ഇത് ഗിരിപർവ്വം – 1 2അടിപൊളി  

രൂക്ഷമായി ഗിരിയെ അവളൊന്നു നോക്കി…

“” ഞാൻ വരുമ്പോൾ ഇവിടെ കണ്ടേക്കരുത്… …. “

പിന്നാലെ അന്ത്യശാസനം വന്നു…

ഗിരി അവളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു…

“” ഇയാളെന്താ പൊട്ടനാ , ഇറങ്ങിപ്പോകാൻ പറഞ്ഞാലും ഇരുന്ന് കിണിക്കുന്നത്… “

പടിയിറങ്ങുമ്പോൾ ഉമ പിറുപിറുക്കുന്നത് ഗിരി കേട്ടു……

“” ഉമേ……. ടിയേ… ഇതു കൊണ്ടു പോടീ… “

വിളിച്ചു കൊണ്ട് ഒരു വട്ടപാത്രവുമായി കുഞ്ഞമ്മ തിണ്ണയിലേക്ക് വന്നു…

“” കറിയില്ലാതെ എന്നാ കാണാൻ കൊണ്ടുപോകുവാ… “

ഉമ തിരിഞ്ഞു നിന്നു…

കുഞ്ഞമ്മ ജാള്യതയോടെ ഗിരിയെ നോക്കി…

“” പട്ടിണിയിരിക്കണ്ടേടീ………. “

ജാള്യത മറയ്ക്കാൻ കുഞ്ഞമ്മ ചോദിച്ചു…

“” അല്ലെങ്കിൽ എന്നും മൃഷ്ടാന്നമാണല്ലോ… “

പറഞ്ഞിട്ട് ഉമ ഒതുക്കു കല്ലുകൾ ഓടിയിറങ്ങിപ്പോകുന്നത് ഗിരി കണ്ടു..

“ അമ്പൂട്ടനോട് പൈസ കൊണ്ടു കൊടുക്കാൻ പറയണേ… “

പകുതി വഴിയിൽ നിന്ന് വീണ്ടും ഉമയുടെ ഉച്ചത്തിലുള്ള സ്വരം കേട്ടു…

വട്ടപ്പാത്രവുമായി അകത്തേക്ക് പോയ കുഞ്ഞമ്മ വന്നത് ഒരു ഗ്ലാസ്സ് കട്ടൻ ചായയുമായിട്ടായിരുന്നു…

“”ന്നാ… ചായ… “

ഗിരിക്കരികിൽ അരഭിത്തിയിൽ ഗ്ലാസ്സ് വെച്ച് അവർ പറഞ്ഞു……

ഗിരി, തിരിഞ്ഞ് ചായ ഗ്ലാസ്സ് കയ്യിലെടുത്തു…

“” അവളങ്ങനാ… ആരോടാ എന്താ പറയേണ്ടത് എന്ന് ഒരു നിശ്ചയവുമില്ല……””

ക്ഷമാപണം പോലെ കുഞ്ഞമ്മ പറഞ്ഞു…

ഗിരി ചായ ഒന്ന് മൊത്തി…

പ്രതീക്ഷിച്ച പോലെ മധുരം ഇല്ലായിരുന്നു…

എങ്കിലും മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ ഗിരി ചായ കുടിച്ചു…

“” എങ്ങനെയാ പരിചയം……… ?””

കുഞ്ഞമ്മ ഭിത്തിയിലേക്ക് ചാരി നിന്നു…

“ പറഞ്ഞല്ലോ … ജയിലിൽ വെച്ചാ… “

അവരത് വിശ്വസിക്കാൻ പ്രയാസപ്പെടുന്നതു പോലെ ഗിരിക്ക് തോന്നി…

“” അധികം പരിചയമൊന്നും ഉണ്ടായില്ല…… ഞാൻ കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളൂ… ! “

ഗിരി ചായ ഗ്ലാസ്സ് തിരികെ അരഭിത്തിയിലേക്ക് വെച്ചു……

“” ചതിയായിരുന്നു………. എന്താ സംഭവിച്ചതെന്ന് ഞങ്ങൾക്കാർക്കുമറിയില്ല… “

അതു തന്നെയാണ് സുധാകരേട്ടൻ പറഞ്ഞതെന്നും ഗിരി ഓർത്തു …

ചതിയായിരുന്നു… ….

“” അവസാനം മക്കൾക്ക് അച്ഛനില്ലാതെയായി… …. “

കുഞ്ഞമ്മയുടെ വാക്കുകൾ കേട്ടതും ഗിരി ഒന്ന് നടുക്കം കൊണ്ടു…

സുധാകരേട്ടൻ മരിച്ചെന്നോ ….!!!

നിർവ്വികാരമായ അയാളുടെ മുഖം ഗിരിയുടെ പ്രജ്‌ഞയിലൊന്നു മിന്നി…

ഒരു പാവം മനുഷ്യൻ… ….

“” അതറിഞ്ഞില്ലായിരുന്നോ………?””

ഗിരിയുടെ നടുക്കമറിഞ്ഞ് കുഞ്ഞമ്മ വീണ്ടും ചോദിച്ചു……

ഗിരി ഉത്തരം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരുന്നു…

“”ങ്ഹാ……. എഴുന്നേറ്റോ… ?””

ഗിരി തിരിഞ്ഞതും വാതിൽക്കൽ എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്ന ഒരു ബാലനെ കണ്ടു……

ഒരു പഴയ യൂണിഫോം ഡ്രസ്സാണ് വേഷം……

വലത്തേക്കവിളിൽ ഈത്ത ഒലിച്ചിറങ്ങിയ ഒരുപാട് കണ്ടു……

“” പോയി മുഖം കഴുകിയിട്ടു വാടാ… “

കുഞ്ഞമ്മ അവനെ പിടിച്ച് ഉന്തിതള്ളി മുറ്റത്തേക്കിറക്കി വിട്ടു…

ഗിരിയെ  നോക്കിക്കൊണ്ട് തന്നെ അമ്പൂട്ടൻ മുറ്റത്തേക്കിറങ്ങി……

ഒരു തവണ വായിൽ ടൂത്ത്ബ്രഷ് ഇട്ടുരച്ചുകൊണ്ട് അവൻ അവരുടെയടുത്തേക്ക് വന്ന് തിരിച്ചു പോയി…

അടുത്ത തവണ അവൻ മുഖം കഴുകിയാണ് കയറി വന്നത്…

“” നിന്നോട് ലോണിന്റെ പൈസ കൊണ്ടു കൊടുക്കാൻ ഉമ പറഞ്ഞു……””

“ ചേച്ചിക്ക് പോണ വഴിക്ക് കൊടുക്കാൻ പാടില്ലേ.. എന്നെ നടത്തിക്കാനായിട്ട്… “

അകത്തേക്കു കയറുന്നതിനിടെ അമ്പൂട്ടൻ പിറുപിറുത്തു…

ഗിരി പതിയെ മുറ്റത്തേക്കിറങ്ങി…

നായ അവനെ ഒന്ന് നോക്കിയ ശേഷം വീണ്ടും ചുരുണ്ടു കൂടി…

“” ചായക്ക് മതുരമില്ലേ അമ്മേ… ?””

“” പഞ്ചാര തീർന്നു…… “

“” എന്നാലെനിക്കു വേണ്ട… “

അകത്തെ സംഭാഷണം ഗിരിക്ക് കേൾക്കാമായിരുന്നു…

കുഴി കുത്തി പടുതയിറക്കിയിട്ട ടാങ്കിലേക്ക് ഹോസിൽ നിന്ന് വെള്ളം ചാടുന്നുണ്ടായിരുന്നു…

ചിലപ്പോൾ ശക്തിയായും പതുക്കെയും വെള്ളം വരുന്നതിനനുസരിച്ച്, ഹോസ് കുത്തി നിർത്തിയ കമ്പിൽക്കിടന്ന് തുള്ളി വിറച്ചു കൊണ്ടിരുന്നു……

ഒരു നിമിഷം അത് നോക്കി നിന്ന ശേഷം ഗിരി, അടുത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കപ്പെടുത്ത് മുഖം കഴുകി…