ലീവിന് ശേഷം ജോയിൻ ചെയ്യേണ്ടതുള്ളതുകൊണ്ട് വീട്ടിൽ കുഞ്ഞിനെ നോക്കാൻ സ്ഥിരമായിട്ട് ഒരാളെ വെച്ചു. ഞാൻ അങ്ങനെ വീണ്ടും കമ്പനിയിൽ ജോയിൻ ചെയ്തു. ജോലി പഴയപോലെ കുഴപ്പമില്ലാതെ തന്നെ പോയിക്കൊണ്ടിരുന്നു. ഒരുദിവസം എന്നെ പതിവില്ലാതെ ഞങ്ങളുടെ പ്രൊജക്റ്റ് മാനേജർ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ റൂമിലേക്ക് കയറിച്ചെന്ന എന്നോട് അദ്ദേഹം ഇരിക്കാൻ പറഞ്ഞു.
ഞാൻ മാർക്കറ്റിങ്ങിൽ പിജി എടുത്തിട്ടുള്ള കാര്യം മുൻപൊരിക്കൽ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതിനെപ്പറ്റി പറയാനാണ് അദ്ദേഹം എന്നെ വിളിച്ചിരിക്കുന്നത്. ഇപ്പൊ നമ്മുടെ കമ്പനിയിലെ മാർക്കറ്റിംഗ് ഡിവിഷനിൽ നല്ലൊരു പോസ്റ്റിൽ ഒഴിവു വന്നിട്ടുണ്ടെന്നും താല്പര്യമുണ്ടെങ്കിൽ ഒരാഴ്ച്ചക്കുള്ളിൽ HR ആയിട്ടു സംസാരിച്ചിട്ട് അപ്ലൈ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു ഓഫർ ആയതുകൊണ്ട് ഭർത്താവുമായിട്ട് ആലോചിച്ചിട്ട് റിപ്ലൈ ചെയ്യാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.അന്ന് വൈകുന്നേരം വീട്ടിലേക്ക് വന്ന ഞാൻ ബോണിയോട് ഈ കാര്യം ഡിസ്കസ്സ് ചെയ്തു. കേട്ടപാടെ ബോണി ഇതൊരു നല്ല ഓഫർ ആണല്ലോ, വിട്ടുകളയണ്ട എന്നു പറഞ്ഞു.
ബോണിയുടെ ഭാഗത്തുനിന്നും നല്ല മറുപടി കിട്ടിയതുകൊണ്ട് പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. അടുത്തദിവസം തന്നെ ആ പോസ്റ്റിനു വേണ്ടി അപ്ലൈ ചെയ്തു. അതിനുശേഷം ഒരാഴ്ച്ച കഴിഞ്ഞപ്പോൾ HR മാനേജർ എന്നെ ഇന്റർവ്യൂവിന് വിളിച്ചു. പക്ഷെ ഞാൻ കരുതിയിരുന്നപോലെ വലിയ ടഫ് ആയിട്ടുള്ള ഇന്റർവ്യൂ ഒന്നും എനിക്കുണ്ടായില്ല. ചിലപ്പോ കൊച്ചിയിലും ബാംഗ്ലൂരിലുമായി കഴിഞ്ഞ പത്ത് വർഷത്തിലധികമായിട്ട് ജോലി ചെയ്ത് ഈ കമ്പനിയിൽ ഞാൻ നല്ലൊരു പ്രൊഫൈൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
അതുകൊണ്ടായിരിക്കും എന്റെ ഇന്റർവ്യൂ സ്മൂത്ത് ആയിട്ട് പോയതെന്ന് ഞാൻ കരുതി. ഇന്റർവ്യൂ കഴിഞ്ഞ് ഒരു പത്തു ദിവസം കഴിഞ്ഞപ്പോൾ എന്റെ മെയിൽ ഇൻബോക്സിൽ ഒരു മെയിൽ വന്നു. എന്റെ കമ്പനിയുടെ ഹെഡ് ഓഫീസിൽ നിന്നായിരുന്നു അത്. ഞാൻ അപ്ലൈ ചെയ്ത പോസ്റ്റിലേക്ക് എന്നെ അപ്പോയിന്റ് ചെയ്തത് അറിയിച്ചുകൊണ്ടുള്ള മെയിൽ ആയിരുന്നു അത്. നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായിരുന്നു എന്റേത്. ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും ബ്രാഞ്ചുകൾ ഉള്ള ഒരു മൾട്ടി നാഷണൽ കമ്പനി.
അങ്ങനെ അപ്പോയ്ന്റ്മെന്റ് ലെറ്ററും ഓഫർ ലെറ്ററും കിട്ടി ഞാൻ ജോലിയിൽ ജോയിൻ ചെയ്തു. ഉയർന്ന സാലറിയും ഒത്തിരി ആനുകൂല്യങ്ങളും ഒക്കെയുള്ള ഒരു പോസ്റ്റ് ആയിരുന്നു എന്റേത്. ഈ ജോലിയുടെ ഏറ്റവും വലിയ അട്രാക്ഷൻ പലപ്പോഴും കോൺഫറൻസ്സകൾക്കായി യൂറോപ്യൻ രാജ്യങ്ങളിലേക്കൊക്കെ പോകാൻ പറ്റും എന്നുള്ളതാണ്.
അതും മികച്ച സൗകര്യങ്ങളിൽ. എന്റെ പുതിയ ജോലി ബാംഗ്ലൂരിൽ ഞാൻ നിലവിൽ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ തന്നെയായതുകൊണ്ട് എനിക്ക് അഡ്ജസ്റ്റ് ആകാൻ വല്യ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ ജോലിയിൽ കയറി ഒരു മാസം കഴിഞ്ഞപ്പോൾ നെതർലൻഡിൽ വച്ച് നടക്കുന്ന ഒരു കോൺഫെറൻസ്സിൽ ഞാൻ പങ്കെടുക്കേണ്ടതുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഒരു മെയിൽ എനിക്ക് വന്നു. ഏതാണ്ട് ഒരു മാസത്തെ പരിപാടിയുണ്ട് അവിടെ. നെതർലൻഡിൽ ആംസ്റ്റർഡാമിൽ വെച്ചാണ് കോൺഫറൻസ് നടക്കുന്നത്.
മറ്റു പല കമ്പനി എക്സിക്യൂട്ടീവുകളുമായും മീറ്റിങ്ങുകളും ഡിസ്ക്കഷനും ഉണ്ടാകും. ഏതായാലും നെതർലൻഡ്ലേക്ക് തന്നെ ആദ്യത്തെ പ്രോഗ്രാം കിട്ടിയതിൽ എനിക്ക് വളരെ സന്തോഷം തോന്നി. കാരണം ആരും പോയി കാണാൻ ആഗ്രഹിക്കുന്ന ഒരു നാടാണല്ലോ നെതർലൻഡ്. ടൂറിസ്റ്റുകളുടെയൊക്കെ പറുദീസ്സ.
അങ്ങനെ ഞാൻ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഒരു മാസത്തെ പ്രോഗ്രാം ഉള്ളതുകൊണ്ട് അതിനുവേണ്ട ഡ്രെസ്സും മറ്റ് അത്യാവശ്യ സാധനങ്ങളും ഒക്കെ പാക്ക് ചെയ്യണമല്ലോ, അതൊക്ക സെറ്റ് ആക്കി.ഒരുമാസം ഞാൻ വീട്ടിൽ ഉണ്ടാകില്ലാത്തതുകൊണ്ട് കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഒരുമാസത്തേക്ക് വേണ്ട മിൽക്ക് പൌഡറും മറ്റ് സാധനങ്ങളും വാങ്ങി വീട്ടിൽ സ്റ്റോക്ക് ചെയ്തു. കുഞ്ഞിനെ നോക്കാൻ വീട്ടിൽ നിർത്തിയിരിക്കുന്ന സ്ത്രീ നല്ല ഉത്തരവാദിത്തം ഉള്ള ആളാണ്, അതുകൊണ്ട് എനിക്ക് ടെൻഷൻ ഒന്നും ഇല്ല.
