ആണാകാൻ മോഹിച്ച പെൺകുട്ടി

 

ആ ഉല്ലാസയാത്രയ്ക്ക് ഇടയിൽ രണ്ട് കൊച്ചു സംഭവങ്ങൾ നടന്നു.

 

അടിപൊളി പാട്ടുകൾക്ക് ഒപ്പം ഡാൻസ് ചെയ്ത് തളർന്ന് എല്ലാവരും വിശ്രമിക്കുന്ന സമയത്ത് ആയിരുന്നു ഒന്നാമത്തെ സംഭവം. രാത്രി. ഏതോ ചുരം കയറുന്ന ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ ഇപ്പോൾ പ്ലേ ചെയ്യപ്പെടുന്നത് പ്രശാന്തമായ ഗാനങ്ങളാണ്.

 

“കുക്കൂ കുക്കൂ കുയിലേ എൻ്റെ കൈ നോക്കുമോ … .”

 

സ്പീക്കറിലൂടെ ആ പാട്ട് ഒഴുകി വന്നപ്പോൾ ധന്യയോട് സംസാരിച്ചുകൊണ്ടിരുന്ന ദീപ്തിയുടെ മുഖത്ത് സന്തോഷത്തിൻ്റെ പ്രകാശം പരന്നു.

 

“ ഹായ് … എനിക്കീ പാട്ടെന്തിഷ്ടാന്നോ!” അവൾ പറഞ്ഞു.

 

“അതെന്നാ ഇതിനോടൊരു പ്രത്യേക ഇഷ്ടം?” ധന്യക്ക് കൗതുകം.

 

അവളോട് കൈ കൊണ്ട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ദീപ്തി ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ച് പാട്ടിൽ ലയിച്ച് ഇരുന്നു; അവളുടെ ഇരിപ്പും കൈയുടെയും തലയുടെയും ചലനങ്ങളും നോക്കിക്കൊണ്ട് ഒരു പുഞ്ചിരിയോടെ ധന്യയും.

 

“ഈ പാട്ടിൻ്റെ പ്രത്യേകതയെന്നാന്നോ?” പല്ലവി കഴിഞ്ഞ് അനുപല്ലവി തുടങ്ങുന്നതിന് മുൻപ് കണ്ണുകൾ തുറന്ന് ദീപ്തി ചോദിച്ചു.

 

“എന്നാ?”

 

“ഒരു ഇമാജിനറി കാമുകനെ സങ്കല്പിച്ചോണ്ട് നായിക പാടുന്ന രീതീലൊള്ള ഒത്തിരി പാട്ടില്ലേ മലയാളത്തിൽ? പക്ഷേ നായകൻ അതുപോലെ ഇമാജിനറി കാമുകിയെ ഓർത്തോണ്ട് പാടുന്ന പാട്ട് ഇതും പിന്നെ ‘താമസെമെന്തേ വരുവാനും’ മാത്രേ ഒള്ളു.”

 

ധന്യ അല്പം ആലോചിച്ചു. “അല്ലല്ലോ — ‘പിന്നെയും പിന്നെയും’ ഇല്ലേ? ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തി’ലെ?” പെട്ടെന്ന് ഓർമ്മ വന്ന ഒരു ഉദാഹരണം അവൾ സൂചിപ്പിച്ചു.

 

“അത് പക്ഷേ യൂണിസെക്സ് പാട്ടല്ലേ? കാമുകിയെന്നോ കാമുകനെന്നോ ക്ലിയറായിട്ട് പറയുന്നില്ലല്ലോ.”

 

“ഓ അങ്ങനെ … ഹ്മ്ം.”

 

അതും പിന്നെ ഏതാനും പാട്ടുകളും കൂടി കഴിഞ്ഞ് “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ” എന്ന പാട്ട് വന്നപ്പോൾ പ്രഭാ വർമ്മയുടെ അതിന് ആധാരമായ “മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും” എന്ന കവിതയെക്കുറിച്ച് ദീപ്തി വാചാലയായി. ഇടയ്ക്ക് തൻ്റെ ചുമലിൽ ഒരു ഭാരം പോലെ തോന്നി അവൾ നോക്കുമ്പോഴുണ്ട് ധന്യ അതിന്മേൽ തല ചായ്ച്ച് മയങ്ങുന്നു. ദീപ്തി അവളുടെ മുഖത്തേക്ക് വീണ് കിടന്നിരുന്ന മുടിയിഴകൾ മാടിയൊതുക്കി. അവൾക്ക് ഉള്ളിൽ മഞ്ഞ് പെയ്യുന്നതു പോലെ തോന്നി. അറിയാതെ അവളുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു. പെട്ടെന്നു തന്നെ ആരെങ്കിലും കാണുമോ എന്ന ഭയത്താൽ അവൾ വായ പൊത്തി അത് മറച്ചുകൊണ്ട് ചുറ്റും നോക്കി. ഭാഗ്യം. ആരും ശ്രദ്ധിച്ചില്ല.

 

രണ്ടാമത്തെ സംഭവം അവർ മൈസൂർ സന്ദർശനത്തിന് ശേഷം കൂർഗിലേക്ക് പോകുന്ന വഴിക്ക് ആയിരുന്നു. ഒരു സായാഹ്നം. അന്താക്ഷരി കളിക്കാൻ വേണ്ടി എണീറ്റ് പോയ ദീപ്തി തിരിച്ച് വരുമ്പോൾ നിഷാന്ത് എന്ന പയ്യൻ ദീപ്തിയുടെ സീറ്റിൽ ധന്യയുടെ അടുത്ത് ഇരുന്ന് അവളോട് സംസാരിക്കുകയാണ്.

 

ദീപ്തി നിഷാന്തിനെ തോണ്ടി. അവൻ ദീപ്തിയെ നോക്കി.

 

“നിഷാന്തേ, ഇത് പെണ്ണുങ്ങൾടെ സീറ്റാണേ.” ചിരിച്ചുകൊണ്ടാണ് അവൾ പറഞ്ഞത്.

 

“ഓ അതെയാരുന്നോ? ഞാനും പെണ്ണാ, പേര് നിഷ.” അവൻ സ്വന്തം തമാശ ആസ്വദിച്ച് ചിരിച്ചു.

 

“ആണോ, എന്നാൽ നിഷയങ്ങോട്ട് മാറിക്കേ.”

 

“പോടീ അവിടുന്ന്.”

 

ഇരുവരും തമാശമട്ടിലാണ് സംസാരിച്ചതെങ്കിലും ദീപ്തി അല്പം സീരിയസ് ആണെന്ന് അവളുടെ മുഖഭാവത്തിൽനിന്ന് വ്യക്തം. നിഷാന്ത് ആകട്ടെ അവളെ അവഗണിച്ച് ധന്യയോട് അവൻ പറഞ്ഞുകൊണ്ടിരുന്ന ഏതോ രസികൻ കഥ തുടർന്നു.

 

“ … സായിപ്പ് വന്നിട്ട് ഇംഗ്ലീഷിൽ പൂരത്തെറി! ഹരിയാണേൽ അറിയാവുന്ന മുറിയിംഗ്ലീഷിൽ അതിയാനോട് കാര്യം എന്നാന്ന് ചോദിക്കുന്നൊണ്ട് … .”

 

അക്ഷമയോടെ കാത്തു നിൽക്കുന്ന ദീപ്തിയെ നോക്കി ധന്യ അപ്പുറത്തെ സീറ്റിൽ ഇരിക്കാൻ ആംഗ്യം കാട്ടി. ദീപ്തി വേണ്ട എന്ന അർഥത്തിൽ ചുമൽ കൂച്ചി.

 

“ … അപ്പഴൊണ്ട് രണ്ടു പോലീസുകാര് ഒരു ചെറുക്കനേം കൊണ്ട് വരുന്നു … .” നിഷാന്ത് കഥ തുടർന്നു. ദീപ്തി അവനെ ശ്രദ്ധിക്കാത്ത ഭാവം കഷ്ടപ്പെട്ട് അഭിനയിക്കാൻ ശ്രമിച്ച് അങ്ങനെ നിൽക്കുകയാണ്.

 

“… ഇനി തല്ലിക്കൊന്നാലും ഞാൻ കോവളം ബീച്ചിലോട്ടില്ലെന്ന് ഹരി അതോടെ ഒറപ്പിച്ചു!” ഏതാനും മിനിറ്റുകൾക്കും ദീപ്തിയിൽനിന്ന് ഏറുകണ്ണിട്ടുള്ള അനേകം കൂർത്ത നോട്ടങ്ങൾക്കും ഒടുവിൽ നിഷാന്ത് തൻ്റെ കഥ അവസാനിപ്പിച്ചു. ഇരുവരും ചിരിയോട് ചിരി. കേട്ടുകൊണ്ട് നിൽക്കുകയായിരുന്ന ദീപ്തിയുടെ മുഖത്തു മാത്രം ഒരു കല്ലിച്ച ഭാവം. ലോകത്തെ ഏറ്റവും ബോറൻ കഥ കേട്ടതു പോലെ.

 

ചിരിയലകൾ അടങ്ങിയതിനു ശേഷം നിഷാന്ത് ദീപ്തിയെ നോക്കി, “ശരി, ഇനി ഞാനായിട്ട് നിങ്ങടെ സ്വർഗത്തിലെ കട്ടുറുമ്പാകുന്നില്ല”, എന്നു പറഞ്ഞ് എഴുന്നേറ്റു.

 

“താങ്ക്സ്!” ദീപ്തി സന്തുഷ്ടയായി.

 

“എന്നാ സാധനമാടീ!” — നിഷാന്ത്.

 

“അതേടാ ഞാനിച്ചിര സാധനമാ.” — ദീപ്തി.

 

ദീപ്തി ഇരുന്നു കഴിഞ്ഞപ്പോൾ “എന്താ വിഷയം?” എന്ന് ധന്യ ആംഗ്യഭാഷയിൽ ചോദിച്ചു. “ഒന്നുമില്ല” എന്ന് ദീപ്തി ആംഗ്യഭാഷയിൽ തന്നെ മറുപടിയും കൊടുത്തു.

 

ദീപ്തിയുടെ ജീവിതത്തിൽ അങ്ങനെ പല വിധത്തിലും സംഭവബഹുലവും അവിസ്മരണീയവും ആയ ഒരു പിടി ദിനരാത്രങ്ങൾ സമ്മാനിച്ച ആ മൈസൂർ-കൂർഗ് ട്രിപ്പ് അവസാനിച്ച ദിവസം ഒരു വെള്ളിയാഴ്ച ആയിരുന്നു. ധന്യയെ പിരിയുന്നതിൽ ദീപ്തിക്ക് അതിയായ വിഷമമാണ് ഉണ്ടായിരുന്നത്. തുടർന്നു വന്ന അവധി ദിവസങ്ങളായ ശനിയും ഞായറും ഏറെ സമയവും ദീപ്തി ആ യാത്രയെക്കുറിച്ചും അതിൽ ധന്യയോടൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങളെക്കുറിച്ചും തന്നെ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരുന്നു.

 

തനിക്ക് ധന്യയോട് ഉള്ളത് അസ്ഥിക്കു പിടിച്ച പ്രണയമാണ് എന്ന് ദീപ്തി മനസ്സിലാക്കി; ആ തിരിച്ചറിവ് അവളെ ഉത്കണ്‌ഠാകുലയാക്കി. ഒരു നൂറു ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉയർന്നു. ഇതു ശരിയാണോ? സമൂഹം ഒരിക്കലും അംഗീകരിക്കാത്ത പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയം. അല്ല! ആണിൻ്റെ മനസ്സും പെണ്ണിൻ്റെ ശരീരവുമുള്ള പെണ്ണിന് പെണ്ണിൻ്റെ മനസ്സും പെണ്ണിൻ്റെ തന്നെ ശരീരവുമുള്ള പെണ്ണിനോട് തോന്നിയ പ്രണയം. സമൂഹത്തിൻ്റെ കാര്യം നിൽക്കട്ടെ — ധന്യയുടെയോ? അവൾ തൻ്റെ പ്രണയം സ്വീകരിക്കുമോ? തന്നെ ഒരു സുഹൃത്തായി മാത്രമല്ലേ അവൾ കാണുന്നത്? ഒരർഥത്തിൽ താൻ അവളോടു ചെയ്യുന്നത് വഞ്ചനയല്ലേ? അറിഞ്ഞോ അറിയാതെയോ അവളുടെ സ്പർശനം തന്നിൽ രോമാഞ്ചമുണർത്തിയ വേളകളിൽ എല്ലാം താൻ അവളുടെ നിഷ്കളങ്കമായ സൗഹൃദത്തെ മുതലെടുക്കുകയായിരുന്നില്ലേ? തിരിച്ചു കിട്ടാൻ സാദ്ധ്യതയില്ലാത്ത പ്രണയം മനസ്സിൽ വെച്ചുകൊണ്ട് വെറുതെ അവളെ ഓർത്തും മോഹിച്ചും സ്വപ്നം കണ്ടും എന്തിന് സമയം പാഴാക്കണം? തനിക്കു വേണ്ടിയിരുന്നത് എന്താണ്? ആ ഉല്ലാസയാത്രയിൽ അവളോടൊപ്പം കുറേ നല്ല നിമിഷങ്ങൾ. അതു കിട്ടിയല്ലോ! ഇനി അവളിൽനിന്ന് അകന്നു നിൽക്കുകയാണു വേണ്ടത്; അല്ലെങ്കിൽ താൻ വെറുതെ വേദനിക്കാനേ ഇടയാകൂ — ദീപ്തി നിശ്ചയിച്ചു.