“”…ങ്ങാ.! സിത്തു വന്നമ്മേ… സിത്തുവിരുന്നോ… ഞാൻ ബ്രേക്ക്‌ഫാസ്റ്റെടുക്കാം..!!”””_ എന്നെക്കണ്ടതും അമ്മയുടേം ചെറിയമ്മേടേംമുന്നെ സാധു ചമഞ്ഞുകൊണ്ടവൾ ധൃതിയിൽപറഞ്ഞു…
“”…നീയൊന്നടങ്ങി നിയ്ക്ക് പെണ്ണേ… ഇവടെ ഞങ്ങളൊക്കെണ്ടല്ലോ, ഞങ്ങളെടുത്തു കൊടുത്തോളാം… മോള്പോയ് റെസ്റ്റെടുത്തോ..!!”””_ അമ്മ മീനാക്ഷിയോടായി പറഞ്ഞപ്പോൾ ചെറിയമ്മ എന്നെനോക്കിയൊരു പുഴുങ്ങിയചിരി പാസാക്കി…
എന്നുവെച്ചാൽ മീനാക്ഷി
കാട്ടിക്കൂട്ടീതൊക്കെ വിശ്വസിച്ച ചെറിയമ്മ, അതൊക്കെ വള്ളിപുള്ളിവിടാതെ അമ്മയോടു വിളമ്പിയെന്ന്…
“”…അതൊന്നും കൊഴപ്പോല്ലമ്മേ… ഇനിമുതലു ഞാനല്ലേ സിത്തൂന്റെ കാര്യങ്ങളൊക്കെ നോക്കേണ്ടിയെ… അമ്മ പ്ലേറ്റിങ്ങുതന്നേ..!!”””_ അവൾ കൈനീട്ടിയമ്മേടെ കയ്യിൽനിന്നും പ്ലേറ്റുമേടിച്ചു…
പന്നിയ്ക്കുപെറന്നോള് തുപ്പീട്ടു സാമ്പാറുവെളമ്പാനൊള്ള പ്ലാനാണ്…
“”…വഴീലുവന്ന് വായുമ്പൊളിച്ചു നിയ്ക്കാണ്ടു മാറങ്ങട്..!!”””_ മൂലയിലെ കസേരയിൽനിന്നുമെഴുന്നേറ്റ് സ്ലാബിന്റെപുറത്തേയ്ക്ക് ചായകുടിച്ച ഗ്ലാസ്സുംവെച്ചു തിരിഞ്ഞകീത്തു, അവൾക്കു വഴിമറഞ്ഞുനിന്നയെന്നെ ആഞ്ഞൊരുതള്ള്…
ഞാനെന്റെ പ്രിയതമയെ മതിമറന്നു നോക്കിനിന്നതിലുള്ള അസൂയയുണ്ടോ ആ തള്ളില്..??
“”…ഈ പെണ്ണിനിതുവല്ല പ്രാന്തുമ്പിടിച്ചോ..??”””_ അവൾടെ പ്രവർത്തികണ്ട ചെറിയമ്മ ആശങ്കയോടെ ചോദിച്ചതും,
“”…പ്രാന്തില്ലാത്തോർക്കൂടി പ്രാന്തുപിടിപ്പിയ്ക്കാനായ്ട്ട് ഓരോന്നെറങ്ങിക്കോളോല്ലോ..!!”””_ എന്ന മറുപടിയുംകൊടുത്ത് രൂക്ഷമായെന്നെ ചുഴിഞ്ഞൊന്നുകൂടി നോക്കിക്കൊണ്ടവൾ മുകളിലേയ്ക്കുപോയി,
മീനാക്ഷീടെ കടന്നുകയറ്റമൊട്ടും ഇഷ്ടപ്പെടാതെയുള്ള പോക്കാണത്…
“”…മോളിതൊന്നുങ്കണ്ട് വെഷമിയ്ക്കണ്ട… അതങ്ങനൊരുപെണ്ണാ… സ്നേഹിച്ചാ നക്കിക്കൊല്ലും ഇടഞ്ഞാ കുത്തിക്കൊല്ലും..!!”””_ ചെറിയമ്മ കീത്തുവിനെയുദ്ദേശിച്ചു പറഞ്ഞതും, അപ്പോൾ കൊല്ലോന്നുള്ള കാര്യന്തീർപ്പാണല്ലേന്നമട്ടിൽ കീത്തുപോയവഴിയ്ക്ക് ഞാൻ കണ്ണുപായിച്ചു…
“”…ഇല്ല ചെറീമ്മേ… അവളെന്തൊക്കെപ്പറഞ്ഞാലും ഞാങ്കേക്കാൻ ബാധ്യസ്ഥയാ…
അറിഞ്ഞോണ്ടല്ലേലും ഞാനവളോടെ കാട്ടീതത്രയ്ക്കും വല്യതെറ്റാ… അവളോടിതൊക്കെ
ഏറ്റുപറഞ്ഞ് കാലുപിടിച്ചിട്ടായാലും അവളെക്കൊണ്ടു സമ്മയ്പ്പിയ്ക്കാനായ്രുന്നു
സത്യത്തിലന്നു ഞാങ്കൊറച്ചു സമയഞ്ചോദിച്ചതന്നെ… പക്ഷേ…”””_ മീനാക്ഷി വാക്കുകൾ
പാതിയ്ക്കുനിർത്തി കഴുത്തിൽക്കിടന്ന ചുരിദാർ ഷോളുകൊണ്ടു കണ്ണൊപ്പിയപ്പോൾ ഒറ്റസീരിയലും വിടാതെകാണുന്ന അമ്മയ്ക്കും ചെറിയമ്മയ്ക്കുംപോലും അവൾടൂളത്തരം
മനസ്സിലാവാണ്ടുപോയി…
“”…അയ്യേ… ഈ ചെറിയകാര്യത്തിനൊക്കെ മോളു കരയുവാണോ..?? ഛെ.! മോളാ
കണ്ണുതുടച്ചേച്ച് ഇവടിരുന്നേ..!!”””_ അമ്മ കയ്യേലിരുന്നചട്ടുകം സ്ലാബിന്റെമേലേയ്ക്കുവെച്ചശേഷം അവളെപിടിച്ചു കസേരയിലേയ്ക്കിരുത്തി…
“”…അതേ മോളേ… ഇതിനൊന്നുങ്കരേണ്ട കാര്യോല്ല… അവളു വെറുംസാധുവാ… രണ്ടൂസങ്കഴീമ്പൊ അവളിതൊക്കെ മറന്നോളും..!!”””_ അമ്മയ്ക്കൊപ്പഞ്ചേർന്ന് അവളെ
സമാധാനിപ്പിയ്ക്കുന്നതിനിടയിൽ ചെറിയമ്മ എന്നോടുമമ്മയോടുമായി തുടർന്നു;
“”…അതേ… ഉറ്റകൂട്ടുകാരിയല്ലായ്രുന്നോ… അപ്പതിന്റെ സങ്കടങ്കൊച്ചിനു കാണൂലേ..??”””_ അവൾടെ മുടിയിലൊന്നു തലോടിക്കൊണ്ടുപറഞ്ഞ ചെറിയമ്മയുടെ വശത്തുകൂടിയെന്നെ പാളിനോക്കിയ മീനാക്ഷി ചുണ്ടുകടിച്ചു ചിരിയടക്കിയപ്പോൾ എനിയ്ക്കങ്ങോട്ടു തൊലിഞ്ഞുകേറിയതാണ്…
പക്ഷേ കാര്യങ്ങൾടെ കിടപ്പുകണ്ടിട്ട് ഇവളിവറ്റകളെ മടക്കിയൊടിച്ചു കക്ഷത്തുകേറ്റുന്ന ലക്ഷണമുണ്ട്…
ഞാൻ മൊത്തത്തിൽ വിറഞ്ഞു നിൽക്കുവാണെന്നു മനസ്സിലായ്ട്ടാവണം അവളെന്നെനോക്കി,
ഇതൊക്കെയെന്തെടാന്നമട്ടിൽ ആക്കിയൊന്നു ചിരിച്ചു…
പിന്നൊരുനിമിഷം ഞാനവിടെനിന്നില്ല, ആകമാനംപൊളിഞ്ഞ കലിപ്പോടെ തീറ്റപോലും വേണ്ടാന്നുവെച്ചു നേരേ ചെറിയമ്മേടെ വീട്ടിലേയ്ക്കുചെന്ന ഞാൻ ശ്രീയുടെ കുത്തിനുപിടിച്ചിറക്കിയാണ് കോളേജിലേയ്ക്കു കൊണ്ടോയത്…
