ഇത് ഗിരിപർവ്വം – 1അടിപൊളി  

ക്ഷമാപണം പോലെ കുഞ്ഞമ്മ പറഞ്ഞു…

ഗിരി ചായ ഒന്ന് മൊത്തി…

പ്രതീക്ഷിച്ച പോലെ മധുരം ഇല്ലായിരുന്നു…

എങ്കിലും മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ ഗിരി ചായ കുടിച്ചു…

“” എങ്ങനെയാ പരിചയം……… ?””

കുഞ്ഞമ്മ ഭിത്തിയിലേക്ക് ചാരി നിന്നു…

“ പറഞ്ഞല്ലോ … ജയിലിൽ വെച്ചാ… “

അവരത് വിശ്വസിക്കാൻ പ്രയാസപ്പെടുന്നതു പോലെ ഗിരിക്ക് തോന്നി…

“” അധികം പരിചയമൊന്നും ഉണ്ടായില്ല…… ഞാൻ കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളൂ… ! “

ഗിരി ചായ ഗ്ലാസ്സ് തിരികെ അരഭിത്തിയിലേക്ക് വെച്ചു……

“” ചതിയായിരുന്നു………. എന്താ സംഭവിച്ചതെന്ന് ഞങ്ങൾക്കാർക്കുമറിയില്ല… “

അതു തന്നെയാണ് സുധാകരേട്ടൻ പറഞ്ഞതെന്നും ഗിരി ഓർത്തു …

ചതിയായിരുന്നു… ….

“” അവസാനം മക്കൾക്ക് അച്ഛനില്ലാതെയായി… …. “

കുഞ്ഞമ്മയുടെ വാക്കുകൾ കേട്ടതും ഗിരി ഒന്ന് നടുക്കം കൊണ്ടു…

സുധാകരേട്ടൻ മരിച്ചെന്നോ ….!!!

നിർവ്വികാരമായ അയാളുടെ മുഖം ഗിരിയുടെ പ്രജ്‌ഞയിലൊന്നു മിന്നി…

ഒരു പാവം മനുഷ്യൻ… ….

“” അതറിഞ്ഞില്ലായിരുന്നോ………?””

ഗിരിയുടെ നടുക്കമറിഞ്ഞ് കുഞ്ഞമ്മ വീണ്ടും ചോദിച്ചു……

ഗിരി ഉത്തരം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരുന്നു…

“”ങ്ഹാ……. എഴുന്നേറ്റോ… ?””

ഗിരി തിരിഞ്ഞതും വാതിൽക്കൽ എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്ന ഒരു ബാലനെ കണ്ടു……

ഒരു പഴയ യൂണിഫോം ഡ്രസ്സാണ് വേഷം……

വലത്തേക്കവിളിൽ ഈത്ത ഒലിച്ചിറങ്ങിയ ഒരുപാട് കണ്ടു……

“” പോയി മുഖം കഴുകിയിട്ടു വാടാ… “

കുഞ്ഞമ്മ അവനെ പിടിച്ച് ഉന്തിതള്ളി മുറ്റത്തേക്കിറക്കി വിട്ടു…

ഗിരിയെ  നോക്കിക്കൊണ്ട് തന്നെ അമ്പൂട്ടൻ മുറ്റത്തേക്കിറങ്ങി……

ഒരു തവണ വായിൽ ടൂത്ത്ബ്രഷ് ഇട്ടുരച്ചുകൊണ്ട് അവൻ അവരുടെയടുത്തേക്ക് വന്ന് തിരിച്ചു പോയി…

അടുത്ത തവണ അവൻ മുഖം കഴുകിയാണ് കയറി വന്നത്…

“” നിന്നോട് ലോണിന്റെ പൈസ കൊണ്ടു കൊടുക്കാൻ ഉമ പറഞ്ഞു……””

“ ചേച്ചിക്ക് പോണ വഴിക്ക് കൊടുക്കാൻ പാടില്ലേ.. എന്നെ നടത്തിക്കാനായിട്ട്… “

അകത്തേക്കു കയറുന്നതിനിടെ അമ്പൂട്ടൻ പിറുപിറുത്തു…

ഗിരി പതിയെ മുറ്റത്തേക്കിറങ്ങി…

നായ അവനെ ഒന്ന് നോക്കിയ ശേഷം വീണ്ടും ചുരുണ്ടു കൂടി…

“” ചായക്ക് മതുരമില്ലേ അമ്മേ… ?””

“” പഞ്ചാര തീർന്നു…… “

“” എന്നാലെനിക്കു വേണ്ട… “

അകത്തെ സംഭാഷണം ഗിരിക്ക് കേൾക്കാമായിരുന്നു…

കുഴി കുത്തി പടുതയിറക്കിയിട്ട ടാങ്കിലേക്ക് ഹോസിൽ നിന്ന് വെള്ളം ചാടുന്നുണ്ടായിരുന്നു…

ചിലപ്പോൾ ശക്തിയായും പതുക്കെയും വെള്ളം വരുന്നതിനനുസരിച്ച്, ഹോസ് കുത്തി നിർത്തിയ കമ്പിൽക്കിടന്ന് തുള്ളി വിറച്ചു കൊണ്ടിരുന്നു……

ഒരു നിമിഷം അത് നോക്കി നിന്ന ശേഷം ഗിരി, അടുത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കപ്പെടുത്ത് മുഖം കഴുകി…

തണുത്ത വെള്ളം…….!

ഒരു കൊതി തോന്നിയ ഗിരി ഹോസിൽ നിന്ന് കപ്പിലേക്ക് കുറച്ചു വെള്ളം പിടിച്ച് കുടിച്ചു…

ശരീരത്തിനകത്തു കൂടെ ഒരു കുളിർ പാഞ്ഞിറങ്ങിയ പോലെ ഗിരി ചെറുതായി ഒന്നു വിറച്ചു……

മുടിയിഴകൾ കൂടി നനഞ്ഞ വിരലാൽ ഒന്ന് കോതിയെടുത്ത് ഗിരി നിവർന്നു…

തന്നെ നോക്കി നിൽക്കുന്ന അമ്പൂട്ടനെ അവൻ കണ്ടു..

പാന്റുയർത്തി കാൽപാദങ്ങളിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഗിരി അവനടുത്തേക്ക് ചെന്നു……

നായ കിടക്കുന്നതിന്റെ അപ്പുറത്തു നിന്ന് ഹോസ് വൃത്താകൃതിയിലാക്കിയ വണ്ടിയും മരക്കമ്പിൽ കുടക്കമ്പി വളച്ച കൊക്കയുമെടുത്ത് അമ്പൂട്ടൻ തിരിഞ്ഞു……

“” അമ്പൂട്ടൻ എവിടേക്കാ… ?””

തന്നെ പേരു വിളിച്ചു കാര്യം തിരക്കിയ ഒരു സന്തോഷം ഗിരി അവന്റെ മുഖത്തു കണ്ടു……

“ ലോൺ പൈസ കൊടുക്കണം…… “

“” ഞാനുമുണ്ട്……. “

ഗിരി തിണ്ണയിൽ കയറി ബാഗിൽ നിന്ന് പേഴ്സെടുത്ത് കീശയിൽ തിരുകി……

“” എന്തെങ്കിലും വാങ്ങണോന്ന് അമ്മയോട് ചോദിച്ചിട്ടു വാ……. “

ഗിരി കുനിഞ്ഞ് അവന്റെ ചെവിയിൽ പറഞ്ഞു……

“” ഇവിടെ ഒന്നും വാങ്ങാനില്ല… വൈകിട്ട് ചേച്ചി വാങ്ങിച്ചോളും… “

അഭിമാനം അടിയറ വെക്കാൻ ഇഷ്ടമില്ലാതെ അമ്പൂട്ടൻ പറഞ്ഞു……

ഗിരി പിന്നെ ഒന്നും മിണ്ടിയില്ല……

അമ്പൂട്ടനു പിന്നാലെ ഗിരിയും ഒതുക്കുകളിറങ്ങി……

പകൽ വെളിച്ചത്തിൽ താൻ രാത്രി വന്ന വഴി ഗിരി കണ്ടു…

കൃഷിയിടങ്ങളാണ് അധികവും……

ജാതിയും കൊക്കോയും ഇടകലർന്നു നിൽക്കുന്നു..

ഗിരിയുള്ളതിനാൽ “” കൊക്കവണ്ടി “” പതിയെ ഉരുട്ടിയാണ് അമ്പൂട്ടൻ നടന്നത്……

കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ അമ്പൂട്ടൻ നിന്നു…

“” ഞാനിവിടെ വരേ ഉള്ളൂ… “

കയ്യാലകൾക്കു മുകളിലുള്ള വീട് നോക്കി അവൻ പറഞ്ഞു……

“ നീ പോയിട്ടു വാ…””

ഗിരി അനുവാദം കൊടുത്തതും അവൻ ഓടിപ്പോയി…

മൂന്ന് മിനിറ്റിനകം ആൾ തിരിച്ചെത്തി…

“” നമുക്ക് കവല വരെ ഒന്ന് പോയാലോ … ?””

ഗിരി അവന്റെ മുഖത്തേക്ക് നോക്കി…

“” എനിക്ക് സ്കൂളുണ്ട്………. “

“” പെട്ടെന്ന് വരാന്ന്… …. “

അവൻ സമ്മതമെന്ന മട്ടിൽ തലയാട്ടി……

“ ചേട്ടന്റെ പേരെന്താ… ?””

കവലയിലേക്ക് നടക്കുമ്പോൾ അവൻ ചോദിച്ചു…

“” ഗിരി………. “

“” അത്രയേള്ളൂ……….?””

“”ഗിരീന്ദ്രൻ… …. “

ഗിരി പുഞ്ചിരിയോടെ പറഞ്ഞു…

ഇപ്പോഴാണ് പേര് ശരിയായത് , എന്ന രീതിയിൽ അമ്പൂട്ടൻ ചിരിച്ചു കൊണ്ട് തലയാട്ടി……

“” നിന്റെയോ……….?””

“” അഭിജിത്………. “

“” പിന്നെ അമ്പൂട്ടനോ… ?””

“” എനിക്കാ സിൽമ വലിയ ഇഷ്ടാ… റിമ്പോച്ചെ………. അതിങ്ങനെ പറഞ്ഞു പറഞ്ഞ് ചേച്ചിയിട്ടതാ… “

“” ചേച്ചി ദേഷ്യക്കാരിയാണല്ലേ…””

“ ഏയ്… പാവാ………. “

“” എന്നിട്ടു അമ്പൂട്ടനെ രാവിലെ തല്ലിയാരുന്നല്ലോ…””

“” അതെന്നുമുള്ളതാ… ചേച്ചി തല്ലിയില്ലേൽ എനിക്കും എന്തോ പോലാ… “

അമ്പൂട്ടൻ ചിരിച്ചു…

കവലയിലെത്തിയിരുന്നു…

“ ഒരു ചായ കുടിച്ചാലോ……….?””

“ അതൊന്നും വേണ്ട… “

ചെക്കന്റെ അഭിമാന ബോധത്തിൽ ഗിരിക്ക് മതിപ്പു തോന്നി..

“” ഒരു കാലിച്ചായ കുടിക്കാന്ന്… …. “

അമ്പൂട്ടൻ ഒരു നിമിഷം സംശയിച്ചു നിന്നു…

“” ചേച്ചിയോട് പറഞ്ഞേക്കല്ല്………. “

ആ ഉറപ്പിലാണ് അമ്പൂട്ടൻ ഗിരിക്കൊപ്പം ചായക്കടയിലേക്ക് കയറിയത്……

ഗിരി രണ്ട് ചായ പറഞ്ഞു……

ബഞ്ചിലും കസേരയിലുമായി ഇരുന്നവർ ഗിരിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

ഒരു യുവാവ് ഫോറസ്റ്റ് ഡ്രസ്സിൽ ചായ കുടിച്ചു കൊണ്ട് ഇരിക്കുന്നത് ഗിരി കണ്ടു…

യുവാവും ഗിരിയേയും അമ്പൂട്ടനെയും ഒന്ന് നോക്കി…

പൊറോട്ട വെളിച്ചെണ്ണ വീണ കല്ലിൽ കിടന്നു മൊരിയുന്ന ഗന്ധം പരന്നതും അമ്പൂട്ടൻ ഗിരിയെ നോക്കി…

“” പൊറോട്ട വേണോ……….?”.

“” ചേച്ചി… ….?””

“” നീ കഴിച്ചോ…””,

ഗിരി ഉറപ്പു കൊടുത്തു…

“” ആരാടാ അമ്പൂട്ടാ വിരുന്നുകാര്……….?””

കടക്കാരൻ ഗിരിയെ നോക്കി ചോദിച്ചു…

“” നാട്ടീന്നാ………. “

അമ്പൂട്ടൻ മറുപടി കൊടുത്തു…

പതറാതെ, സന്ദർഭോചിതമായ അവന്റെ ഉത്തരം കേട്ട് ഗിരിയും ഒരു നിമിഷം അമ്പരന്നു…

ഗിരി ചായ കുടി കഴിഞ്ഞ് ആദ്യമിറങ്ങി……

അടുത്തുള്ള പലചരക്കു കടയിൽ കയറി കുറച്ചു സാധനങ്ങൾ അവൻ വാങ്ങിക്കൂട്ടി…