എന്റെ ഡോക്ടറൂട്ടി – 4 23അടിപൊളി 

അതോടവളെല്ലാം ചേച്ചിയോടു പറഞ്ഞെന്നെനിക്കുറപ്പായി…

“”…മീനുവേച്ചി പറഞ്ഞേക്കെ കള്ളവാ..!!”””_ നിലത്തേയ്ക്കു മുഖങ്കുനിച്ചിരുന്ന് ഞാൻ മുൻകൂറായി എറിഞ്ഞു നോക്കിയെങ്കിലും അതു മൈന്റുപോലുംചെയ്യാതെ കീത്തു ഇറങ്ങിപ്പോയി…

ചേച്ചിയിപ്പത്തന്നെയെല്ലാം പോയി എല്ലാരോടും പറയോന്നും പോരാത്തതിന് മീനാക്ഷി വരുമ്പോളുറപ്പായും ഞാൻകൊടുത്ത കത്തുകൂടി കൊണ്ടുവന്നെല്ലാരേം കാണിയ്ക്കുമെന്നുമൊക്കെ മനസ്സിലേയ്ക്കു വന്നപ്പോൾ തല കറങ്ങുന്നതുപോലൊരു തോന്നലാണുണ്ടായത്…

എല്ലാരുടെയും മുന്നിലിട്ട് അച്ഛൻ തല്ലുന്നതൊക്കെ ആലോചിച്ചപ്പോൾ ആത്മഹത്യ മാത്രമായിരുന്നുയെന്റെ മനസ്സിലെ പോംവഴി…

ഫാനിൽകെട്ടാനായി കൈയ്യെത്താത്തതുകൊണ്ടും സിനിമയിലൊക്കെ കാണുമ്പോലെ കയറിന്റെ അറ്റത്തു കുടുക്കിടാനറിയാത്തതു കൊണ്ടും തൂങ്ങി മരിയ്ക്കണ്ടെന്നുറപ്പു വരുത്തിക്കൊണ്ടാണ് പോയി ഡോറകത്തുനിന്നുമടച്ചത്…

കീത്തുവേച്ചി പറഞ്ഞെല്ലാരും അറിയുന്നേനുമുന്നേ മരിയ്ക്കണം…

അതിനായി നേരേ കട്ടിലിലേയ്ക്കു മലർന്നു കിടന്നശേഷം തലയിണയെടുത്ത് മൂക്കിലേയ്ക്കമർത്തി പിടിച്ചു…

…ചാവട്ടേ… ശാസമ്മുട്ടി ചാവട്ടേ..!!

മനസ്സിലങ്ങനെ കരുതിയാണ് തലയിണ മൂക്കിലമർത്തിയതെങ്കിലും ശ്വാസം മുട്ടുന്നതിനനുസരിച്ച് പതിയെ തലയിണയുയർത്തി ഞാൻ മൂക്കിനെ സ്വതന്ത്രമാക്കിക്കൊണ്ടിരുന്നു…

“”…എടീ കീത്തൂ… ദേ മീനു വന്നുനിൽക്കുന്നു… ഒന്നിങ്ങോട്ടു വന്നേ..!!”””_ അമ്മ അലമുറയിടുന്നതുപോലെ വിളിച്ചുപറഞ്ഞതും ഞാൻ വ്യാപൃതനായിരുന്ന ഉദ്യമമുപേക്ഷിച്ചുകൊണ്ടു കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു…

പിന്നെ ഡോറുംതുറന്ന് സ്റ്റെയറിന്റെ ഭാഗത്തുപോയിനിന്ന് ചെവി വട്ടംപിടിച്ചെങ്കിലും താഴെനിന്നും കുശുകുശുപ്പുകളല്ലാതെ ഒന്നും വ്യക്തമായി കേൾക്കാൻ സാധിച്ചില്ല…

തിരികെ റൂമിലേയ്ക്കു കയറിയ ഞാൻ കൂട്ടിലടച്ച വെരുകിന്റെമാതിരി അങ്ങറ്റമിങ്ങറ്റം നടക്കാൻതുടങ്ങി…

…താഴെയവളെല്ലാം പറഞ്ഞിട്ടുണ്ടാവോ..?? ഇപ്പൊ ലെറ്ററെടുത്തു കാട്ടീട്ടുണ്ടാവോ..?? ഇപ്പോളെല്ലാരുങ്കൂടിങ്ങോട്ടേയ്ക്കു വരുവോ..??

എന്നൊക്കെയുള്ള ചിന്ത മനസ്സിലുദിച്ചപ്പോൾ ഒന്നും വേണ്ടിയിരുന്നില്ലയെന്നു തോന്നിപ്പോയി…

“”…സിത്തു മേലെയുണ്ടോ ആന്റീ..??”””_ കുറച്ചുകഴിഞ്ഞ് സ്റ്റെയറിന്റെ താഴെനിന്നും മീനാക്ഷിയുടെ ചോദ്യമുയർന്നപ്പോൾ ഉണ്ടെന്നുള്ള അമ്മയുടെ മറുപടികേട്ടതും ഞാൻ കട്ടിലിൽനിന്നും എഴുന്നേറ്റോടി മേശയിൽനിന്നൊരു നോട്ട്ബുക്ക്‌ വലിച്ചെടുത്തു…

അവള് സ്റ്റെയറു കയറിവരുന്ന കാലൊച്ചയറിഞ്ഞതും ഞാൻ ബുക്കുമെടുത്ത് കസേരയിലേയ്ക്കിരുപ്പുറപ്പിച്ചു…

“”…ഹലോ… ഞാനകത്തേയ്ക്കു വന്നോട്ടേ..??”””_ ചെറുചിരിയോടെ വാതിൽക്കൽനിന്നെത്തി നോക്കിക്കൊണ്ട് മീനാക്ഷിചോദിച്ചതും ഞാൻ മുഖംകുനിച്ചു നോട്ട്ബുക്കിലെ അക്ഷരങ്ങളിലേയ്ക്കു കണ്ണുകളെ പൂഴ്ത്തി…

ആദ്യത്തെയാ ഞെട്ടൽ മീനാക്ഷിയുടെ മുഖത്തെ ചിരിയോടെ മാഞ്ഞെങ്കിലും പായസം കുടിയ്ക്കാഞ്ഞതിലുള്ള ദേഷ്യമെന്റെയുള്ളിലുണ്ടായിരുന്നു…

അതുകൊണ്ടുതന്നെ ഒന്നു പാളിനോക്കിയശേഷം ഞാൻ മുഖം കുനിച്ചിരുന്നു…

“”… ആഹാ.! നല്ല ദേഷ്യത്തിലാണല്ലോ… എന്തോപറ്റി… അമ്മ വഴക്കുപറഞ്ഞോ..??”””_ അവളൊരീണത്തിൽ ചോദിച്ചു കൊണ്ടകത്തേയ്ക്കു വന്നതും ഞാൻ ദേഷ്യത്തിൽ ബുക്കുമെടുത്ത് കസേരയോടെ തിരിഞ്ഞിരുന്നു…

“”…അതേ… കൊറേ നേരായ്ട്ട് എനിക്കിച്ചിരി പായിസങ്കുടിയ്ക്കാനൊരു കൊതി… കൊറച്ചു പായിസോണ്ടാവോ തരാൻ..??”””_ അവൾ ചുണ്ടുകളെകടിച്ചുപിടിച്ചു ചിരിയടക്കാൻ ശ്രമിയ്ക്കുമ്പോൾ ഞാൻ കണ്ണുകൾ തുറിച്ചവളെയൊന്നു നോക്കി…

എന്റെ നോട്ടംകണ്ടതും അവൾവീണ്ടും തന്റെ ചോദ്യമാവർത്തിച്ചു… അതും ചിരിയോടെ, എന്നെ കളിയാക്കാമ്മേണ്ടിത്തന്നെ… അതെനിക്കങ്ങോട്ടു പിടിച്ചില്ല…

“”…പോടീ പട്ടീ..!!”””_ ഞാനെന്റെ സർവദേഷ്യവും പുറത്തുകാണിച്ചു ചീറിയതും,

“”…പട്ടീന്നോ..?? ആരെയാടാ നീ പട്ടീന്നു വിളിച്ചേ..??”””_ ന്നും ചോദിച്ചവൾ എന്റെനേരേ വന്നു…

അതുകണ്ടതും ഞാൻ മുഖംകുനിച്ചിരുന്നു…

“”…ആഹാ.! സിത്തൂട്ടനെന്നോടു പെണക്കാ..?? അയ്യയ്യേ… മോശം മോശം..!!”””_ എന്റെയപ്പോഴത്തെ മുഖഭാവംകണ്ടതും പെട്ടെന്നൊന്നടങ്ങിയ മീനാക്ഷി, മൂക്കിൽ വിരലുവെച്ചുകൊണ്ടൊരു പ്രത്യേകതാളത്തിൽ നിന്നെന്നെനോക്കി വീണ്ടും കളിയാക്കിയതും എന്റെ മുഴുവൻദേഷ്യവും ഒറ്റയടിയ്ക്കു പുറത്തുവന്നു…

കസേരയിൽനിന്നും പാഞ്ഞിറങ്ങി, നേരേയോടിച്ചെന്ന് മീനാക്ഷിയെ അരക്കെട്ടിൽ കൈചുറ്റി കെട്ടിപ്പിടിച്ചത് സെക്കന്റുകൾക്കുള്ളിൽ കഴിഞ്ഞു…

എന്താണ് സംഭവിക്കുന്നതെന്ന് മീനാക്ഷി മനസ്സിലാക്കുംമുന്നേ അമ്മയോടും ചെറിയമ്മയോടും കീത്തുവേച്ചിയോടുമൊക്കെ അടിയുണ്ടാക്കുമ്പോൾ പ്രയോഗിയ്ക്കുന്നയെന്റെ രഹസ്യവജ്രായുധം ഞാനവൾക്കുമേൽ പ്രയോഗിച്ചു കഴിഞ്ഞിരുന്നു…

ചെറുതായിട്ടൊന്നഡ്ജസ്റ്റു ചെയ്തുനിന്നവൾടെ വയറ്റിൽതന്നെയൊരൊറ്റ കടി…

ക്ഷണത്തിൽ മീനാക്ഷിയുടെ വായിൽനിന്നുതിർന്ന നിലവിളി റൂമിൽനിന്നും പുറത്തുപോയില്ലെങ്കിലും അതു മൂന്നു ചുവരുകൾക്കുള്ളിൽ കിടന്നലയടിച്ചു…

എന്നിരുന്നാലും ഇനിയൊരിക്കലും മറക്കാനാവാത്തവിധമാ വയറിലെന്റെ മുപ്പത്തിരണ്ട് പല്ലും ചേർന്നെന്നുറപ്പായതിന് ശേഷമാണ് ഞാനവളെ വിട്ടത്…

എന്നെ തള്ളിമാറ്റാനവൾ നോക്കുന്തോറുമെന്റെ പല്ലുകൾ കൂടുതലാ വയറിലെ മാംസത്തിലേക്ക് തുളച്ചുകയറിയിരുന്നു…

അവളുടെ നിലവിളിയാകട്ടെ എന്നെയവൾ കരയിച്ചതിനുള്ള പ്രായശ്ചിത്തമ്പോലെയാണെനിയ്ക്ക് തോന്നിയത്…

അതുകൊണ്ടുതന്നെ അവളോടുള്ളയെന്റെ ദേഷ്യം തീരുന്നതുവരെ ഞാനാക്കടി വിട്ടതുമില്ല…

പിന്നെ കടി വിട്ടപ്പോഴേയ്ക്കും വേദനകൊണ്ടവശയായ മീനാക്ഷി വയറിൽ കൈപ്പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേയ്ക്കിരുന്നുപോയി…

അവളുടെ കരച്ചിലും വേദനകൊണ്ടുള്ള തിരുമ്മലുമൊക്കെ കണ്ടിട്ടും എനിയ്ക്കൊട്ടും സഹതാപം തോന്നിയില്ല…

അതുകൊണ്ടുതന്നെ അവളവിടെക്കിടന്നു ശബ്ദമുണ്ടാക്കാതെ കരഞ്ഞതും ഞാനൊരു വല്ലാത്ത നിർവൃതിയോടെയാണ് നോക്കിക്കണ്ടത്…

കുറച്ചുകഴിയുമ്പോൾ ചേച്ചിയെപ്പോലെ മീനാക്ഷിയുമെണീറ്റുപോകുമെന്നുള്ള കടുത്തവിശ്വാസത്തിൽ ഞാൻ വീണ്ടുമാ ബുക്കും തുറന്നുവെച്ച് കഠിനമായ പഠിത്തന്തുടങ്ങി…

നോട്ടം ബുക്കിലേയ്ക്കായിരുന്നെങ്കിലും മനസ്സവളെന്താ എണീറ്റു പോകാത്തതെന്നതിലായിരുന്നു… അതുകൊണ്ട് കണ്ണുകൾ പലപ്പോഴുമവളുടെ നേരെ പാളിക്കൊണ്ടിരുന്നു…

പക്ഷേ കുറേസമയം കഴിഞ്ഞിട്ടും മുഖംകുനിച്ചിരുന്നു കരയുന്നതല്ലാതെ മീനാക്ഷിയെഴുന്നേറ്റു പോകുന്നില്ലാന്നു കണ്ടപ്പോഴാണെന്റെ കിളിയൊന്നു പാറിയത്…

ആ അമ്പരപ്പോടെത്തന്നെ അവളുടനെ എണീയ്ക്കുമെന്ന് സ്വയം വിശ്വസിപ്പിച്ച് കുറച്ചുസമയം കൂടി ഞാൻ വെയ്റ്റ് ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *