എന്റെ നിലാപക്ഷി – 7 29അടിപൊളി 

വൈകുന്നേരത്തെ ട്രാഫിക് ബ്ലോക്ക് കാരണം കാർ ഇഴഞ്ഞിഴഞ്ഞു ആണ് പോയിരുന്നത്. കുറച്ചു സമയത്തെ ഇഴച്ചിലിനൊടുവിൽ അവർക്ക് പോകാനുള്ള ബൈ റോഡിലേക്ക് കയറിയപ്പോൾ ട്രാഫിക്കിൽ നിന്നും ഒരു ആശ്വാസം കിട്ടി.

കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവർ ബ്ലൗസ് തയ്‌ക്കാൻ കൊടുത്ത ഷോപ്പിനു മുന്നിൽ എത്തി.

ശ്രീഹരി അഡ്വാൻസ് ആയി തന്നെ തയ്ക്കുന്നതിനുള്ള മുഴുവൻ പൈസയും കൊടുത്തിരുന്നതിനാൽ ജീന ശ്രീഹരിയോട് പൈസ ഒന്നും ചോദിക്കാതെ കാറിൽ നിന്നും ഇറങ്ങി ഷോപ്പിലേക്ക് നടന്നു.

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ജീന ഒരു കവരുമായി വന്ന് കാറിന്റെ ഡോർ തുറന്നു.

അകത്തേക്ക് കയറാതെ കവർ കാറിന്റെ സീറ്റിലേക്ക് വച്ചുകൊണ്ട് അവൾ പറഞ്ഞു.

“ഇച്ചായാ പഴ്സ് ഇങ്ങു തന്നെ.”

അവൻ എന്തിനാ എന്നുള്ള അർഥത്തിൽ അവളെ നോക്കി.

കാറിനു പിറകിലായി ഐസ് ക്രീം വിൽക്കുന്ന ഒരു ഓട്ടോ ചൂണ്ടി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഐസ് ക്രീം വാങ്ങാനാണ്.”

“ഡി.. നിനക്ക് ഐസ് ക്രീം കഴിക്കണമെങ്കിൽ നമുക്ക് ഏതെങ്കിലും ഷോപ്പിൽ പോയി കഴിക്കാം.”

അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.

“അതൊന്നും വേണ്ട. ഞാൻ ഇത് വാങ്ങിക്കൊള്ളാം.”

ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ശ്രീഹരി പഴ്സ് എടുത്തു അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

“പെണ്ണിന്റെ ഓരോ കാര്യങ്ങൾ..”

അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഇച്ചായന്‌ വേണോ?”

“എനിക്കും രാജുവിനും ഓരോന്ന് വാങ്ങിക്കോ.”

അവൾ ഒരു പുഞ്ചിരിയോടെ കാറിന്റെ പിന്നിലേക്ക് നടന്നു.

ശ്രീഹരിയും ഒരു ചിരിയോടെ ഫോൺ എടുത്തു കുത്തി തുടങ്ങിയപ്പോഴാണ് രാജുവിന്റെ ശബ്‌ദം അവന്റെ കാതുകളിൽ മുഴങ്ങിയത്.

“സർ.. മാഡം…”

രാജു പെട്ടെന്ന് ഡോർ തുറന്നു പുറത്തേക്കിറങ്ങി. ശ്രീഹരി പിന്നിലേക്ക് തിരിഞ്ഞു ജീനയെ നോക്കി.

മുഖം കർച്ചീഫ് കൊണ്ട് മറച്ച ഏതോ ഒരുത്തൻ ജീനയുടെ കഴുത്തിലെ മാലയിൽ പിടിച്ചു വലിക്കുന്നു.. ജീന അവന്റെ കൈയിൽ മുറുകെ പിടിച്ച് ബഹളം വയ്ക്കുകയാണ്.

ശ്രീഹരിയും പെട്ടെന്ന് കാറിൽ നിന്നും ഇറങ്ങി ജീനയുടെ അടുത്തേക്ക് ഓടി. രാജുവും ശ്രീഹരിയും പാഞ്ഞു വരുന്നത് കണ്ട് അവൻ ജീനയുടെ മാലയിൽ നിന്നും പിടി വിട്ടു ബലമായി അവളെ ദൂരേക്ക് തള്ളിയിട്ടു.. ആ സമയം തന്നെ ഒരു ബൈക്ക് വന്ന് അവന്റെ അടുത്ത് നിൽക്കുകയും അവൻ അതിന്റെ പിന്നിൽ കയറി പോവുകയും ചെയ്തു. ഇതെല്ലം നിമിഷ നേരം കൊണ്ടാണ് നടന്നത്.

ശ്രീഹരി ഓടിച്ചെന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. മാല പോയിട്ടില്ല, കഴുത്തിൽ തന്നെ കിടപ്പുണ്ട്. പക്ഷെ കഴുത്തിൽ മൊത്തം മാലയും അവന്റെ കൈയും മുറുകിയതിന്റെ ചുവന്ന പാടുകൾ. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്.

ആൾക്കാർ അവിടെ കൂടി തുടങ്ങി. ശ്രീഹരി അവരോടൊന്നും സംസാരിക്കാൻ നിൽക്കാതെ ജീനയെ പിടിച്ച് കൊണ്ട് പോയി കാറിൽ കയറ്റി. രാജുവും തറയിൽ കിടന്നിരുന്ന ശ്രീഹരിയുടെ പഴ്സ് എടുത്തുകൊണ്ടു കാറിൽ കാറിൽ കയറി.

“രാജു.. അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാം.”

കഴുത്തു തടവി കൊണ്ട് ജീന പറഞ്ഞു.

“എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായാ.. നമുക്ക് വീട്ടിലേക്ക് പോകാം.”

“ജീന പറയുന്നത് കേൾക്ക്.. കഴുത്തൊക്കെ ചുവന്ന കിടക്കയാണ്. നമുക്ക് ഹോപിറ്റലിൽ പോകാം.”

ജീന വലതു കൈ അനക്കി നോക്കി കൊണ്ട് പറഞ്ഞു.

“കഴുത്തിനൊന്നും കുഴപ്പമില്ല.. കൈ അനക്കുമ്പോൾ തോളിനു ചെറിയൊരു വേദന ഉണ്ട്. അത് അവനുമായി പിടിവലി കൂടിയതിന്റെയാകും.”

ശ്രീഹരി അവളുടെ കൈ പിടിച്ച് അനക്കികൊണ്ടു ചോദിച്ചു.

“നല്ല വേദന ഉണ്ടോ?”

“ഇല്ല ഇച്ചായാ.. ചെറിയ വേദനയെ ഉള്ളു.. നമുക്ക് വീട്ടിലേക്ക് പോയാൽ മതി.”

“രാത്രി വല്ലോം കൈ വേദനിക്കുന്നു എന്നും പറഞ്ഞു വന്നാൽ എന്തെന്ന് നല്ലതു കിട്ടും നിനക്ക്.”

ജീന മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു.

“എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നേ.. ”

എന്നിട്ടവൾ രാജുവിനോടായി പറഞ്ഞു.

“ചേട്ടാ.. കാർ വീട്ടിലോട്ടു വിട്ടോ.”

രാജു ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. അവൻ വീട്ടിലേക്ക് പോകാം എന്നുള്ള അർഥത്തിൽ മൂളി.

1 Comment

Add a Comment
  1. ആട് തോമ

    ഈ സൈറ്റിൽ വരുന്നത് കമ്പി കഥ വായിക്കാൻ ആണ്. പക്ഷെ ഇതുപോലെ ഒക്കെ എഴുതിയാൽ എങ്ങനെ വായിക്കാതെ ഇരിക്കും നൈസ് സ്റ്റോറി 😍😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *