എന്റെ ഡോക്ടറൂട്ടി – 9 14അടിപൊളി 

അതേസമയത്തുതന്നെ വല്യമ്മേ ഞാൻപോകുവാണേന്ന ശ്രീയുടെ പറച്ചിലുംകേട്ടു…

മുങ്ങീതാ നാറി…

അതുകൂടികേട്ടതോടെ എന്റെയുള്ള ധൈര്യംമുഴുവൻ ചോർന്നു…

ശരീരമനങ്ങിയാ വേദനിയ്‌ക്കോലോന്നോർത്ത് കക്കൂസിപ്പോലും പോവാണ്ടിരിയ്ക്കുന്ന എന്നെയിങ്ങനെ പരീക്ഷിയ്ക്കല്ലേ ദേവീ…

എന്നൊക്കെമനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ബെഡ്ഡിൽനിന്നുമെഴുന്നേറ്റു…

“”…എന്താ മോളേ..?? നീയെന്താ ഇങ്ങനൊക്കെ പറയുന്നേ..??”””_ അവളുടെ പതിവിലും വിപരീതമായഭാവം കണ്ടിട്ടാകണം അമ്മ വേവലാതിയോടെ തിരക്കിയത്…

“”…പിന്നെ..?? പിന്നെ ഞാനെങ്ങനെ പറയണം…?? നിങ്ങളവനെ വിളിയ്ക്കുന്നുണ്ടോ അതോ ഞാനകത്തു കേറി പിടിച്ചിങ്ങോട്ടിറക്കണോ..??”””

“”…മീനൂ… നിനക്കെന്താടീ ബാധകൂടിയോ..?? എന്തുണ്ടായ്ട്ടാ നീയിങ്ങനെകിടന്നു തുള്ളുന്നേ..??”””_ മീനാക്ഷിയുടെ അലറിച്ചയ്ക്കുപിന്നാലെ കീത്തുവിന്റെ ശബ്ദംകൂടികേട്ടതും ഞാൻ പറമ്പിലെ മാവിനെയൊന്നുനോക്കി;

…നീ തീർന്നടാ… നീ തീർന്നൂന്നഭാവത്തിൽ…

“”…എനിയ്ക്കു നിങ്ങളോടൊന്നും ചോദിയ്ക്കാനോ പറയാനോയില്ല… എനിയ്ക്കവനെ കണ്ടാമതി… വിളിയ്ക്കുന്നുണ്ടോ… ഇല്ലയോ..??”””_ വീണ്ടും തൊണ്ട പൊട്ടുമാറുച്ഛത്തിലവളുടെ സ്വരമുയർന്നപ്പോൾ ഇവരെന്താ എന്നെ വിളിയ്ക്കാണ്ടിത്ര ലാഗടിപ്പിയ്ക്കുന്നേന്ന് ഞാനുംചിന്തിച്ചു…

“”…മോളേ… അവനെവിടെയോ വീണനങ്ങാമ്മയ്യാണ്ടു വന്നു കെടക്കുവാ… ഇന്നലെയാ മുറീക്കേറിയേ പിന്നെ ഇതുവരെ ജലപാനം ചെയ്തിട്ടില്ല… വിളിച്ചിട്ടാണേ ഒരു മിണ്ടാട്ടോമില്ല… എന്തോന്നാ പറ്റിയേന്നൂടി അറികേല..!!”””_ അമ്മ ദൈന്യതയോടെ പറയുന്ന കേട്ടപ്പോളെനിയ്ക്കും സങ്കടംതോന്നി, ഇതൊക്കെയാരോടാ ഈ പറയുന്നേന്നോർത്തിട്ട്…

“”…എന്തോന്നാ പറ്റിയേന്നൊക്കെ ഞാമ്പറഞ്ഞു തരാം, നിങ്ങളാദ്യമവനെയിങ്ങോട്ടു വിളി… ദേ… അകത്തുകേറിയവനെ വലിച്ചു പുറത്തിടാനറിയാഞ്ഞിട്ടല്ല, വെറുതെ എന്നെക്കൊണ്ടത് ചെയ്യിയ്ക്കരുത്..!!””” _ അവളുടെശബ്ദം വീണ്ടുമുയർന്നപ്പോൾ എനിയ്ക്കും വിറയാൻതുടങ്ങി…

ഇവൾക്ക് കിട്ടീതൊന്നുംപോരെന്നാ തോന്നണെ…

എന്റെവീട്ടിന്റെ മുറ്റത്തു വന്നുനിന്ന് ആജ്ഞാപിയ്ക്കാൻ നീയാരടീമറ്റവളേന്നും മനസ്സിൽപറഞ്ഞുകൊണ്ട് ഞാനുംഞൊണ്ടി പെടച്ചുകൊണ്ട് റൂമിന് പുറത്തേയ്ക്കുനടന്നു…

അവൾടെ ആക്രോശവുംനിലവിളിയും അതിനൊപ്പം അമ്മയുടേംകീത്തൂന്റേം കാര്യന്തിരക്കലുമൊക്കെ കേട്ട് ഒരുവിധത്തിൽ പിടിച്ചുപിടിച്ച് സ്റ്റെയറിറങ്ങി താഴെയെത്തുമ്പോൾ ക്രോണിക്ബാച്ചിലറിൽ കുരുവി തൈരുംകുടമെറിഞ്ഞ് പൊട്ടിച്ചിട്ട്പറഞ്ഞ ഡയലോഗാണ് മനസ്സിലേയ്ക്കു വന്നത്, നിങ്ങൾക്ക് നല്ല സമയദോഷമുണ്ടല്ലോന്ന്…

കാരണം വേറൊന്നുമല്ല, ഞാൻ താഴെയെത്തിയപ്പോഴേയ്ക്കും ഡോക്ടറ്തന്തയുടെ കാറും പോർച്ചിലേയ്ക്കു കയറിയിരുന്നു…

…ഈശ്വരാ.! കൂത്തുവിളക്കും കൈയ്യിക്കൊടുത്ത് നീ എല്ലാക്കാലന്മാരെയുംകൂടി എന്റെ പിന്നാലെയിങ്ങ് വിട്ടേക്കുവാണോ..??

എന്തായാലും ഞാൻപെട്ടു… ഇനി തിരികെചെന്ന് റൂമിൽകേറി കതകടച്ചിരിയ്ക്കാനൊന്നും എന്നെക്കൊണ്ട്പറ്റോന്ന് തോന്നുന്നില്ല…

പിന്നെല്ലാം വരുന്നപോലെ വരട്ടേയെന്നമട്ടിൽ ഞാനുമവിടെ വേരിറങ്ങിനിന്നു…

“”…ദേ അച്ഛൻ വന്നു..!!”””_ പുള്ളി സിറ്റ്ഔട്ടിൽനിന്നും ഹോളിലേയ്ക്കുകയറിയതും കീത്തു കൈചൂണ്ടിക്കൊണ്ട് പറഞ്ഞു…

“”…ആഹാ.! ഇതാര് കുട്ടിഡോക്ടറോ..?? എന്താ പതിവില്ലാണ്ടിങ്ങോട്ടൊക്കെ..??”””_ തന്തപ്പടി അവളെക്കണ്ടതും കുശലംചോദിച്ചുകൊണ്ട് അടുത്തേയ്ക്കു വന്നു…

…ദൈവമേ… ഇവളൊരാട്ട് ഇങ്ങോർക്കിട്ട് കൊടുത്തെങ്കി.!

നമ്മളെന്തായാലും വീട്ടിന്ന് ചാടാമ്പോണു….

അപ്പൊപ്പിന്നെ അങ്ങനൊരു കാഴ്ചകൂടി കണ്ടിട്ടിറങ്ങാമെന്ന ചിന്തയായ്രുന്നെനിയ്ക്ക്…

“”…പതിവില്ലാണ്ടോരോന്നൊക്കെ അല്ലേ നടക്കുന്നേ… പിന്നെങ്ങനെ വരാണ്ടിരിയ്ക്കും..??”””_ അവൾ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞു തലചെരിച്ചപ്പോൾ കാര്യമെന്താണെന്നറിയാൻ പുള്ളി അമ്മയുടെനേരേ കണ്ണുകൊണ്ടാംഗ്യംകാട്ടി…

അതിനുമറുപടിയായി അമ്മ കൈമലർത്തുമ്പോഴേയ്ക്കും അങ്ങേരവരുടെ അടുത്തെത്തിയിരുന്നു…

“”…എന്താ മോളേ..?? എന്താപ്രശ്നം..?? മോളിന്ന് ഹോസ്പിറ്റലിപ്പോയില്ലേ..??””””_ പുള്ളി കൈയിൽകരുതിയിരുന്ന ബ്ലാക്ക് ലാപ്ടോപ്ബാഗ് അമ്മയ്ക്കുനേരേ നീട്ടിക്കൊണ്ടാണ് മീനാക്ഷിയോടാ ചോദ്യമിട്ടത്…

“”…അവിടന്നൊക്കെ സസ്പെൻഷനടിച്ചുകിട്ടീട്ട് വീണ്ടുമങ്ങോട്ടു കേറിച്ചെല്ലാനെന്റെ തലേക്കൂടി വണ്ടിയൊന്നുമോടുന്നില്ല..!!”””_ അവൾ മുഖത്തുനോക്കാതെ മറുപടിപറയുമ്പോൾ സംഗതിവിചാരിച്ചിടത്തു കാര്യമെത്തിയ സന്തോഷമുള്ളിലുണ്ടായെങ്കിലും അതുപുറത്തു കാട്ടാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ…

“”…സസ്പെൻഷനോ..?? എന്തിന്..??”””_ അവളുടെ മറുപടികേട്ടതും പുള്ളി ഞെട്ടിപ്പിടഞ്ഞുകൊണ്ട് ചോദിച്ചു…

അപ്പോളാ മുഖത്തുവന്ന എക്സ്പ്രഷനൊക്കെക്കണ്ടാൽ ജനിച്ചേപ്പിന്നെ അങ്ങനൊരു വാക്കയാള് കേട്ടിട്ടില്ലെന്ന് തോന്നിപ്പോവും…

…ഹേയ് മിഷ്ടർ.! കഴിഞ്ഞമാസം കോളേജില് വിളിച്ചുവരുത്തി താങ്കളുടെകൈയ്യുമ്മേല് തിരുകിത്തന്നത് പുലിയെ വെടിവെയ്ക്കാനുള്ള കടലാസല്ല, അതുമീസാമാനം തന്നായ്രുന്നു…

അന്നൊരുളുപ്പുമില്ലാണ്ട് കൈനീട്ടി വാങ്ങിയിട്ട് ഇപ്പൊ കേട്ടിട്ടില്ലാത്തമാതിരി നിന്നുഞെട്ടുന്നു… കഷ്ടം.!

“”…അയ്യോ.! അപ്പൊന്നുമറിഞ്ഞില്ലേ… എന്നേം നിങ്ങടെമോനേങ്കൂടി എന്റെഹോസ്റ്റലീന്ന് പൊക്കി…
ഞാനവിടെ മൊത്തത്തില് നാറി… നിങ്ങടെമോന് ആവശ്യത്തിനുതല്ലും എനിയ്ക്കു സസ്പെൻഷനുമടിച്ചു കിട്ടി… ഡിസ്മിസ്സ് ചെയ്യേണ്ടതായ്രുന്നു, എന്തോ ഭാഗ്യത്തിനത് ചെയ്തില്ല..!!”””_ അവളൊറ്റശ്വാസത്തിൽ പറഞ്ഞുനിർത്തിയതും കൂടിനിന്നവർക്കൊപ്പം ഞാനുമസ്സലായിട്ടൊന്നു ഞെട്ടി…

അവളിങ്ങനെ വന്നുനിന്ന് എല്ലാരുടേംമുന്നില് തുറന്നടിച്ചുപറയോന്ന് ഞാൻ സ്വപ്‌നത്തിൽപോലും ചിന്തിച്ചിരുന്നില്ല…

അച്ഛനുമമ്മയും മുഖത്തോടുമുഖംനോക്കി എന്തോ ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ശരീരംമുഴുവൻ മരവിച്ചപോലെ കീത്തു പിന്നിലെഭിത്തിയിലേയ്ക്കു ചാരിപ്പോയി…

“”…നിന്റെ… നിന്റെ ഹോസ്റ്റലിലവൻ വന്നെന്നോ..?? ഇല്ല… ഇതൊക്കെ ചുമ്മാ പറയുവാ… അവനങ്ങനെയൊന്നും ചെയ്യൂല..!!”””_ അച്ഛന്റെ കൈപിടിച്ചുകൊണ്ടമ്മ നിലവിളിയുടെ വക്കത്തെത്തിയപ്പോൾ, ആ അവസ്ഥയിലുമെന്റെ ചിന്തപോയത് അമ്മയ്ക്കെന്നെ ഇത്രയും വിശ്വാസമുണ്ടായിരുന്നോ എന്നാണ്…

അതോ ഒരുസീരിയലും വിടാതെകണ്ടിട്ട് ഇങ്ങനുള്ളസന്ദർഭങ്ങളിൽ അമ്മമാരിതുപോലെയാണ് പ്രതികരിയ്ക്കേണ്ടതെന്ന് കാണാപാഠം പഠിച്ചു വെച്ചിരിയ്ക്കുന്നതാണോ..??

“”…മോളിതെന്തൊക്കെയാ പറയുന്നേ… അവൻ നിങ്ങടെ ഹോസ്റ്റലിൽവന്നെന്നോ..??”””_ കരച്ചിലിന്റെ ചാരെനിൽക്കുന്ന അമ്മയുടെ കൈപിടിച്ചുകൊണ്ട് അച്ഛൻചോദിച്ചപ്പോൾ മീനാക്ഷി മുഖമുയർത്തി പുള്ളിയെനോക്കി…

Leave a Reply

Your email address will not be published. Required fields are marked *