ഏഴാം യാമം: A Supernatural Tale 1

“Don’t mention it.” അമർത്യതയും അതീന്ദ്രിയശക്തിയും ചേർന്നാൽ ഒരാൾക്ക് പിന്നെ ലോകത്തുള്ള ഏതു ഭാഷയും, എന്തു ശാസ്ത്രവും, ഏതു ചരിത്രവും സ്വാധീനമാക്കിക്കൂടായ്കയില്ല തന്നെ. “എന്താ കുട്ടിയുടെ പേര്‌?” അവൾ ചോദിച്ചു.

“അലീന.”

“ഞാൻ അരുന്ധതി.”

“അരുന്ധതി.” അലീന അത് ഏറ്റു പറഞ്ഞു.

“അതെ.” അരുന്ധതി വീണ്ടും മന്ദഹസിച്ചു. “ഈ കുട്ടിയുടെ പേര്‌ … .” അരുന്ധതി മനുവിനെ നോക്കി.

“മനു.” അലീന പറഞ്ഞു.

“മനു, ങ്ഹാ?” അരുന്ധതി തുടർന്നു. “കുട്ടീ, ഇപ്പോൾ മനുവിന്‍റെ ശരീരത്തിൽ ഞാൻ ഒരു മാന്ത്രികശക്തി പ്രയോഗിച്ചിരിക്കുകയാണ്‌. അതിന്‍റെ ഫലം ആറു മണിക്കൂർ നേരത്തേക്കു മാത്രമേ നിലനിൽക്കുകയുള്ളൂ. അതു കഴിഞ്ഞാൽ … .” അരുന്ധതി അർത്ഥപൂർണ്ണമായി ഒന്നു നിർത്തിയിട്ട് അലീനയുടെ മിഴികളിലേക്ക് ഉറ്റു നോക്കി.

അരുന്ധതിയുടെ വ്യംഗ്യം മനസ്സിലാക്കിയ അലീനയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു. “അയ്യോ!” സ്വയം അറിയാതെ അവൾ വിളിച്ചു പോയി.

അരുന്ധതി എഴുന്നേറ്റ് നിന്നു; ഒപ്പം അലീനയും.

“പക്ഷേ അത് സ്ഥിരമാക്കാൻ ഒരു മാർഗം ഉണ്ട്.” അരുന്ധതി പറഞ്ഞു. “പക്ഷേ … അത് കുട്ടിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കും‌.”

“എന്തായാലും സാരമില്ല അരുന്ധതിച്ചേച്ചീ!” അലീന കെഞ്ചി. “എന്‍റെ മനു … അവൻ ജീവിച്ചാൽ മതി … എന്‍റെ ജീവൻ പോയാലും എനിക്ക് വിഷമമില്ല.”

അവളുടെ “ചേച്ചീ” എന്ന വിളി അരുന്ധതിയുടെ ഹൃദയത്തെ ഒന്നു സ്പർശിച്ചുവോ?

അലിവൂറുന്ന മിഴികളോടെ അലീനയെ നോക്കിക്കൊണ്ട് അരുന്ധതി ആ മാർഗം അവളോടു പറഞ്ഞു. യക്ഷിയുടെ ലാലാരസം കരുത്തു നല്കിയ പുരുഷൻ കാൽദിവസത്തിന്‍റെ ഇടവേളയ്ക്കുള്ളിൽ അവളുമായി രതിയിൽ ഏർപ്പെടുകയാണെങ്കിൽ മാത്രമേ അതിന്‌ അവന്‍റെ ശരീരത്തിൽ ഉണ്ടായ ഫലം സ്ഥിരമായിത്തീരൂ. അലീനയുടെ കമിതാവിനെ മറ്റൊരു സ്ത്രീ ഭോഗിക്കുന്നത് അവൾക്ക് അംഗീകരിക്കാൻ കഴിയില്ല എങ്കിൽ … മനുവിന്‍റെ ജീവൻ അവനിൽ അവശേഷിക്കുക ഇനി വെറും ആറു മണിക്കൂറുകൾ കൂടി മാത്രം.

അലീനക്ക് വേറെ ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു.

“എന്തു വേണമെങ്കിലും ചെയ്തോളൂ ചേച്ചീ … എനിക്ക് എന്‍റെ മനുവിനെ കിട്ടിയാൽ മാത്രം മതി.” അതു പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പി.

അരുന്ധതി കൈത്തലം നീട്ടി അലീനയുടെ കൺതടങ്ങളിലെ നനവ് തുടച്ചു. അവൾ തന്‍റെ കൈത്തണ്ടയിൽ കിടന്നിരുന്ന സ്വർണക്കാപ്പ് അഴിച്ചെടുത്ത് അലീനയുടെ നേർക്ക് നീട്ടി. “ഇതു വാങ്ങിക്കൊള്ളൂ കുട്ടീ”, അരുന്ധതി പറഞ്ഞു, “ഇത് ശരീരത്തിൽ ഉള്ളപ്പോൾ നിന്നെ ആർക്കും ഉപദ്രവിക്കാൻ കഴിയില്ല.”

അലീന അതു വാങ്ങി ധരിച്ചു. അരുന്ധതി അവളുടെ നിറുകയിൽ അരുമയായി തലോടി. മനുവിനെ തന്‍റെ കൈകളിൽ കോരിയെടുത്ത് അരുന്ധതി ചിറകുകൾ വീശി അന്തരീക്ഷത്തിലേക്ക് ഉയർന്നു. ഏതാനും നിമിഷങ്ങൾ അങ്ങനെ പാറി നിന്നു കൊണ്ട് അവൾ അലീനയോട് പറഞ്ഞു: “ഇവിടെ കാത്തു നിന്നോളൂ; ഞാൻ അധികം വൈകാതെ മടങ്ങിയെത്താം.”

ആ വാക്കുകളുടെ മാറ്റൊലി അവസാനിക്കും മുൻപ് അരുന്ധതിയും അവളുടെ കൈകളിൽ ബോധമറ്റു കിടന്ന മനുവും അപ്രത്യക്ഷമായി. അദ്ഭുതസ്തബ്ധയായി അലീന നിമിഷങ്ങളോളം ഒരേ നിൽപ്പ് നിന്നു. പിന്നെ കൺകോണിൽ ഊറിയ നനവു തുടച്ചു കൊണ്ട് അവൾ അടുത്തു നിന്നിരുന്ന വാകമരത്തിൻ്റെ ചുവട്ടിൽ ഇരുന്നു.

———— മനു പതിയെ കണ്ണുകൾ തുറന്നു. ആദ്യം അവന്‍റെ കണ്ണുകൾ പതിഞ്ഞത് മനുവിന്‍റെ തൊട്ടരികിൽ അവന്‍റെ മുഖത്തേക്കു തന്നെ നോക്കി നിൽക്കുകയായിരുന്ന അലീനയുടെ മുഖത്താണ്‌. അവൾ മന്ദഹസിച്ചു. “മനൂ … are you okay?” അലീന ചോദിച്ചു. “Yeah … I think so.“ അവൻ പറഞ്ഞു. തന്‍റെ വയറ്റിൽ കത്തിക്കുത്തേറ്റ ഇടത്ത് അവൻ തടവി നോക്കി. പക്ഷേ അതിന്‍റെ ഒരു അടയാളവും അവിടെ ഇല്ലായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു? അയാൾ എന്നെ കുത്തിയില്ലേ? ഞാൻ സ്വപ്നം കണ്ടതാണോ? അല്ല … ഞാൻ ഇത് എവിടെയാണ്‌? മനു ചുറ്റും നോക്കി. ഒരു വലിയ ഹോട്ടൽ മുറി പോലെ ഉള്ള ഒരു സ്ഥലത്ത്, വൃത്താകൃതിയിലുള്ള, രണ്ടാൾക്കു കിടക്കാൻ വേണ്ടതിലും അധികം വീതിയുള്ള ഒരു കിടക്കയിൽ കിടക്കുകയാണ്‌ താൻ. ഇത് എവിടമാണ്‌? ഒരു ഹോസ്പിറ്റൽ ആകാൻ സാദ്ധ്യത ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *