡിലീറ്റ് ചെയത് കൊള്ളും, എനിക്കൊരു പ്രശ്‌നവും വരില്ല എന്ന് തന്നെ ഞാൻ മനസ്സിൽ കരുതി

‘എന്നെ നിര്‍ബന്ധിക്കല്ലേ, ഇക്കാ പ്ലീസ്,എനിക്കിനി പഠിക്കേണ്ട. ഞാൻ വിതുമ്പി കൊണ്ട്‌ പറഞ്ഞു

‘ ശരി, എന്നാൽ ഇനി ഞാൻ നിര്‍ബന്ധിക്കുന്നില്ല, പക്ഷെ മോളോട് ഞാൻ ഒരു കാര്യം പറയാലോ, നമ്മുടെ ആദ്യരാത്രി എനിക്ക് പഠിക്കണം എന്ന് പറഞ്ഞു മോള് കരഞ്ഞു , ഇപ്പോൾ പഠിക്കേണ്ട എന്നെ നിര്‍ബന്ധിച്ചു അയക്കല്ലെ എന്ന് പറഞ്ഞു കരയുന്നു. നാളെ മോള് ധൈര്യം സംഭരിച്ച് പോയാൽ, ഭാവിയില്‍ നിനക്ക് സ്വന്തം കാലില്‍ തന്നെ നില്‍ക്കാം, അല്ലെങ്കില്‍ എന്നും ഇത് പോലെ മറ്റുള്ളവർ കാരണം ഇങ്ങനെ കരഞ്ഞ് കൊണ്ട്‌ നില്‍ക്കണം. ‘

ഫോൺ വെച്ച ശേഷവും ഇക്ക പറഞ്ഞ വാക്കുകള്‍ മനസ്സിൽ തന്നെ കിടന്ന് ശബ്ദിച്ചു.. 2 ദിവസം പിന്നെ കോളേജിൽ പോയില്ലെന്കിലും ഇക്ക യുടെ വാക്കുകൾ മനസ്സിൽ അലയടിച്ചു..ശരിയാ,ഞാൻ എന്തിനാ അവരെ പേടിക്കുന്നത്, അവർ അല്ലെ തെറ്റ് ചെയതത്. എനിക്ക് പോണം ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഞാൻ അമ്മായിയെ വിളിച്ചു.

അമ്മായീ, എനിക്ക് കോളേജിൽ പോണം. അവർക്കെതിരെ കംപ്ലൈന്റും കൊടുക്കണം. നിങ്ങൾ വരോ എന്റെ കൂടെ?

പിന്നെ ഞാൻ അല്ലാതെ ആരാടീ നിന്റെ കൂടെ വരിക. നമുക്ക് നാളെ പോകാം. ഇന്ന്‌ ഇനി സ്കൂളിൽ നിന്നിറങ്ങി വരുമ്പോള്‍ തന്നെ കുറെ സമയം ആകും ഇപ്പോൾ ആട്ടോ നീ മിടുക്കി ആയത്. ഇങ്ങനെ വേണം പെണ്‍കുട്ടികളായാൽ..

അങ്ങനെ പിറ്റേ ദിവസം പോകാൻ വേണ്ടി ബാഗ് ഒക്കെ ഒരുക്കുക ആയിരുന്നു ഞാൻ. അപ്പോൾ ആണ് ഉമ്മ താഴെ നിന്ന് വിളിക്കുന്നത് .

അൻഷീ. .മോളെ.. ഇതാ നിന്നെ കാണാന്‍ നിന്റെ കോളേജിലെ ഫ്രണ്ട്സ് വന്നിട്ടുണ്ട്.
അയ്യോ, ഇതാരാ ഇങ്ങോട്ട് വന്നത്, സ്റ്റെഫിയും അഞ്ചുവും ഒക്കെ കുറെ വിളിച്ചിരുന്നു. ഞാൻ ഫോൺ എടുത്തിട്ടില്ലായിരുന്നു. എന്നെ കിട്ടാത്തത് കൊണ്ട്‌ ഇനി അഡ്രസ്സും തപ്പി എടുത്ത് ഇങ്ങോട്ട് പോന്നോ?ഇങ്ങനെ ഒക്കെ ഓര്‍ത്തു ഞാൻ ചെന്നു. അവിടെ വന്നിരിക്കുന്ന ആളുകളെ കണ്ടു ഞാൻ ഞെട്ടി. അന്ന് എന്നെ റാഗ് ചെയ്ത ചേച്ചിമാരിൽ 4-5 പേർ. അന്ന് കാര്യമായി ഉപദ്രവിച്ച നീതു, ഷബാന തുടങ്ങിയവർ ഒക്കെ ഉണ്ട്.. ഇവർ എന്തിനുള്ള പുറപ്പാടിലാണ് എന്തിനാ ഇങ്ങോട്ട് പോന്നത്, ഇനി എന്നെ ബ്ലാക്ക് മൈല്‍ ചെയ്യാൻ വല്ലോം ആകുമോ, ഉമ്മാക്ക് ഇത് വരെ സംഭവം പൂര്‍ണമായും അറിയില്ല ആ വീഡിയോ ഒക്കെ കണ്ടാൽ മതി, എന്റെ പാവം ഉമ്മ ആകെ തകർന്ന് പോവും, ഇത്തരം ചിന്തകൾ ഒക്കെ എന്റെ മനസ്സിലൂടെ കടന്ന് പോയി, 2 ദിവസം കൊണ്ട്‌ ഞാൻ സംഭരിച്ച ധൈര്യം ഒക്കെ ചോര്‍ന്നുപോയ പോലെ…

‘നിങ്ങളൊക്കെ ഓളുടെ ക്ലാസ്സിൽ തന്നെ ആണോ?

അല്ലിത്താ. ഒരെ ഹോസ്റ്റലിലാ..

ആഹ്, അവളെ ആരോ വഴക്ക് പറഞ്ഞെന്നോ മറ്റോ പറഞ്ഞ്‌ ഇനി കോളേജിൽ പോകൂല എന്ന് വാശി പിടിച്ചു നില്‍ക്കുകയാണ് ഓള്. നിങ്ങളൊന്ന് പറഞ്ഞ്‌ മനസ്സിലാക്ക്. നിങ്ങൾ സംസാരിച്ച് ഇരിക്കീ ഞാൻ ചായ എടുക്കാട്ടോ.

അൻഷിദ എന്താ കോളേജിൽ വരാത്തത്?

ഉമ്മ പോയപ്പോള്‍ അവർ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല. ഇനി എന്താ ഇവരുടെ ഉദ്ദേശം എന്നായിരുന്നു എന്റെ മനസ്സിൽ.

ഞങ്ങൾ കാരണം ആണോ?

ഹ്മ്മ്.

ഞങ്ങൾ അതിനു സോറി പറയാനാ വന്നത്. താൻ അതൊക്കെ തമാശയായി എടുക്കും എന്നാ കരുതിയത്..

‘അതാണോ നിങ്ങളുടെ തമാശ ‘ എനിക്ക് നല്ല ദേഷ്യം വന്നു.

ഞാൻ അവിടെ നിന്ന് കരയുമ്പോള്‍ ഞാൻ തമാശ ആസ്വദിച്ചു ചിരിക്കുക ആണെന്ന് ആകും അല്ലെ നിങ്ങള്‍ക്ക് തോന്നിയത്‌

നീതു എന്റെ അടുത്ത് വന്ന് എന്റെ കൈ പിടിച്ചു..

സത്യം ആയും ഞങ്ങൾ കരുതിയത് താൻ ഭയങ്കര സ്മാർട്ട് ആണ് എന്നാണ്, പിന്നെ കുറച്ച് റാഗ് ചെയ്യുമ്പോ മിക്ക പേരും കരയും അത്രയേ ഞങ്ങൾ എടുത്തുള്ളൂ..പിന്നെ നിന്നോട് കുറച്ച് കുശുമ്പും ഉണ്ടായിരുന്നു…അതിന്റെ പേരില്‍ താൻ പഠിപ്പ് നിര്‍ത്തും എന്നൊന്നും കരുതിയില്ല. നാളെ മുതൽ കോളേജിൽ വരണം കേട്ടോ.
ഞാൻ വന്നിട്ട് വേണമായിരുക്കുമല്ലേ നിങ്ങള്‍ക്ക് അന്നെടുത്ത ഫോട്ടോയും വീഡിയോകളും ഒക്കെ എല്ലാവർക്കും കാണിക്കാൻ അല്ലെ

അയ്യോ അതൊക്കെ അന്ന് തന്നെ ഡിലീറ്റ് ചെയതു..വേണേ താൻ നോക്കിക്കോ.

ശരിയായിരുന്നു ഞാൻ അവരുടെ ഫോണില്‍ നോക്കിയപ്പോൾ ഫോട്ടോ ഒന്നും ഇല്ല. അവർ എന്നെ ഉപദ്രവിക്കാൻ വന്നതല്ല എന്നെനിക്കു മനസ്സിലായി. ഞാനും അവരും ഓരോന്ന് സംസാരിച്ച് ഇരുന്നു

അപ്പോളേക്കും ഉമ്മ ചായയും കടിയും ഒക്കെ ഒരുക്കി എല്ലാവരെയും വിളിച്ചു.

ടേബിളിൽ ഇരുന്ന പലഹാരം ഒക്കെ കണ്ടു അവർ അന്തം വിട്ട് പോയി.

അയ്യോ ഇതൊക്കെ എങ്ങനെയാ ഇത്ര പെട്ടെന്ന് ഉണ്ടാക്കുന്നത്‌?

അത് ഉമ്മ എപ്പോളും വിരുന്നുകാരെ പ്രതീക്ഷിച്ചു ഭക്ഷണം റെഡി ആകി വെക്കും. ആരേലും വന്നിട്ട് സൽക്കരിക്കാൻ പറ്റിയില്ലെങ്കില്‍ ഉമ്മാക്ക് ടെൻഷൻ ആണ്. ഞാൻ ചിരിച്ചു കൊണ്ട്‌ പറഞ്ഞു

കൊള്ളാലോ, എന്നിട്ട് അൻഷിയുടെ ഉമ്മ എവിടെ?

എഹ്, അപ്പൊ ഇതെന്റെ ആരാന്നാ നിങ്ങൾ വിചാരിച്ചത്?

അയ്യോ, ഇത് നിന്റെ ഉമ്മ ആണോ, ഞങ്ങൾ കരുതി നിന്റെ ഇത്ത ആണെന്ന്.

ഉമ്മയുടെ മുഖത്ത് നല്ല നാണം. ഇത് മുമ്പും പലരും എന്നോട് പറഞ്ഞിട്ടുള്ളത് ആണ്. ഉമ്മയെ കണ്ടു എന്റെ ഇത്ത ആണെന്ന് തെറ്റിദ്ധരിച്ചത്. നേരത്തെ കല്യാണം കഴിഞ്ഞത് കൊണ്ട്‌ ഉമ്മാക്ക് 35 വയസ്സ് തികയുന്നതേ ഉണ്ടായിട്ടുള്ളൂ.

ഇതെന്താ ഉമ്മ? ജീന ആണ്,, അവൾ ആദ്യം ആയി കാണുന്ന പലഹാരത്തിന്റെ പേര് ചോദിച്ചത്‌ ആണ്

ചട്ടി പത്തിരി.

അപ്പൊ ഇതോ?

അത് ഉന്നക്കായ!

ഇതാണോ ഉന്നക്കായ, കേട്ടിട്ടുണ്ട് കഴിക്കുന്നത് ആദ്യം ആയിട്ടാ ഇവര്‍ക്ക്‌ എന്തൊക്കെ പലഹാരങ്ങള്‍ ആണല്ലേ!!

എന്നാൽ ഇന്നിവിടെ കൂടിക്കോ, ഞങ്ങടെ കണ്ണൂര്‍ സ്പെഷ്യൽ ബിരിയാണിയും വേറെയും പലഹാരങ്ങളും ഒക്കെ ഉമ്മ ആക്കി തരും.

അയ്യോ ഞങ്ങൾ ഇല്ല ഇറങ്ങുവാ!

ഇനി ഇപ്പൊ പോയാലും വൈകുന്നേരം ആകില്ലേ അവിടെ എത്താൻ, അപ്പൊ ഇന്നിവിടെ കൂടി നാളെ അവളെയും കൂട്ടി ഒരുമിച്ച് പോകാം.

Leave a Reply

Your email address will not be published. Required fields are marked *