ആണാകാൻ മോഹിച്ച പെൺകുട്ടി

ആണാകാൻ മോഹിച്ച പെൺകുട്ടി

Aanakaan Mohicha Penkutty | Author : Vatsyayanan


[ആമുഖം: ട്രാൻസ്ജെൻഡർ ആണും സിസ്ജെൻഡർ പെണ്ണും തമ്മിലുള്ള പ്രണയകഥ മലയാളത്തിൽ ഞാൻ ഇതു വരെ കണ്ടിട്ടില്ല. ഇംഗ്ലീഷ് കഥകളിലും വിരളമായ ആ തീമിൽ കൈ വെക്കാൻ ശ്രമിക്കുകയാണ് ഞാൻ. ഇതിലെ പ്രധാനകഥാപാത്രങ്ങളിൽ ഒരാളെ കഥയുടെ തുടക്കത്തിൽ “അവൾ” എന്നും ഒരു ഘട്ടത്തിനു ശേഷം “അവൻ” എന്നുമാണ് വിശേഷിപ്പിക്കുന്നത്. അതുൾപ്പെടെ ഇതിലുള്ള മിക്ക പ്രയോഗങ്ങളും ട്രാൻസ് ഐഡൻ്റിറ്റിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിടത്തോളം ശരിയാണ് — അഥവാ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ വായനക്കാരും നല്ലവരായ ട്രാൻസ് സുഹൃത്തുക്കളും കഥാകൃത്തിൻ്റെ ഉദ്ദേശ്യശുദ്ധിയെയും അറിവില്ലായ്മയെയും കരുതി ക്ഷമിക്കുമല്ലോ.

ഈ കഥയെഴുതുന്ന ആളിന് ഒരു കുഴപ്പമുണ്ട്. തരക്കേടില്ലാത്ത ഒരു പ്ലോട്ട് ഔട്ട്ലൈൻ കണ്ടുപിടിച്ച് എഴുതാൻ തുടങ്ങും. ഒരു പകുതിമുക്കാലോളം ആകുമ്പോൾ ഒരു തോന്നൽ വരും: ഇത് എന്തോ വലിയ സംഭവമാണ്, മാക്സിമം നന്നാക്കണം, പെർഫെക്റ്റ് ആക്കണം എന്നൊക്കെ. എന്നിട്ട് ആവശ്യത്തിൽ കൂടുതൽ സമയമെടുത്ത് കുത്തിയിരുന്ന് പല തവണ എഡിറ്റ് ചെയ്ത് മെനക്കെടും. എന്തിന്? തേങ്ങ പത്തരച്ചാലും താളല്ലേ കറി! അതുകൊണ്ട് ഇത്തവണ ആ റൂട്ടിൽ പോകരുതെന്നും കഴിയുന്നത്ര വേഗം എഴുതി തീർക്കണമെന്നും എന്നെത്തന്നെ ഉപദേശിച്ചുകൊണ്ടാണ് തുടങ്ങുന്നത്. എന്താകുമെന്ന് കണ്ടറിയാം.]

കണ്ണാടിയിലെ തൻ്റെ പ്രതിബിംബത്തെ നോക്കി ദീപ്തി ഒരു ദീർഘനിശ്വാസം ഉതിർത്തു.

 

അവളുടെ പ്രായത്തിലുള്ള ഏതു പെൺകുട്ടിയും ആഗ്രഹിക്കുന്ന ശരീരഘടന ദീപ്തിക്ക് ഉണ്ടായിരുന്നു. അതു തന്നെയായിരുന്നു അവളുടെ വിഷമവും. അവൾക്കു വേണ്ടത് ഒരു പെണ്ണിൻ്റെയല്ല — ആണിൻ്റെ രൂപമായിരുന്നു.

 

ഓർമ്മ വെച്ച കാലം മുതൽ ദീപ്തി ആഗ്രഹിച്ചത് ഒരു ആൺകുട്ടി ആകാനാണ്. ആൺകുട്ടികളെപ്പോലെ മുടി ക്രോപ്പ് ചെയ്തു നടക്കാനും ആൺകുട്ടികളുടെ വസ്ത്രങ്ങൾ ധരിക്കാനും ആൺകുട്ടികളുടെ കളികൾ കളിക്കാനും ആയിരുന്നു ബാല്യം മുതലേ അവൾക്ക് ഇഷ്ടം. ദീപ്തിയുടെ സുഹൃത്തുക്കളിൽ പെൺകുട്ടികളെക്കാൾ കൂടുതൽ ആൺകുട്ടികൾ ആയിരുന്നു. കൗമാരത്തിൽ എത്തിയപ്പോൾ ദീപ്തിയുടെ കൂട്ടുകാരികൾക്ക് ആണുങ്ങളോട് തോന്നാൻ തുടങ്ങിയ ആകർഷണംഅവൾക്ക് പക്ഷേ പെണ്ണുങ്ങളോട് ആയിരുന്നു തോന്നിയത്. താൻ ഒരു പെണ്ണിൻ്റെ ശരീരത്തിൽ കുടുങ്ങിപ്പോയ ആണാണ് എന്ന് ദീപ്തി തിരിച്ചറിഞ്ഞു. അവൾ തന്നിലെ അവന് ഒരു പുതിയ പേര് നൽകി: ദീപക്.

 

ദീപ്തിയെക്കൂടാതെ അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിഞ്ഞിരുന്നത് അവളുടെ ഡയറി മാത്രം ആയിരുന്നു; കാരണം ആണിന് പെണ്ണ് ആകാനോ പെണ്ണിന് ആണ് ആകാനോ ഉള്ള മോഹത്തെ അംഗീകരിക്കാത്ത, യാഥാസ്ഥിതികതയിൽ അടിയുറച്ച, സമൂഹത്തെ അവൾക്ക് ഭയം ആയിരുന്നു.

 

ഒരിക്കൽ, ഒരാളോട് മാത്രം, ദീപ്തി തൻ്റെ മനസ്സിലിരിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവൾ പ്ലസ് റ്റു വിദ്യാർഥിനി ആയിരുന്ന കാലം. ദീപ്തിയുടെ ആത്മസുഹൃത്ത് ആയിരുന്നു അവളുടെ അയൽക്കാരിയും ക്ലാസ്മേറ്റും ആയിരുന്ന രഞ്ജിത. പഠനത്തിലും കളിയിലും കുസൃതിയിലും എല്ലാം ഇരുവരും ഒന്നിച്ച് ആയിരുന്നു. അസൂയയോ മാത്സര്യമോ സ്ഥായിയായ പിണക്കങ്ങളോ പരിഭവങ്ങളോ തീണ്ടാത്ത ആ കറ തീർന്ന സൗഹൃദം പലരിലും അസൂയ ജനിപ്പിച്ചിരുന്നു എന്നതാണ് വാസ്തവം. പക്ഷേ അവളിൽനിന്ന് ഒരു സത്യം ദീപ്തി ഒളിച്ചു: രഞ്ജിതയുടെ കുസൃതിച്ചിരിയും അവളുടെ കള്ളനോട്ടവും അവളുടെ സ്പർശനങ്ങളും തൻ്റെ മനസ്സിൽ എപ്പോഴും ഉണർത്തി വിടുന്ന പ്രണയക്കുളിര് അവൾ അറിയാതെ ദീപ്തി തൻ്റെ മനസ്സിൻ്റെ നിഗൂഢതയിൽ മറച്ച് പിടിച്ചിരുന്നു.

 

ഒരു ശനിയാഴ്ച. കൂട്ടുകാരികൾ ഇരുവരും ദീപ്തിയുടെ വീട്ടിൽ റ്റി.വി. കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. അവിടെ അവർ മാത്രമേ ഉള്ളൂ. ദീപ്തിയുടെ അച്ഛനമ്മമാർ ജോലിക്ക് പോയിരിക്കുന്നു. അനുജൻ കൂട്ടുകാരോട് ഒപ്പം കളിക്കാനും. “ഹം തും” ആയിരുന്നു റ്റി.വി.യിൽ പ്ലേ ചെയ്തിരുന്ന ചലച്ചിത്രം. ദീപ്തിയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു രഞ്ജിത. രഞ്ജിതയുടെ കൈ ദീപ്തി കൈയിൽ എടുത്ത് പിടിച്ചിരിക്കുന്നു. സിനിമ തീർന്നപ്പോൾ ദീപ്തിയുടെ ഉള്ളിൽ പ്രണയത്തിൻ്റെ ഒരു കടൽ അല തല്ലുകയായിരുന്നു. രഞ്ജിത എണീറ്റ് ഇരുന്നു. ഒരു നിമിഷം മറ്റൊന്നും ദീപ്തി ചിന്തിച്ചില്ല — അവൾ രഞ്ജിതയുടെ ചൊടികളിൽ തൻ്റെ ചുണ്ടുകൾ ചേർത്തു.

 

ആദ്യം ഒന്ന് അമ്പരന്നെങ്കിലും പൊടുന്നനെ അവളുടെ ചുംബനത്തിൽനിന്ന് സ്വതന്ത്രയായ രഞ്ജിതയുടെ കൈത്തലം ദീപ്തിയുടെ കവിളിൽ പതിഞ്ഞു. സ്തബ്ധയായി ദീപ്തി ഇരിക്കവേ രഞ്ജിത എണീറ്റു നിന്നു. അവളുടെ ചാട്ടുളി പോലത്തെ നോട്ടത്തിനു മുൻപിൽ ദീപ്തി വിറച്ചു. തൻ്റെ തെറ്റിന് മാപ്പ് ചോദിക്കാൻ അവളുടെ ചുണ്ടുകൾ വിറച്ചു; പക്ഷേ ദീപ്തിക്ക് വാക്കുകൾ കിട്ടിയില്ല. ഏതാനും നിമിഷം ആ നിൽപ്പ് നിന്നതിനു ശേഷം രഞ്ജിത ഇറങ്ങി ഒരൊറ്റ പോക്ക്. അവൾക്കു പിന്നാലെ വിതുമ്പലോടെ രഞ്ജിതയുടെ പേര് വിളിച്ചുകൊണ്ട് ദീപ്തി ഇറങ്ങിച്ചെന്നെങ്കിലും രഞ്ജിത നിന്നില്ല; അവൾ തിരിഞ്ഞു പോലും നോക്കിയില്ല. അവരുടെ സൗഹൃദം ആ സംഭവത്തോടെ അവസാനിച്ചു.

 

ഒരു വർഷം കടന്നു പോയി. ഇന്ന് തൊടുപുഴയിലെ പ്രശസ്തമായ കോളജിൽ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ് ദീപ്തി. ദീപ്തിക്ക് കൂട്ടുകാർ തീരെ കുറവാണ്. അന്നത്തെ സംഭവത്തിന് ശേഷം ലജ്ജയും കുറ്റബോധവും ഭയവും ഒക്കെക്കൊണ്ട് അവൾ കൂടുതൽ അന്തർമുഖിയായി മാറിയിരുന്നു. അവളുടെ ക്ലാസിൽ ധന്യ എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അതിസുന്ദരി. സ്ത്രൈണത എന്ന പദം മൂർത്തിമദ്ഭവിച്ചതു പോലെ ആയിരുന്നു അവളുടെ എടുപ്പും നടപ്പും ഉടുപ്പും സംഭാഷണവും കളിചിരികളും കുസൃതിയും ഇണക്കവും പിണക്കവും എല്ലാം. അതുകൊണ്ടു തന്നെ മറ്റുള്ള പെൺകുട്ടികൾ അവളെ അസൂയയോടെയും ആൺകുട്ടികൾ ആരാധനയോടെയും നോക്കിക്കണ്ടു.

 

നമ്മുടെ ദീപ്തിയോ? ദീപ്തിക്ക് അവളെ കാണുമ്പോൾ ഒക്കെ ഇടനെഞ്ചിൽ പഞ്ചാരിമേളം ആയിരുന്നു. ധന്യയെ ഏതൊരു ആൺകുട്ടിയെക്കാളും അധികം മോഹിച്ചിരുന്നത് ഒരു പക്ഷേ ദീപ്തി ആയിരുന്നിരിക്കാം. അവളുടെ പവിഴച്ചുണ്ടുകളിൽ ചൊടികൾ ചേർക്കാൻ, അവളുടെ നിറമാറിൽ മുഖം പൂഴ്ത്താൻ, അവളുടെ കുൺ — അല്ലെങ്കിൽ വേണ്ട — വടിവൊത്ത ആ നിതംബത്തിൽ കരതലം അമർത്താൻ ദീപ്തി എത്ര ആശിച്ചെന്നോ.

 

ഒരു ദിവസം. ദീപ്തിയുടെ ക്ലാസ്റൂം. ദീപ്തിയുടെ ക്ലാസ്മേറ്റ്സ് തങ്ങൾ എല്ലാവരും ചേർന്ന് പോകാൻ പ്ലാൻ ചെയ്തിട്ടുള്ള കൂർഗ്-മൈസൂർ ട്രിപ്പിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അല്പം മാറി ദീപ്തി ഒരു പുസ്തകത്തിൽ കണ്ണുകൾ നട്ട് തനിച്ചിരിക്കുന്നു. ഒപ്പം അവരുടെ സംഭാഷണത്തിലും അവൾ ശ്രദ്ധിക്കുന്നുണ്ട്.