ഞാൻ ഫോട്ടോ കൈയിൽ എടുത്തു തിരിച്ചും മറിച്ചും നോക്കി അതിന്റെ പിന്നിൽ എന്തോ എഴുതിയിരിക്കുന്നു. “എന്റെ പ്രിയപ്പെട്ട രവിയേട്ടന് ”
“എന്റെ അമ്മേ വല്ലാത്തൊരു റൊമാൻസ് തന്നെ ”
ഞാൻ ഓരോ പുസ്തകങ്ങൾ നോക്കി കൊണ്ടിരുന്നു. പുറത്ത് നല്ല തണുപ്പുണ്ട്. അകലെ വയലിൽ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നു.. മാവിന്റെ ഇടയിലൂടെ നക്ഷത്രങ്ങൾക് നടുവിൽ രാത്രിയിലെ വെളിച്ചത്തിനു വേണ്ടി ചന്ദ്രൻ തിളങ്ങി നിൽക്കുന്നു. പതിയെ ഞാൻ പുതച്ചു മൂടി കിടക്കാൻ തുടങ്ങി…. ശെരിക്കും എനിക്ക് ഈ മുറി ഒത്തിരി ഇഷ്ടമായി.നാളെ രാവിലെ തനിയെ എഴുന്നേൽക്കണം അച്ഛമ്മയ്ക് മുകളിലേക്കൊന്നും കയറാൻ പറ്റില്ല. കാലിനു വയ്യാണ്ട് ഇരിക്കുന്നതല്ലേ. പിന്നെ സുമ ചേച്ചിക്ക് അടുക്കളയിൽ ജോലി ഉണ്ടാകുമല്ലോ.അതെ അലാറം വയ്ക്കാം. ഞാൻ ഫോൺ എടുത്ത് അലാറം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു.
***************************
രാവിലെ ഞാൻ എഴുന്നേറ്റത് എന്റെ ഫോൺ കാൾ കെട്ടിട്ടാണ്. ഞാൻ ഉറക്കം എഴുന്നേറ്റു മൊബൈൽ നോക്കിയപ്പോൾ വിളിക്കുന്നത് അമ്മയാണ്.
“ഹലോ അമ്മ. ഗുഡ് മോർണിംഗ് ”
“ഗുഡ് മോർണിംഗ് മോളെ… നീ എണീറ്റോ..? ”
“ഇല്ല അമ്മ. ഞാൻ എണീക്കാൻ അലാറം ഒക്കെ വച്ചിട്ടുണ്ടായി. പക്ഷെ അതിനു മുൻപേ അമ്മ വിളിച്ചു ”
“എന്നാൽ വേഗം എഴുന്നേറ്റു ചെല്ല്. അച്ഛമ്മ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് ഇരിപ്പുണ്ടാകും ”
“ഇത്രയും നേരത്തെ എഴുനേക്കാനോ. എന്താ അമ്മേ ”
“അവിടെ അങ്ങനെയാ വേഗം പൊയ്ക്കോ. ഇല്ലെങ്കിൽ അച്ഛമ്മ ദേഷ്യപെടുട്ടോ ”
“ഹമ്മ് ശെരി. ഞാൻ പിന്നെ വിളിക്കാട്ടോ ”
“ആഹ് ശെരി ”
ഞാൻ മടിച്ചു മടിച്ചു എഴുന്നേറ്റു….. പുറത്ത് നല്ല തണുപ്പുണ്ട്. അമ്പലത്തിൽ മണിയടിക്കുന്ന ശബ്ദം
“നിർമ്മാല്യ പൂജ കഴിഞ്ഞു…. ”
അച്ഛമ്മ രാമായണം വായിക്കുന്നതിനിടെ പറഞ്ഞു. ഞാൻ പതുക്കെ അച്ഛമ്മയുടെ അടുത്തേക് പോയി.
“ആഹാ എഴുന്നേറ്റോ. ഇത്രയും നേരത്തെയൊക്കെ എഴുനേൽക്കോ നീയ് ”
“രാവിലെ തന്നെ അമ്മ വിളിച്ച് എഴുന്നേൽപ്പിച്ചു ”
“അത് നന്നായി വേഗം പോയി കുളിച്ചിട്ട് വരൂ. നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം ”
ഈ തണുപ്പത് കുളിക്കാനോ.ദൈവമേ ഞാൻ എന്താ ചെയ്യാ….
“നോക്കി നിൽക്കണ്ട പോയി കുളിക്കാൻ നോക്ക് കുട്ട്യേ ”
ഞാൻ മുറിയിൽ പോയി ഡ്രസ്സ് ഒക്കെ എടുത്തിട്ട് വന്നു. കുളിക്കാൻ ആയി കുളിമുറിയിലേക്ക് നടന്നു. സുമ ചേച്ചി കുളി കഴിഞ്ഞ് ഇറങ്ങിയിട്ടില്ല. ഞാൻ അവിടെ കാത്തു നിന്നു. നല്ല തണുപ്പ് ഉണ്ട്. അടുക്കളത്തിൽ തീയൊന്നും കത്തിച്ചിട്ടില്ല. അപ്പോ ഉറപ്പായി ഞാൻ ഇന്ന് തണുത്തവെള്ളത്തിൽ തന്നെ കുളിക്കണം. ഇവിടെ ഒരു വാട്ടർ ഹീറ്റർ പോലുമില്ല.
“വേഗം കുളിച്ചിട്ട് വരുട്ടോ….. അകത്തു തോർത്തും സോപ്പും ഒക്കെ ഉണ്ട് ”
“ചേച്ചി തണുത്ത വെള്ളത്തിൽ കുളിക്കണോ “.”ആഹ് പിന്നല്ലാതെ. രാവിലെ അമ്പലത്തിൽ പോയി വന്നിട്ടേ ഇവിടെ അടുപ്പ് കത്തിക്കുള്ളൂ. ”
“ഓഹ് എനിക്ക് വയ്യ തണുത്ത വെള്ളത്തിൽ കുളിക്കാൻ…. ”
“ആഹ് അതാണോ കാര്യം അതിനു ഒരു വഴിയിണ്ട് ”
“എന്താ….? ”
“കുളിക്കാൻ നേരത്ത് ഓം നമഃ ശിവായ എന്ന് പറഞ്ഞിട്ട് വെള്ളം ഒഴിച്ചാൽ മതി തണുക്കില്ല “
“ശെരിക്കും… തണുക്കില്ലേ. ”
“ഇല്ല മോളെ ഞാൻ ദിവസവും കുളിക്കണതല്ലേ.. ”
സുമ ചേച്ചി തന്ന ധൈര്യത്തിൽ ഞാൻ കുളിക്കാൻ തുടങ്ങി. വെള്ളം മേലെ വീണപ്പോ ഞാൻ അറിയാതെ തന്നെ ഓം നമഃ ശിവായ എന്ന് പറഞ്ഞു… സുമ ചേച്ചി പറഞ്ഞത് പോലെ എനിക്ക് തണുത്തതേയില്ല…. കുളി കഴിഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി…. ഞാൻ ഇട്ടിരുന്ന ഡ്രസ്സ് ഇപ്പോ കഴുകണോ അതോ പിന്നീട് കഴുകണോ….
“തുണിയൊക്കെ അവിടെ ഇട്ടേക്കു ”
കുറേ തുണികൾ കൂട്ടി ഇട്ടിരിക്കുന്ന ഒരിടം കാണിച്ചിട്ട് പറഞ്ഞു. ഞാൻ തുണിയെല്ലാം അവിടെ ഇട്ടു…
“കുളിച്ചപ്പോ തണുത്തോ നിനക്ക്…? ”
സുമ ചേച്ചി എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു…
“ആദ്യം തണുത്തെങ്കിലും ഓം നമഃ ശിവായ പറഞ്ഞപ്പോ തണുത്തില്ല ”
“അഹ് അതാ ശിവന്റെ ശക്തി….
“വേഗം പോയി റെഡി ആയിട്ട് വാട്ടോ… ”
