ഏഴാം യാമം: A Supernatural Tale

അയ്യോ! നിലവിളിക്കാൻ ശ്രമിച്ച അയാളുടെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തു വന്നില്ല. പുറം തിരിഞ്ഞ് അയാൾ ജീവനും കൊണ്ട് ഓടി. തല കറങ്ങുന്നു … എവിടെയോ കാൽ തടഞ്ഞ് അയാൾ വീണു. വീണ്ടും എഴുന്നേറ്റ് ഓടി. അപ്പോഴേക്കും അയാളുടെ കൂട്ടാളിയുടെ ജീവനറ്റ ശരീരം താഴെയിട്ട് അരുന്ധതി തന്‍റെ രണ്ടാമത്തെ ഇരയെ നോട്ടമിട്ടു കഴിഞ്ഞിരുന്നു. അലീന ഭയന്നു വിറച്ചു കൊണ്ട് നോക്കി നില്ക്കേ അവൾ തന്‍റെ ചിറകുകൾ വിടർത്തി ഉയരം കൂടിയ അക്രമിയെ ലക്ഷ്യമാക്കി പറന്നു.

തന്‍റെ മുന്നിൽ സംഭവിച്ചതൊന്നും വിശ്വസിക്കാനാവാതെ അലീന സ്തംഭിച്ചു നിന്നു. മുറിവേറ്റു വീണ്‌ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന മനുവിനെ അവൾ കാണുന്നുണ്ടായിരുന്നു. അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചു; പക്ഷേ നിന്നയിടത്തു നിന്നും അനങ്ങാനുള്ള ശേഷി അവളുടെ കാലുകൾക്ക് നഷ്ടപ്പെട്ടിരുന്നു. “മനൂ … .” വേദനയോടെ അവൾ വിളിച്ചു. അലീനയുടെ മിഴികൾ നിറഞ്ഞൊഴുകി. പെട്ടെന്നാണ്‌ ആ ചിറകടിയൊച്ച വീണ്ടും അവളുടെ കാതുകളിൽ അലച്ചത്. യക്ഷി! അവൾ ഞങ്ങളെയും കൊല്ലും! അവളുടെ മനസ്സിൽ ഭീതി വന്നു നിറഞ്ഞു. അലീനയുടെ മുന്നിൽ മനുവിനു തൊട്ടരികിലായി അരുന്ധതി വന്ന് ഇറങ്ങി. അവൾ കാൽമുട്ടുകൾ മടക്കി അവന്‍റെ അരികിൽ ഇരുന്നു.

“പ്ലീസ് … അവനെ കൊല്ലരുത് … .” അലീനയുടെ ശബ്ദം ഒരു തേങ്ങലായി.

അരുന്ധതി മുഖം ഉയർത്തി അലീനയെ നോക്കി. യക്ഷിയുടെ കണ്ണുകളിൽ താൻ അല്പം മുൻപ് കണ്ട വന്യക്രൌര്യത്തിനു പകരം ഇപ്പോൾ കരുണാർദ്രമായ ഒരു നോട്ടമാണുള്ളത് എന്ന തിരിച്ചറിവ് അവളിൽ നേരിയ ഒരു ആശ്വാസമായി. എങ്കിലും അവൾ ഒരു തീർച്ചക്കു വേണ്ടി വീണ്ടും പറഞ്ഞു: “പ്ലീസ് … അവനെ ഒന്നും ചെയ്യരുതേ … .”

അരുന്ധതി ഒന്ന് മന്ദഹസിച്ചു. മുൻപ് താൻ കണ്ട നീണ്ട് കൂർത്ത കോമ്പല്ലുകൾ അവൾക്ക് ഇപ്പോൾ ഇല്ല എന്ന് അലീന കണ്ടു. ഉയരം കുറഞ്ഞ അക്രമിയുടെ നിശ്ചേഷ്ടമായ ശരീരം ഉപേക്ഷിക്കുമ്പോൾ അവളുടെ ചുണ്ടുകളിലും കടവായിലും പറ്റിയിരുന്ന രക്തവും ഇപ്പോൾ കാണാനില്ല.

“ഭയപ്പെടേണ്ട കുട്ടീ.” അരുന്ധതി പറഞ്ഞു.

ഏതോ ദേവവീണയുടെ നാദം പോലെ മധുരമായിരുന്നു അവളുടെ സ്വരം. പക്ഷേ പരിഭ്രമഗ്രസ്തയായ അലീനയുടെ മനസ്സിൽ അപ്പോൾ അക്കാര്യം പതിഞ്ഞതു പോലുമില്ല. മനു! അവന്‍റെ നില അപകടത്തിലാണ്‌! അവളുടെ കാലുകൾക്ക് എങ്ങനെയോ ചലനശേഷി വീണ്ടു കിട്ടി. ഓടിച്ചെന്ന് അവൾ മനുവിന്‍റെ അരികിൽ നിലത്തിരുന്ന് അവന്‍റെ ശിരസ്സ് തന്‍റെ മടിയിൽ എടുത്തു വച്ചു.

“ഇവനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ … ഹെൽപ് ചെയ്യുമോ?” അലീന യക്ഷിയോട് ചോദിച്ചു. പറക്കാൻ കഴിവുള്ളവൾക്ക് അത് നിസ്സാരമായി സാധിക്കില്ലേ എന്ന് ആയിരുന്നു അവളുടെ ചിന്ത.

അരുന്ധതി മനുവിന്‍റെ വയറ്റിലെ മുറിവിന്മേൽ കൈവിരലുകൾ കൊണ്ട് സ്പർശിച്ചു നോക്കി.

“അതു കൊണ്ട് ഫലമുണ്ടാവില്ല കുട്ടീ.” അവളുടെ സ്വരത്തിൽ നേർത്ത ഒരു സഹതാപം കലർന്നിരുന്നു.

ഫലമില്ലെന്നോ? അരുന്ധതിയുടെ വാക്കുകൾ അലീനയുടെ മനസ്സിൽ ഒരു നടുക്കം സൃഷ്ടിച്ചു. എന്‍റെ മനു മരിക്കാൻ പോവുകയാണെന്നോ?

ഏതാനും നിമിഷങ്ങൾ കടന്നു പോയി. അലീനയുടെ ചുണ്ടുകൾ വീണ്ടും ചലിച്ചു.

“നി … നിങ്ങൾ വിചാരിച്ചാൽ ഇവനെ രക്ഷിക്കാൻ പറ്റുമോ?”

അരുന്ധതിയുടെ മനസ്സിലൂടെയും അപ്പോൾ അതേ ചിന്തയായിരുന്നു കടന്നു പോയത്. താൻ വിചാരിച്ചാൽ ഈ മനുഷ്യന്‍റെ ജീവൻ രക്ഷിക്കാം. പക്ഷേ … അവന്‍റെ പ്രണയിനിക്ക് ഒരു പക്ഷേ സഹിക്കാൻ കഴിയാത്ത മറ്റൊരു വില അതിന്‌ കൊടുക്കേണ്ടി വരും. എന്തായാലും അവനെ ജീവനോടെ കിട്ടുക എന്നതാകുമല്ലോ അവളെ സംബന്ധിച്ച് കൂടുതൽ പ്രധാനം. ആദ്യം അതു നടക്കട്ടെ. പിന്നീട് എന്തു വേണം എന്നത് ഈ പെൺകുട്ടിയെ തനിക്ക് പറഞ്ഞു ബോദ്ധ്യപ്പെടുത്താം. അവൾ തീരുമാനിച്ചു.

“കഴിയും.” അരുന്ധതി പറഞ്ഞു.

“എങ്കിൽ പ്ലീസ് … .“ നിറമിഴികളോടെ അലീന കൈകൾ കൂപ്പി.

കഴുത്ത് ഒന്നു പിന്നാക്കം വെട്ടിച്ച് അരുന്ധതി തന്‍റെ തലമുടിയിഴകൾ പിന്നിലേക്ക് ഒതുക്കി. അവൾ വായ തുറന്നു; അവളുടെ ദംഷ്ട്രകൾ നീണ്ടു വന്നു. അവൾ പൊടുന്നനെ മുന്നോട്ട് ഒന്നാഞ്ഞതും അവ മനുവിന്‍റെ കഴുത്തിൽ ആഴ്‌ത്തിയതും ഒപ്പം കഴിഞ്ഞു. ആ ദൃശ്യം സഹിക്കാൻ കഴിയാതെ അലീന തന്‍റെ മുഖം ഒരു വശത്തേക്കു തിരിച്ച് കൈത്തലം കൊണ്ട് കാഴ്ച മറച്ചു.

ഈ തവണ അരുന്ധതിയുടെ ചുണ്ടുകൾ രക്തം വലിച്ചു കുടിക്കുകയായിരുന്നില്ല; പകരം അവളുടെ വക്ത്രരസം അവന്‍റെ സിരകളിലേക്ക് കടത്തി വിടുകയായിരുന്നു അവൾ ചെയ്തത്. അത് താത്കാലികമായി അമൃതിന്‍റെ ഫലമാണ്‌ ഒരു മനുഷ്യനിൽ ഉളവാക്കുക. അയാൾ ആരോഗ്യവാനും കരുത്തനും ആയി മാറും. കൂടാതെ അതിന്‍റെ ഫലം തീരുന്നതു വരെ അയാൾ ആ പ്രക്രിയ ചെയ്ത യക്ഷിക്ക് വശംവദനായിരിക്കും. ഉണരുമ്പോൾ അയാൾക്ക് അത്രയും നേരത്തിനുള്ളിൽ സംഭവിച്ചത് ഒന്നും ഓർമയുണ്ടായിരിക്കില്ല താനും. പക്ഷേ … .

ആവശ്യത്തിനുള്ള അളവിൽ തന്‍റെ ഉമിനീര് അവന്‍റെ രക്തത്തിലേക്ക് പകർന്നു കഴിഞ്ഞപ്പോൾ അരുന്ധതി മനുവിന്‍റെ കഴുത്തിലെ കടി വിട്ടു. നിവർന്നിരുന്ന് അവൾ തന്‍റെ മുന്നിലേക്ക് തെറിച്ചു വീണിരുന്ന അളകങ്ങൾ കൈത്തലം കൊണ്ട് കോതിയൊതുക്കി.

“കുട്ടീ … .” അരുന്ധതിയുടെ വിളി കേട്ട് അലീന വീണ്ടും അവളുടെ നേർക്ക് മുഖം തിരിച്ചു. അരുന്ധതി വശ്യമായി മന്ദസ്മിതം തൂകി. മനു രക്ഷപെട്ടോ? അവൾ അവനെ നോക്കി. അവന്‍റെ മുഖത്തിന്‌ നഷ്ടപ്പെട്ടിരുന്ന ഓജസ്സ് തിരികെ വന്നതായി അവൾ കണ്ടു. അലീനയുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിടർന്നു. ആഹ്ലാദവും കൃതജ്ഞതയും കൊണ്ട് അലീനയുടെ കണ്ണുകൾ നിറഞ്ഞു. “Thank you … thanks … thank you so much … .” അവളുടെ തൊണ്ട ഇടറി.

“Don’t mention it.” അമർത്യതയും അതീന്ദ്രിയശക്തിയും ചേർന്നാൽ ഒരാൾക്ക് പിന്നെ ലോകത്തുള്ള ഏതു ഭാഷയും, എന്തു ശാസ്ത്രവും, ഏതു ചരിത്രവും സ്വാധീനമാക്കിക്കൂടായ്കയില്ല തന്നെ. “എന്താ കുട്ടിയുടെ പേര്‌?” അവൾ ചോദിച്ചു.

“അലീന.”

“ഞാൻ അരുന്ധതി.”

“അരുന്ധതി.” അലീന അത് ഏറ്റു പറഞ്ഞു.

“അതെ.” അരുന്ധതി വീണ്ടും മന്ദഹസിച്ചു. “ഈ കുട്ടിയുടെ പേര്‌ … .” അരുന്ധതി മനുവിനെ നോക്കി.

“മനു.” അലീന പറഞ്ഞു.

“മനു, ങ്ഹാ?” അരുന്ധതി തുടർന്നു. “കുട്ടീ, ഇപ്പോൾ മനുവിന്‍റെ ശരീരത്തിൽ ഞാൻ ഒരു മാന്ത്രികശക്തി പ്രയോഗിച്ചിരിക്കുകയാണ്‌. അതിന്‍റെ ഫലം ആറു മണിക്കൂർ നേരത്തേക്കു മാത്രമേ നിലനിൽക്കുകയുള്ളൂ. അതു കഴിഞ്ഞാൽ … .” അരുന്ധതി അർത്ഥപൂർണ്ണമായി ഒന്നു നിർത്തിയിട്ട് അലീനയുടെ മിഴികളിലേക്ക് ഉറ്റു നോക്കി.

അരുന്ധതിയുടെ വ്യംഗ്യം മനസ്സിലാക്കിയ അലീനയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു. “അയ്യോ!” സ്വയം അറിയാതെ അവൾ വിളിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *