ആണാകാൻ മോഹിച്ച പെൺകുട്ടി

 

“ചാമുണ്ഡി ഹിൽസിൽ എന്തുവാ കാണാനൊള്ളെ?” ചിക്കുവിൻ്റെ ചോദ്യം.

 

“എടാ അമ്പലമുണ്ട്, പിന്നെ നന്ദികേശ്വരൻ്റെ പ്രതിമ.” ഷെറീനയാണ് അതു പറഞ്ഞത്.

 

“കൂർഗിലെ ഗോൾഫ് കോഴ്സ് അടിപൊളിയാ. കുബേരനിലെ പാട്ടൊക്കെ അവിടെയാ ഷൂട്ട് ചെയ്തത്.” ജിത്തു തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചു.

 

“അതിന് മൈസൂർ എവിടെക്കെടക്കുന്നു, കൂർഗ് എവിടെക്കെടക്കുന്നു!” തരുൺ അവനെ പുച്ഛിച്ചു.

 

“ഞാൻ ചിക്കൂൻ്റെ ചോദ്യത്തിന് റിപ്ലൈ ചെയ്തതല്ലെന്ന് മനസ്സിലാക്കാനുള്ള സെൻസ് നിനക്കുണ്ടാവുമെന്ന് പ്രതീക്ഷിച്ചത് എൻ്റെ തെറ്റ്.” ജിത്തു തിരിച്ചടിച്ചു.

 

“ദീപ്തി വരുന്നില്ലേ?” പെട്ടെന്നാണ് ധന്യ അവൾക്ക് നേരെ ആ ചോദ്യം എറിഞ്ഞത്.

 

ദീപ്തി എന്തു പറയണം എന്ന് അറിയാതെ കുഴങ്ങി. രഞ്ജിതയുമായി ഉണ്ടായ ആ സംഭവത്തിനു മുൻപ് ആയിരുന്നെങ്കിൽ ഇത്തരം അവസരങ്ങളിൽ അവൾ തുള്ളിച്ചാടി മുന്നിട്ട് ഇറങ്ങുമായിരുന്നു. ഇന്ന് പക്ഷേ അവൾ ആ പഴയ ചൊടിയും ചുണയും പ്രസരിപ്പും നഷ്ടപ്പെട്ട് പഴയ ദീപ്തിയുടെ ഒരു നിഴൽ മാത്രമായി മാറിക്കഴിഞ്ഞു. ഉല്ലാസയാത്രയിൽ പങ്കെടുക്കണം എന്ന് അവൾക്ക് താത്പര്യം ഉണ്ടായിരുന്നു. പക്ഷേ ഒരുപാട് ആശയക്കുഴപ്പങ്ങൾ അവളെ വേട്ടയാടി. ഒന്നിച്ച് യാത്ര ആസ്വദിക്കാൻ തനിക്ക് അടുപ്പമുള്ള കൂട്ടുകാർ ഇല്ല. ധന്യയെ ഇഷ്ടമാണ്. പക്ഷേ അവൾക്ക് എത്രയോ സുഹൃത്തുക്കളും ആരാധകരും ആണ് ഉള്ളത്. അവരുടെയൊക്കെ ഇടയിൽ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറിക്കളിക്കുന്നത് നോക്കി നിന്ന് അസൂയപ്പെടാൻ വേണ്ടി എന്തിന് പോകണം? പോരെങ്കിൽ ആ വിശാലിന് അവളെ ഒരു നോട്ടവും ഉണ്ട്. അവൻ അവളെ ലൈൻ അടിക്കുന്നത് കൂടി കാണേണ്ടി വന്നാൽ ഉല്ലാസയാത്ര തനിക്ക് വിലാപയാത്ര ആയിത്തീരും. അങ്ങനെ ഒരു റിസ്ക് എടുക്കണോ? പോകാതിരുന്നാൽ കുറേ സ്ഥലങ്ങൾ കാണാൻ പറ്റിയില്ല എന്ന നഷ്ടം മാത്രമേ ഉണ്ടാകൂ. പോയാൽ ഉണ്ടാകുന്ന മനോവേദന അതിനെക്കാൾ വലുതാണെങ്കിലോ?

 

“ആലോചിക്കട്ടെ.” വരുത്തിത്തീർത്ത ഒരു പുഞ്ചിരിയോടെ ദീപ്തി പറഞ്ഞു.

 

പക്ഷേ ധന്യ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. അവൾ ദീപ്തി ഇരിക്കുന്ന ബെഞ്ചിൽ അവളുടെ അടുത്ത് ചെന്ന് ഇരുന്നു.

 

“എന്നാന്നേ അങ്ങനെ പറയുന്നെ?” അവൾ ചോദിച്ചു.

 

“എനിക്ക് അങ്ങനെ ആരും കമ്പനി ആരും ഇല്ല, അതാ.”

 

“ദീപ്തിക്ക് ഞാൻ കമ്പനി തരാം. പോരേ?”

 

ദീപ്തിയുടെ ഹൃദയം നെഞ്ചിൻകൂടിനുള്ളിൽ തുള്ളിക്കുതിച്ചു. മുഖം തുടുത്തു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും!

 

“ധന്യക്ക് ബുദ്ധിമുട്ടാവും … .” അവൾ തൻ്റെ ഭാവമാറ്റം ദീപ്തിയുടെ ശ്രദ്ധയിൽ പെടാതെ മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് പതിയെ പറഞ്ഞു.

 

“എന്നാ?” അത് കേൾക്കാഞ്ഞതിനാൽ ദീപ്തി അവളുടെ മുഖത്തിനോട് തൻ്റെ മുഖം അടുപ്പിച്ച് മന്ത്രിക്കുന്നതു പോലെ ചോദിച്ചു.

 

“ധന്യക്ക് വേറെ ഒത്തിരി ഫ്രൻ്റ്സ് ഇല്ലേ, അപ്പൊപ്പിന്നെങ്ങനാ എൻ്റെ കൂടെ സ്പെൻഡ് ചെയ്യാൻ ടൈം കിട്ടുന്നെ … .”

 

“അച്ചോടാ … അങ്ങനൊന്നൂല്ലെന്നേ, എൻ്റെ ദീപ്തിമോൾക്കു വേണ്ടി ഞാൻ എന്തു ത്യാഗവും ചെയ്യും!” ധന്യ ദീപ്തിയുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു.

 

“പോ! ഞാനൊന്നുമില്ല ഒന്നിനും.” ധന്യ തന്നെ കളിയാക്കുകയാണ് എന്നു കരുതി ദീപ്തി അവളുടെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചുകൊണ്ട് ചിണുങ്ങി.

 

“അയ്യോ സീരിയസ്‌ലി, ഇയാളെന്നാന്നേ ഇത്രയ്ക്കും ഇൻട്രോവെർട്ടായിട്ട് നടക്കുന്നെ. നിന്നെയൊന്ന് മാറ്റിയെടുത്തിട്ടേ ഒള്ളെന്നാ എൻ്റെ തീരുമാനം.”

 

“മിക്കവാറും.” ദീപ്തി ചിരിച്ചു.

 

“വരുവോ. എനിക്കു വേണ്ടി, പ്ലീസ്?” ദീപ്തിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് ധന്യ ഒരു കുസൃതിച്ചിരിയോടെ കൈകൾ കൂപ്പി കൊഞ്ചി.

 

“പോടീ പിശാശേ, ഞാനില്ല.” ധന്യയുടെ കൈകൾ തട്ടി മാറ്റിക്കൊണ്ട് പിണക്കം നടിക്കാൻ ശ്രമിക്കുമ്പോഴും ദീപ്തിക്ക് ചിരി വന്നു.

 

“അപ്പൊ വരുംന്ന് ഒറപ്പിച്ചേ, പേര് കൊടുക്കാവല്ലോ?”

 

“ഉം.”

 

തുടർന്നുള്ള ദിവസങ്ങളിൽ ദീപ്തി തൻ്റെ അന്തർമുഖത്വം മാറ്റി വെച്ച് ധന്യയോടും അവളുടെ സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ ശ്രമിച്ചു. ധന്യയുടെ വാഗ്ദാനം എത്ര കണ്ട് ആത്മാർഥമായിരിക്കും എന്ന് അവൾക്ക് ഉറപ്പ് ഇല്ലായിരുന്നു; പക്ഷേ അത് പാലിക്കപ്പെടാതെ പോയാൽ അത് ഒരിക്കലും തൻ്റെ ഭാഗത്തുനിന്ന് ഒരു ശ്രമം ഇല്ലാത്തതിനാൽ ആയിരിക്കരുത് എന്ന നിശ്ചയം ആയിരുന്നു അവളെ അതിനു പ്രേരിപ്പിച്ചത്. തൻ്റെ ആത്മസംഘർഷങ്ങൾ അവളെ സ്വാഭാവികമായ രീതിയിൽ മറ്റുള്ളവരുമായി ഇടപഴകുന്നതിൽനിന്ന് പിന്നാക്കം വലിച്ചെങ്കിലും ധന്യയോടൊത്ത് ചെലവഴിക്കാൻ കിട്ടുന്ന ഏതാനും സന്തോഷഭരിതമായ ദിവസങ്ങളെക്കുറിച്ച് ഉള്ള പ്രതീക്ഷയിൽ ദീപ്തി ആ ബുദ്ധിമുട്ട് സഹിച്ചു.

 

ഒടുവിൽ കാത്തുകാത്തിരുന്ന ആ യാത്രയുടെ ദിവസം വന്നെത്തി. ടൂർ ബസ്സിൽ ദീപ്തി ആദ്യമേ തന്നെ ഡോറിന് തൊട്ടു പിന്നിൽ ഉള്ള സീറ്റിൽ സ്ഥാനം പിടിച്ചു. ധന്യ വേറെ എങ്ങും പോയി ഇരിക്കാതെ നോക്കണമല്ലോ! ധന്യ കയറി വന്നതും ദീപ്തി അവളെ പിടിച്ച് രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന ആ സീറ്റിൽ തൻ്റെ അരികിൽ ഇരുത്തി. “കേൾക്കൂ, കൂട്ടുകാരേ, ഇതാ ഈ യാത്രയിൽ ഉടനീളം ഇവൾക്കു മേൽ ഞാൻ എൻ്റെ അവകാശം സ്ഥാപിച്ചിരിക്കുന്നു!” എന്ന് ദീപ്തി ഉറക്കെ പറഞ്ഞില്ല എന്നേ ഉള്ളൂ; അവളുടെ മനസ്സിലെ ചിന്ത അപ്പോൾ ഏതാണ്ട് അങ്ങനെ ആയിരുന്നു എന്നതാണ് വാസ്തവം.

 

യാത്ര അടിപൊളി ആയിരുന്നു. ദീപ്തി എല്ലാവരുമായും അടുത്ത് ഇടപഴകി. തമാശകൾ പങ്കു വെച്ചു. അന്താക്ഷരി കളിച്ചു. അടിപൊളി പാട്ടുകളുടെ താളത്തിൽ തുള്ളിക്കളിച്ചു. പോയ സ്ഥലങ്ങളിൽ കണ്ണും മനസ്സും കുളിർപ്പിക്കുന്ന കാഴ്ചകൾ കണ്ടും ഫോട്ടോകൾക്ക് പോസ് ചെയ്തും പകർത്തിയും വഴിയോരക്കച്ചവടക്കാരോട് വില പേശിയും ചുറ്റി നടന്നു. കൂട്ടുകാരികളോട് ഒപ്പം താമസിച്ച ഹോട്ടൽ റൂമുകളിൽ ചീട്ടും ട്രൂത് ഓർ ഡെയറും കളിച്ചും പില്ലോ ഫൈറ്റുകളിൽ ഏർപ്പെട്ടും രസിച്ചു.

 

പക്ഷേ എല്ലായ്പ്പോഴും ദീപ്തിയുടെ മുൻഗണന ധന്യയോട് ഒപ്പം സമയം ചെലവഴിക്കുന്നതിൽ ആയിരുന്നു. ഉറങ്ങുമ്പോൾ പോലും ധന്യയോട് ചേർന്നു കിടക്കാൻ അവൾ ശ്രദ്ധിച്ചു. എങ്കിലും തന്നിൽനിന്ന് ധന്യയ്ക്ക് കിട്ടുന്ന അമിതപരിഗണന അവളെ അലോസരപ്പെടുത്താതെയും ദീപ്തി മുൻകരുതൽ എടുത്തു. ധന്യയാകട്ടെ താൻ ദീപ്തിക്ക് നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്തു — യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ ഏറിയ സമയവും ആ രണ്ട് കൂട്ടുകാരികൾ ഒന്നിച്ച് ആയിരുന്നു.